ലണ്ടനില്‍ ധനികരായ മാതാപിതാക്കളാല്‍ ജനിച്ച് വളര്‍ത്തപ്പെട്ട ജോണ്‍ നെല്‍സണ്‍ ഡാര്‍ബി ഇന്നും ചരിത്രാതീതനായ് നിലകൊള്ളുവാന്‍ ഇടവരുത്തിയ തന്‍റെ ജീവിതാനുഭവങ്ങളാണ് അനുവാചകരുമായ് പങ്കിടുന്നത്. പഠനത്തില്‍ അതിസമര്‍ത്ഥനായ നെല്‍സണ്‍ ഡാര്‍ബി നിയമ ബിരുദാനന്തരം വക്കീലായിട്ടാണ് ജോലിയില്‍ പ്രവേശിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം അവിചാരിതമായ് തനിക്ക് ലഭിച്ച ബൈബിളാണ് തന്‍റെ ജീവിതത്തിന്‍റെ ദിശയെ മാറ്റിമറിക്കുന്നത്. നിരന്തരമായ ബൈബിള്‍ പാരായണവും പഠനവും നെല്‍സണ്‍ ഡാര്‍ബിയെ മാനസാന്തരത്തിലേക്ക് നയിച്ചു. മാനസാന്തരത്തിന്‍റെ അനന്തരഫലമായ് വക്കീല്‍ ജോലി ഉപേക്ഷിച്ച് പൂര്‍ണ്ണ സമയം സുവിശേഷീകരണത്തില്‍ പ്രവര്‍ത്തന നിരതനായി ഡാര്‍ബി തന്‍റെ ജീവിതം തുടര്‍ന്നു.
ഒരിക്കല്‍ ഡാര്‍ബി തന്‍റെ പ്രസംഗത്തില്‍ എബ്രായ ലേഖനത്തില്‍ നിന്നുള്ള വാക്യം ഉദ്ധരിച്ച് ഇങ്ങനെ തുടര്‍ന്നു, നിങ്ങളോട് ദൈവ വചനം പ്രസംഗിച്ചു നടത്തിയവരെ ഓര്‍ത്തുകൊള്‍വിന്‍; അവരുടെ ജീവാവസാനം ഓര്‍ത്തു അവരുടെ വിശ്വാസം അനുകരിപ്പിന്‍ (എബ്രായര്‍ 13 ന്‍റെ 7). എബ്രായര്‍ ലേഖന കര്‍ത്താവ് നമ്മോട് ആവശ്യപ്പെടുന്നത്, അവരുടെ വിശ്വാസം അനുകരിപ്പാനാണ്. എന്താണ് നടത്തിയവരുടെ വിശ്വാസം? അത് ദൈവത്തിലുള്ള വിശ്വാസമാണ്. ഒരിക്കല്‍ ഒരു ദൈവദാസന്‍ തന്‍റെ പ്രസംഗത്തില്‍ ഇങ്ങനെ തുടര്‍ന്നു, നിങ്ങള്‍ കര്‍ത്താവിനെ നോക്കുക, പൗലോസിനെയും പത്രോസിനെയും നോക്കുക, ഒരിക്കലും നിങ്ങള്‍ എന്നെ നോക്കരുത്. പെന്തെക്കോസ്തു കണ്‍വന്‍ഷന്‍ വേദികളില്‍ അധര സേവനം കൊണ്ട് ഉപജീവനം നയിക്കുന്ന ഒരു ന്യൂനപക്ഷം ഉണ്ടെന്നുള്ളത് ആര്‍ക്കുംനിഷേധിക്കുവാന്‍ കഴിയാത്ത യാഥാര്‍ത്ഥ്യമായ് ഇന്നും നിലകൊള്ളുന്നു. ഡാര്‍ബി ഇത്തരത്തില്‍ ശുശ്രൂഷ ചെയ്യുന്നവരെ അവഗണിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. പ്രവര്‍ത്തിയില്ലാത്ത ക്രിസ്തീയ മാര്‍ഗ്ഗം നിര്‍ജീവമാണ്. അമേരിക്കയിലും 1800 കളുടെ കാല ഘട്ടത്തില്‍ ക്രൈസ്തവ സമൂഹത്തില്‍ ദുരൂപദേശത്തിന് അടിമപ്പെട്ടിരുന്ന വ്യത്യസ്ത സഭാവിഭാഗങ്ങള്‍ നിലവിലുണ്ടായിരുന്നു. നിര്‍മ്മല സുവിശേഷവുമായ് ഈ സാഹചര്യത്തിലാണ് 1862-ല്‍ ഡാര്‍ബി അമേരിക്ക സന്ദര്‍ശിക്കുന്നത്. ആദിമ കാലഘട്ടത്തില്‍ പുരോഹിതനായ് ദേവാലയത്തില്‍ ശുശ്രൂഷ ചെയ്യണമെങ്കില്‍ അവര്‍ക്കു സഭയുടെ മേലദ്ധ്യക്ഷന്മാരില്‍ നിന്ന് പട്ടത്വം ലഭിച്ചിരിക്കണമെന്ന കര്‍ശന നിയമം നിലവിലുണ്ടായിരുന്നു.
ദൈവത്തിന്‍റെ നിയോഗം ലഭിച്ച വ്യക്തിക്ക് മേലദ്ധ്യക്ഷന്മാരുടെ അംഗീകാരത്തിന് പ്രസക്തിയില്ലെന്നാണ് ഡാര്‍ബിയുടെ അഭിപ്രായം. പെന്തകോസ്തു സഭകളിലും ശുശ്രൂഷ ചെയ്യണമെന്ന വ്യാമോഹത്താല്‍ സഭാ മേലദ്ധ്യക്ഷന്മാരുടെ കൈവയ്പ്പ് ലഭിച്ചിട്ടും ഒരു ശുശ്രൂഷയും നിര്‍വ്വഹിക്കുവാന്‍ അവസരം ലഭിക്കാത്തവര്‍ ഉണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. ദൈവ സന്നിധിയില്‍ നിന്ന് നിയോഗം ലഭിച്ചിട്ട് സുവിശേഷീകരണത്തില്‍ പങ്കെടുക്ക, അപ്പോഴാണ് വിജയം ലഭിക്കുന്നത്.
ധനികനായ ഡാര്‍ബി തന്‍റെ സമ്പത്ത് മുഴുവനും വിറ്റ് ആ തുകയാണ് സുവിശേഷീകരണത്തിനായ് വിനയോഗിച്ചത്. പാവപ്പെട്ടവരെ സഹായിക്കുകയും ഗ്രാമീണ മേഖലകളില്‍ സ്കൂളുകള്‍ സ്ഥാപിച്ച് അവരുടെ അഭിവൃദ്ധിക്കായ് പ്രയത്നിച്ചതുമൂലമാണ് ഡാര്‍ബി ഇന്നും ചരിത്രാതീതനായ് നിലകൊള്ളുന്നത്. ഡാര്‍ബിയുടെ ജീവിതത്തില്‍ ആരാധനയ്ക്ക് പ്രഥമ സ്ഥാനമാണ് ഡാര്‍ബി നല്‍കിയിരുന്നത്. സംഗീത ഉപകരണങ്ങളോട്കൂടെ ദൈവത്തെ സ്തുതിക്കണം. സംഗീതം ഹൃദയത്തില്‍ നിന്ന് ഉയരണം. മാനസാന്തരപ്പെടാതെ ഉപജീവന മാര്‍ഗ്ഗമായ് സംഗീത ഉപകരണങ്ങള്‍ കൊണ്ട് വര്‍ഷിപ്പ് ലീഡര്‍ ആകുന്നതും കണ്‍വന്‍ഷന്‍ വേദികള്‍ കൈവശപ്പെടുത്തുന്നതും ശരിയല്ലായെന്നാണ് ഡാര്‍ബിയുടെ മുന്നറിയിപ്പ്.
ജീവിതം കൊണ്ട് അനേകരെ ക്രിസ്തുവിലേക്ക് നയിച്ച ജോണ്‍ നെല്‍സണ്‍ ഡാര്‍ബിയെപ്പോലെ ആയിത്തീരുവാന്‍ നമ്മള്‍ക്കും പരിശ്രമിക്കാം. നമ്മള്‍ എത്രകാലം ഈ ഭൂമുഖത്ത് ജീവിതം നയിച്ചു എന്നതിനേക്കാള്‍ എങ്ങനെ ജീവിതം നയിച്ചു എന്നതിനാണ് പ്രസക്തിയുള്ളത്.

രാജു തരകന്‍

