PRAVASI

പെരുമഴ :രണ്ട് മരണം, ഒരാളെ കാണാതായി; നിരവധി പേർക്ക് പരിക്ക്; വ്യാപ‌ക നാശനഷ്‌ടം

Blog Image

കനത്ത മഴയ്ക്കിടെ സംസ്ഥാനത്തെമ്പാടും വ്യാപക നാശനഷ്ടം. രണ്ടിടത്തായി രണ്ട് പേർ മരിച്ചു. ഒരാളെ ഒഴുക്കിൽപെട്ട് കാണാതായി. പലയിടത്തായി നിരവധി പേർക്ക് പരിക്കേറ്റു. മരങ്ങൾ കടപുഴകി വീണും ശിഖരങ്ങൾ പൊട്ടി വീണും കെട്ടിടങ്ങൾക്കും വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുണ്ടായി. അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രതയിലാണ് സംസ്ഥാനം. ജില്ലകളിലെല്ലാം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. അപകട സാധ്യതാ മേഖലയിൽ താമസിക്കുന്നവർ മാറിത്താമസിക്കുകയോ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുകയോ ചെയ്യണം.ഇടുക്കി കുമളിയിൽ പാർക്ക് ചെയ്തിരുന്ന ലോറിക്കും ബസിനും മുകളിലേക്ക് മരം ഒടിഞ്ഞു വീണ് ലോറിക്കുള്ളിലുണ്ടായിരുന്നയാൾ മരിച്ചു. കാസർകോട് മധുവാഹിനി പുഴയിൽ തുണിയലക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കിൽപെട്ട്  മരിച്ചു. മല്ലം ക്ഷേത്രത്തിനു സമീപത്തെ ഗോപിക (75) യാണ്  മരിച്ചത്. വീടിന് 20 മീറ്റർ മാത്രം അകലത്തിലുള്ള പുഴയിൽ തുണി അലക്കാൻ പോയതായിരുന്നു വീട്ടമ്മ. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനെ തുടർന്ന്  നടത്തിയ ത തെരച്ചിലിനൊടുവിൽ ഒരു കിലോമീറ്റർ ദൂരത്തായാണ് മൃതദേഹം  കണ്ടെത്തിയത്.
ആലപ്പുഴ എടത്വയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിൽ മരം വീണ് നിരണം തോട്ടടി സ്വദേശി ഗീവർഗീസിന് (58)  പരിക്കേറ്റു. ചൂട്ടുമാലിൽ സിഎസ്ഐ പള്ളിക്ക് സമീപമാണ് അപകടം. ശക്തമായ കാറ്റിൽ പുളിമരം മരം കടപുഴകി വീഴുകയായിരുന്നു. എറണാകുളം കുമ്പളത്ത് വേമ്പനാട്ട് കായലിൽ മീൻപിടുത്തത്തിനിടെ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. പറവൂർ കെടാമംഗലം  രാധാകൃഷ്ണൻ (62 നെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന സുരേഷ്  നീന്തി രക്ഷപ്പെട്ടു.
എറണാകുളം കുന്നത്തുനാട്ടിൽ തിരുവാണിയൂർ പഞ്ചായത്തിൽ  വൈകിട്ട് വീശിയടിച്ച ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് രണ്ടു വീടുകൾ ഭാഗികമായി തകർന്നു. പള്ളിക്കര മനക്കടവ് റോഡിൽ വലിയ വാഗമരം കടപുഴകി വീണ് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. മൂവാറ്റുപുഴ എറണാകുളം മെയിൻ റോഡിലാണ് മരം കുറുകെ കടപുഴകി വീണത്.

ഇടുക്കിയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ ആളുകൾ മാറി താമസിക്കണമെന്ന് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ, ബന്ധു വീടുകളിലേക്കോ മാറണമെന്നാണ് നിർദേശം. ആവശ്യമുള്ളവർക്ക് ദുരിതാശ്വാസക്യാമ്പ് സജ്ജീകരിച്ചിട്ടുണ്ട് എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 

തിരുവനന്തപുരം മുരുക്കുംപുഴയിലും കഴക്കൂട്ടത്തും റെയിൽവേ ട്രാക്കിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയെ തുടർന്ന് നെയ്യാർ അണക്കെട്ടിലെ ഷട്ടറുകൾ തുറന്നു. നാലു ഷട്ടറുകൾ 10 സെൻറീമീറ്റർ വീതമാണ് തുറന്നിട്ടുള്ളത്. അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 84.750 മീറ്റർ ആണ്. നിലവിലെ ജലനിരപ്പ്  83.420 മീറ്ററാണ്. 

കോഴിക്കോട് പെരുമണ്ണയിൽ പാറക്കോട്ട് താഴത്ത് കനത്ത മഴയിൽ വീട് തകർന്നു. ശബ്ദം കേട്ട് വീട്ടുകാർ ഒടിമാറിയതിനാൽ, വലിയ അപകം ഒഴിവായി. കൊയിലാണ്ടിയിൽ മരം വീണ് രണ്ട് വീടുകൾക്ക കേടുപറ്റി. കഴിഞ്ഞ വർഷക്കാലത്ത് ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് മലവെള്ളം കുതിച്ചെത്തിയത് പരിഭ്രന്തിയുണ്ടാക്കി. കുഞ്ഞോത്തിനും വിലങ്ങാടിനും ഇടയിലെ മലയിൽ കനത്ത മഴ പെയ്തതായിരുന്നു കാരണം.  കോരപ്പുഴ, പൂനൂർ പുഴ എന്നിവ പലയിടങ്ങളിലായി കര കവിഞ്ഞൊഴുകുന്നുണ്ട്. തീരദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കക്കയം ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു.  

കണ്ണൂരിൽ രണ്ടു വീടുകൾ തകർന്നു. കൊട്ടിയൂർ പട്ടറപ്പറമ്പിൽ സ്വദേശി ഭാർഗവിയുടെയും ചാത്തമംഗലം സ്വദേശി വർഗീസിൻ്റെയും വീടുകൾ മഴയിൽ തകർന്നു. കണ്ണൂർ ജില്ലയിൽ പലയിടത്തും കാറ്റിൽ വലിയ നാശനഷ്‌ടമുണ്ടായി.  വൈദ്യുതി പോസ്റ്റുകൾ തകർന്നു. ലോട്ടറി കട തലകീഴായി മറിഞ്ഞ് ലോട്ടറി വിൽപ്പനക്കാരന് പരിക്കേറ്റു.  പാലക്കാടും പെരുമഴയിൽ രണ്ടു വീടുകൾ തകർന്നു. മൂലത്തറ റെഗുലേറ്ററിന്റെ രണ്ടു ഷട്ടറുകൾ തുറന്നതിനാൽ ചിറ്റൂർപുഴയിൽ ജലനിരപ്പ് കൂടി. വൃഷ്ടിപ്രദേശത്തു ശക്തമായ മഴ തുടരുന്നതിനാൽ കാഞ്ഞിരപ്പുഴ ഡാമിൽ നിന്നും വെള്ളം തുറന്നുവിട്ടേക്കും. കരിപ്പൂരിൽ വിമാനത്താവളത്തിന്‍റെ ചുറ്റുമതിൽ തകർന്ന് കൂറ്റൻ പാറ പതിച്ച് കുടിവെള്ള ടാങ്ക് തകർന്നു. വയനാട്ടിൽ  18 ക്യാമ്പുകൾ തുറന്നു. 

ഇന്ന് വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിൽ ആലപ്പുഴ മാന്നാറിൽ കടയുടെ മുകളിലേക്ക് മരം കടപുഴകി വീണു. മാന്നാർ നായർ സമാജം സ്കൂളിന് സമീപം പ്രവർത്തിക്കുന്ന ജ്യൂസ് കടയുടെ മുകളിലേക്കാണ് വൻമരം കടപുഴകി വീണത്. കടയ്ക്കുള്ളിൽ ആളുകൾ ഉണ്ടായിരുന്നു. കടയുടെ പുറത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. പത്തനംതിട്ട നിരണം ഇരതോട് വീടിനു മുകളിലേക്ക് ആൽമരം വീണു. ഇരതോട് സ്വദേശി മധുവിൻ്റെ വീട് അപകടത്തെ തുടർന്ന് പൂർണമായി തകർന്നു. പത്തനംതിട്ട കളക്ടറേറ്റ് വളപ്പിലെ പൊതുമരാമത്ത് ഓഫീസിനു മുകളിൽ മരം വീണ് കെട്ടിടം തകർന്നു. ഇലന്തൂരിൽ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായി. നാരായണിയുടെ വീടിന്റെ മേൽക്കൂര കാറ്റിൽ പറന്നുപോയി. അപകട സമയത്ത് വീട്ടിൽ ഒരുമാസം പ്രായമുള്ള കുഞ്ഞു ഉൾപ്പടെ വീട്ടിലുണ്ടായിരുന്നു. ആർക്കും പരിക്കേറ്റില്ല. പ്രദേശത്ത് നിരവധി മരങ്ങൾ കടപുഴകി വീണു.

തിരുവനന്തപുരം കാട്ടാക്കട നെട്രാൻചിറയിൽ കെഎസ്ആർടിസി ബസിന് മുകളിൽ മരം കടപ്പൊഴുകി വീണു. അഞ്ച് പേർക്ക് പരിക്കേറ്റു. ഇടുക്കി ചേലച്ചുവട് കത്തിപ്പാറയിൽ ഓടിക്കൊണ്ടിരുന്ന കാറിനും, ബൈക്കിനും മുകളിലേക്ക് മരം കടപുഴകി വീണ് ബൈക്ക് യാത്രികന് പരിക്കേറ്റു. എറണാകുളം നെടുമ്പാശ്ശേരിയിൽ കുന്നംപുറത്തിന് സമീപം ദേശീയപാതയിലേക്ക് മരം പൊട്ടിവീണു. 
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.