പ്രസിഡണ്ട് ജോ ബൈഡന്‍റെ പുത്രന്‍ ഹണ്ടര്‍ ബൈഡന്‍ അനധികൃതമായി തോക്ക് വാങ്ങുകയും കൈവശം വെക്കുകയും ചെയ്ത കുറ്റവുമായി ബന്ധപ്പെട്ട് കുറ്റവാളിയായി കണ്ടെത്തി.
ഡെലവെയര്‍: പ്രസിഡണ്ട് ജോ ബൈഡന്‍റെ പുത്രന്‍ ഹണ്ടര്‍ ബൈഡന്‍ അനധികൃതമായി തോക്ക് വാങ്ങുകയും കൈവശം വെക്കുകയും ചെയ്ത കുറ്റവുമായി ബന്ധപ്പെട്ട് കുറ്റവാളിയായി കണ്ടെത്തി. ഡെലവെയറിലെ വില്‍മിങ്ടണ്‍ ഡിസ്ട്രിക്ട് കോര്‍ട്ട് ജൂറിയാണ് മൂന്ന് നിയമവിരുദ്ധ നടപടികള്‍ക്ക് അദ്ദേഹം കുറ്റക്കാരനെന്ന് വിധി പ്രഖ്യാപിച്ചത്. മയക്കുമരുന്നിന് അടിമയായിരുന്ന കാലയളവില്‍ തോക്ക് വാങ്ങുന്നതിനുള്ള അപേക്ഷയില്‍ മയക്ക്മരുന്ന് ഉപയോഗം മറച്ചുവെച്ചുവെന്നും തെറ്റായ വിവരങ്ങള്‍ നല്കിയെന്നുമാണ് അദ്ദേഹത്തിനെതിരെ ആരോപിച്ച കുറ്റകൃത്യം.
പ്രസിഡണ്ട് ജോ ബൈഡനെ പ്രതിരോധത്തിലാക്കാന്‍ മുന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗവും ഹണ്ടര്‍ ബൈഡനെതിരെ നിരന്തരം ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. അവയില്‍ പലതും വ്യാജവുമായിരുന്നു. എങ്കിലും മയക്ക്മരുന്ന് സ്ഥിരമായി ഉപയോഗിച്ചിരുന്ന 2018-കാലയളവില്‍ റിവോള്‍വര്‍ വാങ്ങുവാന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ മയക്ക്മരുന്ന് ഉപയോഗം മറച്ചുവെച്ചു എന്ന ആരോപണം അദ്ദേഹത്തിന്‍റെ മുന്‍ഭാര്യമാരുടെ കൂടി മൊഴിയുടെ അടിസ്ഥാനത്തില്‍ കോടതിക്ക് ബോദ്ധ്യപ്പെട്ടു. 25 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് അദ്ദേഹത്തിനെതിരെ തെളിയിക്കപ്പെട്ടിട്ടുള്ളത്. എങ്കിലും പൂര്‍വ്വകാല കുറ്റകൃത്യങ്ങള്‍ ഇല്ലാത്തതിനാലും കൈവശം വെച്ച തോക്ക് ഉപയോഗിച്ച് അപകടപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാത്തതിനാലും ശിക്ഷയില്‍ ഗണ്യമായ ഇളവ് ലഭിക്കുമെന്നാണ് നിയമവൃത്തങ്ങള്‍ കരുതുന്നത്. ഡെലവെയറിലെ ഡിസ്ട്രിക്ട് ജഡ്ജ് മേരി എലന്‍ നോറേക്കാ അദ്ദേഹത്തിനെതിരെയുള്ള ശിക്ഷ വിധിക്കും. 2019-നുശേഷം ഹണ്ടര്‍ ബൈഡന്‍ മയക്ക്മരുന്നില്‍ നിന്ന് പൂര്‍ണ്ണമായും മോചനം നേടിയെന്ന വസ്തുതയും വിധിപ്രഖ്യാപനത്തെ സ്വാധീനിക്കും എന്നും കരുതപ്പെടുന്നു.
ഹണ്ടര്‍ ബൈഡനെതിരെ ഉണ്ടായ ജൂറി വിധി പ്രസിഡണ്ട് ജോ ബൈഡനെയും പ്രഥമ വനിത ജില്‍ ബൈഡന്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെയും ദുഃഖത്തിലാക്കി. തന്‍റെ ദുഃഖവും നിരാശയും പ്രകടിപ്പിച്ചപ്പോഴും ജൂറിയുടെ വിധി താന്‍ അംഗീകരിക്കുമെന്നും നീതിന്യായ പ്രക്രിയയോട് തനിക്ക് പൂര്‍ണ്ണമായ ബഹുമാനമുണ്ടെന്നും പ്രസിഡണ്ട് ജോ ബൈഡന്‍ പ്രഖ്യാപിച്ചു. വിധിപ്രഖ്യാപനമുണ്ടായ ഉടന്‍ ഡെലവെയറിലെ സ്വഭവനത്തിലെത്തി രാത്രി, കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവഴിച്ച് പിറ്റേന്ന് ഇറ്റലിയില്‍ നടന്ന 7 രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനായി അദ്ദേഹം യാത്രതിരിച്ചു. ശിക്ഷയില്‍ മകനെന്ന പരിഗണനയില്‍ യാതൊരു ഇളവും താന്‍ നല്കുകയില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വിധി വന്നാലുടന്‍ അതിനെതിരെ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് ഹണ്ടര്‍ ബൈഡന്‍റെ അഭിഭാഷകന്‍ ആബേ ലോവല്‍ അറിയിച്ചു.
ജോസ് കല്ലിടുക്കില്‍