PRAVASI

തൊഴിലാളികൾ കൂലി ചോദിച്ച് സമരം ചെയ്യാൻ പാടില്ലെന്ന് ഗണേഷ് കുമാർ മന്ത്രി; പണിമുടക്കാൻ ഉറപ്പിച്ച് കെ.എസ്.ആർ . ടി.സി ജീവനക്കാർ

Blog Image

കെഎസ്ആര്‍ടിസിയില്‍ ഐഎന്‍ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫിന്റെ പണിമുടക്കിനെതിരെ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ഇന്ന് അര്‍ദ്ധരാത്രി മുതൽ തൊഴിലാളികൾ പണിമുടക്കി പ്രതിഷേധം ആരംഭിക്കാനിരിക്കെയാണ് മന്ത്രിയുടെ മുന്നറിയിപ്പ്. ഒന്നാം തിയതി ശമ്പളം തരുമെന്ന് പറഞ്ഞാന്‍ തന്നിരിക്കുമെന്നും അത് സമരം ചെയ്താല്‍ കിട്ടുമെന്ന് ആരും വിചാരിക്കേണ്ടെന്നും മന്ത്രി പറഞ്ഞു. പണിമുടക്കിന് വരണമെന്ന് പറഞ്ഞ് ചിലവര്‍ വിളിക്കുമെന്നും പോകുന്നവര്‍ക്ക് ദുഖിക്കേണ്ടിവരുമെന്നും അദ്ദേഹം താക്കീത് നൽകി.

ഒന്നാം തിയതി ശമ്പളം കൊടുക്കമെന്ന നിലയിലേക്ക് സര്‍ക്കാര്‍ വന്നിട്ടുണ്ട്. അത് കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ബോധ്യമുള്ളപ്പോള്‍, അതിന് വേണ്ടിയൊരു പണിമുടക്ക് സംഘടിപ്പിച്ച് നാളത്തെ വരുമാനം കുറച്ചു കൊണ്ട് കെഎസ്ആര്‍ടിസിയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ജീവനക്കാരോടുള്ള സ്‌നേഹമല്ല എന്നു മാത്രം പറയുകയാണ്. ആരെങ്കിലും ജീവനക്കാരെ കബളിപ്പിക്കാന്‍ ശ്രമിച്ചാല്‍ അതിന് വഴങ്ങരുതെന്നും ഗണേഷ് കുമാർ പറഞ്ഞു.

സമരം ചെയ്താല്‍ ശമ്പളം കിട്ടുമെന്ന് വിചാരിക്കണ്ട. സമരം നടത്തുന്നത് കെഎസ്ആര്‍ടിസിയോടുള്ള സ്‌നേഹം കൊണ്ടല്ല. തകര്‍ക്കാനുള്ള ഗൂഢാലോചന. പണിമുടക്കിന് പറ്റിയ ആരോഗ്യമുണ്ടോ എന്ന് ജീവനക്കാര്‍ ചിന്തിക്കണം. ടിഡിഎഫ് ചോദിച്ചത് സ്ഥലംമാറ്റം മാത്രമാണ്. ഒഴിവ് അനുസരിച്ച് മാത്രമേ സ്ഥലംമാറ്റം നല്‍കാനാകൂ. പറയുന്ന എല്ലാകാര്യങ്ങളും അനുസരിക്കാന്‍ സാധിക്കില്ല. പണി മുടക്കുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.കെഎസ്ആര്‍ടിസി ജീവനക്കാര്‍ എത്രയും പെട്ടെന്ന് ഒരുമിച്ച് ശമ്പളം വാങ്ങാന്‍ തുടങ്ങുമെന്നും പ്രതിസന്ധി പരിഹരിക്കാന്‍ ജീവനക്കാര്‍ തന്നോടൊപ്പം നില്‍ക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു.

കെഎസ്ആര്‍ടിസി ലാഭത്തിലാക്കാം എന്ന പ്രതീക്ഷയില്ലെന്നും നഷ്ടം കുറയ്ക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു. ചില ദിവസങ്ങള്‍ മാത്രമാണ് കെഎസ്ആര്‍ടിസി വരുമാനം വര്‍ദ്ധിച്ചിട്ടുള്ളത്. ഇപ്പോഴും കൈകാണിച്ചാല്‍ വണ്ടി നിര്‍ത്താത്ത ഡ്രൈവര്‍ ഉണ്ട്. കൈകാണിച്ചാല്‍ വണ്ടി നിര്‍ത്തണം. കെഎസ്ആര്‍ടിസി ബസില്‍ പൂര്‍ണമായി ക്യാമറ വെക്കാന്‍ തീരുമാനിച്ചു. കൈകാണിച്ചു വണ്ടി നിര്‍ത്തിയില്ലെങ്കില്‍ ഡ്രൈവര്‍മാര്‍ ടിക്കറ്റ് ചാര്‍ജ് തരേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, പണിമുടക്കുമായി മുന്നോട്ടു പോകുമെന്നാണ് ടിഡിഎഫ് തീരുമാനം. ശമ്പള വിതരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സമരം ന്യായമാണെന്നും സംഘടനാ നേതാക്കൾ ചൂണ്ടിക്കാട്ടി. പണിമുടക്ക് ഒഴിവാക്കാന്‍ കെഎസ്ആര്‍ടിസി സിഎംഡി പ്രമോജ് ശങ്കര്‍ സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് 24 മണിക്കൂര്‍ സമരവുമായി മുന്നോട്ടു പോകാന്‍ തൊഴിലാളികൾ തീരുമാനിച്ചത്.

പന്ത്രണ്ട് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് 24 മണിക്കൂര്‍ സമരം. എല്ലാ മാസവും ഒന്നാം തീയതി ശമ്പളം വിതരണം ചെയ്യണം എന്നുള്ളതാണ് പ്രധാന ആവശ്യം. ഡിഎ കുടിശിക പൂര്‍ണമായും അനുവദിക്കുക, ശമ്പള പരിഷ്‌കരണ കരാറിന്റെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക, ഡ്രൈവര്‍മാരുടെ സ്‌പെഷ്യല്‍ അലവന്‍സ് കൃത്യമായി നല്‍കുക തുടങ്ങിയവയാണ് മറ്റ് പ്രധാന ആവശ്യങ്ങള്‍. സമരം ഒഴിവാക്കാന്‍ കെഎസ്ആര്‍ടിസി സിഎംഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പരിഹരിക്കുമെന്ന് മാനേജ്മെമെൻ്റിൻ്റെ ഉറപ്പ് ലഭിക്കാതെ വന്നതോടെയാണ് പണിമുടക്കിലേക്ക് നീങ്ങിയത്. ഭൂരിഭാഗം ബസുകളും നാളെ സര്‍വീസ് നടത്തില്ലെന്നാണ് സമരക്കാരുടെ അവകാശവാദം.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.