PRAVASI

അനധികൃത കുടിയേറ്റക്കാർക്കെതിരെ വടിയെടുത്ത് ഇന്ത്യ

Blog Image

അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാൻ നടപടി കടുപ്പിച്ച് ഇന്ത്യ. നിയമപ്രകാരമുള്ള രേഖകളില്ലാതെ രാജ്യത്ത് തുടരുന്നവർക്ക് ശിക്ഷയും പിഴയും വ്യവസ്ഥ ചെയ്യുന്ന ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ബിൽ 2025 (The Immigration and Foreigners Bill, 2025) ലോക്സഭയുടെ ഈ സമ്മേളനത്തിൽ അവതരിപ്പിക്കും. പാസ്പോർട്ട് ആക്ട‌് 1920, രജിസ്ട്രേഷൻ ഓഫ് ഫോറിനേഴ‌്സ് ആക്ട് 1939, ഫോറിനേഴ്‌സ് ആക്ട‌് 1946, ഇമിഗ്രേഷൻ ആക്‌ട് 2000 എന്നിവയ്ക്ക് പകരമായാണ് പുതിയ ബിൽ തയ്യാറാകുന്നത്.

പാസ്പോർട്ടോ വീസയോ കൂടാതെ ഇന്ത്യയിൽ പ്രവേശിക്കുന്ന വിദേശികൾക്ക് അഞ്ചുവർഷം വരെ തടവുശിക്ഷയും, അഞ്ചു ലക്ഷം വരെ പിഴയും പുതിയ ബിൽ വ്യവസ്ഥ ചെയ്യുന്നു. വ്യാജ പാസ്പോർട്ട് ഉപയോഗിക്കുന്നതിനുള്ള ശിക്ഷ രണ്ടുവർഷത്തിൽ നിന്ന് ഏഴ് വർഷമാക്കി ഉയർത്തിയേക്കും. പത്തുലക്ഷം രൂപ വരെ ഇതിനൊപ്പം പിഴയും ഉണ്ടാകും. വ്യാജ പാസ്പോർട്ടുമായി പ്രവേശിച്ചാൽ 50,000 രൂപ പിഴയും എട്ടുവർഷം വരെ തടവുമാണ് നിലവിൽ ഇന്ത്യയിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന ശിക്ഷ.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർവകലാശാലകളിലും പഠിക്കാനെത്തുന്ന വിദേശ വിദ്യാർഥികളുടെ വിവരങ്ങൾ രജിസ്ട്രേഷൻ ഓഫീസർക്ക് കൈമാറണമെന്നും പുതിയ ബിൽ വ്യവസ്ഥ ചെയ്യുന്നു. വിദേശികൾക്ക് താമസമൊരുക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. വീസ കാലാവധി കഴിഞ്ഞ് തുടർന്നാലോ, വീസ നിബന്ധനകൾ ലംഘിച്ചാലോ മൂന്ന് വർഷം വരെ തടവും മൂന്ന് ലക്ഷം രൂപ വരെ പിഴയും ലഭിക്കാം.

മതിയായ രേഖകളില്ലാതെ വിദേശികളെ യാത്രക്ക് സഹായിക്കുന്ന ഏജൻസികൾക്കും ക്യാരിയർമാർക്കും അഞ്ചുലക്ഷം രൂപ വരെ പിഴ ലഭിക്കാം. പിഴ ഒടുക്കിയില്ലെങ്കിൽ വിദേശി യാത്രക്ക് ഉപയോഗിച്ച വാഹനം പിടിച്ചെടുക്കാനുള്ള നിയമപരമായ അധികാരവും പുതിയ ബിൽ നൽകുന്നു
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.