വൻ പൊട്ടിത്തെറിയിലേക്കാണ് കേരളത്തിലെ കോൺഗ്രസ്സ് ഇപ്പോൾ പോയി കൊണ്ടിരിക്കുന്നത്. കെ സുധാകരനെ മാറ്റി, കെ.പി.സി.സി പ്രസിഡൻ്റായി സണ്ണി ജോസഫിനെ നിയോഗിച്ചതാണ് പ്രതിസന്ധിക്ക് വഴി മരുന്നിട്ടിരിക്കുന്നത്.
സണ്ണി ജോസഫിനെ നിയോഗിക്കുന്നതിൽ, നിർണ്ണായക ഇടപെടൽ നടത്തിയ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി കസേരയാണെന്നാണ് കോൺഗ്രസ്സിലെ പ്രബല വിഭാഗം സംശയിക്കുന്നത്. യു.ഡി.എഫിന് ഭരണം ലഭിച്ചാൽ, മുഖ്യമന്ത്രി പദം കൈപിടിയിലൊതുക്കാനാണ്, പാർട്ടിയിലെ അപ്രധാന തസ്തികയിൽ നിന്നും ഒറ്റയടിക്ക് ഉയർത്തി, സണ്ണിജോസഫിനെ കെ.പി.സി.സി അദ്ധ്യക്ഷനാക്കിയിരിക്കുന്നത് എന്നാണ്, ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
കണ്ണൂർ ജില്ലയിലെ പേരാവൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും തുടർച്ചയായി ഇത് മൂന്നാം തവണയാണ് സണ്ണിജോസഫ് വിജയിച്ചിരിക്കുന്നത്. കേരളത്തിൽ കോൺഗ്രസ്സിന് ഏത് രാഷ്ട്രീയ കാലാവസ്ഥയിലും വിജയിക്കാൻ കഴിയുമെന്ന് നേതൃത്വം വിശ്വസിക്കുന്ന ഈ മണ്ഡലത്തിൽ നിന്നു തന്നെ, 2026-ലും സണ്ണി ജോസഫ് ജനവിധി തേടാനാണ് സാധ്യത. ഇതോടൊപ്പം തന്നെ വർക്കിങ് പ്രസിഡൻ്റുമാരായ എ.പി അനിൽകുമാറും, പിസി വിഷ്ണുനാഥും മത്സരിക്കുമെന്ന കാര്യവും ഉറപ്പാണ്.യു.ഡി.എഫിന് ഭരണം ലഭിച്ചാലാണ്, ശരിക്കും ട്വിസ്റ്റ് വരാൻ പോകുന്നത്. ആ ഘട്ടത്തിൽ, മുഖ്യമന്ത്രി പദത്തിനായി രമേശ് ചെന്നിത്തല – വി.ഡി സതീശൻ വിഭാഗങ്ങൾ കടിപിടി കൂടുമെന്നും, തർക്കം രൂക്ഷമാകുമ്പോൾ, കേരളത്തിൽ ലാൻഡ് ചെയ്ത് മുഖ്യമന്ത്രി കസേര സ്വന്തമാക്കാമെന്നുമാണ് കെ.സി കണക്ക് കൂട്ടുന്നത്.
1995-ൽ, ഡൽഹിയിൽ നിന്നും പറന്നിറങ്ങി എ.കെ ആൻ്റണി മുഖ്യമന്ത്രിയായതു പോലുള്ള ഒരു ലാൻഡിങ്ങാണ്, കെ.സി വേണുഗോപാൽ ആഗ്രഹിക്കുന്നത്. 95-ൽ കേരളത്തിലെ കോൺഗ്രസ്സിൽ അധികാര തർക്കം രൂക്ഷമാവുകയും, കെ കരുണാകരന് രാജിവയ്ക്കേണ്ടി വരികയും ചെയ്യേണ്ടി വന്ന സാഹചര്യത്തിലാണ്, ഡൽഹിയിലെ പ്രധാന അധികാര കേന്ദ്രമായിരുന്ന എ.കെ ആൻ്റണിയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നറുക്ക് വീണിരുന്നത്. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ വിജയിക്കാൻ ഉറപ്പുള്ള തിരൂരങ്ങാടി മണ്ഡലം, മുസ്ലീംലീഗാണ് , ആൻ്റണിക്കായി വിട്ട് കൊടുത്തിരുന്നത്. മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത് ഉപതിരഞ്ഞെടുപ്പിനെ നേരിട്ട എ.കെ ആൻ്റണി, വൻ ഭൂരിപക്ഷത്തിനാണ് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.
എന്നാൽ, 1995-ലെ അവസ്ഥയല്ല നിലവിൽ യു.ഡി.എഫിലും കോൺഗ്രസ്സിലുമുള്ളത്. ഇപ്പോൾ കോൺഗ്രസ്സ് തന്നെ ദുർബലമാണ്. മാത്രമല്ല, എ. കെ ആൻ്റണിക്ക് പാർട്ടിയിലും മുസ്ലീംലീഗിലും ഉണ്ടായിരുന്ന സ്വീകാര്യതയും കെ.സി വേണുഗോപാലിനില്ല. അതു കൊണ്ടു തന്നെ മുസ്ലീംലീഗ് സ്വന്തം സിറ്റിംങ് സീറ്റ് വിട്ടു കൊടുക്കാനുള്ള സാധ്യതയും കുറവാണ്. ഇതിനെല്ലാം പുറമെ, കെ.സി, മുഖ്യമന്ത്രിയാകാൻ ലാൻഡ് ചെയ്യുന്നത് ഇഷ്ടപ്പെടാത്ത കോൺഗ്രസ്സ് ഗ്രൂപ്പുകൾ, ഒറ്റക്കെട്ടായി പാലം വലിക്കാനുള്ള സാധ്യതയും അദ്ദേഹം മുന്നിൽ കാണുന്നുണ്ടാകും.
അതു കൊണ്ടാണ്, സ്വന്തം ജില്ലയായ കണ്ണൂരിലെ പേരാവൂർ, കെ.സി ലക്ഷ്യമിടുന്നത്. ഇതിൻ്റെ ഭാഗമായി ആദ്യം കെ.സി വേണുഗോപാൽ ചെയ്തത്, പാർട്ടി സംഘടനയെ തൻ്റെ കൈപിടിയിലാക്കുക എന്നതാണ്. കെ. സുധാകരനെ മാറ്റി പുനസംഘടന നടത്തിയതിന് പിന്നിലും, ഈ അജണ്ടയാണ് പ്രവർത്തിച്ചിരിക്കുന്നത്. ഡി.സി.സി പ്രസിഡൻ്റുമാരുടെ പുനസംഘടനയിൽ, തൻ്റെ വിശ്വസ്തനായ സണ്ണി ജോസഫിനെ കണ്ണൂർ ഡി.സി.സി പ്രസിഡൻ്റാക്കിയതും, പേരാവൂരിലെ പോരാട്ടം മുന്നിൽ കണ്ടു തന്നെയാണ്.
ആൻ്റോ ആൻ്റണിയെയാണ് കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്ന പ്രചരണം അഴിച്ച് വിട്ടതും തുടർന്നുണ്ടായ എതിർപ്പുകളുമെല്ലാം, സണ്ണി ജോസഫിനെ കെ.പി.സി സി അദ്ധ്യക്ഷനായി നിയമിക്കുന്നതിനായി ഉണ്ടാക്കിയ നാടകമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. ഇതിന്, യുദ്ധാന്തരീക്ഷത്തെയാണ് ഫലപ്രദമായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസ്സ് വർക്കിങ്ങ് പ്രസിഡൻ്റുമാരായി എ.പി അനിൽകുമാറിനെയും ഷാഫി പറമ്പിലിനെയും നിയമിച്ചതും കെ സി വേണുഗോപാലിൻ്റെ കൃത്യമായ പൊളിറ്റിക്കൽപ്ലാനാണ്.
യു.ഡി.എഫിന് ഭരണം ലഭിച്ചാൽ, സണ്ണി ജോസഫിനെ രാജിവെപ്പിച്ച് ഉപതിരഞ്ഞെടുപ്പിൽ പേരാവൂരിൽ നിന്നും മത്സരിക്കാൻ ഇനി എളുപ്പത്തിൽ കെ.സിക്ക് കഴിയും. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ, നടക്കാൻ പോകുന്നതും, പ്രധാനമായും കെസിയുടെ സ്ക്രീനിങ്ങായിരിക്കും. തനിക്ക് ഒപ്പം നിൽക്കുമെന്ന് ഉറപ്പുള്ളവർക്ക് സീറ്റുകൾ ഉറപ്പു വരുത്താൻ, പുതിയ കെ.പി.സി.സി നേതൃത്വവും കെ.സി വേണുഗോപാലിൻ്റെ ഒപ്പമുണ്ടാകും. ബുദ്ധിപരമായ നീക്കം തന്നെയാണ്, കെ.സി വേണുഗോപാൽ കേരളത്തിലെ കോൺഗ്രസ്സിൽ നടത്തിയിരിക്കുന്നത്. അതെന്തായാലും പറയാതെ വയ്യ.
ഇതോടെ വെട്ടിലായിരിക്കുന്നത്, മുഖ്യമന്ത്രി പദം സ്വപ്നം കാണുന്ന രമേശ് ചെന്നിത്തലയും, വി.ഡി സതീശനുമാണ്. കെ.സിയുടെ ‘അജണ്ട’ ഇരുവർക്കും ബോധ്യമാണെങ്കിലും, തൽക്കാലും, പ്രതികരിക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഇരുവരുമുള്ളത്. ഗ്രൂപ്പുകൾ ഇപ്പോൾ കേരളത്തിലെ കോൺഗ്രസ്സിൽ ഇല്ലന്ന്, നേതാക്കൾ പരസ്യമായി പറയുന്നുണ്ടെങ്കിലും, ഗ്രൂപ്പിസം കൂടുതൽ ശക്തമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. പുതിയ നേതൃത്വത്തെ അംഗീകരിക്കില്ലന്ന നിലപാടിലാണ് പ്രബല വിഭാഗമുള്ളത്. ഇന്ത്യാ – പാക്ക് സംഘർഷം മറയാക്കി കേരളത്തിലെ കോൺഗ്രസ്സിൽ സർജിക്കൽ സ്ട്രൈക്ക് നടത്തിയ, കെ.സി വേണുഗോപാലിൻ്റെ നടപടി, തിരിച്ചടിക്കുമെന്നാണ് ഈ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്.
നിരവധി എം.എൽ.എമാരും എം.പിമാരും ഉൾപ്പെടെയുള്ളവർ, പുതിയ കെ.പി.സി.സി ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാതിരുന്നതും, ഇതിൻ്റെ തെളിവാണ്. പങ്കെടുത്ത മിക്കവരുടെയും മുഖത്ത് സന്തോഷം ഇല്ലാതിരുന്നതും, എടുത്തു പറയേണ്ട കാര്യമാണ്. എ.ഐ.സി.സി സെക്രട്ടറിയായ പി.സി വിഷ്ണുനാഥിനെ, സംസ്ഥാന വർക്കിങ് പ്രസിഡൻ്റാക്കിയത് തരംതാഴ്ത്തലാണ് എന്നാണ്, എ വിഭാഗം ചൂണ്ടിക്കാട്ടുന്നത്. സച്ചിൻ പൈലറ്റ് സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വരുമെന്ന് ഉറപ്പായതോടെ, ദേശീയ നേതൃത്വത്തിൽ നിന്നും അപ്രസക്തമാകുമെന്ന് തിരിച്ചറിഞ്ഞ കെ.സി വേണുഗോപാൽ, ദേശീയ തലത്തിൽ പി.സി വിഷ്ണുനാഥ് ഉയർന്നു വരുന്നത് ഒഴിവാക്കാനാണ്, ഇത്തരമൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത് എന്നാണ് ആക്ഷേപം.
കെ.സിയുടെ നീക്കത്തിൽ, ഐ വിഭാഗവും കടുത്ത രോക്ഷത്തിലാണ്. രമേശ് ചെന്നിത്തലയെ തഴഞ്ഞ്, മുഖ്യമന്ത്രി കസേര കെ.സി ലക്ഷ്യമിടുന്നത്, വൻ പ്രത്യാഘാതമുണ്ടാക്കുമെന്നാണ്, ഈ വിഭാഗം നൽകുന്ന മുന്നറിയിപ്പ്. അതേസമയം, കോൺഗ്രസ്സിൽ ഉരുണ്ട് കൂടുന്ന ഭിന്നത, വൻ പൊട്ടിത്തെറിയിൽ കലാശിക്കുമെന്ന കണക്ക് കൂട്ടലിലാണ് ഇടതുപക്ഷമുള്ളത്. ഒരിക്കലും കിട്ടാൻ സാധ്യതയില്ലാത്ത മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടിയുള്ള കടിപിടി, പരസ്പരം പാരവയ്പിലും, കോൺഗ്രസ്സ് സ്ഥാനാർത്ഥികളുടെ കൂട്ട തോൽവിക്കും കാരണമാകുമെന്നാണ്, ഇടതുപക്ഷ നേതൃത്വം വിലയിരുത്തുന്നത്.

