കഴിഞ്ഞ ചില ദിവസങ്ങളായി വാർത്ത മാധ്യമങ്ങളിൽ കാണുകയും, കേൾക്കുകയും ചെയ്യുന്ന ഒരു ദുരന്ത അവസ്ഥ നാം ചിന്തിക്കേണ്ടിയിരിക്കുന്നു. രാജ്യത്തെ നടുക്കിയ ചാർലി കിർക്കിന്റെ കൊലപാതകത്തിൽ സന്തോഷം പങ്കുവയ്ക്കുന്ന അനേക മുഖങ്ങളെ നമുക്ക് ദർശിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. ഒരു ക്യാൻസർ കണക്കെ ഇത് പടർന്നു പിടിക്കുന്നത് കാണുമ്പോൾ നാം ലജ്ജിക്കേണ്ടതാണ്. രാജ്യത്തിൻറെ ഒരു പൗരൻ ഏത് പാർട്ടിയിൽ പെട്ടവൻ ആണെങ്കിലും, ഏത് മതവിശ്വാസിയാണെങ്കിലും, കറുത്തവനോ, വെളുത്തവനോ, ചുമന്നവനോ ആയിക്കൊള്ളട്ടെ, ദുരന്തം ഒരു വ്യക്തിയെ വേട്ടയാടുമ്പോൾ, അക്രമവും, കുലയും, പിടിച്ചുപറിയും, മരണവും സംഭവിക്കുമ്പോൾ അതിൽ അപലപിക്കുകയും, ദുഃഖിക്കുകയും അല്ലയോ വേണ്ടത്? ആർക്ക് അതിൽ സന്തോഷിക്കുവാൻ കഴിയും? മനുഷ്യത്വം മരവിച്ചുവോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
രാജ്യത്തിൻറെ ജനപ്രതിനിധികൾ തുടങ്ങി, മനുഷ്യജീവൻ പവിത്രമായി സൂക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്ത ഡോക്ടർസ്, കുഞ്ഞുങ്ങളെ അറിവിൻറെ ലോകത്തിലേക്ക് കൈപിടിച്ചു നടത്തുന്ന അധ്യാപകർ, രാജ്യത്തിൻറെ കാവൽഭടന്മാർ, തുടങ്ങി വിവിധ തുറകളിൽ സ്ഥാനമാനങ്ങൾ വഹിക്കുന്നവർ അത്രേ ഇവർ. തീർച്ചയായും ഇവറ്റകൾ കണ്ണിൽ ചോരയില്ലാത്തവരും, മനുഷ്യസ്നേഹികളും അല്ല എന്നുള്ള യാഥാർത്ഥ്യം തിരിച്ചറിയണം. എന്തു ക്രൂരതയും, നിയമലംഘനങ്ങളും, അസ്സന്മാർഗിക പ്രവർത്തികളും തെറ്റല്ലെന്ന് പ്രഘോഷിക്കുന്ന ഇവർ വഴിയിൽ പതിയിരിക്കുന്ന സർപ്പത്തിനു തുല്യമത്രേ. ഇതിൻറെ കടിയേൽക്കുന്നവൻ, വാക്കുകൾ കേൾക്കുന്നവൻ മരിച്ചുവീഴും. ഇതെന്തൊരു അധപതനമാണ്. ഇവരുടെ മുതലക്കണ്ണീരും, പൊള്ളത്തരങ്ങളും ജനം വിലയിരുത്തണം. സമൂഹത്തിന്റെ നന്മയല്ല ഇവർ ആഗ്രഹിക്കുന്നത് . വ്യക്തിത്വങ്ങൾക്ക് എന്തു സംഭവിച്ചു? സാംസ്കാരികമായും, വൈദ്യശാസ്ത്രപരമായും, സാങ്കേതികമായും ഉന്നതിയിലേക്ക് മനുഷ്യൻ കുതിക്കുമ്പോൾ, ധാർമികതയും, സ്നേഹത്തിൻറെ കണികയും തൊട്ടു തീണ്ടിയിട്ടില്ലാത്ത മനുഷ്യ പ്രവർത്തികൾ നടമാടുന്നതു കണ്ട് മൃഗങ്ങൾ പോലും പകച്ചു നിൽക്കുന്നുവോ എന്ന ചിന്തിക്കേണ്ടിയിരിക്കുന്നു?
രാഷ്ട്രീയ കൊലപാതകത്തിനും, കാപാലികതയ്ക്കും, ബലാത്സംഗത്തിനും എതിരെ പ്രതികരിക്കാത്ത നാവുകൾ ആരാണെങ്കിലും ലജ്ജിക്കേണ്ടിയിരിക്കുന്നു. സമൂഹത്തിൽ വിളയാടുന്ന അധാർമികതയും, നിയമലംഘനങ്ങളും, പോലീസുമായിട്ടുള്ള ഏറ്റുമുട്ടലുകളും കണ്ടും, കേട്ടും വലഞ്ഞ പരിഭ്രാന്തരായ ജനസമൂഹം നമുക്കുചുറ്റു നിൽക്കുമ്പോൾ ഉന്നത തലത്തിൽ അതിനെതിരെ ശബ്ദിക്കാത്ത നാവുകൾ സമൂഹത്തിന് അപമാനമാണ്, ഇവർ പുറത്തു പോകണം.
അക്രമങ്ങളും, അനീതിയും, കൊലപാതകങ്ങളും, പിടിച്ചുപറികളും നടക്കുന്നതിന് അപലപിക്കുകയും, അത് നിർത്തൽ ചെയ്യുവാൻ എഴുന്നേൽക്കേണ്ടതിനു പകരം, ധാർമികതയെയും, മാനുഷിക മൂല്യങ്ങളെയും, കുടുംബ വ്യവസ്ഥയെയും പുറംകാലിൽ തട്ടിയെറിഞ്ഞിട്ട്, അത് ചെയ്യുന്ന വ്യക്തികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരാത്തവണ്ണം, നിയമത്തിനെതിരെ പോരാടുന്നവരെയും കാണുമ്പോൾ നാം ലജ്ജിക്കേണ്ടിയിരിക്കുന്നു . ഇങ്ങനെയുള്ളവർ രാജ്യദ്രോഹികൾ ആണ്.
യുണൈറ്റഡ് ഹെൽത്ത് കെയർ പ്രസ്ഥാനത്തിൻറെ ചെയർമാൻ പദവി വഹിച്ചിരുന്ന ബ്ബ്രെയിൻ തോംസൺ നിഷ്ക്കരണം ലൂയിജി മാൻജിയോണി എന്ന കാപാലികനാൽ കൊല്ലപ്പെടുന്നു. യുക്രെയിൻ യുദ്ധഭൂമിയിൽ നിന്ന് പ്രാണനുവേണ്ടി പാലായനം ചെയ്ത സാധുവായ അഭയാർത്ഥി ഐറിന സറുസ്ക്ക ഷാർലറ്റ് നോർത്ത് കരോളിനിയിൽ വച്ച് കാർലോസ് ബ്രൗൺ എന്ന കൊടും ക്രൂരനാൽ കൊല്ലപ്പെട്ടു. കോളേജ് ക്യാമ്പസിൽ ഉറങ്ങിക്കിടന്ന 4 യുവ പ്രതിഭകളെ ബ്രെയിൻ കോബർഗർ എന്ന കാട്ടുമൃഗം വേട്ടയാടി. കളിക്കളത്തിലെ വാക്ക് തർക്കത്തിന് ഇടയിൽ കർമ്മിലോ ആന്റണി എന്ന ദുഷ്ടൻ മറ്റൊരു കുട്ടിയെ നിഷ്കരുണം കുത്തി വീഴ്ത്തി. നിരവധി, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന ജോർജ് ഫ്ലോയിഡ് മരണത്തിനുശേഷം വിശുദ്ധനായി മാറി. കില്മാര്‍ ഗാര്‍ഷിയ എന്ന എം എസ് തേർട്ടീൻ ഗുണ്ടാ നേതാവിനെ താരമായി പ്രഖ്യാപിച്ച് അനുഗമിക്കുന്ന വേറൊരു കൂട്ടർ. അമേരിക്കയുടെ പ്രസിഡണ്ടിനെ വധിക്കുവാൻ ഇറങ്ങിത്തിരിച്ച തോമസ്ക്രുക്ക്, റയൻ ഇങ്ങനെ നീണ്ടുപോകുന്ന ഒരു വലിയ നിര ഉണ്ട് . ഈ കാപാലികന്മാരുടെ പേരിൽ ഗോഫണ്ട് തുടങ്ങി പതിനായിരക്കണക്കിന് ഡോളറുകൾ ഈ നിയമലംഘികൾക്ക് ലജ്ജ കൂടാതെ കൊടുക്കുവാൻ മടിക്കാത്ത ഒരുപറ്റം ആളുകൾ സമൂഹത്തിൽ ഉണ്ട് എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. തിന്മ പ്രവർത്തിക്കുന്നവനും, കൊലപാതകന്മാരും, നിയമ നിഷേധികളും ഒരു രാത്രി കൊണ്ട് കോടീശ്വരന്മാരായി മാറുകയാണ്. ഇവർക്ക് പണം കൊടുക്കുവാനും ഇവരുടെ കേസുകൾ കൈകാര്യം ചെയ്യുവാനും ഒട്ടും മടി കാണിക്കാതെ ഇറങ്ങിത്തിരിക്കുന്ന മനുഷ്യർ ഒരിക്കലും ഇവരുടെ പ്രവർത്തികൾ കൊണ്ട് ഉടഞ്ഞുപോയ കുടുംബങ്ങളെയും, പൊലിഞ്ഞുപോയ ജീവിതങ്ങളെയും ഓർക്കുന്നില്ല എന്നുള്ളത് വേദനിക്കുന്ന ഒരു ദുഃഖം മാത്രമാണ്.
ജീർണതയ്ക്കെതിരെയും, കൊലപാതകത്തിനെതിരെയും, നിയമലംഘനത്തിനെതിരെയും, പൈശാചികതയ്ക്കെതിരെയും എഴുന്നേൽക്കേണ്ട വ്യക്തിത്വങ്ങൾ അത് പ്രവർത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയും, അവർക്ക് വേണ്ട നിയമസഹായങ്ങൾ ചെയ്യുകയും ചെയ്യുന്നവർ ആയി മാറുമ്പോൾ നാം എത്രമാത്രം അധഃപതിച്ചു എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
മൗലിക അവകാശത്തിന്റെ മറവിൽ എന്തും വിളിച്ചു പറയുവാനും, പ്രവർത്തിക്കുവാനും ഉള്ള അവകാശം നമുക്കില്ല. തിന്മയെ, തിന്മയായും, ഇരുട്ടിനെ ഇരുട്ടായും, വർഗീയതയെ വർഗീയതയായും കാണുകയും അതിനെതിരെ പ്രതികരിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. പിഞ്ചുകുഞ്ഞുങ്ങളെ അമേരിക്കൻ പതാകയെ കുറിച്ച് പഠിപ്പിക്കുവാൻ തുനിയാതെ, റെയിൻബോ പതാക ചൂണ്ടിക്കാണിച്ചുകൊണ്ട് അതെന്താണെന്ന് പറഞ്ഞുകൊടുത്തുകൊണ്ട്, നിഷ്കളങ്ക മനസ്സിൽ വിഷവിത്തുപാകുന്നത് ഭയാനകരമാണ്. മാതാപിതാക്കൾ, സമൂഹം, രാജ്യസ്നേഹികൾ ഉണർന്നെഴുന്നേൽക്കണം. നാം രാജ്യത്തിൻറെ കാവൽ ഭടന്മാരായാണ്. മതിലുകൾ ഇടിയുന്നത് കാണുമ്പോൾ നെഹമ്യാവിനെ പോലെ ഹൃദയത്തിന് ദുഃഖം നമുക്ക് ഉണ്ടാകട്ടെ. സുരക്ഷയും, സമാധാനവും എല്ലാ പൗരന്റെയും അവകാശമാണ്. രാജ്യസ്നേഹത്തിന്റെ മറവിൽ ഗുണ്ടായിസവും, ഭീകരത്വവും വളർത്തിയെടുത്ത് അമേരിക്കയെന്ന ഈ അമ്മയെ ചവിട്ടി മെതിക്കുന്ന ദുഷ്ട ജീവികളെ തിരിച്ചറിയേണ്ടത് വളരെ ആവശ്യമാണ്.
കോടിക്കണക്കിന് ഡോളറുകൾ കേന്ദ്ര ഗവൺമെന്റിൽ നിന്ന് കൈപ്പറ്റി അതിനുശേഷം യൂണിവേഴ്സിറ്റികൾ രാജ്യസ്നേഹികളെ വളർത്തിയെടുക്കുവാൻ പരാജയപ്പെടുകയാണ്. രാജ്യത്തിനെതിരെ, ഭരണകൂടത്തിനെതിരെ, നിയമത്തിനെതിരെ, സന്മാർഗികെക്കെതിരെ, കൂകി വിളിക്കുകയും, പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു യുവതലമുറയാണ് ഈ കാലഘട്ടത്തിൽ കലാലയങ്ങളിൽ നിന്ന് പുറത്തുവരുന്നത്. ഇത് ഒരു അപകടത്തിന്റെ മുന്നറിയിപ്പാണ്. ഇതെന്തൊരു പ്രതിഭാസം.
ഇന്ത്യയുടെ മണ്ണിൽ നിന്ന് പഠിക്കുവാനും, ഒരു നല്ല ഭാവി തലമുറയ്ക്ക് ഉണ്ടാകുമെന്നുള്ള പ്രതീക്ഷയോടും കൂടി മാതാപിതാക്കൾ കുഞ്ഞുങ്ങളെ പുറം രാജ്യത്തേക്ക് അയക്കുന്നു. അവർ ചെന്നെത്തുന്ന രാജ്യത്ത് നിയമലംഘികളും, കുടപിടിക്കുന്ന വരും, കുതികാലിൽ ചവിട്ടുന്നവരും ആയി മാറുകയാണ് ഈ യുവനിരകൾ. പോലീസ് ഉദ്യോഗസ്ഥരുടെ മുഖത്ത് തുപ്പിയ ഇന്ത്യൻ വിദ്യാർത്ഥിയെ ആരും ഒരുപക്ഷേ മറന്നുകാണുകയില്ല. ഇങ്ങനെയുള്ള പ്രവർത്തികളും, പ്രവണതകളും സമൂഹത്തിന്റെ പുഴുക്കത്താണ്. കുടുംബത്തിൻറെ തകർച്ചയാണ്, രാജ്യത്തിന് അപമാനമാണ്. മനുഷ്യസ്നേഹം കുറഞ്ഞു കൊണ്ടിരിക്കുന്നു, അധർമ്മം പെരുകിക്കൊണ്ടിരിക്കുന്നു. ദുഷ്ടതയുടെ തീച്ചൂള ആളിക്കത്തുകയാണ്. നാം ഇത് തിരിച്ചറിയണം. സഭയും സമൂഹവും ഉണരണം. മാന്യമായ പ്രവർത്തികൾ, സമൂഹത്തിന് നന്മ ചെയ്യുന്നവർ ആര് ആയിരുന്നാലും അവരെ പ്രോത്സാഹിപ്പിക്കുക. അനീതിക്കെതിരെ, പിശാചിൻറെ പ്രവർത്തികൾക്കെതിരെ പോരാടുക. കുഞ്ഞാടിന്റെ വേഷം ധരിച്ച് കൊടിയ ചെന്നായ്ക്കളെ തിരിച്ചറിയുക. പിശാചിൻറെ തന്ത്രങ്ങൾ നാം അറിയാത്തവരല്ലല്ലോ. അനേകരുടെ സ്നേഹം തണുത്തു കൊണ്ടിരിക്കുന്നു. കുടുംബബന്ധങ്ങളെയും, തലമുറകളെയും ശിഥിലിപ്പിക്കുന്ന മ്ലേച്ഛതയും, പാപവും, സാത്താൻറെ പ്രവർത്തികളും പുറത്തു പോകട്ടെ. ഒരു ജീവിതം അകാലത്തിൽ ദാരുണമായി പൊലിഞ്ഞുപോകുമ്പോൾ ഒരു തുള്ളി കണ്ണുനീര് ഒഴുക്കുവാൻ കഴിയുമെങ്കിൽ ഒഴുക്കുക. ഒരിക്കലും അതിൽ സന്തോഷിക്കാതിരിക്കുക, അത് ആഘോഷമായി മാറ്റാതിരിക്കുക.

പാസ്റ്റർ മാത്യു വർഗീസ്, ഡാളസ്

