PRAVASI

Life and Limb: കൃത്രിമക്കാൽ വിതരണം

Blog Image

വെട്ടിയാറിലുള്ള ലൈഫ് ആൻഡ് ലിംബ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കൃതൃമക്കാൽ വിതരണം നടക്കുന്നു.
2025 ഓഗസ്റ്റ് 2 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കോട്ടയം, കുമരകത്തുള്ള ഗോകുലം ഗ്രാൻഡ് റിസോർട്ടിൽ വച്ച് നടത്തപ്പെടുന്ന ഫോക്കാന (ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക) കൺവെൻഷന്റെ ചടങ്ങിൽവെച്ചാണ് ലൈഫ് ആൻഡ് ലിംബിന്റെ, കൃത്രിമക്കാൽ വിതരണ ചടങ്ങ് നടക്കുന്നത്.
കാലുകൾ നഷ്ടപ്പെട്ടവർക്ക് കൃത്രിമക്കാലുകൾ നൽകി, അവർക്ക് ചലനശേഷിയും സ്വാതന്ത്ര്യവും വീണ്ടെടുക്കുവാനും പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുവാനും കഴിയുന്ന ഒരു മഹത്തായ പരിപാടിയാണ് ലൈഫ് ആൻഡ് ലിംബ് സംഘടിപ്പിക്കുന്നത്.

അമേരിക്കൻ മലയാളിയായ ജോൺസൺ സാമുവൽ ആണ് ഈ പ്രവർത്തനത്തിന്റെ ചുക്കാൻ പിടിക്കുന്നത്. 2011 ൽ തന്റെ സ്വന്തം സാമ്പത്തികം ഉപയോഗിച്ച് 20 പേർക്ക് കൃത്രിമക്കാലുകൾ നൽകിക്കൊണ്ട് ആരംഭിച്ച ഈ സംരംഭം, പിന്നീട് സുഹൃത്തുക്കളുടെയും സഹോദരങ്ങളുടെയും സാമ്പത്തിക സഹായത്താൽ കൂടുതൽ പേർക്ക് എല്ലാവർഷവും സഹായം എത്തിക്കുവാൻ കഴിയുന്നു. ഇതുവരെ 304 ആളുകളെയാണ് ഏറ്റവും മികച്ച ഓട്ടോ ബോക്ക് എന്ന ജർമ്മൻ കമ്പനിയുടെ കൃത്രിമക്കാൽ നൽകി സഹായിച്ചത്.

2023 നവംബറിൽ, മാവേലിക്കരയിലെ വെട്ടിയാറിൽ 'ലൈഫ് ആൻഡ് ലിംബ്' എന്ന പേരിൽ ഒരു ക്ലിനിക്കിന് തുടക്കം കുറിച്ചു. അന്നുമുതൽ കാലുകൾ നഷ്ടപ്പെട്ടവർക്ക് കൂടുതൽ മികച്ച സേവനം നൽകാൻ കഴിയുന്നു.

ഈ വർഷം (2025) രണ്ട് ഘട്ടമായി കാലുകൾ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ആദ്യ ഘട്ടം, ഓഗസ്റ്റ് മാസത്തിൽ 41 പേർക്കായി 43 കാലുകളാണ് നൽകുന്നത്.

ഈ തവണ ഫൊക്കാനയുമായി സഹകരിച്ചാണ് ലൈഫ് ആൻഡ് ലിംബ്, കൃത്രിമക്കാൽ വിതരണം ചെയ്യുന്ന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഫൊക്കാന കൺവെൻഷൻ സാധാരണയായി ഒരു വർഷം കേരളത്തിൽ, അടുത്തവർഷം അമേരിക്കയിൽ എന്ന നിലയിലാണ് നടക്കുന്നത്. ഈ വർഷത്തെ കൺവെൻഷൻ കോട്ടയത്ത് വച്ച് നടത്തപ്പെടുന്നു. വിവിധ കലാപരിപാടികൾ, സെമിനാറുകൾ, സംവാദങ്ങൾ, സാഹിത്യ സമ്മേളനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന നിരവധി പരിപാടികൾക്കാണ് ഈ കൺവെൻഷൻ വേദിയാകുന്നത്. പ്രവാസി മലയാളികളെ ഒരുമിപ്പിക്കുന്ന, അവരുടെ സംസ്കാരം സംരക്ഷിക്കുന്ന, സാംസ്കാരികവും സാമൂഹികവുമായ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രമുഖ സംഘടനയാണ് ഫോക്കാന.

മുൻ വർഷങ്ങളിലെതു പോലെ, ഇത്തവണയും സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെയും, മാധ്യമപ്രവർത്തകരുടെയും സാന്നിധ്യത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടവർക്ക് ' ലൈഫ് ആൻഡ് ലിംബ്' കൃത്രിമക്കാലുകൾ നൽകുന്നത്.

ഡോ. സിറിയക് തോമസ് Former Vice Chancellor, ശ്രീ രമേശ് ചെന്നിത്തല Former Opp Leader, ശ്രീ ഗോപിനാഥ് മുതുകാട് DAC Founder, ഫാ. ഡേവിസ് ചിറമേൽ കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ, ശ്രീ ചാണ്ടി ഉമ്മൻ MLA, അഡ്വ. വർഗീസ് മാമൻ, രാജു ഏബ്രഹാം Ex MLA, അഡ്വ. ജയഡാലി Chairperson KSDAWC, ശ്രീ സജിമോൻ ആന്റണി ഫൊക്കാന പ്രസിഡന്റ്,പോൾ കറുകപ്പള്ളി Ex Fokana President തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുന്നതാണ്.

അടുത്ത തവണയിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. തീരെ നിർധനരായ ആളുകളും, കാല് വെച്ച് നടക്കുവാൻ ആരോഗ്യമുള്ളവരുമായ അപേക്ഷകരെയാണ് പരിഗണിക്കുന്നത്. ഇത്തരത്തിലുള്ള ആവശ്യക്കാർക്ക്, www.lifeandlimbs.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.