ഹസ്ബന്റിനെ വിളിച്ചു വിവരം പറഞ്ഞു. റൂം കിട്ടിയപ്പോൾ എന്നെ റൂമിൽ ആക്കിയിട്ടു അമ്മ വീട്ടിലേക്കു പോയി അത്യാവശ്യം വേണ്ട സാധനങ്ങൾ എടുക്കാൻ. ഞങ്ങൾക്ക് കിട്ടിയത് ഒരു ഷെയറിങ് റൂം ആയിരുന്നു. അവിടെ കൂടെ ഉണ്ടായിരുന്നവർക്ക് എന്തൊക്കെയോ പ്രശ്നങ്ങളും ബഹളവും ഒക്കെ ആയിരുന്നു. എനിക്ക് ആകെ ടെൻഷൻ ആയി.
2012 ജൂലൈ 24 ആണ് എനിക്ക് കടിഞ്ഞൂൽ കണ്മണിയുടെ വരവേല്പിനായി കിട്ടിയിരുന്ന ഡേറ്റ്. പ്രെഗ്നന്റ് ആയി കുറച്ചു മാസങ്ങൾ ആയപ്പോൾ ദുബായിൽ നിന്നും വീട്ടിലേക്കു വന്നു ഞാൻ. ജൂലൈ ആകാനുള്ള കാത്തിരിപ്പിൽ ദിവസങ്ങൾ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു.
ജൂൺ ലാസ്റ്റ് വരെ കാര്യങ്ങൾ ഒക്കെ വല്യ കുഴപ്പമില്ലാതെ മുന്നോട്ടു പോയി.
നോർമൽ ഡെലിവറി തന്നെ നടക്കണം എന്നുള്ള ആഗ്രഹവും മറ്റൊരു അർത്ഥത്തിൽ ഓപ്പറേഷനോടുള്ള എന്റെ പേടിയും കാരണം പറ്റുന്ന പോലെ ഓരോ പണികൾ ഒക്കെ ചെയ്യാനും ഡോക്ടറുടെ നിർദേശം അനുസരിച്ചു തറയിൽ ഇരിക്കുക എണീക്കുക ഇത്യാദി പ്രക്രിയകളും ഒക്കെ ആയി തരക്കേടില്ലാതെ ആക്റ്റീവ് ആയി നിന്നിരുന്ന എനിക്ക് ജൂലൈ ആദ്യം ഒരു ജലദോഷം തുടങ്ങി.കുഞ്ഞു വരുന്നതിനു മുന്നേയുള്ള റൂം ക്ലീനിങ്... പൊടി ഇച്ചിരി നന്നായി പണി തന്നു.അത് പിന്നെ ചുമയും ചെറിയ പനിയും ഒക്കെ ആയി മാറിയപ്പോൾ കുറച്ചൊന്നു ടെൻഷൻ ആയി.
ജൂലൈ 10 ന് അമ്മയുമായി ചെക്കപ്പിന് ചെന്ന എന്നെ, എന്റെ കണ്ടിഷൻ മോശം ആണെന്ന് കണ്ട് ഡോക്ടർ അഡ്മിറ്റ് ചെയ്തു.കോംപ്ലിമെന്റ് ആയി ലേശം ബിപി യും ഉണ്ടായിരുന്നു.
പറഞ്ഞിരിക്കുന്ന ഡേറ്റിന് പിന്നെയും 14 ദിവസം ഉള്ളത് കൊണ്ട് രണ്ടു ദിവസം കിടന്നു ചുമയും പനിയും ഒക്കെ കുറഞ്ഞിട്ടു പോകാമെന്നു ഡോക്ടർ പറഞ്ഞു.അത്രേയുള്ളൂ എന്ന് ഞാനും ആശ്വസിച്ചു.
ഹസ്ബന്റിനെ വിളിച്ചു വിവരം പറഞ്ഞു. റൂം കിട്ടിയപ്പോൾ എന്നെ റൂമിൽ ആക്കിയിട്ടു അമ്മ വീട്ടിലേക്കു പോയി അത്യാവശ്യം വേണ്ട സാധനങ്ങൾ എടുക്കാൻ.
ഞങ്ങൾക്ക് കിട്ടിയത് ഒരു ഷെയറിങ് റൂം ആയിരുന്നു. അവിടെ കൂടെ ഉണ്ടായിരുന്നവർക്ക് എന്തൊക്കെയോ പ്രശ്നങ്ങളും ബഹളവും ഒക്കെ ആയിരുന്നു. എനിക്ക് ആകെ ടെൻഷൻ ആയി. അമ്മ വരും മുൻപ് എനിക്ക് ഇത്രയും കാര്യങ്ങൾ മനസ്സിലായി അവരുടെ കുഞ്ഞ് പൊക്കിൾകൊടി ചുറ്റി മരിച്ചു.കുഞ്ഞിനെ പുറത്തെടുത്തു അത് ആൺകുഞ്ഞു ആയിരുന്നു. അവരുടെ ഭർത്താവും ഗൾഫിൽ ആണ്.
അമ്മ വന്നപ്പോൾ അമ്മയ്ക്കു മനസ്സിലായി ഞാൻ ആകെ ടെൻഷനിൽ ആണെന്ന്. അമ്മ എന്നെ സമാധാനിപ്പിച്ചു. കിടക്കാൻ പറഞ്ഞു.അമ്മയും വന്നപ്പോൾ കാര്യങ്ങൾ അറിഞ്ഞിരുന്നു.
ചുറ്റും ഉള്ളതൊന്നും ശ്രദ്ധിക്കേണ്ട ആശുപത്രി ആകുമ്പോൾ അങ്ങനെ ഒക്കെ അല്ലെ... പലവിധത്തിലുള്ള വിഷമങ്ങൾ കാണും കിടക്കുന്നവർക്ക്. അതൊന്നും ശ്രദ്ധിച്ചു മനസ്സ് വേവലാതി പിടിപ്പിക്കണ്ട എന്നൊക്കെ പറഞ്ഞു അമ്മ വീണ്ടും വീണ്ടും ധൈര്യം പകർന്നു.
ഉച്ച കഴിഞ്ഞപ്പോൾ ആകെ ബഹളമായി അവിടെ. കുഞ്ഞിനെ ആശുപത്രിക്കാരുടെ അനാസ്ഥ കാരണം നഷ്ടപ്പെട്ടതാണെന്നും ഇതിനു അവർ മറുപടി പറയണം എന്നും പറഞ്ഞു ആ ചേച്ചിയുടെ വീട്ടുകാർ വല്യ വഴക്കായി. ആ ചേച്ചിടെ രണ്ടാമത്തെ വിവാഹം ആണ്. മൂത്തത് ഒരു മകനുണ്ട്. ആ ചേച്ചിടെ ഭർത്താവിന്റെ ആകട്ടെ ആദ്യത്തെ വിവാഹവും .ആ ചേട്ടന്റെ വീട്ടുകാർ ഒരു വശത്തു വല്ലാതെ ഒച്ചയിടുന്നു. ഗൾഫിൽ നിന്നും ആ ചേട്ടൻ വിളിച്ചു വഴക്കും പുകിലും... ഡോക്ടർസ് ഉം സ്റ്റാഫ് ഉം ഒക്കെ വന്നിട്ട് മറുപടി പറയുന്നു. എല്ലാം കൂടി എന്റെ ബിപി ക്ക് വച്ചടി വച്ചടി കയറ്റം വന്നു എന്ന് പറഞ്ഞാൽ മതിയല്ലോ.
ഇതിനിടയിൽ റൂം ഒന്ന് മാറാൻ വേണ്ടി അഡ്മിനിസ്ട്രേഷനിൽ കോൺടാക്ട് ചെയ്തു.എനിക്ക് കിട്ടിയില്ലെങ്കിലും അവർക്കു വൈകുന്നേരത്തോടെ വേറെ റൂം കിട്ടി അവർ മാറി പോയി.
ഇനി ഒഴിവു വരുന്ന റൂം എനിക്ക് തരാമെന്നു അഡ്മിനിസ്ട്രേഷനിൽ നിന്നും അറിയിച്ചു.
ഇനി എന്റെ ആശുപത്രി പേടിയെ കുറിച്ച്.....
ഞാൻ സ്കൂളിൽ പഠിക്കുന്ന സമയം വാൽവ് ട്രാൻസ്‌പ്ലന്റേഷൻ സർജറിക്ക് പോയ എന്റെ അമ്മ അനേസ്തെഷ്യയിൽ വന്ന പിഴവ് കാരണം കോമ സ്റ്റേജിൽ ആകുകയും മരണപ്പെടുകയുംചെയ്തു. തിരിച്ചു വരുമെന്ന് നോക്കിയിരുന്നിട്ടു അമ്മ വരാതായപ്പോൾ ഉള്ള ആ ഷോക്ക് ഇന്നും എന്റെ ഉള്ളിൽ ഉണ്ട്. ജീവിതത്തിൽ ഒറ്റപ്പെട്ടു പോയത് കൊണ്ടാകാം അതിൽ പിന്നെ എനിക്ക് സർജിക്കൽ പ്രോസിജിയേഴ്‌സ്, അനേസ്തെഷ്യ എന്ന് ഒക്കെ കേട്ടാൽ പേടിയാണ്.
പ്രെഗ്നന്റ് ആയപ്പോൾ മുതൽ എന്റെ ഉള്ളിൽ പേടി ഉണ്ട്. സിസേറിയൻ ആകുമോ... ആയാൽ അനസ്തേഷ്യ തരും. അങ്ങനെ വന്നാൽ എനിക്കോ കുഞ്ഞിനോ വല്ലോം പറ്റുമോ... ഞാൻ എന്റെ അമ്മയെ പോലെ പിന്നെ ഉണർന്നില്ലെങ്കിലോ എന്നൊക്കെ... ചെറുതായി ഇതൊന്നു ഹസ്ബന്റിനോട് സൂചിപ്പിച്ചാൽ തന്നെ പുള്ളി നല്ല വഴക്ക് പറയും.നിനക്ക് വേറെ പണി ഒന്നുമില്ല കുത്തിയിരുന്ന് ചിന്തിച്ചു കൂട്ടിക്കോ എന്നൊക്കെ...
എന്തായാലും പ്രെഗ്നൻസിക്ക് ഒപ്പം എന്റെ ഉള്ളിലെ പേടിയും വളർന്നു.ഹസ്ബൻഡ് നാട്ടിൽ ഇല്ലാത്തതും എന്നെ മാനസികമായി തളർത്തി.
ഒന്നും പ്രകടിപ്പിച്ചില്ല എങ്കിലും ചെറുതും വലുതുമായ വിഷമങ്ങളും ഒപ്പം എല്ലാം മറക്കാനുള്ള എന്റെ ശ്രമങ്ങളും പിന്നെ കുഞ്ഞിനെ കയ്യിൽ കിട്ടുന്ന സന്തോഷ നിമിഷം ഓർക്കാനും ഒക്കെ ശ്രമിച്ചു കൊണ്ട് ആണ് ഞാൻ ദിവസങ്ങൾ നീക്കിയത്. അങ്ങനെ അത്ര ചെറുതല്ലാത്ത പേടിയും കൊണ്ട് ഞാൻ ലാസ്റ്റ് ട്രൈമെസ്റ്റർ താണ്ടുമ്പോൾ ആണ് ഈ ആശുപത്രിവാസവും ബാക്കി സംഭവങ്ങളും ഉണ്ടാകുന്നത്.
റൂം മാറി പോകുമ്പോൾ കുഞ്ഞിനെ ആശുപത്രിക്കാരുടെ മിസ്റ്റേക്ക് കാരണം നഷ്ടപ്പെട്ടത് തന്നെയാണ് എന്ന് ആ ചേച്ചി തറപ്പിച്ചു എന്നോട് പറഞ്ഞിട്ട് പോയി. എനിക്കതു വല്ലാത്ത ഭീതിയായി എന്നത് സത്യം.
അന്ന് രാത്രി കഴിക്കാൻ എന്റെ ആഗ്രഹ പ്രകാരം കഞ്ഞിയും അസ്ത്രവും ഉണ്ടാക്കി കൊണ്ട് വന്നിരുന്നു അമ്മ. ആസ്വദിക്കാനുള്ള അവസ്ഥ അല്ലായിരുന്നു എങ്കിലും ഞാനതു കഴിച്ചു.കിടക്കാൻ നേരം വയറിനുള്ളിൽ എന്തോ അസ്വസ്ഥത പോലെ തോന്നി.കുഞ്ഞിന്റെ അനക്കം ഒന്നും അറിയുന്നുമില്ല.അമ്മ കിടന്നു. കുറെ കഴിഞ്ഞപ്പോൾ ഞാൻ എണീറ്റു നടക്കാൻ നോക്കി മുറിയിൽ.
ഇത് കണ്ട അമ്മ ചാടി എണീറ്റു. എന്താ വയ്യായോ എന്ന് ചോദിച്ചു. എനിക്ക് എന്തോ ഒരു വല്ലായ്മ അമ്മേ എന്ന് പറഞ്ഞു.
ഒന്നുമില്ല....നീ പകലത്തെ അതൊക്കെ കണ്ടു ടെൻഷൻ ആയതാ.... ഡേറ്റ് ആയിട്ടൊന്നുമില്ലല്ലോ. പേടിക്കണ്ട. ഞാൻ പോയി സിസ്റ്റർനെ വിളിക്കാം എന്നും പറഞ്ഞ് അമ്മ സിസ്റ്റേഴ്സ് ന്റെ റൂമിലേക്ക് പോയി. സിസ്റ്റർ വന്നു. ബിപി നോക്കി. നല്ല പുരോഗതി ഉണ്ടായിരുന്നത് കൊണ്ട് അപ്പോൾ തന്നെ എന്റെ ഡോക്ടർനെ ഫോൺ ചെയ്തു. ഡോക്ടർ പറഞ്ഞത് അനുസരിച്ചു ലേബർ റൂമിലേക്ക് കുഞ്ഞിന്റെ മൂവ്മെന്റ്സ് നോക്കാൻ കൊണ്ട് പോയി. അങ്ങോട്ട് കയറ്റി കഴിഞ്ഞപ്പോൾ ഡ്യൂട്ടി ഡോക്ടർ വന്നു നോക്കി. കുഞ്ഞിന്റെ മൂവ്മെന്റ്സ് കിട്ടുന്നില്ല എന്ന് മനസ്സിലായി.കാര്യം അത്ര പന്തി അല്ലെന്നു കണ്ടു. രണ്ടു ദിവസം ചെറിയ പനിയും ആയി കിടക്കാൻ പോയ എന്നെ എമർജൻസി സിസേറിയന് റെഡി ആക്കാൻ പറഞ്ഞു.ഇതിനിടയിൽ അമ്മ പുറത്തു അവരോടു ചോദിക്കുന്നുണ്ടായിരുന്നു കുഴപ്പം വല്ലോം ഉണ്ടോ... വേറെ ഹോസ്പിറ്റലിൽ കൊണ്ട് പോകണോ എന്നൊക്കെ... അമ്മയ്ക്കും ഉള്ളിൽ ടെൻഷൻ ഉണ്ടെന്നു എനിക്ക് മനസ്സിലായി.
വെളിയിൽ അമ്മ മാത്രം.11.30 മണി സമയം. കിളി പോയി ഞാൻ അകത്ത്.എന്തായാലും ഞാൻ ധൈര്യം കൈവിടില്ല എന്നുറപ്പിച്ചു.സിസ്റ്റർനോട് പറഞ്ഞു അമ്മയ്ക്ക് എന്റെ ഫോൺ യൂസ്ഡ് അല്ല. അതൊന്നു വാങ്ങി തരണം എനിക്ക് ഹസ്ബൻഡ് നെ വിവരം അറിയിക്കണം എന്ന്.
സിസ്റ്റർ ഫോൺ വാങ്ങി തന്നു. ഞാൻ ഹസ്ബൻഡ് നെ വിളിച്ചു വിവരം പറഞ്ഞു. ഒന്നും പേടിക്കണ്ടാന്ന് എന്നെ സമാധാനിപ്പിച്ച് ഫോൺ വച്ചിട്ട് ആൾ വീട്ടിലേക്കു വിളിച്ചു അച്ഛനെയും സഹോദരിയെയും ചിറ്റപ്പനെയും ഒക്കെ അറിയിച്ചു. എന്തായാലും എന്നെ സർജറിക്ക് റെഡി ആക്കി ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ട് പോകാൻ ഇറക്കുമ്പോൾ പുറത്തു അമ്മയുടെ കൂടെ അവർ മൂന്നു പേരും ഉണ്ടായിരുന്നു.
ഒന്നുമില്ല എന്ന് പറഞ്ഞു വീണ്ടും അമ്മ സമാധാനിപ്പിച്ചു തലയിൽ തടവി. കരയാതിരിക്കാൻ ശ്രമിച്ചു കൊണ്ട് ഞാൻ ഓപ്പറേഷൻ തിയേറ്ററിനുള്ളിലേക്ക്......
എങ്ങനെ ഒക്കെയോ ധൈര്യം സംഭരിച്ചു ഞാൻ കണ്ണ് പോലും അടയ്ക്കാതെ കിടന്നു.അനസ്തേഷ്യ കിട്ടി ബോധിച്ചു. സ്‌പൈനൽ ആയിരുന്നു എന്നതിൽ ആശ്വാസം കൊണ്ടു. ജനറൽ അല്ലല്ലോ,മൊത്തവും മയങ്ങി പോകില്ലല്ലോ ഷീജേ എന്നൊക്കെയുള്ള സ്വന്തമായ സമാധാനിപ്പിക്കൽ ഒക്കെ നടത്തിക്കൊണ്ട് എന്നാൽ കണ്ണ് അടയ്ക്കാൻ അധൈര്യപ്പെട്ടു കൊണ്ടും ഞാൻ കിടന്നു.ഒടുവിൽ 1.54 ന് അവൻ വന്നു എന്റെ ജീവിതത്തിലേക്ക്..... ഞങ്ങളുടെ മോൻ.....പുറത്തെടുത്ത ട്രോഫി ഉയർത്തിക്കാട്ടി ഡോക്ടർ,ഷീജ കൺഗ്രാജുലേഷൻസ് ബേബി ബോയ് എന്ന് പറഞ്ഞപ്പോൾ വിക്ടറി കാണിക്കണം എന്നൊക്കെ ഉണ്ടായിരുന്നെങ്കിലും കൈ ഉൾപ്പെടെ മരവിച്ച ഒരു അവസ്ഥപോലെ തോന്നി.
സർജറി കഴിഞ്ഞു. നേരം വെളുത്തു. ഒന്നുറങ്ങാൻ പോലും ശ്രമിക്കാതെ ഞാൻ അപ്പോളും ടെൻഷനിൽ കിടന്നു. കാരണം എനിക്ക് കുഞ്ഞിനെ തരുന്നില്ല.കുഞ്ഞ് NICU വിൽ ആണ്. ഹാർട്ട് റേറ്റ് ഇച്ചിരി കൂടുതൽ ആണ് എന്നൊക്കെ കാരണം പറഞ്ഞിരുന്നു എങ്കിലും രാവിലെ 10 മണി ആയിട്ടും കുഞ്ഞിനെ പാല് കൊടുക്കാൻ തരാതെ ആയപ്പോൾ ഞാൻ ഉറപ്പിച്ചു എന്തോ കുഴപ്പം ഉണ്ടെന്ന് .എന്റെ ചുറ്റിലും നിൽക്കുന്നവർ ഒക്കെ പരസ്പരം പറയുന്നതൊക്കെ എന്നെയും കുഞ്ഞിനേയും കുറിച്ചാണെന്നും തലേന്ന് റൂമിൽ ഉണ്ടായിരുന്ന ചേച്ചിക്ക് സംഭവിച്ചത് പോലെ എന്തോ സംഭവിച്ചിട്ടുണ്ടെന്നും എന്നോട് കള്ളം പറയുകയാണെന്നും അല്ലെങ്കിൽ എന്തുകൊണ്ട് കുഞ്ഞിനെ തരുന്നില്ല എന്നും ഞാൻ മനസ്സിൽ പറഞ്ഞുകൊണ്ടിരുന്നു.
ചോദിക്കാനുള്ള ധൈര്യം പോലും ഇല്ലാതെ ഞാൻ തളർന്നു കിടന്നു. തല പൊട്ടി പോകുന്ന പോലെ..... കുറച്ചു നേരം കൂടി കഴിഞ്ഞു. എന്റെ ഡോക്ടർ വന്നു റൌണ്ട്സ്ന്. എന്നെ നോക്കി ചിരിച്ചു. എല്ലാം ചെക്ക് ചെയ്തു. കുഴപ്പം ഒന്നുമില്ല. കുറച്ചു കഴിഞ്ഞു റൂമിലേക്ക് മാറ്റാം എന്ന് സിസ്റ്റർസിനോട് പറഞ്ഞിട്ട് ഓക്കേ അല്ലെ ഷീജ എന്ന് ചോദിച്ചു. ഞാൻ തലയാട്ടി. ഉറങ്ങിക്കോളു എന്ന് പറഞ്ഞു ഡോക്ടർ പോകാൻ തുടങ്ങിയപ്പോൾ ഞാൻ ഡോക്ടറിന്റെ സാരിയിൽ പിടിച്ചു.
എനിക്ക് കുഞ്ഞിനെ തരുന്നില്ലെന്നും കുഴപ്പം വല്ലോം ഉണ്ടൊന്നും ചോദിച്ചു. ഞാൻ കരഞ്ഞു. ഡോക്ടർ എന്നെ സമാധാനിപ്പിച്ചു. എനിക്ക് തല പൊട്ടുവാണ് എന്ന് ഞാൻ പറഞ്ഞു. അന്നേരം ഡോക്ടർ ചോദിച്ചു ഷീജ എന്താ ഉറങ്ങാത്തത്....അനേസ്തെഷ്യ തന്നതൊക്കെ അല്ലെ. റസ്റ്റ് എടുത്തില്ലെങ്കിൽ പ്രോബ്ലം അല്ലെ... പിന്നെ തലവേദന മാറില്ല ഉറങ്ങണം.... എന്നൊക്കെ സ്നേഹത്തോടെ പറഞ്ഞു.കുഞ്ഞിന് ഒരു കുഴപ്പവുമില്ല... കാര്യങ്ങൾ അവർ പറഞ്ഞതല്ലേ...NICU ഇൽ നിന്നും കുഞ്ഞിനെ അങ്ങനെ എപ്പോളും എടുക്കാൻ പാടില്ല എന്നും പറഞ്ഞു. എന്റെ കരച്ചിൽ കണ്ടിട്ടാകും സാരമില്ല ഒരു വട്ടം കാണിക്കാം എന്ന് ഡോക്ടർ സമ്മതിച്ചു.
സിസ്റ്റർനോട് പറഞ്ഞപ്പോൾ ആ സിസ്റ്റർ ഡോക്ടർ നോട് പറഞ്ഞു മാഡം എപ്പോളും കുഞ്ഞിനെ അങ്ങനെ എടുക്കാൻ പറ്റില്ലല്ലോന്ന്.പക്ഷെ ഡോക്ടർ പറഞ്ഞു ശരിയാണ് അറിയാം പക്ഷെ അമ്മയ്ക്ക് സമാധാനം ആകട്ടെ എന്റെ മുന്നിൽ വച്ചൊന്നു കാണിച്ചു കൊടുക്ക് എന്ന്. അങ്ങനെ വീണ്ടും കൊണ്ട് വന്നു.... അവനെ.... ബേബി ഓഫ് ഷീജ രാജേഷ് എന്ന ടാഗും ഇട്ട് എന്റെ പ്രാണനെ.
ഇനി സമാധാനമായി ഉറങ്ങിക്കോ... കുറച്ചു കഴിഞ്ഞു റൂമിലേക്ക് മാറ്റാം എന്ന് പറഞ്ഞു ഡോക്ടർ പോയി. പിന്നെ അമ്മ വന്നു. കുഞ്ഞ് NICU ൽ ഉണ്ട്. കുഴപ്പമൊന്നുമില്ല നീ സമാധാനമായി കിടന്നോ എന്ന് പറഞ്ഞു.ഉച്ചയോടെ എന്നെ റൂമിലേക്ക് മാറ്റി എങ്കിലും മോനെ വൈകുന്നേരം ആണ് കയ്യിൽ കിട്ടിയത്.
അവനെ ഡോക്ടറിന്റെ മുന്നിൽ വച്ചു കണ്ടപ്പോൾ ആണ് ഞാൻ ശരിക്കും സമാധാനം ആയി കിടക്കാൻ തുടങ്ങിയത്. അത്രയും മണിക്കൂറുകൾ ഞാൻ അനുഭവിച്ചിരുന്നതെന്തായിരുന്നു എന്ന് കൃത്യം വാക്കുകളിൽ വിവരിക്കാൻ എനിക്ക് കഴിയില്ല. പേടി ഒരു മനുഷ്യനെ എങ്ങനെ ഒക്കെ ഇല്ലാതാക്കുമോ അതെല്ലാം ഞാൻ അന്ന് അനുഭവിച്ചു.എന്റെ ജീവിതത്തിൽ എനിക്ക് ഉണ്ടായ നഷ്ടം ഭയമായി എന്റെ ഉള്ളിൽ കിടക്കുന്നതു കൊണ്ട് എന്റെ കടിഞ്ഞൂൽ പ്രസവം എനിക്ക് തന്നത് വല്ലാത്ത നിമിഷങ്ങൾ ആയിരുന്നു.
ഇപ്പോളും വിഷമവും സന്തോഷവും എല്ലാം കൂടി കലർന്ന വല്ലാത്തൊരു അനുഭവം ആണ് ഓർക്കുമ്പോൾ....നമ്മളെ നമ്മളല്ലാതാക്കുന്ന ഒരിടം കൂടിയായി ചിലപ്പോൾ ആശുപത്രികൾ പരിണമിക്കും. അത് സന്തോഷം കൊണ്ടാകാം അല്ലെങ്കിൽ സങ്കടം കൊണ്ടാകാം...
എന്നെ അന്ന് ഒരുപാട് സപ്പോർട്ട് ചെയ്ത ഡോക്ടർ സിൽവി ജോസിനെ എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല.
പിന്നെ അമ്മ. അമ്മ എന്റെ അമ്മായിഅമ്മ ആണ് എന്ന് അവിടത്തെ സ്റ്റാഫ് ഒക്കെ മനസ്സിലാക്കിയത് തന്നെ പിന്നീടാണ്. സ്വന്തം അമ്മ ചെയ്യുന്ന പോലെ ആണല്ലോ നോക്കുന്നത്. അതൊരു അനുഗ്രഹം ആണല്ലോ എന്ന് ഒരു സിസ്റ്റർ എന്നോട് പറഞ്ഞു.അത്രയ്ക്ക് കരുതലായിരുന്നു അമ്മയ്ക്ക്.
ആശുപത്രി പേടി വിട്ടൊഴിയാത്ത ഒരു തലവേദന ആയി കൂടെ തന്നെയുണ്ട്. അതിന്റെ ഭാഗമായി MRI ക്ക് പോയി ഇറങ്ങി ഓടിയതും പിടിച്ചു കിടത്തിയതുമൊക്കെ ചരിത്ര മുഹൂർത്തങ്ങൾ..... ഇപ്പോളും വല്യ മാറ്റം ഒന്നുമില്ലാതെ ഞാൻ ഇവിടൊക്കെ തന്നെയുണ്ട്.....
അന്ന് ഹോസ്പിറ്റലിൽ നടന്ന സംഭവ വികാസങ്ങൾ ഒന്നും എന്റെ ഹസ്ബന്റിന് അറിയില്ല. പറയാൻ എനിക്കൊട്ട് തോന്നിയിട്ടുമില്ല. ഇതൊക്കെ അറിയാതെ ആണെങ്കിലും ജൂലൈ ലാസ്റ്റ് ഡെലിവറി പറഞ്ഞിരുന്ന ഞാൻ "ആധി" കേറി നേരത്തെ പ്രസവിച്ചത് കൊണ്ടാണോ എന്ന് അറിയില്ല എന്റെ ഹസ്ബൻഡ് ഞങ്ങടെ കടിഞ്ഞൂൽ കണ്മണിക്ക് "ആദിദേവ്" എന്നാണ് പേരിട്ടത്....
വാൽകഷ്ണം : രണ്ടാമത്തെ പ്രസവം എഴുതാൻ കഴിയുമോയെന്നു അറിയില്ല. പേടി നന്നായി കുറഞ്ഞിരുന്നത് കൊണ്ട് ആ നിമിഷങ്ങൾ പകർത്താൻ ഉള്ള ബോധം പോലും ഇല്ലായിരുന്നു. വായിക്കാൻ ആകുമ്പോൾ എന്നെ പ്രസവിച്ച ഫ്ലാഷ് ബാക്ക് എവിടെ എന്നും ചോദിച്ചൊരു അങ്കം നിലവിലെ UKG ക്കാരനിൽ നിന്നും പ്രതീക്ഷിച്ചു കൊണ്ട് നിർത്തുന്നു...
ഷീജ രാജേഷ്