PRAVASI

ചില കാര്യങ്ങൾ അങ്ങനെയാണ് ;നമുക്ക് ഇപ്പോഴും അറിയാത്ത ഒരുപാട് കാര്യങ്ങൾ

Blog Image

ഞാൻ എന്റെ 22 വർഷത്തെ പ്രൊഫഷണൽ ലൈഫിൽ രണ്ടേ രണ്ടു തവണ മാത്രമേ അത്ഭുതങ്ങൾ കണ്ടിട്ടുള്ളൂ.കഴിഞ്ഞ ഒരു 18 വർഷത്തിനിടയിൽ  എത്ര തവണ കുട്ടിക്ക് അനക്കം ഇല്ല എന്ന് പറഞ്ഞു വന്ന് മരിച്ച കുഞ്ഞുങ്ങളെ ( Intra Uterine Fetal Death) കണ്ടിരിക്കുന്നു , പക്ഷേ  ഒരു നാല് അഞ്ചു വർഷം മുമ്പ് നടന്ന ആദ്യത്തെ അത്ഭുതം അതിനിപ്പോഴും ആർക്കും കാരണം അറിയില്ല ! 

39 ആഴ്ച്ച ഗർഭിണിയായ സ്ത്രീ ആറ് മണിക്കൂറായി കുട്ടിയ്ക്ക് ഒരു അനക്കവും ഇല്ല എന്ന് പറഞ്ഞു വരുന്നു . കേട്ടപാടെ ട്രിയാജ് നേഴ്സ് ഹാർട്ട് ബീറ്റ് ചെക്ക് ചെയ്യുന്നു. ഒരു മിനിറ്റായിട്ടും ഹാർട്ട് ബീറ്റ് കേൾക്കാത്തത് കൊണ്ട് Emergency ആയി സോണോഗ്രാം ആവശ്യപ്പെടുന്നു . ട്രിയാജിലെ നേഴ്സ് മിഡ്‌വൈഫ് ഉടനെ സോണോഗ്രാം ചെയ്ത് ഹാർട്ട് ബീറ്റ് നോക്കുന്നു . ഹാർട്ട് ബീറ്റ് കാണുന്നില്ല , എമർജൻസി ആയി  OB (Obstetrics and Gynecology) അറ്റെൻഡിങ്ങിനെ വിളിക്കുന്നു . അറ്റെൻഡിങ്ങും ചീഫ് റെസിൻഡന്റും കൂടി വന്ന് അറ്റെൻഡിങ്ങിന്റെ സാന്നിദ്ധ്യത്തിൽ റെസിഡന്റ് സോണോഗ്രാം നോക്കുന്നു ഹാർട്ട് ബീറ്റില്ല, ഇല്ല , breathing ഇല്ല Tone  ഇല്ല Movement ഇല്ല . 

Attending സ്വന്തമായി നോക്കി ശരിവയ്ക്കുന്നു. Confirming Intra uterine fetal demise…പിന്നീട് സാധാരണ ഇത്തരം സന്ദർഭങ്ങളിൽ ചെയ്യുന്നത് പോലെ ആദ്യത്തെ grieving time ഒക്കെ കഴിഞ്ഞു കുട്ടിയുടെ മാതാപിതാക്കളെ പറഞ്ഞു മനസ്സിലാക്കി ലേബർ ഇൻഡ്യൂസ് ചെയ്യുന്നു . 

ആദ്യത്തെ കുഞ്ഞാണ് അതുകൊണ്ട് 48 മണിക്കൂർ എടുത്തു കുഞ്ഞിനെ മരുന്ന് കൊടുത്തു പ്രസവിപ്പിക്കാൻ . മിക്കവർക്കും  അറിയാമായിരിക്കും , സാധാരണ ലേബർ induction ചെയ്യുമ്പോൾ കുഞ്ഞിന് ഓക്സിജൻ കിട്ടാത്ത സാഹചര്യങ്ങൾ ഉണ്ടാകാതെ കുട്ടി ജനിക്കുന്നത് വരേ ഹാർട്ട് ബീറ്റ് , ഗർഭപാത്രത്തിന്റെ contraction ഇത് രണ്ടും continuous ആയി electronic fetal മോണിറ്റർ ചെയ്തു കൊണ്ടിരിക്കും . അതിനനുസരിച്ചു കൊടുക്കുന്ന മരുന്നിന്റെ ( induction agents) adjust ചെയ്യേണ്ടത് പ്രധാനം ആണ് . 

ഇങ്ങനെയുള്ള കേസുകളിൽ contraction monitoring മാത്രമേ ഉള്ളൂ . IUFD ആയ , മരിച്ച കുഞ്ഞിനെ പറ്റി ഒന്നും മോണിറ്റർ ചെയ്യാൻ ഇല്ലാതെ Induce ചെയ്യാം .

ട്രിയാജ് റൂമിലെ എന്റെ ഓഫീസിൽ ഇരുന്ന്  ഉറക്കെ ആരോ അലറി കരഞ്ഞു പുറത്തേക്ക് ഓടുന്നത് കേട്ടാണ് ഞാൻ പോയി നോക്കിയത് .  48 മണിക്കൂർ കഴിഞ്ഞു ലേബർ റൂമിൽ നിന്ന് ഉറക്കെ അലറി വിളിച്ചു കരഞ്ഞു കൊണ്ട് കുഞ്ഞിന്റെ മുത്തശ്ശി ആയിരുന്നു അത് .  മുറിയ്ക്കുള്ളിൽ  ജനിച്ചു വീണ് ഉറക്കെ കരഞ്ഞ ജീവനുള്ള കുഞ്ഞിനെ കണ്ട് ഞെട്ടിയ പ്രസവിച്ച അമ്മയും കൂടെയുള്ള കുഞ്ഞിന്റെ അപ്പനും പ്രസവിപ്പിച്ച ഡോക്റ്ററും ലേബർ നേഴ്‌സും ! മനഃസാന്നിദ്ധ്യം വീണ്ടെടുത്തു നേഴ്സ് പീഡിയാട്രിക് ടീമിനെ വിളിച്ചു വരുത്തി കുഞ്ഞിനെ evaluate ചെയ്തു . പൂർണ്ണ ആരോഗ്യവതിയായ ഒരു കുഞ്ഞ് !! 

വലിയൊരു കേസ് ആയിരുന്നു എങ്കിലും ആർക്കും ഒരു കാരണം കണ്ടുപിടിക്കാൻ ആയില്ല . അഡ്മിഷൻ തൊട്ട് എല്ലാത്തിനും സാക്ഷിയായ എനിക്കും അത് ഇപ്പോഴും മനസ്സിലാകാത്ത ഒരു incident ആണ് . ഡോക്റ്റർക്കും നേഴ്‌സിനും തോന്നിയില്ലെങ്കിലും 48 മണിക്കൂറിൽ ഒരു തവണയെങ്കിലും ആ കുഞ്ഞിന്റെ വയറിനുള്ളിലെ അനക്കമോ അങ്ങനെ ഒരു സംശയമോ പോലും കൂടെ ഉള്ള വയറിൽ കെട്ടിപ്പിടിച്ചു ഒരുപാട് തവണ ഉമ്മ കൊടുത്ത ഭർത്താവിനും അമ്മയ്ക്കോ പോലും തോന്നിയതും ഇല്ല എന്നതാണ് അതിശയം . 

ഇങ്ങനെ എന്തെങ്കിലും ഒരു സംഭവം ഉണ്ടായാൽ അതിനു ശേഷം എന്തെങ്കിലും ഒരു മാറ്റം authorities വരുത്തും . Intra uterine death confirmചെയ്യാൻ രണ്ടാമത് ഒരു Attending കൂടി വന്ന് sonogram ചെയ്യണം എന്ന് ഒരു പോളിസി വന്നു . പക്ഷേ ഇന്നും അവർക്ക് ആർക്കും ആ അത്ഭുതം ഉത്തരമില്ലാത്ത ചോദ്യം ആണ് . 

രണ്ടാമത്തത് പ്ളസെന്റ abrupt ചെയ്തു എമർജൻസി സിസേറിയൻ വഴി ജനിച്ചു ബ്രെയിൻ ഡെത് എന്ന് പീഡിയാട്രീഷൻസ് സർട്ടിഫൈ ചെയ്ത് മൂന്നാഴ്‌ച്ച ആയി fixed and dilated pupil , രണ്ട് ഫ്ലാറ്റ് EEG കളുമായി ലൈഫ് സപ്പോർട്ടിൽ ഉണ്ടായിരുന്ന ഒരു കുഞ്ഞി ചെറുക്കൻ . മാതാപിതാക്കൾ തീരുമാനത്തിൽ ഉറച്ചു നിന്നു , life support ഇൽ നിന്ന് മാറ്റില്ല , DNR ആക്കില്ല എന്ന് …. 

നാലു വയസ്സുള്ള പാട്ട് ഒക്കെ പാടുന്ന നീലക്കണ്ണുള്ള മിടുമിടുക്കൻ കുറുമ്പൻ ചെറുക്കൻ വർഷത്തിലൊരിക്കൽ വരാറുള്ളത് പോലെ അവന്റെ മാതാപിതാക്കളുടെ കൂടെ നിന്നവരെ കാണാൻ കഴിഞ്ഞ ദിവസവും വന്നിരുന്നു ….

 ആർക്കും ആ miracles ഇതുവരെ മനസ്സിലായിട്ടില്ലെങ്കിലും ….. 

ഭൂമിയിൽ ചില കാര്യങ്ങൾ ഒക്കെ അങ്ങനെയാണ് . നമുക്ക് ഇപ്പോഴും അറിയാത്ത ഒരുപാട് കാര്യങ്ങൾ !

നിഷ ജൂഡ് ,ന്യൂയോർക്ക് 


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.