PRAVASI

സ്ത്രീകൾ പൊതുരംഗത്തിറങ്ങരുതെന്ന് ഇസ്‌ലാം പറയുന്നില്ല, കാന്തപുരത്തിന്റെ പരാമർശം തിരുത്തണം; വിമർശനവുമായി ഐ.എസ്.എം രംഗത്ത്

Blog Image

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തിൽ കടുത്ത വിമർശനവുമായി മുജാഹിദ് വിദ്യാർത്ഥി സംഘടനയായ ഐ.എസ്.എം. പ്രസ്താവന കാന്തപുരം പരസ്യമായി തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹിയാണ് രംഗത്തെത്തിയത്. സ്ത്രീകൾ പൊതുരംഗത്തിറങ്ങരുതെന്ന് ഇസ്‌ലാം പറയുന്നില്ലെന്നും, കാന്തപുരം വിഭാഗം പുലർത്തുന്ന സങ്കുചിത നിലപാടുകളുടെ തുടർച്ചയാണ് ഈ പ്രസ്താവനയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംഘടന നേരിടുന്ന ആഭ്യന്തര പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് ഇത്തരം ശ്രമങ്ങൾ നടക്കുന്നത്. ആദ്യ പ്രസംഗത്തിലെ പിന്തിരിപ്പൻ നിലപാടുകൾ കാന്തപുരം ഇതുവരെ തിരുത്തിയിട്ടില്ല. പ്രസ്താവന തിരുത്താതെ സ്ത്രീകൾക്ക് അർഹമായ പരിഗണന നൽകുന്നുണ്ടെന്ന് അവകാശപ്പെട്ടിട്ട് കാര്യമില്ല. സ്ത്രീകൾ പുറത്തിറങ്ങരുതെന്ന പരാമർശത്തിൽ മുഖ്യമന്ത്രിക്ക് അഭിപ്രായം പറയാൻ അവകാശമുണ്ട്, എന്നാൽ പ്രസ്താവന തിരുത്തേണ്ടത് മുഖ്യമന്ത്രിയല്ല, കാന്തപുരം തന്നെയാണെന്നും ഷുക്കൂർ സ്വലാഹി വ്യക്തമാക്കി. വിഷയത്തിൽ മുസ്‌ലിം ലീഗ് കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ നിലപാടിനൊപ്പമാണെന്ന് തങ്ങൾ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നബിദിന ആഘോഷങ്ങളിൽ സ്ത്രീകളെ പങ്കെടുപ്പിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങൾക്ക് പിന്നാലെ, മഹല്ലുകൾക്കും മദ്രസകൾക്കും നൽകിയ നിർദ്ദേശമെന്ന നിലയിൽ കാന്തപുരം ഇറക്കിയ പ്രസ്താവനയാണ് വലിയ രാഷ്ട്രീയ-സാമൂഹിക വിവാദങ്ങൾക്ക് വഴിവെച്ചത്. അന്യപുരുഷന്മാർക്കിടയിൽ വേദിയിലോ പൊതുഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങൾ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവനയിലെ പ്രധാന നിർദ്ദേശം.

അതേസമയം, വിവാദങ്ങൾ ശക്തമായതോടെ സെപ്റ്റംബർ 3- ന് തൃശൂരിൽ നടന്ന മീലാദ് കോൺഫറൻസിൽ കാന്തപുരം തന്റെ നിലപാട് മയപ്പെടുത്തിയിരുന്നു. സ്ത്രീകളെ കുഴിച്ചുമൂടണമെന്ന് പറയുന്നവരല്ല തങ്ങളെന്നും ഇസ്‌ലാം മതം അങ്ങനെ പഠിപ്പിക്കുന്നില്ലെന്നുമായിരുന്നു തൃശൂരിലെ വിശദീകരണം. സ്ത്രീകൾക്ക് രണ്ടാം സ്ഥാനം നൽകി എന്ന് പറയുന്നത് ശരിയല്ലെന്നും, പെൺകുട്ടികൾക്കായി മാത്രം മദ്രസകളും സ്കൂളുകളും കേരളത്തിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അനാഥരായ പെൺകുട്ടികളെ സംരക്ഷിക്കുന്നതിനൊപ്പം അവർക്ക് സൗജന്യമായി ഭക്ഷണവും വസ്ത്രവും ചികിത്സയും നൽകുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ ഉൾപ്പെടെയുള്ള വിമർശനങ്ങൾ നിലനിൽക്കെ, സെപ്റ്റംബർ 5- ന് കോഴിക്കോട് നടക്കുന്ന മീലാദ് സമ്മേളനത്തിൽ കാന്തപുരം ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തുമെന്നാണ് സൂചന.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.