തിരുവന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ വോട്ട് ശതമാനം തദ്ദേശ തെരഞ്ഞെടുപ്പിൽ ഉയർന്നുവെന്നും 17,35,175 വോട്ടിന്‍റെ വർധനവ് ഈ തെരഞ്ഞെടുപ്പിൽ ഉണ്ടായെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഎം നേതൃയോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടിങ് കണക്ക് നോക്കിയാൽ 60 നിയമസഭാ മണ്ഡലങ്ങളിൽ വ്യക്തമായ ലീഡുണ്ട്. യുഡിഎഫിനും ബിജെപിക്കും ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ വോട്ട് കുറഞ്ഞു. ശരിയായ രാഷ്ടീയ പ്രചാരണവും സംഘാടന മികവും ഉണ്ടെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ തിരിച്ച് പിടിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിച്ചപ്പോൾ തിരഞ്ഞെടുപ്പ് നേരിടുന്നതിൽ സംഘടനക്ക് ദൗർബല്യം ഉണ്ടായതായി എം വി ഗോവിന്ദൻ പറഞ്ഞു. അമിത ആത്മവിശ്വാസം പരാജയത്തിന് കാരണമായി. സംഘടനാ ദൗർബല്യവും പരാജയത്തിന് കാരണമായി. ഭരണവിരുദ്ധ വികാരമില്ല. സർക്കാരിനെക്കുറിച്ച് മികച്ച അഭിപ്രായമാണുള്ളത്. മികച്ച ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്താൻ സാധിക്കും. കള്ളപ്രചാരവേലയുടെ അടിസ്ഥാനത്തിലാണ് യുഡിഎഫും ബിജെപിയും വോട്ട് തേടിയതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഏത് നിമിഷവും ഏത് കോൺഗ്രസുകാരനും ബിജെപിയിൽ ചേർന്നേക്കാമെന്ന അവസ്ഥയാണുള്ളത്. വിശ്വാസികളെ കബളിപ്പിച്ച് വോട്ട് നേടാൻ ശ്രമം നടന്നു. കോൺഗ്രസുകാർക്ക് ബിജെപിയായി മാറാൻ ഒരു പ്രയാസവുമില്ല എന്നതാണ് മറ്റത്തൂരിൽ കണ്ടത്. ജില്ലാ നേതൃത്വത്തിന്റെ പൂർണപിന്തുണയോടെയാണ് കൂറുമാറ്റം നടന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇതിനെ ന്യായീകരിച്ചു. വോട്ട് കൈമാറ്റത്തിന് ശേഷം ഭാരവാഹി തിരഞ്ഞെടുപ്പിലും ഈ കൂട്ടുകെട്ട് തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

