രാവിലെ നേരത്തേ എഴുന്നേറ്റു. മൗനം നിറഞ്ഞ പ്രഭാതം. അഞ്ചു മണി കഴിയുമ്പോഴേക്കും വെളിച്ചം പ്രസരിക്കും. വൈകീട്ട് ഒൻപതു മണി കഴിഞ്ഞാലേ രാത്രിയാകൂ. സമ്മറിൽ നീണ്ട പകലുകളാണത്രെ. പുറത്ത് കുഞ്ഞു പക്ഷികളുടെ ചിലുചിലക്കൽ മാത്രം. ജനലിലൂടെ പുറത്തേക്കു നോക്കി വെറുതെയിരുന്നു. ജീവിതം നമ്മെ കൊണ്ടു പോകുന്ന വഴികൾ എത്ര വിചിത്രമാണ്. വ്യത്യസ്തമായ സംസ്ക്കാരങ്ങളിലൂടെ, ദേശങ്ങളിലൂടെ, മനുഷ്യരിലൂടെ, പ്രകൃതിയിലൂടെ കടന്നുപോകുമ്പോൾ ഉള്ളിൽ വിരിയുന്ന വിശാലതയ്ക്ക് എന്തൊരു ഹൃദ്യതയാണ് ...
അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നതിന് ഒരാഴ്ച മുമ്പ് നല്ല പനി, ചുമ, കഫകെട്ട്, തലവേദന. ഒരു ഫുൾ പാക്കേജ്. യാത്രയ്ക്ക് മുമ്പ് ഏറ്റെടുത്ത ക്ലാസുകൾക്കായുള്ള ഓട്ടം തന്ന സമ്മാനം.യാത്ര അവതാളത്തിലാകുമെന്ന് കരുതി. ഇതേ വയ്യായ്ക മുമ്പ് വന്നപ്പോൾ പതിനഞ്ചു ദിവസമെടുത്തു ശാന്തമാകാൻ. യാത്ര തിരിക്കുന്നതിൻ്റെ തലേന്നാണ് ഇത്തിരി സമാധാനത്തിലായത്. ചുമയുമായി യാത്ര ചെയ്യുകയെന്നത് ആലോചിക്കാനേ കഴിയില്ലായിരുന്നു.
രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ഫെഡറേഷൻ ഓഫ് ശ്രീനാരായണഗുരു ഓർഗനൈസേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ വാർഷിക കൺവെൻഷനിൽ പങ്കെടുക്കാനാണ് ഈ യാത്ര. ന്യൂയോർക്കിലെ കണക്ടിക്കറ്റിലാണ് പരിപാടി. വരുന്ന സ്ഥിതിയ്ക്ക് മറ്റു ചില പരിപാടികളും ചെറിയ യാത്രകളും ഉണ്ട്. ഓഗസ്റ്റ് 25 വരെയാണ് അമേരിക്കൻ വാസം.പരിപാടിയിൽ പങ്കെടുക്കുന്ന സ്വാമി മുക്താനന്ദ യതിയും കലാമണ്ഡലം ധനുഷ സന്യാലുമായിരുന്നു സഹയാത്രികർ. രണ്ടു പേരെ കുറിച്ചും വിശദമായി പിന്നീട് പറയാം.
കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് രാത്രി 10.30 ന് വിമാനം കയറി. രണ്ടു മണിക്കൂർ അവിടെ. പിന്നെ നേരെ ന്യൂയോർക്കിലേക്ക്. 14 മണിക്കൂർ തുടർച്ചയായ യാത്ര. പ്രതീക്ഷിച്ച ക്ഷീണമൊന്നുമില്ലാതെ, എമിഗ്രേഷനിൽ കാര്യമായ ചോദ്യശരങ്ങളില്ലാതെ 7-ാം തിയ്യതി രാവിലെ 10 മണിയോടെ ന്യൂയോർക്കിലെത്തി. വിമാനത്തിലിരുന്ന് ചുമച്ചില്ല എന്നതാണ് യാത്രയിലെ ഏറ്റവും വലിയ അനുഗ്രഹം. ധനുഷയുടെ നൃത്ത ജീവിതവും ഗുരുദേവ കൃതികളുടെ നൃത്താവിഷ്ക്കാര കഥകളും കേട്ടും സ്വാമിയും ഞാനും ഫേൺഹില്ലിൽ ഗുരു നിത്യയോടൊപ്പം ഒന്നിച്ചു കഴിഞ്ഞ കാലത്തെ ഓർത്തുള്ള വർത്തമാനവും എല്ലാം കൊണ്ട് സജീവമായ യാത്ര.
എയർപോർട്ടിൽ സജീവ് കുമാർ ഉൾപ്പടെ ഫെഡറേഷൻ്റെ പ്രധാന ഭാരവാഹികൾ സ്വീകരിക്കാൻ വന്നിരുന്നു. താമസം രണ്ടു മണിക്കൂർ ഡ്രൈവ് ചെയ്ത് എത്തേണ്ട കണക്ടികറ്റിലാണ്. അവിടെ ട്രംബുൾ ടൗൺ എന്ന സ്ഥലത്ത്. പോകുന്ന വഴിയിൽ എല്ലാവരും ഒരു കാപ്പിക്കടയിൽ കയറി കാപ്പി കുടിച്ചു. അമേരിക്കയിലെ ആദ്യത്തെ കാപ്പി. അത് ശ്ശി പിടിച്ചു.
തെളിഞ്ഞ ആകാശം. പുൽതകിടിയും പൂക്കളും നിറഞ്ഞ വഴിയോരം. വൃത്തിയുള്ള ശാന്തമായ ഇടങ്ങൾ. വെള്ളയും മണ്ണിൻ്റെ നിറവും പൂശിയ സൗമ്യമായ ഭവനങ്ങൾ. മന്ദഹാസത്തോടെ അഭിവാദ്യം ചെയ്യുന്ന പ്രസന്ന മുഖങ്ങൾ .. കൊള്ളാം, അമേരിക്കയിലെ ആദ്യാനുഭവം.
ഒഴിഞ്ഞ ഒരിടത്ത്, സൈപ്രസ് മരങ്ങളും പുൽത്തകിടിയും നിറഞ്ഞ പ്രസന്നതയിൽ ഒരു ഭവനം. ബീനയുടെയും സജീവിൻ്റെയും ഈ വീട്ടിലാണ് ഇനിയുള്ള താമസം. ഇവിടെ താമസിച്ചു കൊണ്ടാവും യാത്രകൾ.
അതിഥിയോ ആതിഥേയരോ ഇല്ല. നല്ല സുഹൃത്തുക്കൾ. സൗഹൃദത്തേക്കാൾ ഹൃദ്യമായ, സ്വതന്ത്രമായ മറ്റൊരു ബന്ധമില്ലെന്ന് പറയുന്നത് എത്ര സത്യം. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ഏത് ബന്ധത്തെയും ഊഷ്മളമാക്കുന്നത് അവിടെ സൗഹൃദം സൗരഭ്യം പരത്തുമ്പോൾ മാത്രമാണ്.
ജെറ്റ് ലാഗ് എന്നു കേട്ടിട്ടേയുള്ളൂ. ഉച്ച കഴിഞ്ഞപ്പോൾ പെട്ടെന്നൊരു ക്ഷീണം. കണ്ണിൽ വല്ലാത്ത ഭാരം. തലയിൽ തളർച്ച. എവിടെയെങ്കിലും ഒന്ന് കിടന്നാൽ മതിയെന്നായി. സജീവും ബീനയും ചിരിച്ചു കൊണ്ടു പറഞ്ഞു: നല്ല ഉറക്കം വരുന്നുണ്ടല്ലേ. മുറി ശരിയാണ്. പോയി കിടന്ന് ഉറങ്ങിക്കോളൂ. വൈകുന്നേരം വരെ ഉറങ്ങാതിരിക്കാൻ കഴിയുമെങ്കിൽ നല്ലത്. രാത്രി മുഴുവൻ സുഖമായി ഉറങ്ങാം. ഇപ്പോൾ ഉറങ്ങിയാൽ പാതിരയ്ക്ക് എഴുന്നേല്ക്കും. പിന്നെ ഉറക്കം കഷ്ടിയാകും.
മുറിയിലെത്തി ലാപ്ടോപ് തുറന്നു. മാതൃഭൂമി പ്രസിദ്ധീകരിക്കുന്ന പുതിയ പുസ്തകത്തിൻ്റെ പ്രൂഫ് തിരുത്തിയിരുന്നു. ഉറക്കം മെല്ലെ അകന്നു. ഇനി രാത്രി സുഖമായി ഉറങ്ങാം.
രാവിലെ നേരത്തേ എഴുന്നേറ്റു. മൗനം നിറഞ്ഞ പ്രഭാതം. അഞ്ചു മണി കഴിയുമ്പോഴേക്കും വെളിച്ചം പ്രസരിക്കും. വൈകീട്ട് ഒൻപതു മണി കഴിഞ്ഞാലേ രാത്രിയാകൂ. സമ്മറിൽ നീണ്ട പകലുകളാണത്രെ.
പുറത്ത് കുഞ്ഞു പക്ഷികളുടെ ചിലുചിലക്കൽ മാത്രം. ജനലിലൂടെ പുറത്തേക്കു നോക്കി വെറുതെയിരുന്നു. ജീവിതം നമ്മെ കൊണ്ടു പോകുന്ന വഴികൾ എത്ര വിചിത്രമാണ്. വ്യത്യസ്തമായ സംസ്ക്കാരങ്ങളിലൂടെ, ദേശങ്ങളിലൂടെ, മനുഷ്യരിലൂടെ, പ്രകൃതിയിലൂടെ കടന്നുപോകുമ്പോൾ ഉള്ളിൽ വിരിയുന്ന വിശാലതയ്ക്ക് എന്തൊരു ഹൃദ്യതയാണ് ...
(തുടരും )