കോഴിക്കോട് രണ്ട് വര്‍ഷങ്ങൾക്കിടെ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ സമാനമായ മരണത്തില്‍ പരാതിയുമായി പിതാവ്. ഭാര്യയേയും ഭാര്യ വീട്ടുകാരേയും സംശയ നിഴലിലാക്കുന്ന ആരോപണങ്ങളാണ് പിതാവ് ഉയര്‍ത്തുന്നത്. പൊക്കുന്ന് സ്വദേശി നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദ് ആണ് കഴിഞ്ഞ രാത്രി മരിച്ചത്. എട്ടു മാസം മാത്രം പ്രായമുള്ള കുട്ടി ഷാംപു കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുരുങ്ങിയാണ് മരിച്ചത്. കോട്ടപ്പറമ്പ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
നിസാറിന്റെ മൂത്ത കുട്ടി രണ്ടു വർഷം മുമ്പ് മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങിയാണ് മരിച്ചത്. 14 ദിവസം മാത്രം പ്രായമുള്ളപ്പോൾ ആയിരുന്നു അത്. ഇപ്പോഴത്തെ മരണവും ഭാര്യയുടെ വീട്ടില്‍ വച്ചാണ് ഉണ്ടായത്. ഇതിൽ സംശയം ഉന്നയിച്ചാണ് നിസാര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
ഇളയകുട്ടി മുമ്പ് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചു വീണിരുന്നു. അന്നും കൃത്യമായി കുട്ടിക്ക് ചികിത്സ നല്‍കിയല്ല. ആശുപത്രിയില്‍ എത്തിക്കാന്‍ വൈകി. എല്ലാവരും ഒന്നിച്ച് യാത്ര ചെയ്തിട്ടും കുട്ടി മാത്രം എങ്ങനെ ഓട്ടോറിക്ഷയില്‍ നിന്നും വീണു എന്ന ചോദ്യവും നിസാര്‍ ഇപ്പോൾ ഉയര്‍ത്തുന്നുണ്ട്.
കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ റിപ്പോര്‍ട്ട് കൂടി പരിശോധിച്ച ശേഷം വിശദമായി അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം. നിസാറിന്റെ പരാതിയില്‍ കോഴിക്കോട് ടൗണ്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല.