PRAVASI

പെന്തക്കോസ്തുകാരോട് ഖേദപ്രകടനം നടത്തി ജോൺ ബ്രിട്ടാസ് എംപി

Blog Image

ചിക്കാഗോ: കഴിഞ്ഞദിവസം യൂട്യൂബ് ചാനൽ ഇന്റർവ്യൂവിൽ പെന്തക്കോസ്ത് വിരുദ്ധ പരാമർശം നടത്തിയ ശ്രീ ജോൺ ബ്രിട്ടാസ് എംപി തന്റെ സോഷ്യൽ മീഡിയയിലൂടെ പെന്തക്കോസ്തുകാരോട് ഖേദം പ്രകടിപ്പിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഖേദപ്രകടനം  നടത്തിയത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം താഴെ കൊടുക്കുന്നു.

"അടുത്തിടെ ഒരു ഹിന്ദി സാമൂഹ്യമാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ ചില പരാമർശങ്ങൾ പെന്തകോസ്ത് സമൂഹത്തെ വേദനിപ്പിച്ചതായി മനസ്സിലാക്കുന്നു. വിദേശപ്രതിനിധി സംഘത്തിന്റെ ഭാഗമായി രണ്ടാഴ്ച രാജ്യത്തിന് പുറത്തിയിരുന്നതു കൊണ്ട് വിശദാംശങ്ങൾ ഇപ്പോഴാണ് ഞാൻ മനസ്സിലാക്കിയത്. മാത്രമല്ല പെന്തകോസ്ത് വിഭാഗത്തിലെ ചിലരുടെ സന്ദേശങ്ങളും വായിക്കാനിടയായതിന്റെ പശ്ചാത്തലതിലാണ് ഈ കുറിപ്പ്.

അടുത്തയിടെയാണ് അഭിമുഖം വന്നതെങ്കിലും മാസങ്ങൾക്കു മുൻപ് റെക്കോർഡ് ചെയ്തതാണെന്ന് അത് സൂക്ഷമമായി കാണുന്നവർക്ക് മനസ്സിലാകും. അഭിമുഖത്തിൽ ഞാൻ പ്രധാനമായും ഊന്നാൻ ശ്രമിച്ചത്, പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ പാർട്ടിയും രാജ്യത്ത് വർഗീയ ധ്രുവീകരണം സൃഷ്ടിക്കാൻ നടത്തുന്ന ശ്രമങ്ങളെ കുറിച്ചായിരുന്നു. അയോധ്യയുടെ പശ്ചാത്തലത്തിൽ ഉയർത്തിയ ചോദ്യങ്ങളായിരുന്നു അഭിമുഖത്തിൽ ഏറെയും.

പ്രധാനമന്ത്രി പദത്തിലിരിക്കുന്ന ഒരാൾ അയോധ്യയിലെ പ്രാണപ്രതിഷ്ഠയിൽ മുഖ്യപൂജാരിയായി കാർമികത്വം വഹിച്ചത് ഇന്ത്യൻ ഭരണഘടനയുടെ അന്തഃസത്തയ്ക്ക് നിരക്കാത്തതാണെന്ന് ഞാൻ ചൂണ്ടിക്കാട്ടിയിരുന്നു. നെഹ്റു ഇതുമായി ബന്ധപ്പെട്ട് അന്നത്തെ പ്രസിഡന്റ് രാജേന്ദ്രപ്രസാദിന് അയച്ച കത്തുകളെക്കുറിച്ചും പരാമർശിച്ചിരുന്നു. അതേസമയം, വിശ്വാസം വ്യക്തിപരമാണെന്ന നിലപാടാണ് എനിക്കുള്ളതെന്നും അടിവരയിട്ട് പറഞ്ഞിരുന്നു.

അതിനിടയിൽ പഞ്ചാബിലെ ഒരു സംഭവത്തെ മുൻനിർത്തി ചില ചോദ്യങ്ങളും അവതാരകൻ ഉന്നയിച്ചിരുന്നു. ഇതിനോട് പ്രതികരിച്ചപ്പോൾ പെന്തകോസ്ത് സമൂഹത്തിന് വിഷമം തോന്നുന്ന ചില കാര്യങ്ങൾ കടന്നുവന്നു എന്നാണ് ഇപ്പോഴത്തെ പരാതി. നാലുമണിക്കൂറോളം നീണ്ടുനിന്ന അഭിമുഖം മുക്കാൽ മണിക്കൂറിലേക്ക് ചുരുക്കിയപ്പോൾ പലതും സന്ദർഭത്തിൽ നിന്നും അടർന്നു മാറി, ഒപ്പം വിശദീകരണങ്ങൾ നഷ്ടമാകുകയും ചെയ്തു. ഇതാണ് തെറ്റിദ്ധാരണയ്ക്ക് വഴിവച്ചത്.

ഭരണഘടന നൽകുന്ന അവകാശങ്ങൾ പ്രകാരം ഏത് മതക്കാർക്കും അവരുടെ വിശ്വാസം മുറുകേ പിടിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി എക്കാലത്തും ഞാൻ നിലകൊണ്ടിട്ടുണ്ട്. പാർലമെൻറിലെ എന്റെ ഇടപെടൽ ശ്രദ്ധിക്കുന്നവർക്ക് അത് ബോധ്യപ്പെടുന്നതാണ്. അതേസമയം, അഭിമുഖത്തിലെ ഏതെങ്കിലും പരാമർശം പെന്തകോസ്ത് വിഭാഗത്തിന് വിഷമം സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി അചഞ്ചലമായി നിലക്കൊള്ളുന്ന പൊതുപ്രവർത്തകനാണ് ഞാൻ എന്ന കാര്യം അവർ ഓർമ്മിക്കും എന്നും കരുതുന്നു."

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.