നല്ല ആകാരസൗഷ്ഠവവും തേജസ്സുമുള്ള ഒരു ചെറുപ്പക്കാരനെ ചൂണ്ടി നാട്ടുകാർ പറഞ്ഞതോർക്കുന്നു.
“ ദാ പോണൂ , ടീവീടെ മോൻ, ആ തലയെടുപ്പ് കണ്ടാ , അപ്പൻ്റെ തനിപ്പകർപ്പാ “ ന്ന് .
അയൽക്കാരനും അച്ഛൻ്റെ സുഹൃത്തുമായിരുന്നു ടി വി തോമസ്. സ്റ്റേറ്റ് കോൺഗ്രസ് വിട്ടതോടെ അച്ഛൻ ആ ബന്ധം വിഛേദിച്ചു . കണ്ടാൽ മിണ്ടാതായി. അതിൽ തനിക്ക് വിഷമമുള്ളതായി അമ്മയോട് അദ്ദേഹം പറഞ്ഞിരുന്നു.
വീടിൻ്റെ തൊട്ടടുത്തുള്ള മൈതാനത്ത് പ്രസംഗിക്കാൻ വരുന്ന രാഷ്ട്രീയ നേതാക്കൾ സദസ് നിറയും വരെ വിയർപ്പാറ്റിയിരുന്നത് ഞങ്ങളുടെ വീടിൻ്റെ വിശാലമായ സ്വീകരണ മുറിയിലാണ്. രാഷ്ട്രീയഭേദമില്ലാതെ അവർക്ക് ചായ നൽകിയിരുന്നു.
അവർ വാഷ് റൂമുകൾ ഉപയോഗിക്കുകയും ലൗലോലിക്ക മരം കുലുക്കി കായ്കൾ നുണയുകയും ചെയ്തിരുന്നു.
പേരറിയില്ലെങ്കിലും ഘടാഘടിയന്മാരായ പല നേതാക്കന്മാരുടെയും ഇടിമുഴക്കം പോലുള്ള പ്രസംഗങ്ങൾ മൈതാനത്തെ പ്രകമ്പനം കൊള്ളിച്ചിരുന്ന കാലം.
“ പഠിക്കാൻ പോയിത്തുടങ്ങിയോ, “ എന്ന് പ്രൗഢഗംഭീരയായ ഒരു വനിത എന്നോട് കുശലം ചോദിച്ചതോർമയുണ്ട്.
കനത്ത ആ ശബ്ദത്തോട് ഏറ്റുമുട്ടാൻ ധൈര്യമില്ലാതെ രണ്ട് വിരൽ ഉയർത്തി കാട്ടി ഞാൻ. അപ്പോൾ അവർ എൻ്റെ കവിളിൽ ഒന്ന് തൊട്ടു.
അത് കെ. ആർ ഗൗരി എന്ന മുൻ മന്ത്രിയാണെന്നും വാ തുറന്ന് മിണ്ടി കൂടാരുന്നോ എന്നും അമ്മ പിന്നീട് ശാസിച്ചു.
ടി വി തോമസാകട്ടെ അരികിൽ ചേർത്ത് നിർത്തി , നിൻ്റച്ഛനോട് ഞാൻ വന്നൂന്ന് പറയണം. കൂട്ടുകാരാ ഞങ്ങള് “ എന്ന് സ്നേഹത്തോടെ പറയും. അച്ഛൻ ഉപയോഗിച്ചിരുന്ന ആഫ്റ്റർ ഷേവ് ലോഷൻ്റെ ഗന്ധമായിരുന്നു അദ്ദേഹത്തിനും.
ഉജ്ജലമായ പ്രസംഗങ്ങൾ കേട്ട്
വൻ തിരമാലകൾ പോലെ ജനം ആർത്തിരമ്പുന്നത് പൂമുഖത്തെ അരമതിലിൽ ഇരുന്നാൽ എനിക്ക് കാണാമായിരുന്നു.
ഒന്നും മനസ്സിലാകാത്ത പ്രായത്തിലും ഗംഭീരമായ പല പല ശബ്ദങ്ങളുടെയും ഉടമയാരെന്ന് അമ്മയോട് ചോദിച്ച് ഞാൻ മനസ്സിലാക്കിയിരുന്നു. .
ടീവീയുടെ മകൻ സൗമ്യ കോമളനായ ഒരു യുവാവായിരുന്നു . സദാ മുണ്ട് മടക്കിക്കുത്തി , തല ഉയർത്തിപ്പിടിച്ച് ചുണ്ടത്ത് മന്ദഹാസവുമായി സായാഹ്നങ്ങളിലും മൈതാനത്തോട് ചേർന്നുള്ള ചെമ്മൺ പാതയിലൂടെ അയാൾ ഒറ്റയ്ക്ക് നടന്ന് പോകുന്നത് കാണാമായിരുന്നു.
ഒരു പക്ഷേ ബാലനായിരിക്കെ അതേ മൈതാനത്തിൻ്റെ ഏതേലും മൂലയിലൊതുങ്ങി നിന്ന് തൻ്റെ പിതാവിൻ്റെ പ്രസംഗം ഭാഗ്യദോഷിയായ ആ മകനും കേട്ടിരിക്കണം.
ആദ്യകാല കമ്യൂണിസ്റ്റ് നേതാവായിരുന്ന വർഗീസ് വൈദ്യൻ്റെ അടുത്ത ബന്ധുവിൻ്റെ തേവലക്കര കണ്ണ് വൈദ്യശാലയോട് ചേർന്നുള്ള വീട്ടിലേയ്ക്കാണ് അയാൾ നിത്യവും പോയിരുന്നത്. ആ വീട്ടിലെ യുവതിയെ അയാൾ വിവാഹം ചെയ്തേക്കാം എന്ന് പരദൂഷണക്കാർ പറഞ്ഞ് രസിച്ചിരുന്നു. എന്നാൽ അങ്ങനെ ഒന്നും സംഭവിച്ചില്ല.
ടി വി തോമസിൻ്റെ മരണശേഷം
ഗൗരിയമ്മ ആ യുവാവിനെ കൈവിട്ടില്ല എന്നറിയാം. ആലപ്പുഴയിലെ ചില പൊതുമേഖലാസ്ഥാപനങ്ങളിൽ ജോലി തരപ്പെടുത്തി കൊടുത്തതായും കേട്ടിരുന്നു. വ്യക്തമായ രാഷ്ട്രീയ നിലപാടും തൻ്റേടവുമുള്ള ഒരു നേതാവ് എന്നതിലപ്പുറം ഗൗരിയമ്മയെ ഞാൻ ഇഷ്ടപ്പെട്ടത് പ്രണയത്താൽ മുറിപ്പെട്ട ഒരാൾ എന്ന നിലയിലാണ്.
ജീവിതപങ്കാളി വിശ്വാസവഞ്ചന കാട്ടിയിട്ടും ആ ബന്ധത്തിലുണ്ടായ മകനെ തള്ളിപ്പറയാതിരുന്നതും അവരുടെ മനസ്സിൻ്റെ വിശാലത കൊണ്ടാണ് . ഒരു സാധാരണ സ്ത്രീക്ക് അസാദ്ധ്യമാണത്.
പിന്നീട് അവർ മന്ത്രിയായിരിക്കെ പലവട്ടം അരികിൽ ചെന്നപ്പോഴും
പണ്ടത്തെ ആ ഏഴ് വയസുകാരിയുടെ സംഭ്രമത്തോടെ ഒഴിഞ്ഞു നിന്നിട്ടേയുള്ളൂ. പ്രൈവറ്റ് സെക്രട്ടറി വിജയലക്ഷ്മി പലവുരു നിർബ്ബന്ധിച്ചിട്ടും പഴങ്കഥ പറയാൻ താല്പര്യപ്പെട്ടില്ല.
അവരുടെ വ്യക്തിത്വത്തിന് മുന്നിൽ മൺതരിയോളം ചെറുതാണ് ഞാൻ എന്ന തിരിച്ചറിവുണ്ടായിരുന്നു എനിക്ക്.
ആർക്കുമാവില്ല അവരുടെ മനസ്സിൻ്റെ ആഴവും ആർദ്രതയും അളന്ന്
തിട്ടപ്പെടുത്താൻ.
ടി വി തോമസിൻ്റെ മകൻ്റെ അമ്മയും
ടി വി തോമസിൻ്റെ കരുത്തയായ ഭാര്യയും എന്നേലും മുഖാമുഖം കണ്ട് സംസാരിച്ചി ട്ടുണ്ടാകുമോ?
അപ്പോൾ എന്തായിരുന്നിരിക്കും ആ രണ്ട് സ്ത്രീകളുടെ മനസ്സ് .
യൗവ്വനത്തിൽ എന്നെ അലട്ടിയിരുന്ന ചോദ്യം ഇതായി. അപ്പോഴേക്കും തേവലക്കര കണ്ണ് വൈദ്യശാല പൂട്ടിയിരുന്നു. ടി വി യുടെ മകനോട് നേരിൽ ചോദിച് ക്കാനുള്ള അടുപ്പമുണ്ടായിരുന്നില്ല. .
അച്ഛൻ്റെ ഉറ്റ സുഹൃത്തായ പൂപ്പള്ളിയിലെ ( വർഗീസ് വൈദ്യൻ്റെ ഭാര്യവീട് ) കുട്ടപ്പൻ അങ്കിളിനോട് സംസാരിച്ചാലോ എന്ന് ചോദിച്ചപ്പോൾ അമ്മ കണ്ണുരുട്ടി .
അങ്ങനെ ആ മോഹം കരിന്തിരിയായി .
മൃഗയാവിനോദങ്ങളിൽ അഭിരമിക്കുന്ന വേട്ടക്കാരൻ്റെ മനസ്സുള്ള സമൂഹത്തിൻ്റെ കുത്തുവാക്കുകളേറ്റ് പൊള്ളിയടർന്ന മനസ്സുമായി , മകൻ്റെ മുന്നിൽ കുനിഞ്ഞ ശിരസ്സുമായി ജീവിക്കേണ്ടി വന്നിട്ടുണ്ടാവില്ലേ
ആ അമ്മയ്ക്ക്.
തനിക്ക് പിറക്കാതെ പോയ മകനെ നിശബ്ദമായി ചേർത്ത് നിർത്തി ഒരായുസ്സ് കൊണ്ട് വീട്ടാനാവാത്ത കടത്തിൻ്റെ ഒരംശമെങ്കിലും നിറവേറാനായോ മറ്റൊരമ്മയ്ക്ക്.
ചെറിയാൻ കല്പകവാടിയുടെ ലാൽസലാം എന്ന സിനിമയുടെ അവസാന സീൻ.
രക്തസാക്ഷി മണ്ഡപത്തിലെ ആളാരവമൊഴിഞ്ഞ കുഴിമാടത്തിനരികെ വർഗീസ് വൈദ്യനൊപ്പം (മോഹൻലാൽ)
സ്വന്തം പിതാവിന് ലാൽസലാം നൽകുന്ന ചെറിയ ആൺകുട്ടി,
എന്ത് കൊണ്ടാവാം പിതാവിൻ്റെ പാത പിന്തുടരാനോ ,നല്ല കമ്യൂണിസ്റ്റായി പരിണമിക്കാനോ ശ്രമിക്കാഞ്ഞത്.?
വെള്ളിത്തിരയിൽ അവസാനിക്കുന്നില്ലല്ലോ ജീവിതം.
ചോദ്യങ്ങൾ ബാക്കിയാണ്, കഥയും .
ഗൗരിയമ്മയുടെ ഓർമദിനം

സുധക്കുട്ടി

