ഈ മാസം അഞ്ചാം തിയതി ബുധനാഴ്ച ഡൽഹി നിയമസഭ തെരഞ്ഞെടുപ്പു നടക്കുമ്പോൾ രാജ്യം മുഴുവൻ ഉറ്റു നോക്കുന്നത് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ രാഷ്ട്രീയ ഭാവിയെ പറ്റിയാണ്
. 2011ൽ ഡൽഹിയെയും രാജ്യം മുഴുവനെയും ഇളക്കി മറിച്ച അണ്ണാ ഹസാരെ നേതൃത്വം നൽകിയ കർഷക സമരത്തിൽ ഹസാരെയുടെ അരുമ ശിഷ്യൻ ആയി ഐ എ സ് ഉദ്യോഗം വലിച്ചെറിഞ്ഞു സമരത്തിന്റെ ഭാഗവാകായ കേജരിവാൾ പിന്നീട് ഒരു വർഷത്തിനുള്ളിൽ ആ മൂവ്മെന്റ് മുതലെടുത്തുകൊണ്ട് ആം ആദ്മി പാർട്ടി എന്ന രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി
. രാജ്യ തലസ്‌ഥാനമായ ഡൽഹി പോലെ പുരോഗമന ചിന്താഗതിക്കാർ തിങ്ങിപാർക്കുന്ന നഗരത്തിൽ ആം ആദ്മിക്ക് വേരോട്ടം ഉണ്ടാക്കാൻ കേജരിവാളിന് അധിക കാലം വേണ്ടി വന്നില്ല
. അടുത്തടുത്തു മൂന്നു പ്രാവശ്യം ആം ആദ്മി അധികാരത്തിൽ വന്നത് കേജരിവാൾ എന്ന ബ്യൂറോക്രാറ്റിന്റെ അതി ബുദ്ധിയും അസാമാന്യപാടവും കൊണ്ടായിരുന്നു
. വൈദ്യുതിയും വെള്ളവും ചികിത്സയും സൗജന്യമാക്കികൊണ്ട് ഡൽഹിയിലെ ചേരികളിലെ വോട്ടു ബാങ്കിനെ ലക്ഷ്യം വച്ച കേജരിവാൾ ആം ആദ്മി അധികാരത്തിൽ കയറിയപ്പോൾ എല്ലാം മുഖ്യമന്ത്രി ആയെങ്കിലും ഏതാണ്ട് പത്തുമാസങ്ങൾക്ക് മുൻപ് അദ്ദേഹത്തിന് കാലിടറി. നൂറുകോടിയുടെ മദ്യ കുംഭകോണ അഴിമതിയിൽ അദ്ദേഹം ജയിലിൽ ആയി
. ആം ആദ്മി അധികാരത്തിൽ കയറി കേജരിവാൾ അതിന്റെ സർവ്വതിപതി ആയി വാഴുമ്പോൾ തന്റെ ഗുരുവായ ഹസാരേയോട് മുഖം തിരിച്ചതുകൊണ്ടാണോ എന്നറിയില്ല നാലു മാസത്തോളം തിഹാർ ജയിലിൽ ഗോതമ്പുണ്ട തിന്നുവാൻ ആയിരുന്നു ഈ പ്രമാണിയുടെ വിധി
. 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പു കാലത്ത് കോൺഗ്രസ്സും ആം ആദ്മിയും കൂടി ചേർന്ന് ഡൽഹിയിലെ ഏഴു സീറ്റുകളിൽ ബി ജെ പി ക്കെതിരെ മത്സരിച്ചപ്പോൾ തെരെഞ്ഞെടുപ്പിന് പത്തു ദിവസം മുൻപ് താൽക്കാലിക ജാമ്യം ലഭിച്ചു രക്തസാക്ഷി പരിവേഷത്തിൽ കേജരിവാൾ പ്രചരണം നടത്തിയെങ്കിലും സമ്പൂർണ പരാജയം ആയിരുന്നു ഫലം
. തൊണ്ണൂറ്റി മൂന്നു മുതൽ തൊണ്ണൂറ്റി എട്ടുവരെ അധികാരം കിട്ടിയ ബി ജെ പി അഞ്ചു വർഷത്തിനുള്ളിൽ മൂന്നു മുഖ്യമന്ത്രിമാരെ പരീക്ഷിച്ചെങ്കിലും മുഖ്യമന്ത്രി ആയ ശേഷവും സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന മദാൻലാൽ ഖുറാനെയെ മാറ്റിയതിന്റെ ക്ഷീണം ഇപ്പോഴും ബി ജെ പി യെ അലട്ടുന്നു
. ഷീല ധീക്ഷിത് സോണിയ ഗാന്ധി കൂട്ടുകെട്ടിലൂടെ പതിനഞ്ചു വർഷം അധികാരം പിടിച്ച കോൺഗ്രസ് ഇപ്പോൾ പത്തു സീറ്റെങ്കിലും ജയിക്കുവാനുള്ള കഠിന ശ്രമത്തിലാണ്
. പിണറായി മൂന്നാം തവണയും പാർട്ടി ചട്ടങ്ങൾ എഴുതി മാറ്റി മുഖ്യമന്ത്രി സ്‌ഥാനാർഥി ആകുമെന്ന് ഉറപ്പായതോടെ നിരാശരായ ഹിന്ദി നന്നായി വഴങ്ങുന്ന രമേശ് ചെന്നിത്തലജിക്കും കെ സി വേണുഗോപാൽജിക്കും കുറച്ചു നേരത്തെ ചിന്തിച്ചിരുന്നെങ്കിൽ ഡൽഹിയിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്‌ഥാനാർഥി ആകാമായിരുന്നു
. ഏതായാലും കേജരിവാൾ കെട്ടുകെട്ടുമോ അതോ ഭരണസിരകേന്ദ്രത്തിൽ കുടിയിരിക്കുമോ എന്നറിയാൻ കുറച്ചു ദിവസം കൂടി കാത്തിരിക്കാം .
സുനിൽ വല്ലാത്തറ ഫ്ലോറിഡാ