PRAVASI

(ലേഖനം) ഹൃദയത്തിലെ യുദ്ധം

Blog Image

നമ്മുടെ ഓരോ ദിവസത്തെയും ചിന്തകളും വാക്കുകളും പ്രവര്‍ത്തികളും  നന്മ നിറഞ്ഞതാണോ എന്ന് നാം എപ്പോഴെങ്കിലും പരിശോധിക്കാറുണ്ടോ?  നന്മ തിന്മകളെ സംബന്ധിച്ച് മതങ്ങളും ശാസ്ത്രങ്ങളും ആധുനിക ദൈവശാസ്ത്രങ്ങളും നല്‍കുന്ന കാഴ്ചപ്പാടുകള്‍ എന്തൊക്കെയാണെന്നു നോക്കാം.
പ്രപഞ്ചത്തിന് നന്മ തിന്മ എന്ന വേര്‍തിരുവില്ല. അവ മനുഷ്യരുടെ  അനുഭവത്തിലും പ്രവര്‍ത്തിയിലുമാണ് പ്രകടമാകുന്നത്. തിന്മ എന്ന് വിളിക്കപ്പെടുന്ന പല സംഗതികളും പ്രകൃതിയുടെ ഭാഗമാണെന്ന് ശാസ്ത്രം പറയുന്നു. പ്രകൃതിദുരന്തങ്ങളും രോഗങ്ങളും പരിണാമ പ്രക്രീയയുടെ ഘടകമാണെന്നും, ഭയവും വേദനയും ജീവികള്‍ക്ക് അപായം ഒഴിവാക്കാനും  അതിജീവനത്തിനും സഹായിക്കുന്നു എന്നും വ്യക്തമാക്കുന്നു. മനുഷ്യന്‍റെ തലച്ചോറ് സഹകരണത്തിനും സ്വാര്‍ത്ഥതക്കും ഒരുപോലെ പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്നു. സംഘടിച്ചു ജീവിക്കുന്നതിന് നന്മ വേണം. ആഹാരത്തി നുവേണ്ടി മത്സരിക്കുമ്പോള്‍ ആക്രമണസ്വഭാവവും സ്വാര്‍ത്ഥതയും ഉണ്ടാകും. അതുകൊണ്ട്, നന്മയും തിന്മയും അതിജീവനത്തിന്‍റെ രണ്ട് വശങ്ങളാണെന്ന് കരുതാം. കാലാവസ്ഥ, സമ്പദ്വ്യവസ്ഥ, സമൂഹങ്ങള്‍ ഇവയെല്ലാം അനവധി അംശങ്ങള്‍ ചേര്‍ന്നു സങ്കീര്‍ണ്ണമാണ്. അതുകൊണ്ട്, ജീവിതത്തില്‍ ഉണ്ടാകുന്ന ചെറിയ മാറ്റം പോലും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഉദാ: ഭൂകമ്പം ഒരു തിന്മയല്ല. ഭൂമിയുടെ ഭൗമഫലകങ്ങള്‍ (ടെക്ടോണിക്ക് പ്ലേറ്റുകള്‍) നീങ്ങുന്നതിന്‍റെ സ്വാഭാവിക ഫലമാണെന്നും ശാസ്ത്രം പറയുന്നു.    
അധാര്‍മ്മികചിന്തയും പ്രവര്‍ത്തിയും സ്വഭാവവും, വ്യക്തിക്കും സമൂഹ ത്തിനും, ദോഷം ചെയ്യുന്ന തിന്മയാണെന്ന് കരുതപ്പെടുന്നു. നന്മയും തിന്മയും സംബന്ധിച്ച് മതങ്ങള്‍ക്കുള്ള കാഴ്ചപ്പാടുകള്‍ക്ക്‌ ദൈവവുമായി  ബന്ധം    ഉണ്ടെങ്കിലും, തമ്മില്‍ ചേര്‍ച്ചയില്ല. തിന്മ മനുഷ്യബുദ്ധിക്ക് അപ്രാപ്യമായ ദൈവികപദ്ധതിയാണെന്നും വിശ്വസിക്കപ്പെടുന്നു. ജനസമൂഹങ്ങളുടെ സുഖ ദുഖങ്ങളെ സമഭാവനയോടെ കാണുന്നതിനും, വലിയ നന്മകളിലേക്ക് മനുഷ്യമനസ്സുകളെ നയിക്കുന്നതിനും സുചിന്തകള്‍ സഹായിക്കുമെന്ന അഭിപ്രായം ഉണ്ട്. ഈ മുഴുലോകവും തിന്മ നിറഞ്ഞതാണെന്നു തോന്നുമ്പോ ഴും, നമ്മള്‍ ചെയ്യുന്ന ഒരു ചെറിയ നന്മക്ക് ഒരാളുടെ കദനപൂരിതമായ ജീവിതത്തെ സന്തുഷ്ടമാക്കാന്‍ സാധിക്കും. ദോഷം ചെയ്യാന്‍ പ്രത്യേകിച്ച് ഒരു കാരണം വേണ്ട. പക്ഷേ, പുണൃം ചെയ്യാന്‍ മനസ്സൊരുക്കം വേണം. വിശക്കുന്നവര്‍ക്ക് ആഹാരം കൊടുക്കുന്നതിലും അഗതികളെ സഹായിക്കുന്ന തിലും നന്മയുണ്ട്.    
ദോഷം ഇല്ലാത്ത ഒരു ലോകത്തില്‍, സ്വതന്ത്ര ഇച്ഛയും തിരഞ്ഞെടുപ്പും വളര്‍ച്ചയും ഇല്ലെന്ന് മതം. മത്സരവും, വേദനയും ഇല്ലാതെ ഒരു പരിണാമ വും സാദ്ധ്യമല്ലെന്നും, ജീവനെ മുന്നോട്ട് നയിക്കുന്നത് മറ്റൊന്നുമല്ലെന്നും ശാസ്ത്രം. നന്മ തിന്മകളെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ദൈവമാണ് മനുഷ്യന്‌ നല്‍കിയതെന്നും മതം പറയുന്നുണ്ട്. പ്രീ ഫോണ്ടല്‍ കോര്‍ട്ടെക്ക്സ് എന്ന തലച്ചോറിന്‍റെ ഭാഗം കൊണ്ടാണ് മനുഷ്യന്‌ ഭാവി സംബന്ധിച്ചു പ്ലാന്‍ ചെയ്യാനും, തീരുമാനങ്ങള്‍ എടുക്കാനും, ധാര്‍മ്മികത തോന്നാനുമൊക്കെ  കഴിയുന്നത്‌ എന്നും, ആ തിരഞ്ഞെടുപ്പ് ശേഷിതന്നെയാണ് സ്വാര്‍ത്ഥത കാണിക്കാനും ഉപദ്രവിക്കുന്നതിനും ഉപകരിക്കുന്നതെന്നും ശാസ്ത്രവിവരണം ഉണ്ട്. ഇതില്‍നിന്നും വ്യക്തമാകുന്നത്, സ്വാതന്ത്യം ഇല്ലെങ്കില്‍ നന്മയും തിന്മയും ഇല്ല എന്നാണ്.
പ്രതിസന്ധികളെ അതിജീവിക്കുന്നവരില്‍, മാനസികവളര്‍ച്ച എന്ന പ്രതിഭാസ വും, ജീവിതലക്ഷ്യവും, അനുകമ്പയും, ആത്മബലവും, വര്‍ദ്ധിക്കും  എന്നാണ് ശാസ്ത്രം വിശദീകരിച്ചിട്ടുള്ളത്‌. രോഗാണുവിന്‍റെ സമ്പര്‍ക്കം ഉണ്ടാകുബോഴാണ് ശരീരത്തില്‍ പ്രതിരോധശക്തി ഉണ്ടാകുന്നത്. ഇത് അര്‍ത്ഥമാക്കുന്നത്, വെല്ലുവിളി ഇല്ലെങ്കില്‍ വളര്‍ച്ചയില്ല എന്നാണ്. ഇത്  ആത്മീയമായും ജൈവമായും ശരിയാണ്. ശാസ്ത്രം തിന്മയെ അധര്‍മ്മമായി ട്ടോ പാപമായിട്ടോ കരുതുന്നില്ല. വ്യക്തിത്വ വൈകല്യങ്ങള്‍, സഹാനുഭൂതി ഇല്ലായ്മ, നാര്‍സിസിസം (തന്നോടുതന്നെ അമിതമായ ആരാധനയും സ്നേഹവും തോന്നുന്ന മാനസികാവസ്ഥ. താന്‍ എല്ലാവരെക്കാളും മികച്ചതാ ണെന്ന ചിന്ത, മറ്റുള്ളവരുടെ വികാരങ്ങളെ അവഗണിക്കുക, എപ്പോഴും മറ്റുള്ളവരില്‍ നിന്ന് പ്രശംസ പ്രതീക്ഷിക്കുക എന്നിവയാണ് ലക്ഷണം.), ബാല്യകാല അനുഭവങ്ങള്‍, മസ്തിഷ്ക്കത്തിലെ രാസമാറ്റങ്ങള്‍, പ്രതികൂല ചുറ്റുപാടുകള്‍ എന്നിവ മനുഷ്യനെ അക്രമാസക്തനാക്കുമെന്നും ശാസ്ത്രം വ്യക്തമാക്കുന്നുണ്ട്. മനുഷ്യന്‍ ദോഷിയായി ജനിക്കുന്നില്ലെന്നും, പിന്നയോ കളങ്കമുള്ളവനായിയി മാറ്റപ്പെടുകയാണെന്നും തെളിയിക്കുന്നു.   
മതങ്ങള്‍ തിന്മയെ ആത്മികമായ തെറ്റായിട്ടും ദൈവത്തില്‍നിന്നുള്ള അകല്‍ച്ചയായും കാണുമ്പോള്‍, ശാസ്ത്രം അതിനെ ജീവശാസ്ത്രപരവും മനശാസ്ത്രപരവും സാമൂഹികവുമായ ക്രമക്കേടുകളായിട്ടാണ് കാണുന്നത്. മതം എന്തുകൊണ്ട് തിന്മ ചെയ്യരുതെന്ന് പറയുന്നു. ശാസ്ത്രം എന്തുകൊണ്ട് തിന്മ ചെയ്യുന്നുവെന്ന് വ്യാഖ്യാനിക്കുന്നു. പാപം ദൈവസൃഷ്ടിയല്ലെന്നും,  മനുഷ്യനെ പ്രലോഭിപ്പിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്ന ഒരു അദൃശ്യ ശക്തി (സാത്താന്‍) ഉണ്ടെന്നും, അത് അവനില്‍ കടന്ന്‍ തെറ്റും കുറ്റവും ചെയ്യിക്കുന്നു എന്നും വിശ്വസിക്കുന്ന മതങ്ങള്‍ ഉണ്ട്. എന്നാല്‍, ശാസ്ത്രം സാത്താന്‍ എന്നതിനെ ഒരു വ്യക്തിയായോ ശക്തിയായോ കാണുന്നില്ല. പരീക്ഷീച്ചു തെളിയിക്കാന്‍ പറ്റാത്തതിനെ ഒരു വസ്തുതയായി ആംഗീകരിക്കുന്നുമില്ല. പുരാതനകാലത്ത്, പ്രകൃതിദുരന്തം രോഗം മരണം എന്നിവയുടെ അടിസ്ഥാനകാരണം അജ്ഞാതമായിരുന്നു. അതിനാല്‍, ഒരു ദുഷ്ടശക്തിയുടെ പ്രവര്‍ത്തനഫലമാണ് അവയെന്ന് ജനങ്ങള്‍ വിശ്വസിച്ചു. ഇപ്പോള്‍ അത്‌ അന്ധവിശ്വാസമായിരുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്.    
സാത്താന്‍ എന്ന ആശയം പെട്ടെന്നുണ്ടായതല്ല. പല സംസ്കാരങ്ങളില്‍ നിന്നും രൂപപ്പെട്ടുവന്നതാണ്. കേരളത്തിലെ സാത്താന്‍ സങ്കല്‍പം, മതഗ്രന്ഥങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. ഇവിടെ, ഒടിയന്‍, ചാത്തന്‍, ഭൂതം  തുടങ്ങിയവ ഐതീഹ്യങ്ങളിലൂടെ കടന്നുവന്നതാണ്. ഇവക്ക് ദുരാത്മാക്കള്‍ എന്ന വിശേഷണവും നല്‍കിയിട്ടുണ്ട്. ഇവയില്‍നിന്ന് ഉണ്ടാകുന്നതും ദുഷ്ടതയാണ്. മാന്ത്രികത്തിന് അമാനുഷിക ശക്തിയുണ്ടെന്ന് തെളിയിച്ചിട്ടില്ല. അന്ധവിശ്വസവും ഭയവും രോഗങ്ങള്‍ വരുത്തുമെന്നും, അവ പരിഹരിക്കാ ന്‍ അറിവും ശരിയായ പ്രവര്‍ത്തനവും മതിയെന്നും ശാസ്ത്രം   തെളിയിച്ചിട്ടുണ്ട്.     
തിന്മയും സംസ്ക്കാരവും തമ്മിലുള്ള ബന്ധം വളരെ ആഴമുള്ളതാണ്. കാരണം തിന്മ എന്നത് പ്രകൃതിയില്‍ ഉള്ള ഒരു വസ്തുവല്ല. മനുഷ്യന്‍ നിച്ഛയിക്കുന്ന ഒരു വിധിയാണ്. ഇത് എങ്ങനെ മനസ്സിലാക്കാം? എന്താണ് തിന്മ എന്ന് നിച്ഛയിക്കുന്നത് മാനവസംസ്കാരമാണ്. ഒരു സംസ്കാരം വലിയ ദോഷമായി കാണപ്പെടുന്നത് മറ്റൊരു സംസ്കാരത്തിലുള്ള സാധാരണ സംഗതിയാവാം. ഉദാ: വ്യക്തിസ്വാതന്ത്ര്യത്തിന് പ്രാധാന്യം നല്‍കുന്ന ഒരു സംസ്കാരത്തില്‍, ഒരാളുടെ വ്യക്തിപരമായ കാര്യത്തില്‍ മറ്റൊരാള്‍ കൈകടത്തുന്നത് വലിയ ദോഷമാണ്. എന്നാല്‍, കൂട്ടായ്മക്ക് പ്രാധാന്യം കൊടുക്കുന്ന സംസ്കാരത്തില്‍, കൂട്ടത്തെ ഒറ്റിക്കൊടുക്കുന്നതാണ് ഏറ്റവും വലിയ തിന്മ. അതായതു്, ഭിന്നിച്ചുനില്‍ക്കുന്ന ഓരോ സംസ്ക്കാരവും അതിന്‍റെ നിലനില്‍പിനും വളര്‍ച്ചക്കും ആവശ്യമായ മൂല്യങ്ങളുടെ നേര്‍ വിപരീതമായിട്ടുള്ളതിനെയാണ് ദോഷമായി കരുതുന്നത്. സംസ്കാരം തിന്മകളെയും നിയന്ത്രിക്കുന്നുണ്ട്. പണ്ട്, നല്ലതെന്നു കരുതപ്പെട്ട പല സംഗതികളെയും ആധുനികത ദോഷമുള്ളതാക്കിയിട്ടുണ്ട്. ഇതിന്‍റെ കാരണം, ഭൂതകാല നന്മകളുടെ അര്‍ത്ഥവും ഉദ്ദേശ്യവും ചോദ്യം ചെയ്യപ്പെട്ടതാണ്. സംസ്കാരം, കാഴ്ച നല്‍കുന്ന കണ്ണട പോലെയാണ്. പ്രസ്തുത കണ്ണാടിയിലൂടെ നോക്കുമ്പോള്‍ മാത്രമാണു് ഒരു പ്രവൃത്തി നല്ലതോ ദോഷമുള്ളതോയെന്ന് മനസ്സിലാക്കുന്നത്. കണ്ണട മാറിയാല്‍ കാഴ്ചയും മാറും.      
ദൈവശാസ്ത്രത്തിന്‍റെ കാഴ്ചപ്പാടില്‍, തിന്മകള്‍ ഒരുപോലെയല്ല. ദൈവം സര്‍വ്വശക്തന്‍ എന്നതിനേക്കാളുപരി, സര്‍വ്വരുടെയും കു‌ടെ സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സ്നേഹമയനാണെന്ന് “പ്രക്രിയാ ദൈവശാസ്ത്രം” പറയുന്നു. “ദൈവവിശ്വാസം ഒരു വ്യക്തിയുടെ സ്വന്തം തീരുമാനവും അനുഭവുമാണ്.” അസ്തിത്വ ദൈവശാസ്ത്രപ്രകാരം, തിന്മ എന്നത് ഒരു ബാഹ്യശക്തി അല്ല. മനുഷ്യന്‍റെ അസ്തിത്വത്തിന്‍റെ അകത്തെ പിളര്‍പ്പാണ്. ദൈവത്തില്‍നിന്നും, സ്വന്തക്കാരില്‍നിന്നും, മറ്റുള്ളവരില്‍നിന്നും അകന്നുപോകുന്ന അവസ്ഥയാണ് തിന്മ. അത് മനുഷ്യസ്വഭാവങ്ങളില്‍ പ്രകടമാകുന്നു.                 
തിന്മ ബാധിച്ചവര്‍ എപ്പോഴും മറ്റുള്ളവരെ കുറ്റം പറയും. സ്വന്തം തെറ്റ് ഒരക്കലും ആംഗീകരിക്കില്ല. അസൂയ മനസ്സില്‍ കൊണ്ടുനടക്കും. അന്യരുടെ ഉയര്‍ച്ചയില്‍ സന്തോഷിക്കില്ല. പിന്നില്‍ നിന്നുകൊണ്ട് കുറ്റം പറയും.  ഫലിതത്തിലൂടെ പരിഹസിക്കും. നല്ല സ്നേഹിതനായി അഭിനയിക്കും. സ്വന്ത അഭിപ്രായമാണ് ശരിയെന്നു വാദിക്കും. മറ്റുള്ളവര്‍ സത്യം പറഞ്ഞാലും അതിനെ തള്ളിക്കളയും. അര്‍ഹതയുള്ളവരെ സഹായിക്കില്ല. ആരെയും ഉപദ്രവിക്കാന്‍ മടിക്കില്ല. ഇഷ്ടമില്ലാത്തവരെ താഴ്ത്താന്‍ ശ്രമിക്കും. അഭിനന്ദനവും നന്ദിയും നല്‍കില്ല. ജാതിചിന്തയും പക്ഷപാതവും മനസ്സിലുണ്ടാവും. ദുരഭിമാനികളായി ജീവിക്കും. ഒരാളില്‍ തിന്മ വളരുമ്പോള്‍, അയാളിലെ മനുഷ്യത്വം മുരടിക്കും. മറ്റുള്ളവര്‍ മുന്നേറിയാല്‍ തന്‍റെ സ്ഥാനം നഷ്ടപ്പെടുമെന്ന ആശങ്കയോടെ ജീവിക്കും. മനുഷ്യനിലെ അപകടകരമായ ദോഷം അഹങ്കാരമാണ്. താന്‍ മറ്റുള്ളവരേക്കാള്‍ അറിവിലും കഴിവിലും വലുതാണ്‌ എന്ന വിചാരംമൂലം മറ്റുള്ളവരെ ബഹുമാനിക്കില്ല. സ്വന്തം തെറ്റ് തിരുത്താന്‍ തയ്യാറാവില്ല. താന്‍ ചെയ്യുന്നതും പറയുന്നതും മാത്രം ശരിയെന്നു വിശ്വസിക്കും. എന്നാല്‍, ബൈബിളില്‍ പല ഭാഗത്തായി പറയുന്ന ഒരു പ്രധാന സത്യമുണ്ട്: “ഓരോരുത്തന് അവനവന്‍റെ പ്രവൃത്തിക്ക് തക്കവണ്ണം പ്രതിഫലം നല്‍കും” എന്ന മുന്നറിയിപ്പ്. ഈ ആശയം ഹിന്ദു, ഇസ്ലാം, ബുദ്ധ, യഹൂദ, സിഖ് മതങ്ങളില്‍ എല്ലാം ഉണ്ട്.         
ലോകം ആധുനികതയിലേക്ക് കടന്നുവന്നത് വലിയ മാറ്റങ്ങളിലൂടെയാണ്. അതിന്‍റെ പ്രധാനകാരണങ്ങള്‍, മനുഷ്യന്‍റെ ചിന്താധാരയില്‍ ഉണ്ടായ മാറ്റവും   അച്ചടിയിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും വന്ന അറിവുമാണ്. വ്യവസായം നല്‍കിയ സാമ്പത്തികപുരോഗതി, രാഷ്ട്രിയ വിപ്ലവത്തിലൂടെ വന്ന അധികാരമാറ്റം, ശാസ്ത്രവിപ്ലവം, നവോത്ഥാനം, മതേതരവല്‍ക്കരണം, വ്യക്തിസ്വാതന്ത്ര്യം, ആശയവിനിമയത്തിലുണ്ടായ വമ്പിച്ച പുരോഗതി  എന്നിവയിലൂടെയാണ് ലോകം മുന്നേറിയത്. വിശ്വാസത്തില്‍ നിന്ന് യുക്തിയിലേക്കും, രാജാധികാരത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കും,   ഗ്രാമീണതയില്‍ നിന്ന് നാഗരികതയിലേക്കും, അടയ്‌ക്കപ്പെട്ട ജനത്തിന്‍റെ  സ്വതന്ത്രലോകത്തേക്കുള്ള യാത്രകളുടെയും ഫലമാണ്‌ ഇന്നു കാണുന്ന പുരോഗമന ലോകം. ഈ പരിവര്‍ത്തനം, ദൈവശാസ്ത്രങ്ങളെയും മതങ്ങളെയും സാരമായി ബാധിച്ചു.       
നവീകരണ ദൈവശാസ്ത്രം, ആധുനിക ദൈവശാസ്ത്രം, ഉത്തരാധുനിക ദൈവശാസ്ത്രം എന്നിവ നിലവില്‍ വന്നു. അക്കാരണത്താല്‍, നന്മ തിന്മകള്‍ സംബന്ധിച്ച കാഴ്ചപ്പാടുകള്‍ക്കും മാറ്റം ഉണ്ടായി.  പതിനാറാം നൂറ്റാണ്ടില്‍ സംഭവിച്ച പരിഷ്ക്കരണത്തിലൂടെ വന്നതാണ്‌ “നവീകരണ ദൈവശാസ്ത്രം.” ബൈബിള്‍ മാത്രമാണു് ആധികാരികമെന്നും; കൃപയാലും വിശ്വാസത്താലും ക്രിസ്തുവിലൂടെ മാത്രമാണു രക്ഷയെന്നും, മഹത്വം ദൈവത്തിനു മാത്രം നല്‍കേണ്ടതാണെന്നും നവീകരണ ദൈവശാസ്ത്രം പഠിപ്പിക്കുന്നു. ഇതിന് കുറെ ശാഘകള്‍ ഉണ്ട്. 
പതിനെട്ടാം നൂറ്റാണ്ടിലുണ്ടായ ജ്ഞാനോദയത്തിനു ശേഷം പ്രകടമായ ദൈവശാസ്ത്ര ചിന്തയാണ് “ആധുനിക ദൈവശാസ്ത്രം.” ഇത് മനുഷ്യന്‍റെ അര്‍ത്ഥമുള്ള യുക്തിക്ക് പ്രാധാന്യം നല്‍കുന്നു. ബൈബിള്‍ മാത്രമല്ല, മനുഷ്യബുദ്ധി, ശാസ്ത്രം, അനുഭവം എന്നിവക്കും പ്രാധാന്യം കൊടുക്കുന്നു.  
ഇരുപതാം നൂറ്റാണ്ടില്‍, 1930 നും 1960 നും ഇടയില്‍ ഉണ്ടായിട്ടുള്ളതാണ് “ഉത്തരാധുനിക ദൈവശാസ്ത്രം.” തത്വശാസ്ത്രമാണ് ഇതിന്‍റെ ആധാരശില. പൂര്‍ണ്ണസത്യം മുഴുവനായിട്ട് അറിയാന്‍ കഴിയില്ല. എല്ലാ അറിവും, ഭാഷയെയും സംസ്ക്കാരത്തെയും ആശ്രയിച്ചിരിക്കുന്നു. ദൈവത്തെ സംബദ്ധിച്ച കെട്ടുകഥകള്‍ ചോദ്യം ചെയ്യപ്പെടണം. അനുഭവത്തിനും, ശരിയായ പരിജ്ഞാനത്തിനും, ജനസമൂഹത്തിനും പ്രാധാന്യം നല്‍കണം എന്ന് സിദ്ധാന്തിക്കുന്നു.  
ക്രിസ്തുമതത്തിനു പുറമേ, മറ്റ് മതങ്ങളിലും പുതിയ ദൈവശാസ്ത്രങ്ങള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇസ്ലാംമതത്തില്‍, ഖുര്‍ആനിനെയും ശരിഅത്ത്നെയും, ജനാധിപത്യം ശാസ്ത്രം ലിംഗസമത്വം എന്നിവയോടു ചേര്‍ത്ത് “ഇസ്ലാമിക ആധുനികത” “പുരോഗമന ഇസ്ലാം” എന്നീ ദൈവശസ്ത്രങ്ങള്‍ ഉണ്ടായി. “ആധുനിക ജൂത ദൈവശാസ്ത്രം”, ആധുനിക ഓര്‍ത്തോഡോക്സ് ചിന്തകള്‍ ഉള്‍ക്കൊണ്ട “റിഫോം ദൈവശാസ്ത്രം” എന്നിവ ജൂതമതത്തിലെയും നവീനമായ ദൈവശാത്രങ്ങളാണ്.         
ശ്രി രാമകൃഷ്ണ പരമഹംസന്‍, സ്വാമി വിവേകാനന്ദന്‍, രാജാറാം മോഹന്‍ റോയ്, ദയാനന്ദ സരസ്വതി, മഹാത്മാഗാന്ധി എന്നിവരുടെ പല ഗ്രന്ഥങ്ങളും ഹിന്ദുമതത്തിലെ പരിഷ്ക്കരണ ദൈവാശാസ്ത്ര പുസ്‌തകങ്ങളായി കരുത പ്പെടുന്നു. ഉദാ: സ്വാമി വിവേകാനന്ദന്‍റെ “രാജയോഗം കര്‍മ്മയോഗം”. ബാലാ ഗംഗാധര തിലകന്‍റെ “ഗീതാരഹസ്യം”.   
ബുദ്ധമതത്തില്‍ ആധുനിക ദൈവശാസ്ത്രം എന്നത് പഴയ തത്വങ്ങളെ ഇന്നത്തെ ലോകവുമായി ബന്ധിപ്പിക്കുന്ന നൂതന വ്യാഖ്യാനമാണ്. ഉദാ: “എന്‍ഗേജ്ഡ് ബുദ്ധിസം”, “സെക്കുലര്‍ ബുദ്ധിസം.” മരണശേഷം എന്ത് സംഭവിക്കും? ദുഖത്തില്‍നിന്ന് എങ്ങനെ മോചനം നേടാം? എന്ന ചോദ്യങ്ങളാണ് അവയില്‍ ധ്വനിക്കുന്നത്‌. 
പുതിയ ദൈവശാസ്ത്രങ്ങള്‍ തിന്മയെ എങ്ങനെ കാണുന്നു എന്നതും  ശ്രദ്ധേയമാണ്. ഉദാ: ഉദാര ദൈവശാസ്ത്രം: അറിവില്ലായ്മയും, തെറ്റായ സാമൂഹിക വ്യവസ്ഥകളും, ധാര്‍മ്മികമായ അപക്ക്വതയും തിന്മകളാണെന്നു കരുതുന്നു.                                                  
നവ-യാഥാസ്ഥിതിക ദൈവശാസ്ത്രം: പാപം മനുഷ്യന്‍റെ അടിസ്ഥാന അവസ്ഥ യാണ്. ദൈവത്തിനെതിരായ മനുഷ്യന്‍റെ ധിക്കാരവും പാപമാണ്. അത്  ദൈവവുമായുള്ള ബന്ധം തകര്‍ക്കുന്നു.
പ്രക്രീയ ദൈവശാസ്ത്രം: സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുമ്പോഴും, വളര്‍ച്ച യില്‍ സംഭവിക്കുന്ന അപാകതകളിലൂടെയും തിന്മ ഉളവാകുന്നു.
അസ്ഥിത്വവാദ ദൈവശാസ്ത്രം: ആധികാരികമല്ലാത്ത ജീവിതം തിന്മയാണ്. അസ്വസ്ഥതയും ഭയവും മറ്റ് കാരണങ്ങളാണ്. 
വിമോചന ദൈവശാസ്ത്രം: മനുഷ്യനെ സ്നേഹിക്കാത്തതും, അടിച്ചമര്‍ത്തല്‍, കാപട്യം, ദാരിദ്യം എന്നിവയും മനുഷ്യനെ മനുഷ്യനായി ജീവിക്കാന്‍  അനുവദിക്കാത്ത അവസ്ഥയും ദുഷ്ടതയാണ്. 
ഫെമിനിസ്റ്റ് ദൈവശാസ്ത്രം: ഏറ്റവും വലിയ തിന്മ സ്ത്രീകളെ മനുഷ്യനായി കാണാതിരിക്കുന്നതാണ്. സ്ത്രീകളെ രണ്ടാം തരക്കാരാക്കുകയും, അവരുടെ ശബ്ദത്തെയും ശരീരത്തെയും നിയന്ത്രിക്കുന്ന എല്ലാ സംവിധാനങ്ങളും തിന്മ.
കറുത്തവരുടെ ദൈവശാസ്ത്രം: അധികാരവ്യവസ്ഥിതി, അടിമത്തം, വെള്ള മേധാവിത്വം എന്നിവ തിന്മയുടെ പ്രത്യക്ഷ രൂപങ്ങളാണ്. ഏറ്റവും വലിയ ദോഷം വംശിയതയാണ്.
ദളിത്‌ ദൈവശാസ്ത്രം: അയിത്തവും ആശുദ്ധിയുമാണ് വലിയ പാപം. ജാതി വ്യവസ്ഥയും ദളിതരെ മനുഷ്യരായി പരിഗണിക്കാത്ത പ്രവര്‍ത്തിയും തിന്മ. 
പരിസ്ഥിതി ദൈവശാസ്ത്രം: മനുഷ്യ കേന്ദ്രീകൃത ചിന്തയാണ് വലിയ തിന്മ. ദൈവസൃഷ്ടികളെ നശിപ്പിക്കുന്നതും, ഭൂമിയെ ചൂഷണം ചെയ്യുന്നതും ദോഷം. 
തിന്മയില്ലാത്ത ജീവിതം സ്വയം ഉണ്ടാകുന്നില്ല. അത് പരിശ്രമിച്ച് ഉണ്ടാക്കേ ണ്ടതാണ്. അസൂയ, ദേഷ്യം, വിദ്വേഷം, സ്വാര്‍ത്ഥത എന്നിവ മനസ്സില്‍ ഉണ്ടായാലും, അവ വാക്കിലൂടെയും പ്രവര്‍ത്തിയിലൂടെയും പ്രകടമാക്കരുത്.          ആര്‍ക്കും ഒരു ദോഷവും ചെയ്യരുതെന്ന് തീരുമാനിച്ചു കരുതലോടെ ജീവിക്കാന്‍ കഴിയണം. സ്വന്ത ജീവിതത്തെ മറ്റുള്ളവരുടെ ജീവിതവുമായി താരതമ്യം ചെയ്യുമ്പോള്‍, ഹൃദയസമാധാനം ചോര്‍ന്നുപോകും. അന്യനെ നശിപ്പിക്കണമെന്ന ചിന്ത തീയാണ്. ദുഷ്ടചിന്തകളെ മുളയില്‍ത്തന്നെ നുള്ളണം. അപവാദവും കളവും, മറ്റുള്ളവരെ വേദനിപ്പിക്കുന്ന വാക്കും പറയരുത്. തിന്മയിലേക്കും ലഹരിയിലേക്കും നയിക്കുന്ന സൗഹൃദം ഒഴിവാക്കണം. മനുഷ്യരുടെ വിജയത്തില്‍ സന്തോഷിക്കാന്‍ കഴിയണം. ക്ഷമിക്കുന്നവനാണ് ശക്തന്‍. വിനയമുള്ളവരെ ലോകം ഇഷ്ടപ്പെടും. എത്ര വലിയവനായാലും, വീട്ടില്‍ നല്ലവനല്ലെങ്കില്‍ ദോഷം ഉണ്ടാകും. നിങ്ങള്‍ക്ക് മറ്റുള്ളവര്‍ എന്ത് ചെയ്യണമെന്ന് ആഗ്രഹിക്കുന്നുവോ അതേ നല്ലകാര്യം മറ്റുള്ളവര്‍ക്കും ചെയ്യുക. ചെറിയ തിന്മപോലും ചെയ്യാതിരിക്കുന്നതാണ് വലിയ നന്മ.   
നന്മ ഒരു ദുര്‍ബലതയല്ല. പിന്നയോ, ധൈര്യമുള്ളവരുടെ ജീവിതവഴിയാണ്. ഓരോ മനുഷ്യന്‍റെയും ഉള്ളില്‍ നന്മയും തിന്മയും തമ്മില്‍ മത്സരിക്കുന്നുണ്ട്. അതില്‍ ആര് ജയിക്കുമെന്ന് തീരുമാനിക്കുന്നത്‌ മനസാക്ഷിയാണ്. നന്മതിന്മകളെ സമതുലിതമായി വിലയിരുത്തുമ്പോള്‍, അവ മനുഷ്യ ജീവിത ത്തിന്‍റെ ഭാഗമാണെന്നു ബോധ്യമാകും. തിന്മയുടെതാണ്‌ വിശാലവും സ്വതന്ത്ര വുമായ എളുപ്പവഴി. നന്മയുടെത് പ്രയാസങ്ങളുടെ ഇടുങ്ങിയ പാത. എങ്കിലും, അത് സമാധാനത്തിലേക്കും സുരക്ഷയിലെക്കും നയിക്കുന്നു. ഇവ തിരഞ്ഞെടുക്കാനുള്ള വിവേകമാണ് മനുഷ്യത്വമുള്ളവനാക്കുന്നത്. തിന്മ ചെയ്യാന്‍ ഒരു നിമിഷം മതി. അതിന്‍റെ കറ കഴുകിക്കളയാന്‍ ജീവിതകാലം തികയാതെ വരാം. ഒരു നല്ല ശീലം വെളിച്ചം പോലെയാണ്. അത് നമ്മേ മാത്രമല്ല, നമുക്ക് ചുറ്റുമുള്ളവരെയും പ്രകാശിപ്പിക്കും. ദുശ്ശീലം കാലില്‍ ചുറ്റിയ ചങ്ങലപോലെയാണ്. അതുകൊണ്ട്, നമ്മള്‍ നന്മനിറഞ്ഞ ശീലങ്ങളെ ബോധപൂര്‍വ്വം തിരഞ്ഞെടുക്കണം.      
നമ്മുടെ ഓരോ പ്രവര്‍ത്തിയും നന്മയിലെക്കോ തിന്മയിലെക്കോ നയിക്കുന്നതെന്ന് പതിവായി ചിന്തിക്കുന്നത് ഉചിതമാണ്!

ജോണ്‍ വേറ്റം 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.