PRAVASI

പടയാളികളുടെ മുന്നില്‍ വന്ന് പെട്ട ശിമോന്‍ എങ്ങനെ രക്ഷപെട്ടു?

Blog Image

ഉത്തരാഫ്രിയ്ക്കയിലെ അതിമനോഹരമായ കുറേന ഗ്രാമം. കൃഷിചെയ്തും ആടുമാടുകളെ വളര്‍ത്തിയും ഉപജീവനം നയിച്ചിരുന്ന ഗ്രാമീണ ജനങ്ങള്‍. ബി. സി. 74-ല്‍ ഈ പ്രദേശം റോമാക്കാരുടെ കോളനിയായ് തീര്‍ന്നു എന്നാണ് ചരിത്ര രേഖകളില്‍ തെളിയുന്നത്. ലോകത്തിലെ പല മത വിഭാഗങ്ങളില്‍ പെട്ടവര്‍ ഇവിടെയുള്ള ജനങ്ങളെ മറന്നാലും ക്രൈസ്തവ ജനവിഭാഗം കുറേനക്കാരെ വിസ്മരിയ്ക്കയില്ല. അതിന് വഴിതെളിയിച്ചത് കുറേനക്കാരനായ ശിമോനായിരുന്നു. കുറേന ലിബിയയുടെ തലസ്ഥാനവും യഹൂദന്മാര്‍ കുടിയേറി പാര്‍ത്ത സ്ഥലവും ആയിരുന്നു, റോമാ ഭരണാധിപന്മാരുടെ കിരാത ഭരണത്താല്‍ അടിച്ചമര്‍ത്തപെട്ട യഹൂദന്മാരുടെ ചിരകാല സ്വപ്നമായിരുന്നു, ജീവിതത്തില്‍ ഒരിയ്ക്കലെങ്കിലും യെരുശലേമില്‍ വന്ന് പെസഹാ പെരുന്നാളില്‍ പങ്കെടുക്കണമെന്ന ആഗ്രഹം. അതിനായ് ശിമോനും ഏകദേശം 900 മൈല്‍ യാത്ര ചെയ്താണ് ഇവിടെ വന്ന് ചേര്‍ന്നത്.
പെസഹ ആചരിയ്ക്കേണ്ടവര്‍ പാലിയ്ക്കേണ്ട നിയമങ്ങള്‍ വിശദമായ് പുറപ്പാട് പുസ്തകം 12-ാം അദ്ധ്യായത്തില്‍ വിശദീകരിയ്ക്കുന്നുണ്ട്. കഴുകുമരം ചുമന്നിട്ട് അശുദ്ധനാകുകയും, അതോടൊപ്പം ജാതികളുമായ് ഇടകലരുകയും ചെയ്തിട്ട് തനിക്ക് എങ്ങനെ പെസഹ പെരുന്നാളിന് പങ്കെടുക്കുവാന്‍ സാധിയ്ക്കും എന്ന ചിന്തയാണ് ശിമോനെ ഭരിച്ചിരുന്നത്. അതുകൊണ്ടായിരിയ്ക്കണം പടയാളികല്‍ അവനെ കൊണ്ട് നിര്‍ബ്ബന്ധിച്ച് ക്രൂശ് ചുമക്കുവാന്‍ ആവശ്യപെട്ടത് (മത്തായി 27ന്‍റെ 32). മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ ഈ സംഭവത്തെ ചിത്രീകരിച്ചിരിയ്ക്കുന്നത്, അലെക്സ്ന്തരിന്‍റെയും രൂഫോസിന്‍റെയും അപ്പനായി വയലില്‍ നിന്നു വരുന്ന കുറേനക്കാരനായ ശിമോനെ അവന്‍റെ ക്രൂശ് ചുമപ്പാന്‍ അവര്‍ നിര്‍ബന്ധിച്ചു (മര്‍ക്കോസ് 15ന്‍റെ 21) എന്നാണ്. ഇംഗ്ലീഷ് ബൈബിളില്‍ ശിമോന്‍ പട്ടണത്തിന് പുറത്ത് നിന്നാണ് വന്നതെന്നാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്, അതായത് ഗ്രാമപ്രദേശത്തുനിന്ന്. പാലസ്തീന്‍ യഹൂദന്മാരുടെ കുടിയേറ്റ പ്രദേശമായ കാരണത്താല്‍ ശിമോനും ഇവിടെ വന്ന് സ്ഥിര താമസ മാക്കിയിരിയ്ക്കണം. അത് അല്ലെങ്കില്‍ യെരുശലേമില്‍ വന്നത് പെസഹ പെരുന്നാളില്‍ പങ്കെടുക്കാനായിരിയ്ക്കണം എന്ന വ്യത്യസ്ത അഭിപ്രായങ്ങളും വേദപണ്ഡിതരുടെ ഇടയില്‍ നിലവിലുണ്ട്.
വിദൂരതയില്‍ നിന്ന് യേശുവിനെ ക്രൂശികരണത്തിന് കൊണ്ടുപോകുന്നത് ശിമോന്‍റെ ശ്രദ്ധയില്‍പെട്ടു. പടയാളികള്‍ ഭാരമുള്ള കുരിശ് യേശുവിന്‍റെ ചുമലില്‍ വെച്ചിട്ട് ഗൊല്ഗോഥായിലേക്ക് നടക്കുവാന്‍ ആജ്ഞാപിച്ചു. കുരിശ് യേശുവിന്‍റെ ചുമലില്‍ നിന്ന് വീഴുംമ്പോള്‍ പടയാളികള്‍ യേശുവിനെ ചാട്ടവാറുകൊണ്ട് അതിക്രൂരമായ് പ്രഹരിയ്ക്കുന്നുണ്ട്. അടികൊണ്ട് മുറിവേറ്റ സ്ഥാനത്തുനിന്ന് രക്തം ധാരധാരയായി ഒഴുകുന്നുണ്ട്. പെട്ടന്നാണ് അത് സംഭവിച്ചത്. പടയാളികള്‍ യേശുവിനെ ക്രൂശികരണത്തിന് കൊണ്ടുപോകുന്ന മാര്‍ഗ്ഗമദ്ധ്യേ അതാവന്നുപെട്ടിരിയ്ക്കുന്നു ആരോഗ്യമുള്ള യൗവ്വനക്കാരനായ ശിമോന്‍. നാലുപടയാളികളില്‍ ഒരുവന്‍ ശിമോനെ വിളിച്ചു. അധികാരത്തിന്‍റെ സ്വരത്തിലാണ് അവര്‍ വിളിച്ചത്. ഇവിടെ വരിക, ഈ മനുഷ്യന് ഭാരമുള്ള ഈ മരകുരിശ് ചുമക്കുവാന്‍ സാധിയ്ക്കുമെന്ന് തോന്നുന്നില്ല. അതിനുള്ള ആരോഗ്യം ഈ മനുഷ്യന് ഉണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ടാണ് യഹൂദന്മാരുടെ രാജാവ് എന്ന് അവകാശപ്പെടുന്ന ഇയാള്‍ കൂടെ കൂടെ കുരിശുമായ് നിലം പതിയ്ക്കുന്നത്. ഇത്രയും പറ്ഞതിന് ശേഷം പടയാളികള്‍ ആ ഭാരമുള്ള കുരിശ് ശിമോന്‍റെ ചുമലില്‍ വെച്ചുകൊടുത്തു. രക്തക്കറ പതിഞ്ഞ കുരിശില്‍ ചുടുചോരയുടെ ഗന്ധം അയാള്‍ക്ക് അനുഭവപ്പെട്ടു. അല്പദൂരം പിന്നിട്ടപ്പോള്‍ ശിമോനും ക്ഷീണിതനായി തീര്‍ന്നു. ഇവിടെ പടയാളികളെ അനുസരിക്കുക അല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ല. റോമന്‍ പട്ടാള നിയമമനുസരിച്ച് പട്ടാളക്കാര്‍ വഴിയില്‍ കണ്ടു മുട്ടുന്ന ഏതൊരാളെയും കൊണ്ട് അയാളുടെ ചുമട് ഒരു നാഴികദൂരം വരെ നിര്‍ബ്ബദ്ധിച്ച് ചുമപ്പിക്കുവാന്‍ അവര്‍ക്ക് അവകാശം ലഭിച്ചിരുന്നു. അതുകൊണ്ടാണ് കര്‍ത്താവ് തന്‍റെ ഗിരി പ്രഭാഷണത്തില്‍ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്, ഒരുവന്‍ നിന്നെ ഒരു നാഴിക വഴി പോകുവാന്‍ നിര്‍ബ്ബന്ധിച്ചാല്‍ രണ്ട് അവനോടുകൂടെ പോകുക (മത്തായി 5ന്‍റെ 41) എന്നാണ് അരുളിചെയ്തത്.  ക്രൂശിക്കുവാന്‍ കൊണ്ട് പോകുന്ന യേശുവിനോടൊപ്പമുള്ള, കുരിശ് വഹിച്ചുള്ള ആ യാത്രയില്‍ ശിമോന് സമാധാനവും വലിയ സന്തോഷവും അനുഭവപ്പെട്ടു തുടങ്ങി. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരനുഭവം ഉണ്ടാകുന്നത്.
അന്ന് പതിവിന് വിപരീതമായ് ശിമോന്‍ തന്‍റെ ഭവനത്തില്‍ വന്നത് വളരെ താമസിച്ചായിരുന്നു. പടയാളികള്‍ തന്നെ കൊണ്ട് നിര്‍ബ്ബന്ധിച്ച് ക്രൂശ് ചുമപ്പിച്ചതും, യേശുവിനെ അവര്‍ ക്രൂരമായ് പീഢിപ്പിച്ചതും എല്ലാം വിശദമായ് ഭാര്യയേയും മക്കളേയും അറിയിച്ചു. നാട്ടു നടപ്പ് അനുസരിച്ച് കൊള്ളക്കാരേയും, കൊലപാതകരേയും ആണ് ക്രൂശില്‍ തറച്ചു കൊല്ലുന്നത്. ക്രൂശില്‍ കിടക്കുന്നയാള്‍ വിശന്നും, ദാഹിച്ചും, മൂന്ന്, നാല് ദിനങ്ങള്‍ക്ക് ശേഷമാണ് മരണപ്പെടുക പതിവ്. എന്നാല്‍ ഇവിടെ കര്‍ത്താവിന്‍റെ മരണം പതിവിന് വിപരീതമായിരുന്നു. ക്രൂശില്‍ തറക്കുന്ന എല്ലാ കുറ്റവാളികളും വേദന കൊണ്ട് പുളയുംമ്പോള്‍ ശാപവാക്കുകള്‍ ഉച്ചരിച്ചാണ് മരണപ്പെടുന്നത്. എന്നാല്‍ ഇവിടെയും കര്‍ത്താവ് ക്രൂശില്‍ തറച്ചവരോട് പ്രതികാരം ചെയ്യാതെ അവരെ സ്നേഹിയ്ക്കുകയാണ് ചെയ്തത്. പിതാവേ ഇവര്‍ ചെയ്യുന്നത് ഇന്നത് എന്ന് അറിയായ്ക കൊണ്ട് ഇവരോട് ക്ഷമികേണമേ എന്നുള്ള കര്‍ത്താവിന്‍റെ ക്രൂശിലെ മൊഴികള്‍ എത്രയോ അവര്‍ണ്ണനീയമാണ്. നമ്മുടെ ജീവിതത്തിലും പലരും നമ്മെ അസൂയമൂലവും, തെറ്റിദ്ധാരണ മൂലവും പ്രതികാരത്തിന്‍റെ ക്രൂശില്‍ തറച്ച് ഇല്ലായ്മ ചെയ്യുവാന്‍ ശ്രമിയ്ക്കുംമ്പേള്‍ നാം പ്രതികാരം ചെയ്യാതെ നിശബ്ദരാകുവാനാണ് ശ്രമിയ്ക്കേണ്ടത്. നമ്മള്‍ നിശബ്ദരാകുംമ്പോഴാണ് ദൈവപ്രവര്‍ത്തി വെളിപ്പെടുന്നത്. ശിമോന്‍ നിര്‍ബ്ബന്ധത്താല്‍ ക്രൂശ് ചുവന്നതുമൂലം ആ കുടുംബം അനുഗ്രഹിക്കപ്പെട്ടു. ആത്മിക വിഷയങ്ങളുടെ വളര്‍ച്ചയ്ക്കായ് മാതാപിതാകള്‍ കുഞ്ഞുങ്ങളെ നിര്‍ബ്ബന്ധിച്ച് വേദപഠനത്തിനും, ആരാധനകള്‍ക്കും ദേവാലയങ്ങളില്‍ പറഞ്ഞു വിട്ടാല്‍ ഭാവിയില്‍ അത് അവരുടെ ജീവിതത്തിന് അനുഗ്രഹമായ് ഭവിയ്ക്കും. ശിമോന്‍ ക്രൂശ് ചുമന്നതുമൂലമാണ് രക്ഷയുടെ അനുഭവത്തിലേക്ക് വഴി തെളിയിച്ചത്.
  അടുത്ത സമയത്ത് വാര്‍ത്താ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട വിഷയമായിരുന്നു സിദ്ധാര്‍ഥന്‍റെ കൊലപാതകം. സഹപാഠികളുടെ ക്രൂര മര്‍ദ്ദനംമൂലം അയാള്‍ ആത്മഹത്യ ചെയ്തു എന്നും, അതല്ല സഹപാഠികള്‍ ആ വിദ്യാര്‍ത്ഥിയെ കൊന്ന് കെട്ടി തൂക്കിയതാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സമൂഹത്തില്‍ ഇത്തരത്തില്‍ ഉള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ ബാല്യത്തില്‍ തന്നെ കുഞ്ഞുങ്ങളെ നിര്‍ബ്ബന്ധിച്ച് ആത്മീയ വിഷയങ്ങളില്‍ തല്പരരാക്കുക. മനുഷ്യജീവിതത്തില്‍ നാം അഭിമുഖീകരിയ്ക്കേണ്ടതായ വ്യത്യസ്ത ക്രൂശുകളാണ് രോഗങ്ങള്‍, സാമ്പത്തിക ക്ലേശങ്ങള്‍, നിന്ദകള്‍, കുടുംബ ജീവിതത്തിലെ പ്രശ്നങ്ങള്‍, ജോലിസ്ഥലത്തെ പ്രശനങ്ങള്‍ തുടങ്ങിയവ. തന്നത്താന്‍ ത്യജിച്ച് തന്‍റെ ക്രൂശ് എടുത്ത്കൊണ്ടാണ് കര്‍ത്താവിനെ അനുഗമിയ്ക്കേണ്ടത്. കഷ്ടം സഹിച്ചാല്‍ കൂടെ വാഴാം എന്ന ദൈവീക വാഗ്ദത്തം നാം വിസ്മരിച്ചു കളയരുത്. അതായിരിക്കട്ടെ നമ്മുടെ ലക്ഷ്യം.
അവിചാരിതമായ് ശിമോന് ലഭിച്ച അപൂര്‍വ്വ സന്ദര്‍ഭമാണ് ശിമോനെ രക്ഷയിലേക്ക് നയിച്ചത്. അതാണ് നിത്യ ജീവന്‍റെ പാന്ഥാവ്. കര്‍ത്താവ് ഭൂമിയില്‍ വന്നതിന്‍റെ ലക്ഷ്യവും പാപികളെ രക്ഷയിലേക്ക് നയിക്കുക എന്നതാണ്. ആയതുകൊണ്ട് രക്ഷിക്കപ്പെടാത്തവര്‍ ഒരിയ്ക്കലും രക്ഷയുടെ ദൂത് അവഗണിയ്ക്കരുത്.

രാജു തരകന്‍

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.