പൊതുതിരഞ്ഞെടുപ്പോ ഉപതിരഞ്ഞെടുപ്പോ വരുമ്പോള്‍, അതും പ്രത്യേകിച്ച് മലബാര്‍ മേഖലയിലായാല്‍ ഇടതുപക്ഷത്തിന്റെ അടുക്കളയില്‍ നിന്ന് സ്ഥിരമായി സിപിഎം വേവിച്ചെടുക്കുന്ന ഒരു ഐറ്റമാണ് ഇസ്രയേല്‍ വിരുദ്ധത. ഇപ്പോള്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പഞ്ച് ഡയലോഗാണ് ‘ഇസ്രയേല്‍ ഒരു തെമ്മാടി രാഷ്ട്രം’ എന്നത്. ന്യൂനപക്ഷ വോട്ടു പെട്ടിയിലാക്കാൻ ഇങ്ങ് തെക്കേയറ്റത്തെ കേരളത്തില്‍ ഇരുന്ന് ഇസ്രയേലിനെ വെല്ലുവിളിക്കുമ്പോഴും, അവരുമായി ചങ്ങാത്തം കൂടാനും വ്യാപാരബന്ധം ഉറപ്പിക്കാനും ജ്യോതി ബസു മുതല്‍ പിണറായി വിജയന്‍ വരെ നടത്തിയ ശ്രമങ്ങള്‍ ചരിത്രവും അങ്ങാടിപ്പാട്ടുമാണ്. ബാക്കിയെല്ലാം തിരഞ്ഞെടുപ്പു കാലത്തെ ‘അപ്പച്ചന്റ തമാശകള്‍’ എന്നുമാത്രം.
ഇറാനെ ആക്രമിച്ച ഇസ്രയേല്‍ നടപടിയെ വിമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. “ഇസ്രയേല്‍ പണ്ടേ ലോക തെമ്മാടിയായിട്ടുള്ള ഒരു രാഷ്ട്രമാണ്. സാധാരണ ലോകത്ത് നിലനില്‍ക്കുന്ന മര്യാദകളൊന്നും പാലിക്കേണ്ട എന്നതാണ് അവരുടെ നിലപാട്. അമേരിക്കയുടെ പിന്തുണ ഉള്ളതുകൊണ്ട് എന്തുമാകാം എന്ന ധിക്കാരപരമായ സമീപനമാണ് എക്കാലത്തും ഇസ്രയേല്‍ സ്വീകരിച്ചിട്ടുളളത്”. നിലമ്പൂര്‍ തിരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കിയാണ് ഈ കമന്റ് എന്നത് വ്യക്തം. ഒരുവശത്ത് ഇസ്രായേലിനെ ലോക തെമ്മാടി എന്ന് വിളിക്കുക, മറുവശത്ത് അവരുമായി സഹകരിക്കുക എന്നതാണ് കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരായ ജ്യോതി ബസുവിന്റേയും പിണറായി വിജയന്റെയും ഇരട്ടത്താപ്പ്.
2000ല്‍ രാജ്യത്ത് ആദ്യമായി 25 അംഗ സംഘവുമായി ഇസ്രയേല്‍ സന്ദര്‍ശിച്ച ആദ്യ സംസ്ഥാന മുഖ്യമന്ത്രി ബംഗാളിലെ ജ്യോതി ബസു ആയിരുന്നു. കൃഷി, വ്യവസായം, സാങ്കേതിക മേഖലകള്‍ എന്നിവയില്‍ നിക്ഷേപം തേടിയുള്ള യാത്രയായിരുന്നു അത്. പാലസ്തീന്‍ നേതാവ് യാസര്‍ അരാഫത്തുമായി അടുപ്പം പുലര്‍ത്തിയിരുന്ന ജ്യോതി ബസു തന്റെ ഇസ്രയേല്‍ സന്ദര്‍ശനത്തിന് പുതിയ വ്യാഖ്യാനം നല്‍കി. “എന്നെ എന്നും അത്ഭുതപ്പെടുത്തിയ രാജ്യമാണ് ഇസ്രയേല്‍ . നമ്മുടെ രാജ്യം അവരുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചിട്ടുണ്ട്. വ്യവസ്ഥാപിത സങ്കല്പങ്ങളില്‍ മാറ്റം വേണം” -ഇതായിരുന്നു ബസുവിന്റെ ന്യായീകരണം.
ജ്യോതി ബസു തന്റെ സന്ദര്‍ശന വേളയില്‍ പ്രസിഡന്റ് ഏസര്‍ വെയ്‌സ്മാന്‍, പ്രധാനമന്ത്രി യഹൂദ് ബരാക് , ലേബര്‍ പാര്‍ട്ടി നേതാവ് ഷിമോണ്‍ പെരസ് തുടങ്ങിയ ഇസ്രയേല്‍ നേതാക്കളെ സന്ദര്‍ശിച്ചിരുന്നു. ഇസ്രയേലിനെ ബഹിഷ്‌കരിക്കണമെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്ന പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗമായ ജ്യോതി ബസുവാണ് ആ രാജ്യത്ത് നിക്ഷേപം തേടിപ്പോയതും ഇസ്രയേല്‍ തനിക്കെന്നും അത്ഭുതമാണെന്ന് വാഴ്ത്തിയതും. ബസുവിന്റെ യാത്രയ്ക്കു രണ്ട് വര്‍ഷം മുമ്പ് ബംഗാള്‍ വ്യവസായ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനും, ഒൻപതു തവണ ലോക്സഭയിൽ സിപിഎം എംപിയും ആയിരുന്ന സോമനാഥ് ചാറ്റര്‍ജിയുടെ നേതൃത്വത്തില്‍ ഒരുസംഘവും ഇസ്രയേല്‍ സന്ദര്‍ശിച്ചിരുന്നു.
വിദ്യാഭ്യാസ, കാര്‍ഷിക മേഖലകളില്‍ കേരള സര്‍ക്കാരും ഇസ്രായേലുമായി സഹകരിക്കുന്നതിന് പലവിധ പദ്ധതികൾ ആവിഷ്‌കരിച്ചിരുന്നു. ഒന്നും നടപ്പായില്ല എന്നത് വേറെ കാര്യം. 2023ല്‍ എംബസി വഴി കാര്‍ഷിക മേഖലയില്‍ നടത്തിയ സഹകരണ പ്രൊജക്റ്റുകളാണ് കേരളം – ഇസ്രായേല്‍ സഹകരണത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഈ പ്രൊജക്റ്റുകള്‍ക്ക് വേണ്ടി സംസ്ഥാന ബജറ്റില്‍ പ്രത്യേക നീക്കിവയ്പ്പുകള്‍ സര്‍ക്കാര്‍ നടത്തി. കൃഷിവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ 27 അംഗ കര്‍ഷകരുടെ ഒരുസംഘം 2023 ഫെബ്രുവരിയിൽ ഇസ്രായേല്‍ സന്ദര്‍ശിക്കുകയും ചെയ്തു. ഈ സംഘത്തില്‍പ്പെട്ട കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യന്‍ മുങ്ങിയതും വന്‍ വിവാദമായിരുന്നു.
സിപിഎം കേന്ദ്രകമ്മിറ്റി അംഗവും പിണറായി വിജയൻ സർക്കാരിൽ വ്യവസായ മന്ത്രിയുമായ പി രാജീവിന്റെ ഭാര്യ ഡോ. വാണി കേസരിയെ ഈ വര്‍ഷം മേയ് മാസത്തില്‍ ഇസ്രായേലിലെ ഹൈഫ യൂണിവേഴ്സിറ്റിയില്‍ (University of Haifa, Israel) ഫാക്കല്‍റ്റി മെമ്പറായി തിരഞ്ഞെടുത്തു. യുനെസ്‌കോ ചെയര്‍ ഇന്‍ ബയോ എത്തിക്‌സിന്റ (UNESCO Chair in Bio Ethics) ഫാക്കല്‍റ്റി യൂണിറ്റ് അംഗമായാണ് ഡോ വാണിയെ തിരഞ്ഞെടുത്തത്. ഇതിലും ഒരു എതിര്‍പ്പോ ആക്ഷേപമോ സിപിഎം കേന്ദ്രങ്ങളില്‍ നിന്നൊന്നും ഇതുവരെ ഉയര്‍ന്നിട്ടില്ല.

