PRAVASI

ഇസ്രയേൽ ഇറാൻ സംഘർഷത്തിലെ കേരള പാഠഭേദം

Blog Image

ദേശീയവും അന്തർദേശീയവുമായ സകല വിഷയങ്ങളിലും രാജ്യത്തിന്റെ പൊതുവീക്ഷണത്തിനും സാംസ്കാരിക പരിപ്രേക്ഷ്യത്തിനും വ്യത്യസ്തമായ കാഴ്ചപ്പാട് പുലർത്തുന്ന ഒരു വിഭാഗമായാണ് പൊതുവെ മലയാളികൾ ഇന്ത്യയിലും വിദേശങ്ങളിലും അറിയപ്പെടുന്നത്. ആ വ്യത്യസ്ഥതയെ ഒരാളുടെ ആവിഷ്കാര സ്വാതന്ത്യമെന്നോ മലയാളിയുടെ പ്രബുദ്ധതയെന്നോ നമുക്ക് വിശേഷിപ്പിക്കാം. ഇന്ന് ലോകം ഏറെ ചർച്ചചെയ്യപ്പെടുന്ന ഇറാൻ ഇസ്രായേൽ സംഘർഷത്തിലും അത്തരമൊരു പാഠഭേദമാണ് കേരളം മുന്നോട്ടുവെക്കുന്നത്.
                      ഭാരതവും പേർഷ്യൻ സംസ്കാരത്തിന്റെ പ്രഭവ കേന്ദ്രമായ ഇറാനുമായും നിലവിലുള്ള സാംസ്കാരിക വാണിജ്യ ബന്ധങ്ങൾക്ക്‌ ദീർഘകാലത്തെ പഴക്കമുണ്ട്. ഇന്ത്യയിൽ മുഗൾ സാമ്രാജ്യം സ്ഥാപിച്ചതിലൂടെയും പേർഷ്യൻ ഭാഷയിലൂടെ പരസ്പരം സാംസ്കാരിക സാഹിത്യ കൊടുക്കൽ വാങ്ങലുകൾ നടത്തിയതിലൂടെയും ആരംഭിച്ച ആ ബന്ധം ഇന്ന് ഇന്ത്യയെ പശ്ചിമ ഏഷ്യയുമായി ബന്ധിപ്പിക്കുന്ന നോർത്ത് സൗത്ത് കോറിഡോർ പദ്ധതിയുടെ ഒരു സജീവ പങ്കാളിയാക്കി ഇറാനെ ഇന്ത്യ ഉൾപ്പെടുത്തി വലിയ സൗഹൃത്തോടെ മുന്നേറുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിലെ ആധിപത്യം ലക്ഷ്യമിട്ട് ചൈന പാകിസ്ഥാനിലെ ഗ്വാദർ തുറമുഖം അധികാര പരിധിയിലാക്കിയപ്പോൾ ഇറാനിലെ ചാംബഹാർ തുറമുഖത്തിന്റെ നിർമ്മാതാക്കളും നടത്തിപ്പുകാരുമായി ഇന്ത്യ ഇറാനോടൊപ്പം ചേർന്നതും ഇറാന്റെ ഏറ്റവുംവലിയ ക്രൂഡോയിൽ വിപണിയായി ഇന്ത്യ മാറിയതും ഇരുരാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ സുദൃഢമാക്കിയിട്ടുണ്ട്. 
                       ഇസ്രായേൽ എന്ന രാഷ്ട്ര സൃഷ്ടിക്കും വളരെ മുന്നേ ബി സി 586 ൽ ജെറുസലേം ദേവാലയം നശിപ്പിച്ച കാലം തുടങ്ങി അഭയം ആഗ്രഹിച്ചു ഇന്ത്യയിലേക്ക് വന്ന യഹൂദരെ ആദരിച്ചു ആനയിച്ചു അവരുടെ മതാനുസാരികളായി തന്നെ ജൂതപ്പള്ളികൾ സ്ഥാപിച്ചു ജീവിക്കാൻ അനുവദിച്ച രാജ്യമാണ് ഇന്ത്യ. കേരളത്തിലെ കൊച്ചിയും മട്ടാഞ്ചേരിയുമായിരുന്നു പ്രധാന യഹൂദ വാസ കേന്ദ്രങ്ങൾ. ജന്മനാ അധ്വാന ശീലരും വ്യവസായ സംരംഭകരുമായ ജൂതന്മാരിൽ 
എസ് കോഡർ പോലുള്ള വ്യവസായികൾ കേരളത്തിന്റെ വളർച്ചയിൽ പിൽക്കാലത്തു കാര്യമായ സംഭാവനകൾ നല്കിയവരായിരുന്നു. 1948 ൽ രൂപം കൊണ്ട ഇസ്രായേൽ എന്ന സ്വതന്ത്ര ജൂത രാഷ്ട്രത്തെ 1950 ൽ തന്നെ ഭാരത സർക്കാർ അംഗീകരിച്ചു. ആ അംഗീകാരം 1992 ആയപ്പോൾ പൂർണ്ണ നയതന്ത്ര ബന്ധമായി വളരുകയും ചെയ്തു. ഇന്നാണെങ്കിൽ പ്രതിരോധം, ആയുധ വിപണനം, കൃഷി, സാങ്കേതിക വിവര കൈമാറ്റം തുടങ്ങി നിരവധി മേഖലകളിൽ വളർന്നു പന്തലിച്ചിരിക്കുന്നു.
ലോകത്തിലെ ഏറ്റവും മികച്ച രഹസ്യാന്വേഷണ വിഭാഗമായ ഇസ്രയേലിന്റെ മൊസാദും ഇന്ത്യയുടെ സുരക്ഷ ഏജൻസികളും തമ്മിലുള്ള വിവരകൈമാറ്റ ഉടമ്പടി ഇന്ത്യയുടെ പ്രതിരോധ മേഖലയുടെ അഭൂതപൂർവ്വമായ വളർച്ചക്ക് വഴിവെച്ചിരുന്നു.
ഇറാനുനേരെ ഇസ്രായേൽ പ്രത്യക്ഷ ആക്രമണം അഴിച്ചുവിടുന്നതിനു മുന്നേ തന്നെ പലസ്‌തീൻ ജനതയുടെ അവകാശങ്ങളോടും അവരുടേതായ രാഷ്ട്രവാദത്തോടും പിന്തുണ പ്രഖ്യാപിക്കുന്ന മുൻനിലപാടുകൾ ഭാരതം ആവർത്തിച്ചിരുന്നു. അതേസമയം ഹമാസ് എന്ന ഭീകരസംഘടനയെ ഒരിക്കലും ഇന്ത്യ അംഗീകരിക്കുന്നുമില്ല.. വളരെ സ്ട്രാറ്റജിക് ബാലൻസിംഗ് ആയ ഒരു മിതവാദ നിലപാടാണ് ഇന്ത്യ അക്കാര്യത്തിൽ കൈകൊണ്ടിട്ടുള്ളത്.
                             ഇസ്രായേൽ പലസ്‌തീൻ തർക്കങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും 
2023 ഒക്ടോബർ 7 നു ഹമാസിന്റെ പ്രത്യേക സൈനിക വിഭാഗമായ നുഖബ യാതൊരു പ്രകോപനവും കൂടാതെ ഇസ്രയേലിന്റെ അതിർത്തിക്കുള്ളിൽ നടത്തിയ വ്യാപകമായ ആക്രമണങ്ങളിൽ ആയിരത്തി മുന്നൂറിൽ പരം ഇസ്രായേലി പൗരന്മാരെ കൊന്നൊടുക്കുകയും കുട്ടികളും വൃദ്ധജനങ്ങളും ഉൾപ്പെടെ ഇരുനൂറ്റി അൻപതില്പരം ആളുകളെ ബന്ദികളാക്കുകയും ചെയ്തു. ഈ സംഭവത്തോടെയാണ് ഗാസയിൽ ഇന്നുകാണുന്ന സമാനതകളില്ലാത്ത പ്രത്യാക്രമണങ്ങളും നിഷ്ടുരമായ ബോംബാക്രമണങ്ങളും ആരംഭിച്ചത്. പലസ്‌തീൻ വിമോചനത്തിന്റെ നേതൃത്വം ഏറ്റെടുത്ത ഹമാസ് എന്ന തീവ്രവാദ ഇസ്ലാമിക ഗ്രൂപ്പിനെ വളർത്തിയതും വലുതാക്കിയതും ഇറാൻ സർക്കാരാണെന്നത് ഇസ്രായേൽ മാത്രമല്ല ലോകത്തെവിടെയുമുള്ള മറ്റു രാജ്യങ്ങളും ആവർത്തിച്ച് ഉറപ്പിക്കുന്ന സത്യമാണ്.
                               ഇസ്രായേൽ എന്ന രാഷ്ട്രത്തിനു ചുറ്റുമുള്ള ഇസ്ലാമികവും ജനാധിപത്യവുമായ രാഷ്ട്രങ്ങളിൽ ഏകദേശം എല്ലാപേരും തന്നെ മതത്തിന്റെ പേരിലുള്ള ഇസ്രായേൽ വിരുദ്ധത കാലം മാറിയ രീതിക്കൊത്തു പരിവർത്തനപ്പെടുത്തി നയതന്ത്രവും വാണിജ്യവുമായ രംഗങ്ങളിൽ പരസ്പര സൗഹൃദം ഉറപ്പാക്കി കഴിഞ്ഞിരിക്കുന്നു. ഇസ്രായേലിൽ നിന്നും വളരെ വിദൂരതയിൽ കഴിയുന്ന ജനാധിപത്യ രാജ്യമായിരുന്ന ഇറാൻ ഇസ്രയേലിനെ അംഗീകരിച്ച ആദ്യകാല രാജ്യങ്ങളിൽ ഒന്നാണ്. എന്നാൽ 1979 ലെ ഇസ്ലാമിക വിപ്ലവത്തെത്തുടർന്നു ഇറാനിൽ സ്ഥാപിതമായ ഇസ്ലാമിക ഷിയ ഭരണകൂടം ജനാധിപത്യ അവകാശങ്ങൾ റദ്ദുചെയ്തു മതാധിഷ്ടിത ശരിയ നിയമങ്ങൾ അടിച്ചേൽപ്പിച്ചതോടെ ഇസ്രയേലിനോടുള്ള സമീപനത്തിൽ വലിയ മാറ്റങ്ങളാണുണ്ടായത്. ജൂത രാഷ്ട്രമായ ഇസ്രയേലിന്റെ ഉന്മൂലനം ആത്യന്തിക ലക്ഷ്യമായി ഇറാനിലെ ഖമേനി ഭരണകൂടം പരസ്യമായി പ്രഖ്യാപിക്കുകയും അതിന്റെ ഭാഗമായി ഇസ്രയെലിനെതിരയി അവരുടെ അയൽ രാജ്യങ്ങളിലെ തീവ്ര മതമൗലിക ഗ്രൂപ്പുകളായ ലെബണനിലെ ഹിസ്ബുല്ലയെയും ഇറാഖിലെ ശിയാ മിലിഷ്യയേയും യെമനിലെ ഹൂതികളെയും ആയുധങ്ങളും അർത്ഥവും നൽകി സഹായിച്ചു ഇസ്രായേലിനും അവരുടെ സഖ്യകക്ഷികൾക്കുമെതിരെ ഭീകരാക്രമണ പരമ്പര തന്നെ സൃഷ്ടിച്ചു കൊണ്ടുമിരിക്കുന്നു. 
                       ക്രൂരമായ ഷെല്ലാക്രമണങ്ങളിലൂടെയാണെങ്കിലും ലോകത്തെവിടെയും മനുഷ്യരുടെ സ്വരജീവിതത്തിനു ഭീഷണിയായ ഹമാസിന്റെയും ഹിസ്ബുല്ലയെയുടെയും നടുവൊടിച്ച ഇസ്രായേൽ 
ഇറാനിൽ നേരിട്ടുള്ള ആക്രമണം നടത്തുന്നതിനും മുൻപ് ഇറാനെ വരുതിയിലാക്കാൻ പലതവണ ശ്രമിച്ചിരുന്നു. ഇസ്രയേലിന്റെ സമ്പൂർണ്ണ നാശം ഇറാന്റെ പ്രഖ്യാപിത നയമാണെന്ന ന്യായവാദം ഉപയോഗിച്ച് 2020 ൽ ഇറാനിയൻ ആണവ ശാസ്ത്രജ്ഞനായ മോഹ്സസൽ ഫക്രിസദയെ ദുരൂഹമായ ബോംബ് ആക്രമണത്തിലൂടെ കൊലപ്പെടുത്തിയതുമുതൽ ഡമാസ്കസിലെ ഇറാൻ കോൺസുലേറ്റ് ആക്രമണം വരെ മൊസാദിന്റെ ആസൂത്രണം ആയിരുന്നെന്നു ലോകം ന്യായമായും വിശ്വസിക്കുന്നു. പ്രതിരോധവും നിലനിൽപ്പും ജന്മ ലക്ഷ്യവും വൃതവുമായി കരുതുന്ന ഇസ്രായേൽ ജനത 
ഇറാന്റെ ആണവായുധ നിർമ്മാണ ശ്രമത്തെ ഒരു കാരണവശാലും അനുവദിക്കില്ല എന്നതാണ് ഇപ്പോഴത്തെ യുദ്ധപ്രഖ്യാപനത്തിന്റെ കാരണം.
                           വലിയതോതിൽ യുറേനിയം സമ്പുഷ്‌ടീകരം നടത്തി ആണവായുധങ്ങൾ നിർമ്മിച്ചു രാഷ്രങ്ങൾ പരസ്പരം വെല്ലുവിളികൾ നടത്തുന്ന പ്രതിഭാസം ഒഴിവാക്കാനും ലോകസമാധാനം നിലനിർത്താനുമായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി പുതിയ നയങ്ങളും നിയന്ത്രണങ്ങളും രണ്ടാം ലോക യുദ്ധത്തിന് ശേഷം നിർമ്മിച്ച് നടപ്പിലാക്കി വരുന്നുണ്ട്. അപ്രകാരം ഓരോ രാജ്യവും സമ്പുഷ്ടികരിച്ചുണ്ടാക്കുന്ന ആണവോർജ്ജത്തിന് പരിധിയേർപ്പെടുത്തിയും ആയതു യുദ്ധേതരമായ ശാസ്ത്രീയ പരീക്ഷണങ്ങൾക്കു മാത്രമായി പരിമിതിപ്പെടുത്തിയും രാഷ്ട്രാന്തരീയ നിയമങ്ങൾ പ്രാബല്യത്തിൽ വരുത്തിയിട്ടുമുണ്ട്. അതിനിടയിലാണ് ഇസ്ലാമിക ലോകക്രമം ലക്ഷ്യമിടുന്ന ഇറാൻ ഭരണകൂടം അവരുടെ യുറേനിയം സമ്പുഷ്ടികരണത്തിന്റെ തോത് അറുപതു ശതമാനം പിന്നിട്ടുവെന്ന വാർത്ത ലോകം അറിയുന്നത്. സമ്പുഷ്‌ടീകരണത്തിന്റ ശതമാനം 90 കഴിഞ്ഞാൽ ആണവായുധ നിർമ്മാണം സ്ഥിരീകരിക്കാമെന്നിരിക്കെ അത് പരിശോധിക്കാനുള്ള അന്താരാഷ്ട്ര ഏജൻസി ആയ 
ഐ.എ.ഇ.എ.യുടെ ഇറാൻ സന്ദർശനം മുടന്തൻ ന്യായങ്ങൾ നിരത്തി അവർ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ഇറാന്റെ ആണവോർജ്ജ കേന്ദ്രങ്ങൾ മാത്രം ലക്ഷ്യമാക്കി ഇസ്രായേൽ ഡ്രോണുകൾ ഷെല്ലാക്രമണങ്ങൾ നടത്തി പരസ്യമായ ഒരു യുദ്ധത്തിന് തുടക്കം കുറിച്ചത്. സമ്പുഷ്ടികരണത്തിന്റെ കൃത്യമായ സ്ഥിരീകരണം ബാഹ്യമായ വാർത്താമാധ്യമങ്ങൾക്കു ഇറാനിൽ പ്രവേശനം ഇല്ലാത്തതിനാൽ ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയും ചില പാശ്ചാത്യ മാധ്യമങ്ങളുമാണ് പുറത്തെത്തിക്കുന്നത്. 
                           ഏതു യുദ്ധവും പ്രോത്സാഹജനകമല്ല എന്നിരിക്കെ ഈ യുദ്ധത്തിൽ പ്രത്യേക പക്ഷംപിടിക്കുകയും പുതിയ പാഠഭേദങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന കേരളത്തിന്റെ സ്വന്തം പാഠഭേദങ്ങൾ ലോകമെമ്പാടുമുള്ള മലയാളികളുടെ ശ്രദ്ധയിൽ വരേണ്ടതാണെന്നു കരുതുന്നു. കേരളത്തെ ഇന്ന് ബാധിച്ചിരിക്കുന്ന ഈ വികലബോധത്തിന്റെ ഉറവിടം കമ്മ്യൂണിസ്റ്റ് വരട്ടുവാദവും നെഹ്രുവിയൻ അപ്രായോഗിഗ പാശ്ചാത്യ സോഷ്യലിസ്റ്റ് വീക്ഷണങ്ങളുമാണെന്നു മനസിലാക്കാം. സംവാദങ്ങളിൽ ശരിതെറ്റുകളുടെ തുല്യമായ പ്രാതിനിധ്യം അസാധ്യമാക്കുന്ന ആനുകാലിക അന്തരീക്ഷം കൂടുതൽ കലുഷിതമാക്കുന്നതു ഇടതുപക്ഷ രാഷ്ട്രിയവും ഇസ്ലാം മതവാദവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ്. ഖമേനിയുടെ ഇസ്ലാമിക രാജ്യം സ്വപ്നം കാണുന്ന ജമാ അത്ത് ഇസ്ലാമിയും, അടുത്തകാലത്തുമാത്രം പൊതുജനം അറിഞ്ഞ സമസ്തയും, പലവിധ സുന്നി വിഭാഗങ്ങളും ഒത്തുചേർന്നു ഇടതുപക്ഷ യുവജന പ്രസ്ഥാനങ്ങളെ വരുതിയിലാക്കിയിരിക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികൾ തുടങ്ങിയ വാർത്താ മാധ്യമങ്ങൾ തുടങ്ങി അധ്വാനവർഗ്ഗത്തിന്റ മോചനത്തിനായി ബക്കറ്റു പിരിവിലൂടെ പിറവിയെടുത്ത മാധ്യമങ്ങൾ വരെ ഈ പഠഭേദ അഭ്യാസത്തിൽ അന്യോന്യം മത്സരിക്കുകയാണ്.

 സുരേന്ദ്രൻ നായർ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.