PRAVASI

'കെഎച്ച്എന്‍എ ഫോര്‍ കേരള' : കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കോണ്‍ക്ലേവ് പ്രൗഢം

Blog Image

ന്യൂയോര്‍ക്ക്്: സനാതനധര്‍മ്മ പ്രചരണത്തിനായി അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ രജതജൂബിലി ആഘോഷങ്ങളുടെ മുന്നോടിയായി നടന്ന കേരള കോണ്‍ക്ലേവ് പ്രൗഢവും അര്‍ത്ഥവത്തുമായിരുന്നു. അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ 'കെഎച്ച്എന്‍എ ഫോര്‍ കേരള' എന്ന പേരില്‍ നടന്ന പരിപാടിയില്‍ ആര്‍ഷദര്‍ശനം സാഹിത്യരംഗത്ത് നടത്തിയ സമഗ്ര സംഭാവനകള്‍ക്കുള്ള നാലാമത് ആര്‍ഷദര്‍ശന പുരസ്‌കാരം നിരൂപണരംഗത്തെ മഹാമനീഷി ഡോ. എം. ലീലാവതിക്ക് സമര്‍പ്പിച്ചു. സമഗ്ര സംഭാവനകള്‍ക്കുള്ള ചലച്ചിത്ര പ്രതിഭ പുരസ്‌കാരം നടനും സംവിധായകനുമായ ശ്രീനിവാസന് സമ്മാനിച്ചു.
രജതജൂബിലിയുടെ ഭാഗമായി കേരളത്തിലെ നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് കൈത്താങ്ങാവുന്ന 'സ്‌നേഹോപഹാരം' പദ്ധതിയില്‍ ഒരു കോടി രൂപയുടെ വിതരണവും നടന്നു. പ്രൊഫഷണല്‍ വിദ്യാഭ്യാസം, വിധവാ പെന്‍ഷന്‍, ക്ഷേത്ര കലാകാരന്മാര്‍ക്ക് ക്ഷേമനിധി, വനവാസി സഹായനിധി, സ്ത്രീകള്‍ക്ക് ബിസിനസ് പദ്ധതി, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സഹായം, രോഗിയായ ഗൃഹനാഥനുള്ള കുടുംബങ്ങള്‍ക്ക് സഹായം തുടങ്ങിയ വ്യക്തിഗത സഹായങ്ങള്‍ക്ക് പുറമേ ബാലാശ്രമങ്ങള്‍, സ്‌കൂളുകള്‍, ലൈബ്രറികള്‍, വൃദ്ധസദനങ്ങള്‍, തൊഴില്‍ സംരംഭങ്ങള്‍, സന്നിധാനം പദ്ധതി എന്നിവക്ക് സ്ഥാപനതല ധനസഹായം നല്‍കി.
പ്രവേശികം, ആര്‍ഷം ശ്രേഷ്ഠം, സംഗീതോത്സവം, പ്രൗഢം ഗംഭീരം, സ്‌നേഹോപഹാരം എന്നിങ്ങനെ അഞ്ച് സെഷനുകളായുള്ള കേരള കോണ്‍ക്ലേവ് വിജയകരമായി നടന്നു.വേദി ഉണര്‍ത്തിക്കൊണ്ടുള്ള ഞെരളത്ത് ഹരി ഗോവിന്ദന്റെ സോപാന സംഗീതവും, കലാമണ്ഡലം ശിവരാമനും സംഘവും അവതരിപ്പിച്ച പഞ്ചവാദ്യവും പരിപാടിയുടെ ഉദ്ഘാടനഘടകമായി. കെഎച്ച്എന്‍എ തീം സോങ്ങിനെ തുടര്‍ന്ന് ആര്‍ഷദര്‍ശന പുരസ്‌കാര സമര്‍പ്പണ ചടങ്ങ് നടന്നു. പുരസ്‌കാര സമിതി കോചെയര്‍ സുരേന്ദ്രന്‍ നായരുടെ സ്വാഗത പ്രസംഗത്തിനുശേഷം വിശിഷ്ടാതിഥികളും ഭാരവാഹികളും ചേര്‍ന്ന് ഭദ്രദീപം തെളിച്ചു. 'ആര്‍ഷദര്‍ശനം സാഹിത്യത്തില്‍' എന്ന വിഷയത്തില്‍ നിരൂപകന്‍ ഡോ. എം. തോമസ് മാത്യു പ്രഭാഷണം നടത്തി. സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ ആര്‍ഷദര്‍ശന പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. കെഎച്ച്എന്‍എ പ്രസിഡന്റ് ഡോ. നിഷ പിള്ള പുരസ്‌കാരം സമ്മാനിച്ചു. ഡോ. എം. ലീലാവതിക്കു വേണ്ടി മകന്‍ എം. വിനയകുമാര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, സൂര്യകൃഷ്ണമൂര്‍ത്തി, പത്മശ്രീ സഞ്ജയ് സഗ്‌ദേവ്, അഡ്വ. എസ്. ജയശങ്കര്‍, കെഎച്ച്എന്‍എ ഭാരവാഹികളായ മധു ചെറിയേടത്ത്, രഘുവരന്‍ നായര്‍, മുന്‍ അധ്യക്ഷന്മാരായ മന്മഥന്‍ നായര്‍, അനില്‍കുമാര്‍ പിള്ള, വെങ്കിട് ശര്‍മ്മ, എം ജി മേനോന്‍, ടി എന്‍ നായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഡോ. സുകുമാര്‍ കാനഡ രചിച്ച 'കൈലാസ ദര്‍ശനം' പുസ്തകം സി. രാധാകൃഷ്ണന്‍ പ്രകാശനം ചെയ്തു. രാധാകൃഷ്ണന്‍ നായര്‍ ചിക്കാഗോ നന്ദിപറഞ്ഞു.
സുഗതകുമാരി കവിതകള്‍ കോര്‍ത്തിണക്കി മണക്കാല ഗോപാലകൃഷ്ണനും സംഘവും അവതരിപ്പിച്ച 'സുഗത സംഗീതം' വേറിട്ട അനുഭവമായി. ദിവ്യാ നായര്‍, സിജു കുമാര്‍, ആതിര ജനകന്‍ എന്നിവര്‍ 'റിഥംസ് ഓഫ് ദ എപ്പിക്‌സ്' എന്ന പേരില്‍ നടത്തിയ ഫ്യൂഷന്‍ സംഗീതം ശ്രവണസുഖം നല്‍കി.
പ്രേൗഢം ഗംഭീരം എന്ന പേരിട്ട ചടങ്ങിലാണ് കെഎച്ച്എന്‍എ ചലച്ചിത്ര പുരസ്‌കാരം ശ്രീനിവാസന് സമ്മാനിച്ചത്. സ്ഥാപക പ്രസിഡന്റ് മന്മഥന്‍ നായര്‍ ഷാള്‍ അണിയിച്ചു. ഡോ. നിഷ പിള്ള പുരസ്‌കാരം നല്‍കി. കുമ്മനം രാജശേഖരന്‍ അധ്യക്ഷ പ്രസംഗം നടത്തി. ഡോ. രഞ്ജിത് പിള്ള, കുട്ടി മേനോന്‍, വീണ പിള്ള എന്നിവര്‍ സംസാരിച്ചു. സൂര്യാ കൃഷ്ണ മൂര്‍ത്തി, ഡോ. ഇന്ദിരാ രാജന്‍ എന്നിവര്‍ക്ക് പ്രത്യേക ആദരവ് നല്‍കി.ശബരിമലയിലെത്തുന്ന ഭക്തര്‍ക്കു ഭക്ഷണം നല്‍കാന്‍ കെഎച്ച്എന്‍എ സ്വരൂപിച്ച സന്നിധാനം നിധി പദ്ധതിയെക്കുറിച്ച് ട്രഷറര്‍ രഘുവരന്‍ നായര്‍ സംസാരിച്ചു. മുന്‍ പ്രസിഡന്റ് എം.ജി. മേനോന്‍ സന്നിധാനം നിധി കുമ്മനം രാജശേഖരന് കൈമാറി.മാധ്യമ പ്രവര്‍ത്തകരായ അഡ്വ. എസ്. ജയശങ്കര്‍,രാജേഷ് പിള്ള, ശ്രീജിത്ത് പണിക്കര്‍, വായുജിത്ത്, എന്നിവര്‍ക്ക് യഥാക്രമം ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ രഞ്ജിനി പിള്ള, സോമരാജന്‍ നായര്‍, കേരള കോര്‍ഡിനേറ്റര്‍ പി ശ്രീകുമാര്‍ എന്നിവര്‍ പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു.
സ്‌നേഹോപഹാരം ചടങ്ങിലായിരുന്നു ഒരു കോടിയുടെ സേവാ പദ്ധതികളുടെ ധനസഹായ വിതരണം. സ്ഥാപനങ്ങള്‍ക്ക് സഹായ വിതരണത്തില്‍ മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ പങ്കെടുത്തു. ഡോ. വേണുഗോപാല്‍ മേനോന്‍ (പ്രൊഫഷണല്‍ വിദ്യാഭ്യാസം), ഡോ. ജയരാമന്‍ (വിധവാ പെന്‍ഷന്‍), രാം നായര്‍ (ആരോഗ്യ പ്രശ്‌നങ്ങളുള്ള കുടുംബം), മധു ചെറിയേടത്ത് (ദിവ്യാംഗര്‍), ഗോവിന്ദന്‍ നായര്‍ (ക്ഷേത്രകലാകാരന്മാര്‍), കുട്ടിമേനോന്‍ (ബിസിനസ് പദ്ധതി) എന്നിവരും ധനസഹായ വിതരണം ചെയ്തു. സേവാ പദ്ധതിയുടെ മുഖ്യ പ്രായോജകരായ ഗോപാലകൃഷ്ണന്‍ നായര്‍(തറവാട് ഹോംസ്) ഡോ. മധു ചെറിയേടത്ത്, ഡോ. ജയ് കെ രാമന്‍, അപ്പന്‍ മേനോന്‍, ഹരിപിള്ള എന്നിവരെ വി മുരളീധരന്‍ കെ എച്ച് എന്‍ എ മെമെന്റോ നല്‍കി ആദരിച്ചു.പത്മശ്രീ ഡോ. സഞ്ജയ് സഗ്‌ദേവ് മുഖ്യപ്രഭാഷണം നടത്തി. സേവാ ഫോറം ചെയര്‍മാന്‍ ഡോ. ജയ്‌കെ രാമന്‍ സ്വാഗതവും കെഎച്ച്എന്‍എ ജനറല്‍ സെക്രട്ടറി മധു ചെറിയേടത്ത് നന്ദിയും പറഞ്ഞു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.