ഞാൻ നല്ലൊരു അമ്മയാണെന്ന് ഒരിക്കലും എവിടെയും അവകാശപെടാറില്ല. കാരണം എനിക്ക് അങ്ങനെ ഒരു തോന്നൽ സ്വയം തന്നെ ഉണ്ടോ എന്നെനിക്ക് ഉറപ്പില്ല. നല്ല അമ്മ എന്നതിന് നമുക്ക് ഓരോ റോൾ മോഡലുകൾ ഉണ്ടല്ലോ. അതൊക്കെ വെച്ച് നോക്കുമ്പോ അതിന്റെ ഒന്നും ഏഴയലത്തു ഞാൻ എത്തില്ല. പറ്റുന്ന പോലെ, എനിക്ക് ശെരിയെന്നു തോന്നുന്ന പോലെ ഒക്കെ പാപ്പുവിന്റെ കൂടെ ജീവിച്ചു. ഇത്രകാലം . അത്രയേ ഉള്ളു എന്റെ അമ്മ ജീവിതം.
അവൾക്ക് വേണ്ടി ഒന്നും ഉണ്ടാക്കി കൊടുക്കാൻ ഞാൻ അടുക്കളയിൽ കയറാറില്ല. രണ്ടു കാരണങ്ങൾ, ഒന്ന് പാചകം അറിയില്ലാ. രണ്ട്, താല്പര്യവുമില്ല. ലോകത്തു എല്ലാത്തിലും അവൾ മിടുക്ക് തെളിയിക്കണം എന്ന വാശിയിൽ നൂറു ക്‌ളാസുകൾക്ക് കൊണ്ട് പോയി ചേർത്തിട്ടില്ല. പരീക്ഷകൾ വരുമ്പോൾ ലീവ് എടുത്തു പഠിപ്പിക്കാറില്ല. സത്യത്തിൽ അവളുടെ പഠനകാര്യങ്ങൾ ഒരു പരിധിക്കപ്പുറം ശ്രദ്ധിക്കാറ് പോലുമില്ല. കുട്ടിയുണ്ട് എന്ന് വെച്ച് എന്റെ സന്തോഷങ്ങൾ മാറ്റി വെക്കാറില്ല. വലിയ വലിയ ത്യാഗങ്ങൾ ഒന്നും ചെയ്തതായി അവകാശപെടാനില്ല. ഇതുകൊണ്ടൊക്കെ തന്നെ ഞാൻ എങ്ങിനെ ഉള്ള ഒരമ്മ ആണെന്ന് എനിക്ക് തന്നെ വലിയ നിശ്ചയം ഒന്നും ഇല്ലാ..
സത്യത്തിൽ എപ്പോഴെങ്കിലും അവളോട് ചോദിക്കണം എന്ന് കരുതീട്ടുണ്ട്. ഒരു അമ്മ എന്ന നിലയിൽ അവൾ എനിക്ക് എത്ര മാർക്ക് തരും എന്ന്... പക്ഷെ സത്യം പറയാലോ. ചോദിക്കാൻ എനിക്ക് പേടിയാണ് 🫢...അവളെങ്ങാൻ സത്യം പറഞ്ഞാലോ...!
അവൾ പറയും! അവൾ സത്യമേ പറയൂ! കാരണം അവൾ അങ്ങിനെ ആണ്... ആർക്ക് എന്ത് തോന്നും എന്നോ അവർക്ക് അത് വേദനിക്കുമോ എന്നൊന്നും അവൾ ചിന്തിക്കാറില്ല പലപ്പോഴും. പക്ഷെ ഉള്ളത് മാത്രമേ പറയൂ. അതിൽ വെള്ളം ചേർക്കുന്ന പരിപാടി ഇല്ലാ. ഇടക്കൊക്കെ ഞാൻ ഉപദേശിക്കാറുണ്ട്. കുറച്ചു കൂടി ഒരു മയം വേണം എന്നൊക്കെ. ഈ ലോകത്തു ജീവിക്കണ്ടേ...അപ്പൊ അവളുടെ ഉത്തരം ഇതാണ് "എന്നേ ഞാനായി ഇഷ്ടപ്പെടുന്നവർ ഇഷ്ടപ്പെട്ട മതി. ആക്ട് ചെയ്തു ഫേക്ക് ആയി എനിക്ക് ആരെയും ഇഷ്ടപെടുത്തണ്ട."
"ഓഹ്, എന്നാ വേണ്ട" എന്ന് ഞാനും പറയും .
നിരുപദ്രവകരമായി പറയുന്ന നുണകൾ പോലും അവൾ ചോദ്യം ചെയ്യാറുണ്ട്. ഒരു ദയയും ഇല്ലാതെ എന്റെ ഫോട്ടോ പ്രാന്തിനെയും സെൽഫി പ്രാന്തിനെയും ഞാൻ ഇടുന്ന ഡ്രെസ്സുകളെയും എന്റെ മേക്കപ്പിനെയും എന്തിനേറെ എന്റെ സെൽഫികളിലെ ചിരിയേ വരെ അവൾ വിമർശിക്കാറുണ്ട്. അതുകൊണ്ട് തന്നെ എനിക്ക് അവളോട് എന്തെങ്കിലും ചോദിക്കാൻ പേടിയാണ്.
"നിങ്ങൾ ഒരു വേസ്റ്റ് തള്ളയാണ്" എന്നെങ്ങാനും പറഞ്ഞാൽ കഴിഞ്ഞില്ലേ .അതുകൊണ്ട് ഒന്നും ചോദിക്കാൻ പോയില്ല ഇതുവരെ.
പക്ഷെ ഈ കത്ത്, എന്റെ നാൽപതിയൊന്നാം പിറന്നാൾ സമ്മാനമായി അവൾ തന്ന ഈ കത്ത്...
അത് ഇങ്ങനെ വായിക്കാം...
" പ്രിയപ്പെട്ട അമ്മക്ക്,
എനിക്കറിയാം ഈ സമ്മാനം ഒരു പൊട്ടസമ്മാനം ആണെന്ന്... സ്നേഹം കാണിക്കുന്നതിൽ ഞാൻ എപ്പോഴും പുറകിൽ ആണല്ലോ... അതും പ്രത്യേകിച്ച് സമ്മാനം തരുന്നതിൽ... അമ്മക്ക് എന്താണ് അത്രക്ക് ഇഷ്ടമുള്ളത് എന്നെനിക്ക് വലിയ പിടുത്തം ഇല്ലാ. ഇനി അമ്മയോട് ചോദിക്കാം എന്നു വെച്ചാൽ , അമ്മക്ക് കാര്യം മനസ്സിലാവും. അതുകൊണ്ട് എനിക്ക് അമ്മയുടെ ഏറ്റവും ഇഷ്ടപെട്ട കാര്യം എന്താണെന്നു ഞാൻ ആലോചിച്ചു. അപ്പൊ ഒരൊറ്റ കാര്യമേ എന്റെ മനസ്സിൽ വന്നുള്ളൂ.
അമ്മയുടെ ചിരി!
സെൽഫി എടുക്കുമ്പോൾ ചിരിക്കുന്ന ആ fake ചിരി അല്ലാട്ടോ...എനിക്ക് എന്നും കാണാൻ സാധിക്കാറുള്ള അമ്മയുടെ ആ ഒറിജിനൽ ചിരി. ഞാൻ വരച്ച അമ്മയുടെ ചിത്രത്തിൽ അതിന്റെ മുഴുവൻ ഭംഗിയും വന്നിട്ടില്ല എന്നറിയാം. എന്നാലും എന്റെ കഴിവിന്റെ പരമാവധി ഞാൻ ശ്രമിച്ചിട്ടുണ്ട്. എനിക്ക് ബുദ്ധിമുട്ടുണ്ടായ സമയങ്ങളിലൊക്കെ അമ്മയുടെ ഈ ചിരി ആണ് എന്നേ മുന്നോട്ട് കൊണ്ടുപോയത്. കാരണം എനിക്ക് അത്രക്ക് ഉറപ്പുണ്ട്. ഒരിക്കൽ എന്റെ സ്വപ്‌നങ്ങൾ ഞാൻ കയ്യെത്തി പിടിക്കുമ്പോൾ, ആ സ്വപ്ന വേദിയിൽ ഞാൻ കയറി നിൽക്കുമ്പോൾ, ലക്ഷക്കണക്കിന് ആളുകൾ എനിക്ക് വേണ്ടി കയ്യടിക്കുമ്പോൾ, അവർക്കിടയിൽ ഞാൻ ഈ ചിരി വീണ്ടും കാണുമെന്ന്... അവിടെ ഉള്ള അത്രയും ആളുകൾക്കിടയിലും ആ ചിരി മാത്രമാകും എനിക്ക് കാ
ണാൻ കഴിയുക. ആ അഭിമാനത്തിന്റെ ചിരി അവിടെ വേറിട്ട് നിൽക്കും. എവിടെയും എല്ലായിടത്തും എന്റെ കൂടെ നിന്നതിനു നന്ദി. എന്റെ എല്ലാ മോശം സമയങ്ങളിലും ഇരുട്ടിലും എനിക്ക് കൂട്ടായതിന് നന്ദി. ഞാൻ അമ്മയെ അത്ര കണ്ട് സ്നേഹിക്കുന്നു. ( ഇതെഴുതിയപ്പോൾ ഞാൻ കരഞ്ഞു പോയി അമ്മാ, LOL )
സ്വാതിക ,എനിക്ക് ഇന്നോളം കിട്ടിയതിൽ വെച്ച് ഏറ്റവും വലിയ അവാർഡ് ആണ്... ഇതിനപ്പുറം എനിക്ക് എന്ത് വേണം!
കാരണം പറഞ്ഞത് എന്റെ പാപ്പു ആണ്. അവൾ സത്യം മാത്രമേ പറയൂ...!

ഡോ.സൗമ്യ സരിൻ



