PRAVASI

ഒരു നനുനനുത്ത സിനിമയാണ് ഹൃദയപൂർവ്വം

Blog Image


ഒരു തൂവൽ കൊഴിഞ്ഞു ഉള്ളിൽ വന്നു വീഴുന്ന പോലെ അത്രയും ആർദ്രമായ ഒരിറ്റുപോലും മുറിവേൽപ്പിക്കാതെ പൊഴിഞ്ഞു വീഴുന്ന സിനിമ.
എന്തിനും പോന്ന മനുഷ്യർ ഇല്ല, അല്പസ്വല്പം അത്യാഗ്രഹവും കുശുമ്പും കുന്നായ്മയും ഒക്കെയുണ്ടെങ്കിലും ഇഷ്ടം തോന്നുന്ന മനുഷ്യർ. അവർക്കിടയിൽ വെല്ലുവിളികളോ കൊലവിളികളോ കൊലപാതകങ്ങളോ ഇല്ല, മൂർച്ചയുള്ള ഒരു സംഭാഷണം പോലുമില്ല. സത്യൻ അന്തിക്കാട് തന്റെ അതിർത്തികൾ ഭേദിക്കാതെ അതിന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നുകൊണ്ട് നന്മയുടെ മുകളിൽ നന്മയുടെ കല്ലുപാകി ഒതുക്കിയൊരുക്കിയ സിനിമ. ഒരുകിളി അരുമയോടെ അത്രയും ശോഷിച്ച കമ്പുകൾ കൊണ്ട് ഉണ്ടാക്കിയെടുത്ത ഈറൻ ഇലക്കൂട് പോലൊരു സിനിമ.
നന്മയുള്ള ലോകമേ എന്നുവേണമെങ്കിൽ മൂക്കത്തു വിരൽ വയ്ക്കാമെങ്കിലും ചിരിയുടെ നേർത്ത അലകൾ കൊണ്ട് അതിനിട നൽകാതെ സിനിമ മുന്നേറുന്നു. കുഞ്ഞു കുഞ്ഞു സംഭവങ്ങളും അതിനു ചുറ്റും അണിനിരക്കുന്ന അതിലും ചെറിയ മനുഷ്യരും അവരുടെ ജീവിതവും കൊണ്ട് തുന്നിയെടുത്ത ഹൃദയപൂർവ്വം. കണ്ടിറങ്ങുമ്പോൾ നമ്മളെയൊന്നു നനച്ചു കടന്നുപോയൊരു ചാറ്റൽമഴയുടെ സൗഖ്യം.
കണ്ടുതീർന്നു തീയറ്ററിന്റെ പടവുകൾ ഇറങ്ങുമ്പോൾ ആലോചിച്ചത് മുഴുവൻ മോഹൻലാൽ എന്ന നടനെ കുറിച്ചായിരുന്നു. അത്രയും അവിശ്വസനീയമാണ് അയാളുടെ കെട്ടിയാടലുകൾ. എബ്രാം ഖുറേഷിയിൽ നിന്നും ബെൻസിലേക്കും ബെൻസിൽ നിന്നും സന്ദീപ് ബാലകൃഷ്ണനിലേക്കുമുള്ള അയാളുടെ അനുധാവനങ്ങൾ അത്ഭുതം എന്ന ഒറ്റവാക്കിൽ ഒതുങ്ങാത്ത വിസ്മയമാകുന്നു.

ഷിബു ഗോപാലകൃഷ്ണൻ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.