PRAVASI

ലാന റീജണൽ കൺവെൻഷൻ സമാപിച്ചു

Blog Image

വാഷിങ്ങ്ടൺ ഡിസി. :- സെപ്തംബർ 25 വെള്ളിയാഴ്ച മുതൽ 27 ഞായറാഴ്ച വരെ വാഷിങ്ങ്ടൺ ഡിസി. ഏരിയായിൽ നടന്ന ത്രിദിന റീജണൽ കൺവെൻഷൻ സമാപിച്ചു. വെർജീനിയയിലെ  ലീസ്ബർഗ്  കാരഡോക് ഹാൾ ഹോട്ടലിൽ ആണ് സമ്മേളനം നടന്നത്. 

ഈയിടെ അന്തരിച്ച, ലാനയുടെ  ആദ്യകാല  ഭാരവാഹികളിലൊരാളും പ്രശസ്‌ത സാഹിത്യകാരനുമായ  ശ്രീ ജോർജ് മണ്ണിക്കരോട്ടിനോടുള്ള ആദരസൂചകമായി 'ജോർജ് മണ്ണിക്കരോട്ട് നഗർ' എന്ന്  സമ്മേളനവേദിക്ക്  പേരിട്ടിരിക്കുന്നു.

സമകാലീക മലയാള എഴുത്തുകാരിൽ മുൻനിരയിലുള്ള, പ്രഗത്‌ഭ കഥാകൃത്ത് സക്കറിയ,  നോവലിസ്റ്റ്  വി. ജെ. ജെയിംസ് പ്രശസ്‌ത എഴുത്തുകാരിയും അധ്യാപികയുമായ ഡോ. അനിത നഹാൽ എന്നിവരാണ് നേതൃത്വം നൽകിയത്.

ലാനയുടെ ചരിത്രത്തിലാദ്യമായിട്ടാണ് അമേരിക്കൻ തലസ്ഥാന നഗരിയിൽ കൺവെൻഷൻ നടന്നത്. പല പ്രത്യേകതകളും നിറഞ്ഞ ഒരു കൺവെൻഷനായിരുന്നു നടന്നത്.  പ്രകൃതിയും സംവിധാനവും അനിവാര്യതയും എല്ലാം കൂടിക്കുഴഞ്ഞു നടനമാടിയ ഒരുത്സവം. ലാന മെമ്പർമാരുടെയും സാഹിത്യ സ്നേഹികളുടെയും സുഹൃത്തുക്കളുടെയും  ബ്രഹുത്തായ പങ്കാളിത്തം പ്രത്യേകം ശ്രദ്ധേയമായിരുന്നു.

ഇതിലെ ശ്രദ്ധേയമായ മറ്റൊരു  കാര്യം പ്രശസ്‌ത എഴുത്തുകാരിയും അധ്യാപികയുമായ ഡോ. അനിത നഹാൽ  നയിച്ച  ഇംഗ്ലീഷ് സെഷനായിരുന്നു. സാഹിത്യതല്പരതയുള്ള നമ്മുടെ യുവതലമുറയെ ആകർഷിക്കാൻ, ആ വഴിയിൽ വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകാൻ ഈ ക്ളാസ്സ് സഹായിച്ചു. 

ഈയിടെ അന്തരിച്ച എഴുത്തുകാരായ ജോർജ് മണിക്കരോട്ടിനെയും പി. ടി. പൗലോസിനെയും മൗനമായി അനുസ്മരിച്ചുകൊണ്ട് വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് പ്രശസ്ത കഥാകൃത്ത് ശ്രീ പോൾ സക്കറിയ കൺവെൻഷൻ ഉത്‌ഘാടനം ചെയ്‌തു. തുടർന്ന്‌ നോവലിസ്റ്റ് വി. ജെ. ജെയിംസ്  'നിരീശ്വരതയിലെ ആത്മീയത' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് ലാനാ ഭാരവാഹികളും മുൻ പ്രസിഡന്റുമാരും ആശംസകൾ നേർന്നു.

ദേവകി പുല്ലാഞ്ഞോടൻ വിശ്വദർശനം എന്ന കവിത ചൊല്ലി. അത്താഴശേഷം നടന്ന കവിതാ പാനൽ ചർച്ചയിൽ ജയൻ കെ. സി., സന്തോഷ് പാലാ, തെരേസ ടോം, രാജു തോമസ്, ഉഷാ നായർ, ഉമാ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. 'വായനക്കാരൻ മാറുമ്പോൾ കവിതയും മാറുന്നുണ്ടോ' എന്നതായിരുന്നു വിഷയം

മഹാകവി ജി ശങ്കരക്കുറുപ്പിന്റെ കവിത വിശ്വദർശനം ആലപിച്ചുകൊണ്ട് കവിതാസായഹനം അരങ്ങേറി. അതേത്തുടർന്നുള്ള കാവ്യനിശയിൽ ലാനയിലെ അംഗങ്ങൾ തങ്ങളുടെ കവിതകൾ ചൊല്ലി.

ശനിയാഴ്ച്ച രാവിലെ 9 മണിക്ക് ന്  ശ്രീ ജോർജ് മണ്ണിക്കരോട്ടിനെ അനുസ്മരിച്ച് മീനു എലിസബത്തും, ശ്രീ പി. ടി. പൗലോസിനെ അനുസ്മരിച്ച് രാജു തോമസും സംസാരിച്ചു.

തുടർന്നു നടന്ന  ചെറുകഥാ സെഷനിൽ കഥാകൃത്ത് ശ്രീ പോൾ സക്കറിയ ആമുഖ പ്രഭാഷണം നടത്തി. ലാനയിലെ അംഗങ്ങൾ  സമർപ്പിച്ചിരുന്ന കഥകൾ വായിച്ച് ശ്രീ വി. ജെ. ജെയിംസ് വിലയിരുത്തി. അതേത്തുടർന്നുണ്ടായ പാനൽ ചർച്ചയിൽ 'കുടിയേറ്റ ഭൂമിയിലെ കഥകളുടെ പരിണാമം' എന്ന വിഷയത്തിൽ അനിലൻ ശ്രീനിവാസൻ, ഫിലിപ്പ് തോമസ്, കെ. വി. പ്രവീൺ, റഫീഖ് തറയിൽ, രാജേഷ് തെക്കൻമാർ, ഷാജു ജോൺ, ദിവ്യ മേനോൻ എന്നിവർ സംസാരിച്ചു.  

തുടർന്ന് 'മലയാള നോവൽ കേരളത്തിനപ്പുറം' എന്ന വിഷയം ഷീല എം. പി., മനോഹർ തോമസ്, ജോൺ ഇളമത, സാംസി കൊടുമൺ, ബാജി ഓടംവേലി, അബ്‌ദുൾ പുന്നയൂർക്കുളം, അശോക് കുമാർ, അഭിനാഷ് തുണ്ടുമണ്ണിൽ എന്നിവർ ചർച്ചയിൽ പെങ്കെടുത്തു സംസാരിച്ചു.

നമ്മുടെ രണ്ടാം തലമുറയെക്കൂടി ഉൾപ്പെടുത്താൻ, സാഹിത്യ തൽപ്പരരായ കുട്ടികൾക്ക് പ്രോത്സാഹനവും, മാർഗനിർദേശവും നൽകാൻ സഹായകമാകുന്ന, ലാനയെ ഒരു പുതു ദിശയിലേക്കു നയിക്കുന്ന ഇംഗ്ലീഷ് സെഷൻ ആയിരുന്നു. എഴുത്തുകാരിയും അദ്ധ്യാപികയുമായ ഡോ. അനിത നഹാൽ നയിച്ച ചർച്ചയിൽ ഏതാണ്ട് 25 കുട്ടികൾ പെങ്കെടുത്തു. കുട്ടികൾക്കൊപ്പം മാതാപിതാക്കളും പെങ്കെടുത്ത ഈ സെഷൻ ലാനയുടെ ദീർഘ വീക്ഷണത്തിന്റെ മുന്നോടിയാണ്. ഇവിടെ ഭാഷയും സാഹിത്യവും ഒപ്പം തലമുറകളെയും സമന്വയിപ്പിക്കാനുള്ള ഒരു മാർഗമാണിത്.

ഹാസ്യസാഹിത്യ ചർച്ചയ്ക്കും ചിരിയരങ്ങിനും രാജു മൈലപ്ര, ജയന്ത് കാമിച്ചേരിൽ, ജോൺ ഇളമത, സന്തോഷ് പിള്ള എന്നിവർ നേതൃത്വം നൽകി

പുതിയ നാല് മലയാളം പുസ്തകങ്ങളുടെയും മൂന്ന് ഇംഗ്ളീഷ് പുസ്തകങ്ങളുടെയും പ്രകാശനം സമ്മേളനത്തിൽ നടന്നു. ഈ വർഷം പ്രസിദ്ധീകരിച്ച ലാന അംഗങ്ങളുടെ ആറു പുസ്തകങ്ങൾ സമ്മേളനത്തിൽ വിശദമായി പരിചയപ്പെടുത്തി. അമേരിക്കയിലെ മലയാളം എഴുത്തുകാരുടെ പുസ്തകങ്ങളുടെ വിപുലമായ ശേഖരമുള്ള സഞ്ചരിക്കുന്ന ലൈബ്രറിയുടെ പുസ്തക പ്രദർശനവും സമ്മേളന ഹാളിൽ ഉണ്ടായിരുടുന്നു.

കേരള ലിറ്റററി സൊസൈറ്റിയുടെ മനയിൽ ജേക്കബ് കവിതാ പുരസ്‌കാരം റഹിമാബി മൊയ്തിനും, എബ്രഹാം തെക്കേമുറി കഥാപുരസ്‌കാരം അനിലാൽ ശ്രീനിവാസനും, കെ.എൽ.എസ് പ്രത്യേകജൂറി കഥാപുരസ്കാരവും ദിവ്യ മേനോനും സമ്മേളനത്തിൽ വെച്ച് സമ്മാനിച്ചു.

പി, സി, നായർ, നീന പനയ്‌ക്കൽ, സലിൻ ശങ്കർ എന്നിവരെ സമാപന സമ്മേളനത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു. ഉദ്ഘാടനസമ്മേളനത്തിലും സമാപന സമ്മേളനത്തിലും എഴുത്തുകാരി സിനി പണിക്കർ അവതാരകയായിരുന്നു.   

ശനിയാഴ്ച വൈകിട്ട് നടന്ന കലാസന്ധ്യയിൽ അപർണ പണിക്കർ ലളിതഗാനം ആലപിച്ചു. ഗീതു നിർമ്മലും സംഘവും നാടകഗാനാവിഷ്കാരം നടത്തി. പ്രവീൺ കുമാർ, സന്തോഷ് തുരുത്തി, വിജിൽ ബോസ് എന്നിവർ ചേർന്ന് 'തീൻ മേശയിലെ ദുരന്തം' എന്ന നാടകം അവതരിപ്പിച്ചു.

27 ഞായറാഴ്ച നടന്ന ലാന പൊതുയോഗത്തിൽ സെക്രട്ടറി നിർമ്മല ജോസഫ് ലാനയുടെ വാർഷിക റിപ്പോർട്ടും ട്രഷറർ ഹരിദാസ് തങ്കപ്പൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. അടുത്ത വർഷത്തെ ലാന ദൈവാർഷിക സമ്മേളനം ന്യൂയോർക്കിൽ നടത്താൻ തീരുമാനിച്ചു.എഴുത്തുകാരൻ വേണുഗോപാലൻ കൊക്കോടൻ (കൺവെൻഷൻ കമ്മറ്റി ചെയർമാൻ),  ഷിനോ കുര്യൻ (കൺവെൻഷൻ കമ്മറ്റി കൺവീനർ) എന്നിവരുടെ നേതൃത്വത്തിലുള്ള ലാന റീജണൽ കൺവെൻഷൻ കമ്മറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.

കൂടുതൽ വിവരങ്ങൾ ലാന പ്രസിഡൻ്റ് സാമുവേൽ യോഹന്നാനിൽ നിന്നും (+1 214 435 0124) സെക്രട്ടറി നിർമ്മല ജോസഫിൽ (+1 347 204 0062) നിന്നും ലഭിക്കും.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.