PRAVASI

കോവളത്ത് പതിനാറുകാരി പീഡനത്തിനിരയായ സംഭവം; കോർപ്പറേഷൻ ജീവനക്കാരനായ അനുരൂപ് അറസ്റ്റിൽ

Blog Image

തിരുവനന്തപുരം: കോവളത്ത് പതിനാറുകാരി പീഡനത്തിനിരയായ സംഭവത്തിൽ സ്പാ സ്ഥാപനത്തിന്റെ യഥാർത്ഥ ഉടമ അറസ്റ്റിൽ. തിരുവനന്തപുരം കോർപ്പറേഷനിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറായ അനുരൂപാണ് പൊലീസിന്റെ പിടിയിലായത്. അറസ്റ്റിന് പിന്നാലെ ഇയാളെ കോർപ്പറേഷൻ മേയർ സസ്പെൻഡ് ചെയ്തു. കേസിൽ പെൺകുട്ടിയുമായി അന്വേഷണ സംഘം സ്പാ സ്ഥാപനത്തിലെത്തി തെളിവെടുപ്പ് പൂർത്തിയാക്കുകയും ചെയ്തു.

പെൺകുട്ടിയെ ബന്ധുക്കൾ വിറ്റ ‘ഡ്രീംസ്’ എന്ന സ്‌പാ സ്ഥാപനം ബിനാമി പേരിൽ നടത്തിയിരുന്നത് കോർപ്പറേഷൻ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറായ അനുരൂപാണ്. പൂവാർ സ്വദേശി നിഷാന്തിനെ മുന്നിൽ നിർത്തിയായിരുന്നു സ്ഥാപനത്തിന്റെ പ്രവർത്തനം. സ്പായിലെ ക്യു.ആർ കോഡ് വഴി ഇടപാടുകാർ നൽകിയ പണം നേരിട്ടെത്തിയിരുന്നത് അനുരൂപിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ്. ദിവസം ഇരുപതിനായിരത്തിലധികം രൂപ ഇത്തരത്തിൽ അക്കൗണ്ടിലേക്ക് എത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിലെ നിരന്തര പ്രശ്നക്കാരനാണ് അറസ്റ്റിലായ അനുരൂപ്. വിഴിഞ്ഞത്ത് ചുമതലയിലിരിക്കെ ബാറിൽ മദ്യപിച്ച് സംഘർഷമുണ്ടാക്കിയതിനെ തുടർന്ന് മേയർ ആര്യ രാജേന്ദ്രന്റെ ഭരണസമിതി ഇയാളെ ഉള്ളൂർ സോണലിലേക്ക് സ്ഥലം മാറ്റിയിരുന്നു. മൂന്നുമാസം മുൻപാണ് സ്പാ തുടങ്ങിയതെന്ന അനുരൂപിന്റെ മൊഴി പൊലീസ് പൂർണ്ണമായി വിശ്വസിച്ചിട്ടില്ല. പെൺകുട്ടിയെ സ്പായിൽ എത്തിച്ച വിവരം ഇയാൾ അറിഞ്ഞിരുന്നോ എന്നതിലും അന്വേഷണം പുരോഗമിക്കുകയാണ്.

അതിനിടെ, പെൺകുട്ടിയെ മനുഷ്യക്കടത്തിന് ഇരയാക്കിയ സംഭവത്തിൽ മാതൃസഹോദരിയുടെയും ഭർത്താവിന്റെയും ഫോൺ രേഖകൾ പൊലീസ് ശേഖരിച്ചു. കേസിൽ സ്പായിൽ എത്തിയ ഇടപാടുകാരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ജൂലൈ മുതലുള്ള സന്ദർശകരുടെ വിവരങ്ങൾ ശേഖരിച്ച ശേഷം പെൺകുട്ടിയെക്കൊണ്ട് തിരിച്ചറിയൽ പരേഡ് നടത്താനാണ് തീരുമാനം. സന്ദർശകരെ തിരിച്ചറിഞ്ഞാൽ പ്രതികൾക്കെതിരെ പോക്സോ അടക്കമുള്ള ശക്തമായ വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.