PRAVASI

കേരളത്തില്‍ മൂന്ന് പ്രധാന മതങ്ങളാണുള്ളത്, ഞങ്ങള്‍ ഐക്യത്തോടെ ജീവിക്കുന്നു, അതാണ് ഇന്ത്യയുടെ സന്ദേശം’:ജോൺ ബ്രിട്ടാസ്

Blog Image

ജക്കാര്‍ത്ത: പാക് സൈനിക മേധാവി അസിം മുനീറിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. ഹിന്ദുക്കളും മുസ്ലീങ്ങളും വ്യത്യസ്തരാണെന്ന അസിം മുനീറിന്റെ വാദത്തിനെതിരെയാണ് ജോണ്‍ ബ്രിട്ടാസ് രൂക്ഷവിമര്‍ശനമുന്നയിച്ചത്. ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ ഭാഗമായി ഇന്തോനേഷ്യയിൽ എത്തിയപ്പോഴായിരുന്നു ബ്രിട്ടാസിന്റെ പ്രസംഗം.

സര്‍വകക്ഷി സംഘത്തിലുള്ള കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിനെ ചൂണ്ടിക്കാട്ടിയായിരുന്നു ബ്രിട്ടാസിന്റെ പരാമര്‍ശം. ‘സല്‍മാന്‍ ഖുര്‍ഷിദ് ഞങ്ങളുടെ കൂടെയുണ്ട്. ഞങ്ങളെല്ലാം ഒറ്റക്കെട്ടാണ്. ഹിന്ദുക്കളും മുസ്ലീങ്ങളും വ്യത്യസ്തരാണെന്നാണ് അസിം മുനീര്‍ പറഞ്ഞത്. എപ്പോഴെങ്കിലും നിങ്ങളങ്ങനെ കണ്ടിട്ടുണ്ടോ? ഹിന്ദുവും മുസ്ലീമും തമ്മില്‍ വ്യത്യസ്തരല്ല. ഞങ്ങളെല്ലാവരും ഒന്നിച്ചാണ്. ഞാന്‍ കേരളത്തില്‍ നിന്നാണ് വരുന്നത്. എന്റെ പേര് ജോണ്‍ ബ്രിട്ടാസ് എന്നാണ്. ഞാന്‍ ഒരു ക്രിസ്ത്യനാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം, കേരളത്തില്‍ മൂന്ന് പ്രധാന മതങ്ങളാണുള്ളത്. ഞങ്ങള്‍ ഐക്യത്തോടെ ഒരുമിച്ച് ജീവിക്കുന്നു. അതാണ് ഇന്ത്യയുടെ സന്ദേശം’, ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

മൂന്ന് പതിറ്റാണ്ടുകളായി തങ്ങള്‍ ഭീകരവാദ സംഘടനകളെ വളര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന വൃത്തികെട്ട ജോലിയില്‍ മുഴുകിയിരിക്കുന്നുവെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ആണ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. മുഷറഫും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇതില്‍ കൂടുതല്‍ തെളിവുകള്‍ ഞങ്ങള്‍ക്ക് ആവശ്യമില്ല. ലാഹോറില്‍ നടന്ന റാലിയില്‍ ഇന്ത്യയെ വെല്ലുവിളിച്ചുകൊണ്ട് ഭീകരവാദിയടക്കം പങ്കെടുത്തു. ആരാണ് ഭീകരവാദത്തെ വളര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നത് എന്ന് നമ്മളെല്ലാവരും കാണണം.

ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു. സിന്ധുനദീജല കരാറിലൂടെ 80 ശതമാനം വെള്ളവും പാകിസ്താന് നല്‍കി. ഞങ്ങള്‍ അവരുമായി സഹകരിച്ചു. എന്നിട്ടും ഭീകരവാദികളെ മറികടക്കുന്ന പാത പാകിസ്താന്‍ തുടര്‍ന്നു. അതുകൊണ്ടാണ് ഇനി മതി എന്ന് ഇന്ത്യ തീരുമാനിച്ചത്. ഞങ്ങള്‍ക്ക് സമാധാനം വേണം. പക്ഷെ, അത് നമ്മുടെ വിലയേറിയ ജീവന്‍ നഷ്ടപ്പെട്ടുകൊണ്ടാകരുത്, ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഒരൊറ്റ വര്‍ഗീയ സംഘര്‍ഷം പോലും ഇന്ത്യയില്‍ നടന്നിട്ടില്ല എന്നത് സന്തോഷത്തോടെ പറയാന്‍ സാധിക്കും. കശ്മീര്‍ താഴ്വര മൊത്തം പാകിസ്ഥാനെതിരായ റാലിനടത്തി. ജുമാ ദിവസം കറുത്ത ബാന്‍ഡ് ധരിച്ചാണ് അവര്‍ പ്രതിഷേധിച്ചത്. അതാണ് ഇന്ത്യയെന്ന് ബ്രിട്ടാസ് പറഞ്ഞു.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.