ചിക്കാഗോ: അമേരിക്കൻ മലയാളികളുടെ വായനയും ചിന്തകളും സമൃദ്ധമാക്കിയ കേരളാ എക്സ്പ്രസ് മുപ്പത്തിനാലാം വർഷത്തിലേക്കു കടക്കുകയാണ്. നമ്മുടെ സംസ്കാരവും പൈതൃകവും അമേരിക്കൻ മണ്ണിലും നിലനിർത്താൻ നടത്തിയ പരിശ്രമത്തിൻറെ വിജയവഴികളാണ് കഴിഞ്ഞ മുപ്പത്തിമൂന്ന് വർഷങ്ങൾ. 1992-ൽ പ്രവർത്തനമാരംഭിച്ച ഈ പ്രസിദ്ധീകരണം മാതൃഭാഷയ്ക്ക് നല്കിയ വെളിച്ചം കൂടിയായിരുന്നു നാളിതുവരെയുള്ള മാധ്യമസേവനം.
ഇതിൻറെ തുടക്കം മുതൽ പത്രം പ്രിൻറ്ചെയ്ത് തപാൽ മാർഗ്ഗം അയച്ചുകൊണ്ടിരുന്ന രീതിയിൽ നിന്നുമുള്ള ഒരു വലിയ മാറ്റമായിരുന്നു കഴിഞ്ഞവർഷം ജൂലൈ മുതൽ നടപ്പിലാക്കിയത്. ഇപ്പോൾ പരിപൂർണ്ണമായും ഒരു ഓൺലൈൻ പത്രമായി കേരളാ എക്സ്പ്രസ് പ്രവർത്തിക്കുകയാണ്. എല്ലാ തിങ്കളാഴ്ചയും ആധുനിക സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി കൂടുതൽ വായനക്കാരിലേക്ക് കേരളാ എക്സ്പ്രസ് എത്തിക്കൊണ്ടിരിക്കുന്നു. കാലത്തിനനുസരിച്ചുള്ള കാലോചിതമായ ഈ മാറ്റത്തെ രണ്ട് കൈയും നീട്ടി സ്വീകരിച്ച പ്രിയപ്പെട്ട വായനക്കാർക്ക് പ്രത്യേകം നന്ദി പറയുന്നു.
വാർത്തകൾ വിരൽത്തുമ്പിൽ എത്തിനിൽക്കുന്ന ഇക്കാലത്ത് അതിവേഗം, ബഹുദൂരം സഞ്ചരിക്കാൻ ഇരുപത്തിനാല് മണിക്കൂറും കേരളാ എക്സ്പ്രസ് പ്രതിജ്ഞാബദ്ധമാണ്. കേരളാ എക്സ്പ്രസ് ഡോട്ട് കോം ഇപ്പോൾ അമേരിക്കൻ മലയാളികളുടെ ദൈനംദിന വാർത്തകളുടെ നേർചിത്രമായി മാറിക്കഴിഞ്ഞു. മനുഷ്യജീവിതത്തിൻറെ നേർചിത്രങ്ങൾക്കും അമേരിക്കൻ മലയാളികളുടെ വാർത്തകൾക്കും പ്രാധാന്യം നല്കുന്ന കേരളാ എക്സ്പ്രസ് പുതുവത്സരത്തിലേക്ക് കടക്കുമ്പോൾ 2026 ഞങ്ങൾക്ക് കൂടുതൽ പ്രതീക്ഷകൾ നല്കുന്നു.
കേരളാ എക്സ്പ്രസിൻറെ വഴികളിൽ താങ്ങും തണലുമായി നിന്ന എല്ലാ അമേരിക്കൻ മലയാളികൾക്കും സംഘടനാ സുഹൃത്തുക്കൾക്കും പ്രത്യേകിച്ച് വായനക്കാർ, പരസ്യദാതാക്കൾ, എഴുത്തുകാർ തുടങ്ങിയ എല്ലാവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി. തുടർന്നും എല്ലാവരുടെയും പിന്തുണയും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട് എല്ലാ വായനക്കാർക്കും ഐശ്വര്യപൂർണ്ണമായ ഒരു പുതുവത്സരം ആശംസിക്കുന്നു.

കെ.എം. ഈപ്പൻ
(ചീഫ് എഡിറ്റർ)

ജോസ് കണിയാലി
(എക്സിക്യൂട്ടീവ് എഡിറ്റർ)

