അമ്മയുടെ മുലപ്പാൽ നുണഞ്ഞുകൊണ്ടിരുന്ന കുരങ്ങൻകുഞ്ഞു പതിയെ കണ്ണുതുറന്നുനോക്കി ഹാ .. അതാആകാശം എന്തുരസമാ വെള്ളയും നീലയും, ഇടക്കൊക്കെ ഇളം ചുവപ്പും, കറുപ്പും കലർന്ന പുകച്ചുരുളുപൊലെ കാർമേഘങ്ങൾ . ഇടയ്ക്കിടെ ഏഴുനിറമുള്ള മഴവില്ലതുവേറെയും . പിന്നെ വേണമെങ്കിൽ മിന്നലായി, ഇടിയുടെ ശബ്ദമായി. ഇതൊക്കെ ഒന്നടുത്തുപോയി കാണാൻ സാധിച്ചിരുന്നെങ്കിൽ അവൻ ചിന്തിച്ചു. അവന്റെ 'അമ്മ അവനെ മുറുക്കെ പിടിച്ചിരിക്കുകയാണ് . അതാ കുറെ കുരുവികുഞ്ഞുങ്ങൾ താനിരിക്കുന്ന മരച്ചില്ലയിൽ തന്നനംകളിച്ചുനടന്നിട്ട് അവനെ കൊതിപ്പിച്ചുകൊണ്ട് ആകാശത്തേക്ക് പറന്നുപോയി. അവൻ മുകളിലേക്ക് നോക്കി പലതരത്തിലുള്ള കിളികൾ യദേഷ്ടം ആകാശത്തുകൂടെ പറന്നുനടക്കുന്നു. അങ്ങകലെ ചെറിയപൊട്ടുകൾപോലെ പരുന്തിൻകുഞ്ഞുങ്ങൾ പറന്നുനടക്കുന്നു. എന്ത് രസമാ ഈ ആകാശം.
അവന്റെ കുഞ്ഞുമനസ്സു കേണു അവർക്കെല്ലാം ആകാശത്തുകൂടെ യദേഷ്ടം പറന്നുനടക്കാം എന്നാൽ തനിക്കുമാത്രം ഈ മരക്കൊമ്പുശരണം. താഴെ ഭൂമിയിൽ ഇറങ്ങിയാൽ പലതരത്തിലുള്ള മൃഗങ്ങൾ , പിന്നെ മനുഷ്യർ, ആഹാരം തേടാൻ പോലും ബുദ്ധിമുട്ടാണ്.
അവൻ അമ്മയോടവൻറെ സങ്കടംപറഞ്ഞു. 'അമ്മ അവനോടുപറഞ്ഞു നമ്മൾമരംചാടികളാണ് നമുക്ക് മറ്റുപക്ഷികളെ പോലെ ചിറകുകളില്ലല്ലോപറക്കാൻ . എന്നാൽ മരച്ചില്ലകളിലും വള്ളികളിലും ചാടിമറിയാനും കയറാനും ഇറങ്ങാനും നമ്മളെപ്പോലെ മറ്റാർക്കും കഴിയില്ല. ഭൂമിയിൽ മരങ്ങൾ ഉള്ളിടത്തോളം നമുക്ക് ഒരുകുഴപ്പവും ഉണ്ടാകില്ല. ആകാശത്തു പറന്നുനടക്കുന്ന ഈ കിളികൾ പോലും മരങ്ങളിലാണ് കൂടുകൂട്ടുന്നതും ചേക്കേറുന്നതും. അതിനാൽ ദൈവം തന്നിരിക്കുന്ന കഴിവുകളെയോർത്തു നന്ദിപറഞ്ഞുകൊണ്ടും നമ്മുടെ പരിമിതികൾ മനസ്സിലാക്കിയും സന്തോഷത്തോടെ ജീവിക്കാം .
അമ്മകുരങ്ങൻ പറഞ്ഞുകൊടുത്തതെല്ലാം അവനു ബോധ്യമായി. എങ്കിലും ആകാശം അവനൊരു സ്വപ്നമായി നിലകൊണ്ടു. തനിക്കു ചിറകുകൾ മുളക്കുന്നതും ആകാശത്തുകൂടെ പറന്നുനടക്കുന്നതും അവൻ സ്വപ്നംകണ്ടു. ഇന്ന് അവനിരിക്കുന്ന മരത്തിന്റെ താഴെ വലിയ ഉത്സവം നടക്കുകയാണ്. ചിന്തിക്കടക്കാരുടെയും, ബലൂൺകച്ചവടക്കാരുടെയും, കുട്ടികളുടേയുമൊക്കെ വലിയ ഒച്ചയും ബഹളവുമാണ്. കുഞ്ഞു കുട്ടികളുടെകയ്യിൽനിന്നും പിടിവിട്ടുപോയ ചില ബലൂണുകൾ ആകാശത്തേക്ക് ഉയർന്നുപൊങ്ങുന്നതുകാണുമ്പോൾ അവനോർക്കും ആ ബലൂണുകളുടെ അറ്റത്തൊന്നു പിടികിട്ടിയിരുന്നെങ്കിൽ ആകാശത്തേക്ക് ഉയർന്നുപോകാമായിരുന്നു അങ്ങനെ തനിക്കൊന്ന് പറക്കാനാകുമായിരുന്നു എന്ന്.
അങ്ങനെയിരിക്കുമ്പോഴാണ് അവൻ ഇരിക്കുന്ന വലിയമരത്തിന്റെ ഒരുവശത്ത് കുറേ ബലൂണുകൾഒന്നിച്ചുകൂട്ടികെട്ടിയത് മരച്ചില്ലയിൽതട്ടി തങ്ങിനില്ക്കുന്നത് അവന്റെ ശ്രദ്ധയിൽപെട്ടത്. ഏതോ ബലൂൺകച്ചവടക്കാരന്റെ കയ്യിൽനിന്നും അബദ്ധത്തിൽ കൈവിട്ടുപോയതായിരിക്കുംതീർച്ച . അല്ലെങ്കിൽ ഇത്രയധികം ബലൂണുകൾ ഒരുമിച്ചെങ്ങനെയാ വന്നത്. ആ ബലൂണുകളാണെങ്കിൽ എങ്ങനെയെങ്കിലും ഒന്നുടക്കുവിട്ട് മുകളിലേക്കുയരുവാൻ വെമ്പൽ കൊള്ളുകയാണ്. അവൻ ഓടി ചാടി ചില്ലകൾക്കിടയിലൂടെ ആ ബലൂണുകളുടെ അടുക്കലെത്തി കഷ്ട്ടപെട്ട് ആ ബലൂണുകളുടെ ചരടുകളെ ഉടക്കികിടന്ന കൊമ്പുകൾക്കിടയിൽനിന്നും മോചിപ്പിച്ചു. അവതമ്മിൽതമ്മിൽ ബന്ധിച്ചിരുന്നതിനാൽ ഒരുമിച്ചു മുകളിലേക്കുയരാൻ തുടങ്ങി. ഇതിനിടെ ഏതോഒരുചരടിലെ കുടുക്ക് അവന്റെ കുഞ്ഞു വിരലുകൾക്കിടയിൽ ഉടക്കിയിരുന്നു അതിൽനിന്നും വിരൽഊരുന്നതിനുമുന്നേതന്നെ ബലൂണുകൾ ഉയരാൻ തുടങ്ങി. കൂടെ അവനും മെല്ലെമെല്ലെ ഉയരാൻ തുടങ്ങി. അവനാദ്യം അത്ഭുതമാണ് തോന്നിയത് അതോടൊപ്പം സന്തോഷവും.
ബലൂണിൽ തൂങ്ങി ആകാശത്തേക്കുയരാൻ തുടങ്ങിയകുട്ടികുരങ്ങനെനോക്കി താഴെ നിന്ന കുട്ടികളും മുതിർന്നവരുമായ മനുഷ്യർ കയ്യടിക്കാൻ തുടങ്ങി. ബഹളം കേട്ട് ധരാളം ആൾക്കാർ ഓടിക്കൂടി. ഒപ്പം അത്ഭുതക്കാഴ്ച പകർത്താൻ വീഡിയോക്കാരും ഓടിക്കൂടി. ആദ്യമാദ്യം ആ കയ്യടികൾ വലിയപ്രോൽസാഹനമായി അവനുതോന്നി . അവനത് ആസ്വദിച്ചു അതിൽ അഭിമാനിച്ചു. അങ്ങനെ അവൻ കൂടുതൽ ഉയരത്തിലേക്ക് പൊങ്ങിപ്പോയി. എന്നാൽ അവൻ അപകടത്തിൽ പെട്ടുപോയിയെന്നു പിന്നീടാണവന് മനസ്സിലായത്. അവന്റെ 'അമ്മ ഉയരത്തിൽ അവനെ രക്ഷിക്കാൻ ചാടിനോക്കി അപ്പോഴേക്കും വൈകിയിരുന്നു. ബലൂണുകൾ അവനെയുംകൊണ്ട് വളരെ ഉയരത്തിൽ എത്തിയിരുന്നു. ഉടക്കിൽനിന്ന് ഒന്ന്കയ്യൂരാൻ അവനൊട്ടുസാധിക്കുന്നുമില്ല പേടിച്ചവൻ താഴോട്ട്നോക്കിനിലവിളിച്ചു. താഴെമരച്ചില്ലയിലുള്ള മറ്റു കുട്ടികുരങ്ങുകൾ അവനെ അസ്സൂയയോടെനോക്കി കാരണം ഉയരത്തിലെ ആകാശം അവർക്കും സ്വപ്പ്നമായിരുന്നു. അവർക്കറിയില്ലല്ലോ അതിലെ അപകടം.
കുട്ടികുരങ്ങന് ശ്വാസംമുട്ടുന്നതായിത്തോന്നി അവൻ കിടന്നു പിടയാൻ തുടങ്ങി. ആ പിടച്ചിലിനിടെ എപ്പോഴോ അവന്റെ വിരലുകൾ ചരടുകളിലെ ആഉടക്കിൽ നിന്നും പുറത്തുവന്നു. ഭാഗ്യംഎന്ന് അവൻകരുതി .പക്ഷെ അവൻ മുകളിലേക്ക് പോയതിന്റെ പതിന്മടങ്ങു വേഗത്തിൽ താഴോട്ടുപോരുകയാണ് ആ പോരിച്ച കണ്ടപ്പോഴും താഴെനിന്നകുട്ടികളും മുതിർന്നവരും കയ്യടിച്ചു വീഡിയോക്കാർ ആഘോഷത്തോടെ അവരതു ക്യാമറയിൽ പകർത്തുകയും ചെയ്തു. മരത്തിലെ മറ്റുകുരങ്ങന്മാർക്കും അതൊരു തമാശ മാത്രമായിരുന്നു. അധികം താമസ്സിച്ചില്ല അവൻ ശക്തിയോടെ ആ മരചില്ലകൾക്കിടയിലേക്കു വന്നുപതിച്ചു . വലുതും ചെറുതുമായ പല ചില്ലകളിൽ തട്ടിയും മുട്ടിയും ഉരഞ്ഞും തഴോട്ടുപോരുകയാണ്. താഴെ ഉള്ളവരുടെ കയ്യടി ഉച്ചത്തിലായി. ഭാഗ്യം നിലത്തുപതിക്കുന്നതിനുമുന്പായി ഏതോ ഒരുമരച്ചില്ലയിൽ അവനുപിടിത്തംകിട്ടി, അല്ല അവൻ അവിടെ കുരുങ്ങിയതാണ് . അപ്പോഴേയ്ക്കും എവിടെനിന്നോ ഓടിവന്ന അവന്റെ'അമ്മ അവനെ ആ കുരുക്കിൽനിന്നും രക്ഷപെടുത്തി മുകളിലുള്ള ചില്ലയിലേക്ക് എടുത്തുകൊണ്ടുപോയി. അവന്റെ ദേഹത്ത് മുഴുവൻ ചോര ഒലിക്കുന്നുണ്ടായിരുന്നു അതെല്ലാം തൂത്തും നക്കിയും തുടച്ചിട്ടവൾ അവനെ തന്നോട് ചേർത്തുപിടിച്ചു. അവനാമാറിൽ കിടന്ന് ക്ഷീണിച്ചുഉറങ്ങിപ്പോയി.
ഉറക്കമുണർന്ന കുട്ടികുരങ്ങനോട് ആ 'അമ്മ സ്നേഹത്തോടെ ചോദിച്ചു എങ്ങനെയുണ്ടായിരുന്നു കുഞ്ഞിന്റെ ആകാശയാത്ര ? മെല്ലെ നടുവും പുറവും തിരുമ്മിക്കൊണ്ടവൻപറഞ്ഞു അങ്ങോട്ടുള്ളയാത്ര ഉഗ്രനായിരുന്നു. ധരാളം കയ്യടിയും പ്രോൽസാഹനവും കിട്ടി . തിരിച്ചുള്ളവരവിനും കയ്യടിയുണ്ടായിരുന്നു എങ്കിലും എന്റെ നടുവ് ഓടിക്കുന്നതായിരുന്നുആ വരവ്. അമ്മപറഞ്ഞു ഭാഗ്യം നീ നിലത്തുവീഴാതിരുന്നത് എങ്കിൽ ആ കയ്യടിച്ചവർ തന്നെ നിന്നെ തല്ലികൊന്നേനെ, അതുപറഞ്ഞുകൊണ്ടവൾ അവൻറെ മേല് തിരുമ്മിക്കൊടുക്കുകയും മുറിവ് ഊതിക്കൊടുക്കുകയും അവനെ കൂടുതൽ തന്നോട് ചേർത്തുപിടിക്കുകയും ചെയ്തു.

മാത്യു ചെറുശ്ശേരി

