PRAVASI

അന്‍വറിന് നല്ല മനസുണ്ടെങ്കില്‍ മാത്രം യുഡിഎഫിനെ പിന്തുണച്ചാല്‍ മതി;ആര്യാടന്‍ ഷൗക്കത്ത് തന്നെയാവും യു ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി

Blog Image

ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നിലമ്പൂരില്‍ മുന്‍ എംഎല്‍എയും തൃണമൂല്‍ നേതാവുമായ പിവി അന്‍വറിന്റെ ഭീഷണിക്കോ സമ്മര്‍ദ്ദത്തിനോ വഴങ്ങേണ്ടതില്ലെന്ന് കോണ്‍ഗ്രസില്‍ ധാരണ. നിലപാടുകളില്‍ സ്ഥിരതയില്ലാത്ത അന്‍വറിന് നല്ല മനസുണ്ടെങ്കില്‍ മാത്രം യുഡിഎഫിനെ പിന്തുണച്ചാല്‍ മതി എന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത് . ആര്യാടന്‍ ഷൗക്കത്ത് തന്നെയാവും യു ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി. ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം ധാരണയില്‍ എത്തിയിട്ടുണ്ട്. ഇന്ന് തന്നെ പ്രഖ്യാപനവും ഉണ്ടാകും.

ഇന്ന് കൊച്ചിയിലുണ്ടായിരുന്ന കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കള്‍ ചര്‍ച്ച ചെയ്ത് ആര്യാടന്‍ ഷൗക്കത്ത് എന്ന ഒറ്റപ്പേരിലേത്തി എന്നാണ് സൂചന. നിലമ്പൂരിലെ വോട്ടര്‍മാരില്‍ 46 ശതമാനം വരുന്ന മുസ്ലീം വിഭാഗത്തെ വിശ്വാസത്തിലെടുത്തു കൊണ്ടുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. സണ്ണി ജോസഫ് കെപിസിസി അധ്യക്ഷനായ സാഹചര്യത്തില്‍ വീണ്ടും ക്രൈസ്തവ പ്രീണനം നടത്തുന്നു എന്ന ആരോപണത്തിന്റെ മുന ഒടിക്കുന്നതിന് പുതിയ നീക്കം സഹായിക്കു മെന്നാണ് കോണ്‍ഗ്രസിന്റ വിലയിരുത്തല്‍. കോണ്‍ഗ്രസ് തീരുമാനിക്കുന്ന സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ഇന്നലെ ഉച്ചക്ക് സണ്ണി ജോസഫിനേയും പ്രതിപക്ഷ നേതാവ് വിഡി സതീശനേയും ഫോണിലൂടെ അറിയിക്കുകയും തൊട്ടുപിന്നാലെ മാധ്യമങ്ങളോടും പറഞ്ഞ അന്‍വര്‍ ഇന്ന് രാവിലെ പ്ലേറ്റ് മാറ്റിയതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത അമര്‍ഷത്തിലാണ്.

കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കി കാര്യം നേടാമെന്ന തന്ത്രം ഒരു കാരണവശാലും അംഗീകരിക്കേണ്ട എന്ന കടുത്ത നിലപാടിലാണ് പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും. ഇപ്പോള്‍ അന്‍വറിന് വഴങ്ങിയാല്‍ പിന്നീട് അദ്ദേഹം നിരന്തരം പാരയായി മാറുമെന്ന് അവര്‍ കരുതുന്നു. കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യത്തില്‍ കേറി ഇടപെടാനുള്ള അന്‍വറിന്റെ നീക്കത്തിനോട് അതേ നാണയത്തില്‍ തന്നെ പ്രതികരിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചുരുങ്ങിയത് 27,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ തട്ടിവിട്ട അന്‍വര്‍ നേരം വെളുത്തപ്പോള്‍ മാറ്റിപ്പറയുന്നതിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് വിയോജിപ്പ്. ക്രെഡിബിലിറ്റി തീരെ ഇല്ലാത്ത അന്‍വര്‍ മറ്റൊരു മാന്‍ഡ്രേക്ക് ആയി മാറാനുള്ള സകല സാധ്യതയും കോണ്‍ഗ്രസ് മുന്‍കൂട്ടി കാണുന്നുണ്ട്.
ആര്യാടന്‍ ഷൗക്കത്തിന്റെ കാര്യത്തില്‍ തീരുമാനമായ സാഹചര്യത്തില്‍ എഐസിസിയുടെ ഔപചാരിക പ്രഖ്യാപനത്തിന് കാത്തിരിക്കയാണ് കെപിസിസിയും യുഡിഎഫും.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.