PRAVASI

മാധവൻ ബി നായരുടെ പുസ്തകം: “സനാതന ധർമ്മദർശനം” പ്രകാശനം ഞായറാഴ്ച്ച

Blog Image

ന്യൂ ജേഴ്സി/തിരുവനന്തപുരം: മാധവൻ ബി നായർ രചിച്ച, “സനാതന ധർമ്മദർശനം” എന്ന പുസ്തകത്തിൻ്റെ  പ്രകാശനം,  ഒക്ടോബർ 4 ഞായറാഴ്ച്, രാവിലെ 10.30 ന്,  തിരുവനന്തപുരത്ത് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ (ശ്രീനീലകണ്ഠപുരം) ജ്യോതിക്ഷേത്രവേദിയിൽ, “വിശ്വശാന്തി സമ്മേളന” ത്തോടനുബന്ദിച്ച് നടക്കും. ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതിയുടെ 91–ാം ജയന്തി യാഘോഷങ്ങൾ നടക്കുന്ന ശുഭവേളയിലാണ് പുസ്തക പ്രകാശനം എന്നതാണ് സവിശേഷത.

“മാറ്റങ്ങൾക്കതീതമായി നിലകൊള്ളുന്ന അമൂല്യവും വിശാലവുമായ തത്ത്വചിന്തയായ സനാതന ധർമ്മത്തിന്റെ അടിസ്ഥാന ആശയങ്ങളെയും മൂല്യങ്ങളെയും ലളിതമായി പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം, ആധുനിക ജീവിത സാഹചര്യങ്ങളിൽ ധർമ്മബോധത്തോടെ ജീവിക്കാനുള്ള വഴികാട്ടിയാണ്. വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും ധർമ്മം പുലർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഈ പുസ്തകം വിശദീകരിക്കുന്നു”, എന്ന് പുസ്തകം എഡിറ്റ് ചെയ്ത മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ രമേശ് ബാബു   പ്രസ്താവിച്ചു.

"നാനാത്വങ്ങളെ ഉൾക്കൊള്ളുകയും കോർത്തിണക്കുകയും ചെയ്യുന്ന അമൂല്യസിദ്ധാന്തമാണ് ഭാരത സംസ്കാരത്തിന്റെ അടിത്തറ. ഉല്പത്തി സ്ഥിതി ലയങ്ങളെ ശാസ്ത്രീയമായി വീക്ഷിച്ചുകൊണ്ടാണ് സനാതന ധാർമ്മികമൂല്യം പ്രഖ്യാപിതമായത്. എന്നാൽ ചാതുർവർണ്ണ്യ സിദ്ധാന്തത്തെയും വർണ്ണാശ്രമധർമ്മങ്ങളെയും ദുർവ്യാഖ്യാനം ചെയ്തുകൊണ്ട് അധിനിവേശ ശക്തികൾ ഭാരതത്തിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുകയും അതിൽ കുറയൊക്കെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. വർണ്ണങ്ങൾ ജനങ്ങളിലൂടെ കെട്ടുപിണഞ്ഞുകിടക്കുന്ന ജാതി വ്യവസ്ഥയല്ല. എന്നാലും അതിനെ ജാതിയാക്കിത്തന്നെ ചിത്രീകരിക്കുവാനുള്ള അപ്രസക്ത ചിന്ത ഇന്നും ശക്തമായി നിലനിൽക്കുന്നു. ജാതിയചിന്തയ്ക്കതീതമായ ഒരു ഏകലോകദർശനം  എങ്ങനെ പ്രായോഗികമാക്കുമെന്ന ചോദ്യത്തിന് ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി വിഭാവന ചെയ്ത കർമ്മമാർഗ്ഗമാണ് ലോകഹിന്ദു പാർലമെന്റും പ്രോജക്ട് ഹരിയും. ഈ കാഴ്ച്ചപ്പാട്  ഉദ്ഘോഷിക്കുന്ന വിശ്വശാന്തി സമ്മേളനത്തിൽ,  മാധവൻ. ബി. നായർ രചിച്ച 'സനാതന ധർമ്മദർശനം' എന്ന ഗ്രന്ഥത്തിൻ്റെ പ്രകാശനം നടക്കുന്നു എന്നുള്ളത്,  ആ കൃതി മുന്നോടു വയ്ക്കുന്ന ആശയങ്ങളുടെ അമൂല്യത വ്യക്തമാക്കുന്നു” എന്ന് രമേശ് ബാബു  വ്യക്തമാക്കി.

ഗ്രന്ഥത്തിൻ്റെ ആമുഖത്തിൽ ഗ്രന്ഥ കർത്താവ് മാധവൻ നായർ ഇങ്ങനെ കുറിയ്ക്കുന്നു: “ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതീ തൃപ്പാദങ്ങളുടെ ദർശനം തേടി ശ്രീരാമദാസ ആശ്രമത്തിലേക്ക് നടത്തിയിട്ടുള്ള ഓരോ യാത്രയും ആത്മീയ തീർത്ഥാടനങ്ങളായാണ് അനുഭവപ്പെട്ടിട്ടുള്ളത്. സ്വാമിയുടെ പ്രഭാഷണങ്ങൾ ശ്രവിക്കുന്നതും രചനകൾ പരായണം ചെയ്യുന്നതും ആത്മബോധത്തിന്റെ ഔന്നത്യങ്ങളിലേക്കും ആർഷഭാരതസംസ്കാരത്തിന്റെ ആഴങ്ങളിലേക്കുമാണ് സാധകനെ കൂട്ടിക്കൊണ്ടുപോകുന്നത്. സ്വാമി പകർന്നുതന്ന അറിവിന്റെ വെളിച്ചത്തിൽ തെളിയുന്ന പാതകളിലൂടെയുള്ള ആത്മസഞ്ചാരം സനാതന ധർമ്മത്തെയും ഉപനിഷദ് സംസ്കൃതിയെയും കുറിച്ചുള്ള ജ്ഞാനമണ്ഡലങ്ങളാണ് തുറന്നുതരുന്നത്.

നാനാത്വത്തിൽ ഏകത്വം കാണുന്ന ഹൈന്ദവദർശനങ്ങളെ സ്വാമി വ്യാഖ്യാനിക്കുമ്പോൾ ലോകജനതയ്ക്ക് ഇതല്ലാതെ മോക്ഷമാർഗമില്ലെന്ന യാഥാർത്ഥ്യം തിരിച്ചറിയപ്പെടുന്നു. ഹിന്ദു മതം മുന്നോട്ടുവയ്ക്കുന്ന സമദർശിത്വം അനന്യ സുന്ദരമായി നിലകൊള്ളുന്നു. പരിമിതമായ ചട്ടക്കൂടിനുള്ളിൽ വ്യക്തിയെയും സമൂഹത്തെയും ഒതുക്കി നിർത്താൻ ശ്രമിക്കുന്ന ദോഷം ഈ ദർശനത്തിനില്ല. മതനിയമങ്ങളെ ചോദ്യം ചെയ്തു ചിന്തിക്കാനും തീരുമാനമെടുക്കാനുമുള്ള സ്വാതന്ത്ര്യം ഹിന്ദുമതം നൽകുന്നു. ഹിന്ദു എല്ലാ മതങ്ങളിലും സത്യം കണ്ടെത്തുന്നു. ഹിന്ദുമതത്തിന്റെ ഈശ്വരസങ്കൽപം അനന്തം, അവ്യയം, അവർണ്ണനീയം എന്നിങ്ങനെയേ വിവരിക്കാനാവൂ അത് അദൃശ്യവും നിർഗുണവും ആയിരിക്കുന്നു. അത് ശാസ്ത്രീയവും സത്യവുമാണ്. ഹിന്ദുമതം ഭൗതിക ശാസ്ത്രവും അതേസമയം ജീവശാസ്ത്രവുമാണ്. ഇവ രണ്ടും സ്വരൂപിച്ചിരിക്കുന്ന പ്രപഞ്ചശാസ്ത്രവും ഹിന്ദുമതം ചർച്ച ചെയ്തു സമർത്ഥിക്കുന്നു. വർഗം, വർണ്ണം, ജാതി, മതം, തേജോ ഗോളങ്ങൾ, മറ്റു ജീവരാശികൾ, ലോകങ്ങൾ ഇവയ്ക്കെയ്ല്ലാം ഒരു പൊതുതത്വം കണ്ടെത്തുന്നതിൽ ഹിന്ദുമതം വിജയിച്ചു. ഹിന്ദുമതം സനാതനതത്വങ്ങളിൽ തുടങ്ങുകയും അവിടെത്തന്നെ സമാപിക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ സർവ്വത്തിലും ഏകത്വം ദർശിക്കുന്നു. അതിലൂടെ സമർദ്ദർശിത്വമുള്ള സർവ്വ വ്യാപിയായ സർവ്വശക്തനായ, സർവ്വജ്ഞനായ പൂർണ്ണത്തെ ഈശ്വരനായി കാണുന്നു. സൃഷ്ടിയും (പ്രകൃതിയും) സൃഷ്ടി കർത്താവും (പുരുഷനും) തമ്മിലുള്ള ബന്ധം ശാസ്ത്രീയമായി അതിൽ നിരീക്ഷിച്ചിരിക്കുന്നു. ഈശ്വരനിൽ നിന്ന് അന്യമായി മറ്റൊന്നു നിൽക്കുമ്പോൾ ഈശ്വരൻ പൂർണ്ണനാവുകയില്ല. ഹിന്ദുമതത്തിൽ പ്രകൃതിക്കും ഈശ്വരനും അഭേദം കൽപ്പിച്ചിരിക്കുന്നു. സൃഷ്ടിയും സമഷ്ടിയും ഒന്നാണെന്നും സമർത്ഥിക്കുന്നു. ഹിന്ദുമതം ത്രികത്തെയും ത്രിപുടിയെയും കടന്നുപോകുന്നു. ജീവിച്ചിരിക്കുമ്പോൾ തന്നെ മുക്തനാകാനും സമാധിസ്ഥനാകാനുമുള്ള മാർഗം (ജീവമുക്താവസ്ഥ, ഭാവ സമാധി) നിർദ്ദേശിക്കുന്നു. വിഷയ സാധനങ്ങളെ വർണ്ണിച്ച് സ്വർഗസുഖം കണ്ടെത്തുന്നില്ല പകരം സർവം ത്യജിക്കുന്നതിലൂടെ നിത്യസുഖം കണ്ടെത്തുന്നു.

‘തത്വമസി-അത് നീയാകുന്നു.’ എന്ന് തത്വത്തെയും വ്യക്തിയെയും രണ്ടായി കാണുന്ന അവസ്ഥയിൽ നിന്ന് ഘട്ടം ഘട്ടമായി വളർത്തി പ്രജ്ഞാനം ബ്രഹ്മ, അയമാത്മാബ്രഹ്മ, അഹം ബ്രഹ്മാസ്മി എന്നിവരെയുള്ള അനന്തത വരെ വളരാൻ വ്യക്തിക്ക് ഹിന്ദുമതം അവകാശവും സ്വാതന്ത്ര്യവും നൽകിയിരിക്കുന്നു. അതിനുള്ള മാർഗനിർദ്ദേശങ്ങളും വിധി നിഷേധങ്ങളും സംഹിതകളിൽ ക്രമമായി വിവരിച്ചിട്ടുണ്ട്. അണുജീവി മുതൽ ആഗോളതലം വരെ കൂട്ടയിണക്കുകയും ഏകത്വം ദർശിക്കുകയും ചെയ്യുന്ന വീക്ഷണം ഹിന്ദുമതം പുലർത്തുന്നു. അത് വസ്തുനിഷ്ഠവും നിഷ്പക്ഷവുമായ ഒരു വീക്ഷണമല്ലാതെ വിദ്വേഷത്തിനുള്ള മാർഗമല്ല.

“മാ മനുസ്മര യുദ്ധ്യച” എന്ന ഗീതാസൂക്തത്തിൽ അധിഷ്ഠിതമായ പ്രോജക്ട് ഹരിയുടെ പ്രവർത്തനലക്ഷ്യങ്ങൾ ത്രികോണ ഘടനയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. മതം, സാമ്പത്തികം, രാഷ്ട്രീയം എന്നിവയെയാണ് ത്രികോണഘടന പ്രതിനിധീകരിക്കുന്നത്. ലോകത്തെമ്പാടുമുള്ള ഹിന്ദു സമൂഹത്തിന്റെ ഏകീകരണത്തിനും സമൂഹത്തിന് പുതിയ ദിശാബോധം നൽകുന്നതിനുമായി വേൾഡ് ഹിന്ദു പാർലമെന്റ് രൂപീകരിക്കണമെന്ന സ്വാമി സത്യാനന്ദസരസ്വതിയുടെ ആഗ്രഹം സാക്ഷാത്കാരത്തോടടുക്കുകയാണ്. സ്വാമിജിയുടെ ദർശനങ്ങൾ അറിയാനും മനസ്സിലാക്കാനും നടത്തിയ എളിയ ശ്രമത്തിനിടയിൽ ഞാൻ ഉൾക്കൊണ്ട വസ്തുതകളെ പകർത്തിയതാണ് ഈ പുസ്തകം. ധർമ്മബോധം നഷ്ടപ്പെടാത്ത ശ്രദ്ധയാണ് ഗുരുത്വം എന്ന സ്വാമിജിയുടെ ഉദ്ബോധനമാണ് ഈ രചനയ്ക്ക് പ്രചോദനം” എന്നാണ് മാധവൻ നായർ  രേഖപ്പെടുത്തിയിരിക്കുന്നത്.

“ പുസ്തകം എഡിറ്റ് ചെയ്ത. രമേശ് ബാബു, ലേ ഔട്ട് ആർട്ടിസ്റ്റ് സുകുമാരൻ, പ്രസാധകരായ അണിയറ പ്രവർത്തകർ എന്നിവരോടുള്ള നിസീമമായ നന്ദി അറിയിക്കുന്നു”  എന്നും അദ്ദേഹം പറഞ്ഞു.

പ്രസാധക വിവരങ്ങൾ (Publisher Details): Published by MBN FOUNDATION 1107 St Georges Ave, Colonia, New Jersey 07067, USA. Tel: 732-325-3952 E-mail: madhavanbnair@yahoo.com www.madhavanbnair.com www.mbnfoundation.org.Price: Rs. 470/- ISBN: 9789359182842

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.