PRAVASI

കേരള അസോസിയേഷൻ ഓഫ് നാഷ്‌ വിൽ ഓണം മഹോത്സവം 2025 പ്രൗഢഗംഭീരം

Blog Image

നാഷ്‌വിൽ: ടെന്നീസിയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ (കാൻ) സെപ്റ്റംബർ 13 ന്  സംഘടിപ്പിച്ച ഓണം മഹോൽസവം 2025  സംഘാടന മികവ് കൊണ്ടും, ജനപങ്കാളിത്തം കൊണ്ടും, അവതരണ മികവ് കൊണ്ടും പ്രൗഢഗംഭീരമായി. 

കാൻ വളണ്ടിയർമാർ സ്വന്തമായി തയ്യാറാക്കിയ  ഇരുപത്തിനാലോളം  വിഭവങ്ങൾ വാഴ ഇലയിൽ വിളമ്പിയ  സ്വാദിഷ്ഠമായ ഓണസദ്യയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും പുലികളിയുടേയും അകമ്പടിയോടെ മഹാബലിയെ ഘോഷയാത്രയായി വരവേറ്റു. അതോടൊപ്പം കാനിന്റെ സ്വന്തം കലാകാരൻമാർ അതിമനോഹരമായി ചെണ്ടമേളവും വേദിയിൽ അവതരിപ്പിച്ചു. തുടർന്ന് ഈ വർഷത്തെ ഓണാഘോഷ പരിപാടികളുടെ ഉദ്‌ഘാടനം  പ്രശസ്ത സിനിമ നടനും മുൻ കേന്ദ്ര മന്ത്രിയുമായ മുഖ്യാതിഥി ശ്രീ. ഡി. നെപ്പോളിയൻ നിർവ്വഹിച്ചു. കാൻ കഴിഞ്ഞ കാലയളവിൽ ടെന്നിസി സംസ്ഥാനത്തിന്റെ  സാമൂഹ്യ സാംസ്‌കാരിക മേഖലകളിൽ നൽകിയ അമൂല്യമായ സംഭാവനകൾ മുൻനിർത്തി ടെന്നിസി സ്റ്റേറ്റ് സെനറ്റ് സെപ്റ്റംബർ 13 "കേരള ദിനം" ആയി പ്രഖ്യാപിച്ചതിന്റെ വിളംബരം ബഹുമാനപ്പെട്ട ടെന്നീസി സ്റ്റേറ്റ് അസംബ്ലി റെപ്രെസെന്ററ്റീവ് ശ്രീ.മൈക്ക് സ്പാർക്സ് നിർവ്വഹിച്ചു. പ്രശസ്ത ദക്ഷിണേന്ത്യൻ സിനിമ പിന്നണി ഗായികയായ ശ്രീമതി. ലത കൃഷ്ണയും സംസാരിച്ചു. മഹാബലിയും, വിശിഷ്ടാതിഥികളും കാൻ ഭരണ സമിതി അംഗങ്ങളും  ചേർന്ന് നിലവിളക്ക് കൊളുത്തിയാണ് ഔപചാരികമായി പരിപാടികൾ ആരംഭിച്ചത്. കാൻ പ്രസിഡന്റ് ശ്രീ.ഷിബു പിള്ള  അധ്യക്ഷത വഹിച്ച ഉദ്‌ഘാടന സമ്മേളനത്തിൽ, വൈസ്  പ്രസിഡന്റ്  ശ്രീ.ശങ്കർ മന സ്വാഗതവും , സെക്രട്ടറി ഡോ.സുശീല സോമരാജൻ നന്ദിയും രേഖപ്പെടുത്തി. 

കാനിലെ അംഗങ്ങളുടെ സർഗ്ഗവാസനയെ പ്രോത്സാഹിപ്പിക്കാനായി പ്രസിദ്ധീകരിക്കുന്ന  കാഞ്ചനത്തിന്റെ യൂത്ത് എഡിഷൻ "യുവം" മാസികയുടെ ഔദ്യോഗിക പ്രകാശനവും തദവസരത്തിൽ ശ്രീ. ഡി. നെപ്പോളിയൻ നിർവഹിച്ചു. കുട്ടികളുടെയും യുവാക്കളുടെയും കൃതികൾക്കു മുൻ‌തൂക്കം കൊടുത്തു കൊണ്ടും, കാനിന്റെ 2024 -2025 വർഷത്തെ പ്രവർത്തനങ്ങൾ  വിശദമായി പ്രതിപാദിച്ചു കൊണ്ടുമാണ് "യുവം" തയ്യാറാക്കിയിരിക്കുന്നത്. അതോടൊപ്പം കാൻ അംഗങ്ങളുടെ മക്കൾക്കായി നൽകുന്ന അക്കാഡമിക് സ്കോളർഷിപ്പ്കളും  വേദിയിൽ വച്ച് വിതരണം ചെയ്തു.  

തുടർന്ന് കാനിന്റെ  സ്വന്തം കലാകാരൻമാർ പാട്ടുകൾ, നൃത്തനൃത്യങ്ങൾ, ഉപകരണ സംഗീതം തുടങ്ങിയ വിവിധ കലാപരിപാടികൾ വളരെ ആകർഷകമായി അവതരിപ്പിച്ചു. വനിത ഫോറത്തിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച "കേരളീയം" പരിപാടിയും കാണികളുടെ പ്രശംസ പിടിച്ചു പറ്റി. അതോടൊപ്പം സിനിമ പിന്നണി ഗായികയായ ശ്രീമതി. ലത കൃഷ്ണയും  സംഘവും നയിച്ച അതി മനോഹരമായ സംഗീത വിരുന്നും അരങ്ങേറി. അംഗങ്ങളുടെ കൂട്ടായ്മയിൽ തയ്യാറാക്കിയ ഓണ പൂക്കളവും, ആനയുടെ ഒത്ത രൂപത്തിലുള്ള ഫോട്ടോബൂത്ത്, ഊഞ്ഞാൽ എന്നിവയും ഇത്തവണത്തെ ഓണാഘോഷത്തിന്റെ പ്രത്യേക ആകർഷണീയതകളായിരുന്നു.

ഓണസദ്യ ഒരുക്കുന്നതിന് ശ്രീ.നിജിൽ പറ്റെമ്മൽ, ശ്രീ.മനീഷ് രവികുമാർ എന്നിവരും, കലാപരിപാടികൾക്ക്  ശ്രീ. സന്ദീപ് ബാലൻ, ഡോ.ദീപാഞ്ജലി നായർ എന്നിവരും, രജിസ്ട്രേഷൻ പ്രവത്തനങ്ങൾക്കായി ട്രഷറർ ശ്രീ.അനന്തലക്ഷ്മണനും, ശ്രീ.സുജിത് പിള്ളയും നേതൃത്വം നൽകി. ശ്രീ.അനിൽ പാത്തിയേരി,  ശ്രീ.അശോകൻ വട്ടക്കാട്ടിൽ, ശ്രീമതി.ഷാഹിന കോഴിശ്ശേരി, ശ്രീമതി.സുമ ശിവപ്രസാദ്, ശ്രീ.രാകേഷ് കൃഷ്ണൻ, ശ്രീ.അനിൽ ഗോപാലകൃഷ്ണൻ,  ശ്രീ.ബിജു ജോസഫ്, ശ്രീ.ബബ്ലൂ ചാക്കോ, ശ്രീ.സാം ആന്റോ, ശ്രീ.മനോജ് രാജൻ, ശ്രീ.അമൽ സാം, ശ്രീ.തോമസ് വർഗീസ്  തുടങ്ങിയ കാൻ ഭരണസമിതി അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി. ഓണാഘോഷത്തിന്റെ വിജയത്തിനായി അഹോരാത്രം പരിശ്രമിച്ച എല്ലാ വളണ്ടിയർമാർമാർക്കും, സ്പോൺസർമാർക്കും സ്നേഹത്തിന്റെ ഭാഷയിൽ നന്ദി അറിയിച്ചു കൊണ്ടാണ് ഓണം മഹോൽസവം 2025 ന് തിരശ്ശീല വീണത്. 
 
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.