തൃശ്ശൂരിലെ ലോഡ്ജിൽനിന്ന് യുവതിയേയും യുവാവിനേയും തമിഴ്‌നാട് പോലീസാണെന്ന് വിശ്വസിപ്പിച്ച് തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ. നിലമ്പൂർ സ്വദേശിനിയായ യുവതിയും തമിഴ്നാട് സ്വദേശിയായ ടാക്സി ഡ്രൈവറും തമ്മിലുള്ള ബന്ധമാണ് നാടകീയ സംഭവങ്ങൾക്ക് വഴിവെച്ചത്.
സെപ്റ്റംബർ 22-ന് രാവിലെ ഏഴരയോടെയാണ് ഇരുവരും തൃശ്ശൂരിലെ ലോഡ്ജിൽ മുറിയെടുത്തത്. മുറി വാടക നൽകാനായി യുവാവ് തമിഴ്നാട്ടിലെ സുഹൃത്തിനെ വിളിച്ച് ലോഡ്ജിന്റെ ക്യുആർ കോഡ് വഴി പണമയക്കാൻ ആവശ്യപ്പെട്ടു. സുഹൃത്ത് പണം അയച്ചപ്പോൾ ലോഡ്ജിന്റെ പേര് വിവരങ്ങൾ ഫോണിൽ തെളിഞ്ഞു. യുവാവിനെ അന്വേഷിച്ചു നടക്കുകയായിരുന്ന പ്രതി ദേവിയ്ക്ക് ഈ വിവരം ലഭിച്ചതോടെയാണ് നാടകം അരങ്ങേറുന്നത്.
തുടർന്ന് ദേവി തോമസ് ഉൾപ്പെടെയുള്ള അഞ്ച് പേരെയും കൂട്ടി രണ്ട് കാറുകളിലായി തൃശ്ശൂരിലെ ലോഡ്ജിലെത്തി. ലോഡ്ജ് മാനേജരെ കബളിപ്പിക്കാനായി കഴുത്തിൽ തിരിച്ചറിയൽ കാർഡ് തൂക്കി ചെന്നൈ പോലീസാണെന്ന് വിശ്വസിപ്പിച്ചു. ഇവർ സ്വർണവുമായി മുങ്ങിയവരാണെന്നും യുവാവ് വിവാഹത്തട്ടിപ്പുകാരനാണെന്നും വിശ്വസിപ്പിച്ചാണ് സംഘം മുറി തുറപ്പിച്ചത്.
മുറിയിൽ അതിക്രമിച്ചുകയറിയ സംഘം ഇരുവരെയും ക്രൂരമായി മർദിച്ച് മുഖം തുണികൊണ്ട് മറച്ച് തമിഴ്നാട്ടിലേക്ക് കടത്തുകയായിരുന്നു. തിരുപ്പൂരിലെ ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ചും മർദനം തുടർന്നു. ഇതിനിടയിൽ ആളൊഴിഞ്ഞ പറമ്പിൽ വെച്ച് യുവതിയെ പ്രതികൾ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. സംഭവം പുറത്തറഞ്ഞാൽ കഞ്ചാവ് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
മർദനമേറ്റ് അവശരായ ഇരുവരെയും തിരുപ്പൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ സംഘത്തിലുണ്ടായിരുന്ന ഒരാളുടെ ഫോൺ വാങ്ങി യുവതി നിലമ്പൂരിലെ ബന്ധുവിനെ വിളിച്ച് വിവരങ്ങൾ പറഞ്ഞു. “ഇനി അവിടെ നിന്നാൽ അവർ കൊന്നുകളയും” എന്ന ബന്ധുവിന്റെ മുന്നറിയിപ്പിനെ തുടർന്ന് യുവതി ആശുപത്രിയിൽ നിന്ന് അത്യാഹിത വിഭാഗത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് ഓട്ടോയിൽ കയറി തിരുപ്പൂർ റെയിൽവേ സ്റ്റേഷനിലെത്തിയ യുവതി, ഓട്ടോഡ്രൈവറുടെ ഫോണിൽ നിന്ന് നിലമ്പൂരിലെ ബന്ധുവിനെ വീണ്ടും വിളിച്ചു. ഡ്രൈവറുടെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി പണം അയപ്പിച്ചു നൽകിയ ശേഷമാണ് യുവതി ട്രെയിൻ മാർഗ്ഗം നിലമ്പൂരിലെത്തിയത്. നിലമ്പൂരിൽ എത്തിയ ഉടൻ ആശുപത്രിയിൽ ചികിത്സ തേടുകയും പോലീസിൽ പരാതി നൽകുകയും ചെയ്യുകയായിരുന്നു.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ടി.ആർ. രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് നെടുമ്പാശ്ശേരിയിൽ നിന്നും തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നുമായി പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ വിയ്യൂർ ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തു.

