PRAVASI

മാതൃസ്മരണ

Blog Image

ഇന്നലെ  സ്വര്‍ഗ്ഗത്തില്‍ ഒരു ബെര്‍ത്ത്ഡേ പാര്‍ട്ടി നടന്നു. താനേറെ സ്നേഹിച്ച തന്‍റെ ചെറിയ ലോകത്തോട് റ്റാറ്റാ പറഞ്ഞു പറന്നകന്ന് സ്വര്‍ഗ്ഗത്തില്‍ ജന്മമെടുത്ത എന്‍റെ  പ്രിയപ്പെട്ട  മമ്മിണിക്കുട്ടി അന്നമ്മയുടെ ഒന്‍പതാം പിറന്നാള്‍ ആഘോഷമായിരുന്നു. ഈ ലോകത്ത് 87 വര്‍ഷത്തെ തീര്‍ത്ഥാടനങ്ങള്‍ക്കു  ശേഷം 2016 മെയ് 16-ാം തീയതി നിത്യതയുടെ ഭ്രമണപഥത്തിലേക്കു  മടങ്ങിപ്പോയ മമ്മിയെ കുറിച്ചു. പ്രസംഗിക്കാന്‍ എനിക്കിതുവരെ ഒരവസരം ലഭിച്ചിട്ടില്ല. "മാത്യസ്മരണ"യില്‍ സംസാരിക്കുവാന്‍ ഇന്ന് എനിക്കു നല്കിയ അവസരത്തിന് പ്രീമിയേഴ്സ് അസ്സോസിയേഷന്‍ ഭാരവാഹികളോട് ഞാന്‍ നന്ദി പറയുന്നു. ഒന്‍പതാം ചരമവാര്‍ഷിക ദിനത്തിനു പിറ്റേന്നു തന്നെയാണ് ഈ അനുസ്മരണ പ്രസംഗം എന്നതില്‍ ഞാന്‍ സവിശേഷത കാണുന്നു. കാരണം, എന്നെ ഒരു പ്രസംഗകനാക്കി തീര്‍ക്കുന്നതില്‍ മമ്മിയും ചെറുതല്ലാത്ത ഒരു പങ്കു വഹിച്ചിട്ടുണ്ട്.
    എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്  ഞാന്‍ പ്രസംഗമത്സരത്തില്‍  തല്പരനാകുന്നത്. അന്ന് വാളയാര്‍ ഫോറസ്റ്റ് സ്കൂളില്‍ ഇന്‍സ്ട്രക്റ്റര്‍ ആയിരുന്ന പപ്പ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള "അഞ്ചു മിനിറ്റ്چ പ്രസംഗങ്ങള്‍ എഴുതി എനിക്കു അയച്ചു തന്നിരുന്നു. വൈകുന്നേരങ്ങളില്‍ ഒരു മണിക്കൂര്‍ സമയം എന്‍റെ അന്നത്തെ ഗേള്‍ ഫ്രണ്ടിനെ  അഭിസംബോധന ചെയ്ത് ഈ പ്രസംഗങ്ങള്‍ പറഞ്ഞു പഠിക്കും. പുല്ലുള്ള പറമ്പുകളിലും കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലും എന്നോടൊപ്പം മേഞ്ഞു നടന്നിരുന്ന മണി എന്നു പേരുള്ള പൂവാലി പശുവായിരുന്നു എന്‍റെ ഗേള്‍ ഫ്രണ്ട്. അവളോട് പറഞ്ഞു പഠിച്ച പ്രസംഗങ്ങള്‍ രാത്രി അത്താഴം കഴിഞ്ഞ് മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചത്തില്‍ അടുക്കളയില്‍ പാത്രങ്ങള്‍ കഴുകിക്കൊണ്ടിരിക്കുന്ന മമ്മിയെ ഞാന്‍ അംഗവിക്ഷേപങ്ങളോടെ പറഞ്ഞു കേള്‍പ്പിക്കും. അടുക്കള ജോലിയില്‍ വ്യാപൃതയാണെങ്കിലും ശ്രദ്ധാപൂര്‍വ്വം എന്‍റെ പ്രസംഗങ്ങള്‍ കേട്ട് "ഫീഡ് ബാക്ക് " തന്നിരുന്ന മമ്മി  ഒരു കോച്ചിന്‍റെ ജോലി ഭംഗിയായി നിര്‍വ്വഹിച്ചു പോന്നു. ഉച്ഛാരണത്തിന്‍റെ കാര്യത്തില്‍ നിഷ്കര്‍ഷ പുലര്‍ത്തിയിരുന്ന മമ്മി"വിധ്യാര്‍ത്ഥി" എന്നല്ല, "വിദ്യാര്‍ത്ഥി" എന്നും, "അദ്യാപകൻ"   എന്നല്ല, "അദ്ധ്യാപകൻ" എന്നുമാണ് ഉച്ഛരിക്കേണ്ടത് എന്ന് ഒരിക്കല്‍ പറഞ്ഞു തന്നതു ഞാന്‍ പലപ്പോഴും ഓര്‍മ്മിക്കാറുണ്ട്.
    അടുക്കള  പൂട്ടി വന്നാല്‍ പിന്നെ മമ്മിയുടെ ഒരു പ്രധാന ദൗത്യം വായിക്കാനിരിക്കുന്ന ഞാന്‍ ഉറക്കം തൂങ്ങാതെ നോക്കുക എന്നുള്ളതായിരുന്നു. പുസ്തകം കൈയ്യിലെടുത്താലുടന്‍ കണ്ണടച്ചു തുടങ്ങുന്ന എന്നെ ഉണര്‍ത്തിയിരുത്താന്‍ മമ്മി പല വിദ്യകളും പ്രയോഗിച്ചിരുന്നു. ഒരിക്കല്‍ സഹികെട്ട്, മുളക് അരച്ചു കൊണ്ടു വന്ന് എന്‍റെ നിദ്രാഭാരമുള്ള കണ്ണുകളില്‍ പുരട്ടിയത് ഞാനോര്‍മ്മിക്കുന്നു. ഇരുന്നു മടുക്കുമ്പോള്‍ മമ്മി അടുത്ത  മുറിയില്‍ പോയി കിടക്കും. പോകും മുമ്പ് ഒരു കയറിന്‍റെ അറ്റം എന്‍റെ കൈത്തണ്ടയില്‍ കെട്ടും.  മറ്റേ അറ്റവും കൈയ്യില്‍ പിടിച്ചാണ് മമ്മിയുടെ കിടപ്പ്. ഞാനുറങ്ങുന്നുണ്ടെങ്കില്‍ ഉണര്‍ത്താനായി ആ കയര്‍ ഇടക്കിടെ വലിച്ചുകൊണ്ടിരിക്കും. ഇങ്ങനെ എന്‍റെ ഉറക്കം കളയാനായി സ്വന്തം ഉറക്കം കളഞ്ഞു കിടക്കുന്ന  മമ്മിക്ക് ഒരു രാത്രി കയര്‍ വലിക്കുമ്പോള്‍ എന്തോ പന്തികേട് തോന്നി. എഴുന്നേറ്റു വന്നു നോക്കുമ്പോള്‍ എന്‍റെ കൈത്തണ്ടയില്‍ കെട്ടിയിരുന്ന കയറിന്‍റെ അറ്റം ഡെസ്കിന്‍റെ കാലില്‍ മുറുകെ കെട്ടിയിട്ട് ഞാന്‍ പുസ്തകത്തിന്‍റെ മുകളില്‍ കമിഴ്ന്ന് കിടന്നു കൂര്‍ക്കം  വലിക്കുകയായിരുന്നു!. 
    കൂടെയുള്ള ഞങ്ങള്‍ അഞ്ചു മക്കളെയും രസിപ്പിക്കാനായി ഇടയ്ക്കൊക്കെ സ്കൂളില്‍ പഠിക്കുമ്പോള്‍ പാടിയ പാട്ട് പാടികേള്‍പ്പിക്കുകയും, ഡാന്‍സ് ചെയ്തു കാണിക്കുകയും ചെയ്തിരുന്ന. മമ്മിക്ക് എപ്പോഴും  ഞങ്ങളുടെ കളികളിലും ഒരു കണ്ണുണ്ടായിരുന്നു. എന്‍റെ ജ്യേഷ്ഠന്‍ - ഞങ്ങള്‍ "ഭായി"  എന്നു വിളിച്ചിരുന്ന.  സിറിയക്ക് ജോസഫ് - എസ്.എസ്.എല്‍.സി കഴിഞ്ഞ് പാലാ സെന്‍റ് തോമസ് കോളേജിലും അതിനു ശേഷം ചങ്ങനാശ്ശേരി  എസ്.ബി കോളേജിലും പഠിയ്ക്കാന്‍ പോയി.  ഹോസ്റ്റലില്‍ ആയിരുന്നു താമസം. അവധിക്കാലത്തു വീട്ടില്‍ വന്നാല്‍ പിന്നെ ഞങ്ങള്‍ നാല്"ആം ആദ്മി"കളുടെ മുന്നില്‍ "ഹീറോ"കളിച്ചുള്ള വാചക കസര്‍ത്തും കളികളുമാണ്. മമ്മിയും ഇടയ്ക്കൊക്കെ കൂടെകൂടും. ഒരു ദിവസം ഞങ്ങള്‍ മക്കള്‍ വീടിന്‍റെ നീണ്ട വരാന്തയില്‍ "വടംവലി" നടത്തുകയായിരുന്നു. ഭായി ഒറ്റയ്ക്കൊരുവശത്ത്; ഞങ്ങള്‍ നാല് "പീക്കിരി പ്പിള്ളേരും"കൂടി മറുവശത്ത്.  കൂവലും ബഹളവുമായി ഞങ്ങള്‍ വടം വലിക്കുന്നത് മമ്മി അടുക്കളയില്‍ നിന്ന് ജനല്‍ വഴി കാണുന്നുണ്ടായിരുന്നു. ഞങ്ങള്‍ പിടിച്ചു നില്ക്കാനാവാതെ മുന്നോട്ടു നിങ്ങിക്കൊണ്ടിരിക്കുമ്പോള്‍  മമ്മി പെട്ടെന്ന് ഓടി വന്ന് ഞങ്ങളുടെ പിന്നില്‍ നിന്നു വടം വലിച്ച് ഞങ്ങളെ ജയിപ്പിച്ചു. പില്ക്കാലത്ത് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്, ആ "വടം വലി" കേവലം ഒരു കളിയായിരുന്നില്ല, മമ്മി എന്നും ഉയര്‍ത്തിപ്പിടിച്ച ഒരു മൂല്യത്തിന്‍റെ പ്രതീകമായിരുന്നു എന്ന്. ജീവിതതത്തിന്‍റെ കളിക്കളത്തില്‍ പല വടം വലികളിലും  തോറ്റു  കൊണ്ടിരിക്കുന്ന ദുര്‍ബലരായ ബന്ധുക്കളോടും അയല്ക്കാരോടും മമ്മിയ്ക്ക് എന്നും  അനുഭാവപൂര്‍വമായ സമീപന മായിരുന്നു. തന്നാലാകാവുന്ന കൈത്താങ്ങു നല്കുക മാത്രമല്ല, പപ്പായെയോ, മക്കളെയോ കൊണ്ട് ചെയ്യിക്കാവുന്ന  ഉപകാരങ്ങള്‍ ആവശ്യക്കാര്‍ക്കു ചെയ്യിപ്പിച്ചു കൊടുക്കുകയും ചെയ്തിരുന്നു, സന്മനസുള്ള ഈ സമരിയാക്കാരി. 
    കുടുംബബന്ധങ്ങള്‍ ഒരു പോറലുമേല്ക്കാതെ നിലനിര്‍ത്തണ മെന്നും,  ബലപ്പെടുത്തണമെന്നുമുള്ള  സന്ദേശം തന്‍റെ ജീവിത ചെയ്തികള്‍ കൊണ്ടു മമ്മി ഞങ്ങള്‍ക്കു നല്കി. ഭേദ ചിന്തകളൊന്നുമില്ലാതെ എല്ലാ ബന്ധുക്കളെയും  ചേര്‍ത്തു നിര്‍ത്തുന്നതില്‍ മമ്മിക്കു പ്രത്യേക താല്പര്യമു ണ്ടായിരുന്നു. ഓണാവധിയും, ക്രിസ്മസ് അവധിയും മധ്യവേനലവധിയും വരുമ്പോള്‍ ഞങ്ങള്‍ പപ്പായുടെയും, മമ്മിയുടെയും സഹോദരിമാരുടെ വീടുകളില്‍ പോയി രണ്ടു ദിവസം താമസിച്ച് കുടുംബ ബന്ധങ്ങളുടെ ഊഷ്മളത ആസ്വദിക്കണമെന്ന് മമ്മിക്കു നിര്‍ബന്ധമുണ്ടായിരുന്നു. അകന്ന ബന്ധുക്കള്‍ക്കുപോലും ആതിഥേയത്വം വഹിക്കുവാന്‍ മമ്മിക്ക് എന്നും സന്തോഷമായിരുന്നു. വീട്ടില്‍ ആരു വന്നാലും  അവര്‍ക്കു രുചിയുള്ള ഭക്ഷണം സമൃദ്ധമായി വിളമ്പുന്നതില്‍ മമ്മി ആനന്ദം കണ്ടു. വിശപ്പടക്കാന്‍ വിഷമിക്കുന്ന മനുഷ്യര്‍ ചിലപ്പോള്‍ സഹായം തേടി എത്തുമ്പോള്‍ അവര്‍ക്ക് അന്നമ്മ യഥാര്‍ത്ഥത്തില്‍  څഅന്നچത്തിന്‍റെ "അമ്മ" തന്നെയായിരുന്നു. 
പറമ്പും, പാടവും, കൃഷിയുമൊക്കെ വേണ്ടത്രയുണ്ടായിരുന്ന കാര്‍ഷിക പശ്ചാത്തലത്തിലാണ് ഞങ്ങള്‍ വളര്‍ന്നത്. അടുക്കളയിലാകട്ടെ, പത്തായത്തിലാകട്ടെ, സ്റ്റോര്‍ മുറിയിലാകട്ടെ, ഒന്നിനും ഒരിക്കലും കുറവുണ്ടാകാത്തവിധം വിഭവങ്ങള്‍"മാനേജ്چ ചെയ്യുന്ന  കാര്യത്തില്‍ വിദഗ്ധയായിരുന്നു മമ്മി. വൈദ്യുതിയും ഫ്രിഡ്ജുമൊക്കെ വന്നപ്പോള്‍ കാര്യങ്ങള്‍ കുറച്ചു കൂടി എളുപ്പമായി. ആരോഗ്യദായകമായ നല്ല ഭക്ഷണമുണ്ടാക്കുക,  അതു വയര്‍ നിറയെ  തീറ്റിക്കുക - ഇതായിരുന്നു അനുദിന ജീവിതത്തില്‍ മമ്മിയുടെ മിനിമം പരിപാടി. പാലും, മുട്ടയും, ഏത്തപ്പഴവും, തേനും, പറമ്പില്‍ നിന്നു പറിച്ചെടുക്കുന്ന പച്ചക്കറികളും څഡയറ്റില്‍چ ദിവസവും വേണം. മത്സ്യവും മാംസവും ഇടവേളകളില്‍. പുരിയിടങ്ങളില്‍ നിന്നും ശേഖരിക്കുന്ന 31 ഇനം ഔഷധ സസ്യങ്ങള്‍ ഇടിച്ചു പിഴിഞ്ഞ നീരില്‍ അരി വേവിച്ചുണ്ടാക്കുന്ന മരുന്നുകഞ്ഞി. കര്‍ക്കിടകത്തില്‍ രണ്ടാഴ്ച എല്ലാവരും കഴിക്കണം എന്നു നിര്‍ബന്ധം. ഇരുപതാം വയസില്‍ എം.എ ക്ക് പഠിക്കാന്‍ ഹോസ്റ്റലിലേക്കു പോകും വരെ മമ്മി വീട്ടില്‍ നല്കിയ "ഡയറ്റ്چ ആണ് ഇക്കാലമത്രയും അരോഗദൃഢഗാത്രനായി ജീവിക്കാന്‍ എന്നെ പ്രാപ്തനാക്കിയത് എന്ന് ഞാന്‍ കരുതുന്നു.
    ശരീരത്തിന്‍റെ ആരോഗ്യത്തിലെന്നപോലെ തന്നെ, മനസ്സിന്‍റെയും ആത്മാവിന്‍റെയും സുസ്ഥിതിയിലും മമ്മി ഏറെ ശ്രദ്ധിച്ചിരുന്നു. എപ്പോഴും പ്രസന്നമായ ആ മുഖത്തു നിന്ന് "പോസിറ്റീവ് എനര്‍ജി"  വീട്ടിലെങ്ങും പ്രസരിച്ചുകൊണ്ടിരുന്നു. മക്കളോടെന്നല്ല, ആരോടും തന്നെ, ദേഷ്യപ്പെട്ടോ, കോപിച്ചോ മമ്മി സംസാരിച്ചുകേള്‍ക്കാറില്ല. വാക്കിലോ, പ്രവൃത്തിയിലോ, അസൂയ, വൈരാഗ്യം, കുശുമ്പ്, പിണക്കം,  ഇതൊന്നും കടന്നു വരാന്‍ മമ്മി  അനുവദിക്കില്ല. കലഹത്തിന്‍റെ കള ആ മണ്ണില്‍ വളരുകയില്ല. തെറ്റു ചെയ്തവരോടും, വേദനിപ്പിച്ചവരോടും ക്ഷമിക്കാനുള്ള മനസ്സ് ഉണ്ടായിരിക്കണം എന്ന് പ്രവൃത്തിയിലൂടെ മമ്മി പഠിപ്പിച്ചുതന്നു.  സന്തോഷവും, സമാധാനവും സദ്ചിന്തകളും കൊണ്ട് സമ്പന്നമായ ഒരു കുടുംബാന്തരീക്ഷം മമ്മി നിലനിര്‍ത്തിയിരുന്നു എന്നത് എന്‍റെ ബാല്യത്തിന്‍റെ സൗഭാഗ്യമായിരുന്നു. 
    പപ്പായും മമ്മിയും തമ്മിലുള്ള ബന്ധത്തിന്‍റെ സൗകുമാര്യ മായിരുന്നു ആ അന്തരീക്ഷത്തിന്‍റെ ആത്മാവ്. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റില്‍ ഉദ്യോഗസ്ഥനായ പപ്പ മാസത്തില്‍ ഒന്നോ രണ്ടോ  തവണയേ  വീട്ടില്‍ വന്നിരുന്നുള്ളൂ. അവധിക്കാലത്ത് ഞങ്ങള്‍ പപ്പായുടെ ജോലി സ്ഥലത്തേയ്ക്കു പോകും. പപ്പായും മമ്മിയും തമ്മില്‍ കലഹിക്കുന്നത് ഒരിക്കലെങ്കിലും  ഞങ്ങള്‍ കണ്ടിട്ടേയില്ല. പരസ്പരം ദ്വേഷ്യപ്പെട്ടു സംസാരിക്കുന്നതുപോലും കേട്ടിട്ടില്ല. പപ്പായുടെ സംസാരത്തിലും പെരുമാറ്റത്തിലും  വാത്സല്യം എപ്പോഴും നിറഞ്ഞു തുളുമ്പി. മമ്മിയ്ക്കാണെങ്കില്‍  പപ്പായോട് എപ്പോഴും വീരാരാധനയായിരുന്നു. പപ്പായെ ഒരു വലിയ "ഹീറോ" ആയി മക്കളുടെ മുമ്പില്‍ അവതരിപ്പിക്കുന്നതില്‍ മമ്മി എപ്പോഴും ശ്രദ്ധാലുവായിരുന്നു. അങ്ങനെ, നല്ലവനും, വിശാല ഹൃദയനും, കരുണാമയനും, സല്‍സ്വഭാവിയും, നീതിമാനും, ധൈര്യശാലിയും, ലഹരി വിരുദ്ധനും, പ്രലോഭനങ്ങള്‍ക്കു വഴങ്ങാത്തവനും, തെറ്റുകള്‍ക്കു കൂട്ടു നില്ക്കാത്തവനും, ഔദ്യോഗിക  കൃത്യ നിര്‍വഹണത്തില്‍ അതിസമര്‍ത്ഥനുമായ പപ്പാ ബാലമനസ്സുകളില്‍  കൊളോസസ്സിന്‍റെ വലിപ്പത്തോടെ വാണരുളി. കാലത്തിന്‍റെ തികവില്‍ ഞങ്ങള്‍ മക്കള്‍  വിവാഹിതരായപ്പോള്‍, പപ്പായും മമ്മിയും തമ്മിലുണ്ടായിരുന്ന മാതൃകാപരമായ ദാമ്പത്യ ബന്ധത്തിന്‍റെ  ഓര്‍മ്മകള്‍ ഞങ്ങളുടെ വഴിത്താരയില്‍ ധ്രുവ നക്ഷത്രമായി തിളങ്ങി നിന്നു.
    ജീവിതപസ്ഥാവില്‍ എന്നും പ്രകാശം പരത്തേണ്ട ചില മൂല്യങ്ങളെ  ഞങ്ങളിലേക്കു  സന്നിവേശിപ്പിക്കാന്‍ വാക്കു കൊണ്ടും, പ്രവൃത്തികൊണ്ടും മമ്മി പലപ്പോഴും പരിശ്രമിക്കാറുണ്ടായിരുന്നു.  ഒരു സന്ദര്‍ഭം  ഓര്‍ത്തു പോകുന്നു. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അഖില കേരള ബാലജനസഖ്യം നടത്തിയ ഇന്‍റര്‍സ്കൂള്‍ പ്രസംഗമത്സരത്തില്‍ കോട്ടയം ജില്ലയില്‍ എനിക്ക് ഒന്നാം സമ്മാനം ലഭിച്ചു. ഫോട്ടോ മനോരമയില്‍ വന്നതോടെ ഞാന്‍ കോളര്‍ പൊക്കിവച്ചു നടക്കാന്‍ തുടങ്ങി.  രോഗം മണത്തറിഞ്ഞ മമ്മി ഒരു ദിവസം രാവിലെ എന്നെ വീടിന്‍റെ വരാന്തയിലേക്കു കൂട്ടിക്കൊണ്ടുപോയി  താഴോട്ടു നോക്കാന്‍ പറഞ്ഞു.  അവിടെ തട്ടു തട്ടായി കിടക്കുന്ന ഭൂപ്രകൃതിയാണ്. വീടിരിക്കുന്ന പറമ്പിനു താഴെ മരിച്ചീനിത്തൊട്ടി. അതിനു താഴെ വാഴത്തോപ്പ് അതിനും താഴെ  ഇഞ്ചിത്തൊട്ടി. പിന്നീടങ്ങോട്ട് വിശാലമായ നെല്‍വയലാണ്. വയലില്‍ നെല്ലു വിളഞ്ഞു കതിരുകള്‍ താഴോട്ടു വളഞ്ഞു നില്ക്കുന്നു. മമ്മി അങ്ങോട്ടു കൈചൂണ്ടിയിട്ടു പറഞ്ഞു: "വിളഞ്ഞ നെല്‍ച്ചെടിപോലെയാകണം. നേട്ടങ്ങള്‍ ഉണ്ടാകുമ്പോള്‍ വിനയം കൊണ്ട് തല കുനിയണം". വിജയങ്ങള്‍ എന്നെ കൂടുതല്‍ വിനയാന്വിതനാക്കണം.; അഹങ്കാരം വീഴ്ചയിലേക്കേ നയിക്കൂ എന്ന ആ സാരോപദേശം എനിക്കൊരു വഴിവിളക്കായി മാറി. 
    പ്രീഡിഗ്രിക്കാലത്ത് സന്ധ്യാ പ്രാര്‍ത്ഥന നടത്തുമ്പോള്‍ മമ്മി ദൈവത്തിന് വന്ദേഭാരതം ട്രെയിനിന്‍റെ സ്പീഡില്‍ സമര്‍പ്പിച്ചിരുന്ന കുറേ  ഡിമാന്‍ഡുകളിലൊന്ന് വര്‍ഷങ്ങള്‍ക്കുശേഷം എന്‍റെ മനസ്സില്‍ തെളിഞ്ഞു വന്നു. "കര്‍ത്താവേ, എന്‍റെ മക്കള്‍ ആരുടെയെങ്കിലും കണ്ണീരിനു കാരണക്കാരായി എന്നു കേള്‍ക്കാന്‍ ഇടവരരുതേ    " എന്നായിരുന്നു ആ പ്രാര്‍ത്ഥന. ഔദ്യോഗിക ജീവിതത്തില്‍ ചില നിര്‍ണ്ണായകമായ തീരുമാനങ്ങ ളെടുക്കുന്ന സന്ദര്‍ഭങ്ങളില്‍ എന്‍റെ മനസ്സിനെ വിടാതെ പിന്തുടര്‍ന്നിട്ടുള്ള വാക്കുകളാണവ.
    ഇതുപോലെ,  കേരള സര്‍വ്വകലാശാലയില്‍ പരീക്ഷാ കണ്‍ട്രോളറായി ചുമതലയേറ്റ ദിവസം എന്‍റെ മനസ്സിലേക്ക്  എവിടെ നിന്നോ ഒഴുകിയെത്തിയ ഓരോര്‍മ്മ മമ്മിയെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു. ഞങ്ങള്‍  സ്കൂള്‍ വിദ്യാര്‍ത്ഥികളായിരുന്നപ്പോള്‍ ഞായറാഴ്ച ഉച്ചയ്ക്ക് ഊണു കഴിഞ്ഞ് ഏറെ നേരം ഊണു മേശക്കു ചുറ്റുമിരുന്ന്  സംസാരിക്കുന്നത് പതിവായിരുന്നു. മമ്മിയും കൂടെയുണ്ടാകും.  പലപ്പോഴും പള്ളിയില്‍ നടന്ന കുര്‍ബാനയും അച്ചന്‍റെ പ്രസംഗവും വിഷയമാകും. ഒരു ഞായറാഴ്ച "നല്ല സമരിയാക്കാരന്‍റെ  ഉപമ"യെ  കുറിച്ചായിരുന്നു അച്ചന്‍റെ പ്രസംഗം. ലൂക്കായുടെ സുവിശേഷം പത്താം അധ്യായത്തില്‍ പറയുന്ന. ആ കഥയെക്കുറിച്ചു പ്രസംഗിച്ചപ്പോള്‍ ഊന്നിപ്പറയേണ്ട കാര്യം അച്ചന്‍ വിട്ടുകളഞ്ഞു എന്നായിരുന്നു. മമ്മിയുടെ കണ്ടെത്തല്‍! ജെറുസലെമില്‍ നിന്നും ജെറീക്കോയിലേക്കു പോകുകയായി രുന്നവനെ പ്രഹരിച്ച് അര്‍ദ്ധ പ്രാണനാക്കിയിട്ടു കവര്‍ച്ചക്കാര്‍ പൊയ്ക്കളഞ്ഞപ്പോള്‍ ആ വഴി വന്ന പുരോഹിതനും ലേവായനും  അവനെ കണ്ടെങ്കിലും സഹായിക്കാന്‍ മുതിരാതെ കടന്നു പോയി. എന്നാല്‍ പിന്നീട് വന്ന ഒരു സമരിയാക്കാരന്‍ അവനെ സഹായിക്കാന്‍ തയ്യാറായി. അവനോട് څകരുണ കാണിച്ചവന്‍چ  ആണ് അയല്ക്കാരന്‍ എന്ന ഗുണപാഠം ശരി തന്നെ; എന്നാല്‍ സമരിയാക്കാരനില്‍ നിന്നു പഠിക്കേണ്ട പാഠത്തേക്കാള്‍ വലിയൊരു പാഠം യാത്രക്കാരനെ സഹായിക്കാതെ കടന്നുപോയ പുരോഹിതനില്‍ നിന്നും ലേവായനില്‍ നിന്നും പഠിക്കേണ്ടിയിരിക്കുന്നു എന്നായിരുന്നു മമ്മിയുടെ അഭിപ്രായം. അവശത അനുഭവിക്കുന്ന ഒരുവനെ സഹായിക്കാന്‍ ദൈവം അവര്‍ക്ക്  ഒരവസരം നല്കി. ആ അവസരം അവര്‍ പാഴാക്കി.  ഇതു പാപമാണ്. ഒരാളെ സഹായിക്കുന്നത് നന്മയായിരിക്കുന്നതുപോലെ തന്നെ, ഒരാളെ സഹായിക്കാന്‍ ലഭിക്കുന്ന അവസരം പാഴാക്കിക്കളയുന്നത് പാപവുമാണ് എന്ന ആശയം അച്ചന്‍ ഊന്നിപ്പറയേണ്ടിയിരിന്നു എന്ന് മമ്മിയുടെ സുവിശേഷം !  പുതിയ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ഒരു മാര്‍ഗ്ഗനിര്‍ദ്ദേശം പോലെ ഈ കഥ എന്‍റെ ഓര്‍മ്മയില്‍ ഓടിയെത്തി- ഒട്ടേറെ പേര്‍ക്കു സഹായം ചെയ്യാന്‍ ദൈവം എനിക്ക് അവസരങ്ങള്‍ നല്കിയിരിക്കുന്നു; ഞാന്‍ അവ പാഴാക്കരുത്. 
    മമ്മിക്ക് മക്കളില്‍ ഏറ്റവും സ്നേഹം എന്നോടാണ് എന്നൊരു തോന്നല്‍ ചെറുപ്പത്തില്‍ എനിക്കുണ്ടായിരുന്നു. ഇതേ തോന്നല്‍ എല്ലാ മക്കള്‍ക്കു മുണ്ടായിരുന്നു എന്നു ഞാന്‍ പിന്നീട് മനസ്സിലാക്കി. "എന്നെയാണ്  ഏറ്റവും ഇഷ്ടം" എന്നു തോന്നിപ്പിക്കും വിധമായിരുന്നു. മക്കളോരോരുത്തരോടും മമ്മിയുടെ ഇടപെടല്‍. എന്നാല്‍, ജാന്‍സിയോട് മമ്മിക്ക് എന്നും പ്രത്യേകമായ ഒരു മമത ഉണ്ടായിരുന്നു എന്നു തന്നെയാണ് എന്‍റെ വിശ്വാസം.
    ഏതോ ഒരു വൈദികന്‍ ധ്യാനപ്രസംഗത്തില്‍ പറഞ്ഞു:  ڇഅഞ്ചു മക്കള്‍ ഉള്ളവര്‍ ഒരാളെ എങ്കിലും ദെവവേലക്കു വിട്ടു കൊടുക്കണംڈ. ഇതു കേട്ട നാള്‍ മുതല്‍ മമ്മി രണ്ടാമത്തെ പുത്രനായ എന്നോടു പറഞ്ഞു തുടങ്ങി:"നീ അച്ചനാകാന്‍ പൊക്കോ". ചില സ്മാര്‍ട്ട് പെണ്‍കുട്ടികളെ കണ്ടുമുട്ടും വരെ എനിക്കതിനോട്  വലിയ വിരോധമില്ലായിരുന്നു. പ്രസംഗമത്സരങ്ങളില്‍ സമ്മാനം നേടി പത്രങ്ങളില്‍ പ്രതൃക്ഷപ്പെട്ട ജാന്‍സി ജോര്‍ജ്ജ് എന്ന പെണ്‍കുട്ടിയെക്കുറിച്ചു മമ്മിയും കേട്ടിരുന്നു.  ക്നാനായ സമുദായത്തിനു വെളിയില്‍ നിന്നു വിവാഹം ചെയ്യുന്നതു  അംഗീകരിക്കാന്‍ വിഷമമുണ്ടായിരുന്ന ആ കാലത്ത്  ക്നാനായക്കാരിയല്ലാത്ത ജാന്‍സിയെ  വിവാഹം ചെയ്യണമെന്ന ആഗ്രഹം  ഞാന്‍ അവതരിപ്പിച്ചപ്പോള്‍ മമ്മി ഒരു മറുപടിയേ പറഞ്ഞുള്ളൂ: "അവള്‍ ഒരു മിടുക്കിയാണെന്നല്ലേ എല്ലാവരും പറയുന്നത്!"
    വിവാഹശേഷം ജാന്‍സിയുടെ അക്കാദമിക് ജീവിതത്തിന് മമ്മി നല്കിയതുപോലുള്ള പ്രോത്സാഹനം കൊടുത്തിട്ടുള്ള അമ്മായിഅമ്മമാര്‍ ചുരുക്കമായിരിക്കും.  1997 ല്‍   കോമണ്‍വെല്‍ത്ത് ഫെലോഷിപ്പ് നേടി ഒരു വര്‍ഷത്തേയ്ക്ക് ഇംഗ്ലണ്ടിലേക്ക് പോകേണ്ടി വന്നപ്പോള്‍, ഇരുപതുകാരിയായ ഒരു ജോലിക്കാരി കുട്ടിയെയും, എല്‍.എല്‍.ബിയ്ക്കു പഠിക്കുന്ന മൂത്ത കളെയും മാത്രം കൂട്ടിനു നല്കി എന്നെ പിരിയേണ്ടിവരുമെന്ന ധര്‍മ്മസങ്കടം ജാന്‍സി മമ്മിയോട് പറഞ്ഞപ്പോള്‍  മമ്മി പറഞ്ഞു:" നീ ധൈര്യമായി പോ. ബാക്കി ഞാന്‍ നോക്കിക്കോളാം".
    മക്കളില്‍ നിന്നു  മമ്മി യാതൊന്നും ആവശ്യപ്പെട്ടില്ല. ഓണത്തിനും, ക്രിസ്തുമസിനും എല്ലാ മക്കളും കുടുംബസമേതം കൈപ്പുഴയില്‍ ഞങ്ങളുടെ ജന്മഗൃഹത്തില്‍ ഒത്തുകൂടണം എന്ന ഒരൊറ്റ ഡിമാന്‍ഡേ മമ്മിക്കുണ്ടാ യിരുന്നുള്ളൂ. ഞങ്ങള്‍ അഞ്ചു മക്കളും ജീവിത പങ്കാളികളും മക്കളുമൊത്ത് പപ്പായുടെയും മമ്മിയുടെയും അടുത്ത് അങ്ങനെ ചെല്ലുമ്പോള്‍ മമ്മിക്കുണ്ടായിരുന്ന അഭിമാനവും, ആഹ്ളാദവും അളക്കാവതല്ല. അവസാനമായപ്പോള്‍ ഒത്തു കൂടുന്നവരുടെ എണ്ണം 25 ആയി ഉയര്‍ന്നു. എല്ലാവര്‍ക്കും ഭക്ഷണമൊരുക്കുന്നതു തന്നെ മമ്മിക്ക് എന്തൊരു ഭാരമായിരുന്നിരിക്കണം! പക്ഷേ, ആ ഭാരമായിരുന്നു മമ്മിയുടെ ഏറ്റവും വലിയ ആനന്ദം. പണം കൊണ്ടോ, സമ്മാനങ്ങള്‍ കൊണ്ടോ മമ്മിയെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ മമ്മി പറയും: ڇഎനിക്കിതൊന്നും വേണ്ട. പണത്തി നാവശ്യം നിങ്ങള്‍ക്കല്ലേ? എനിക്കൊരു സമ്മാനം മാത്രം മതി. നിങ്ങള്‍ കൂനന്‍ പാലയുടെ  കായ് പോലെ നാലും നാലുവഴിക്ക് മുഖം തിരിച്ചിരിക്കാതെ ഒരുമിച്ചു സന്തോഷമായി കഴിഞ്ഞാല്‍ മത്രം മതിڈ.  ആ സന്തോഷം ഞങ്ങള്‍ മക്കള്‍ മമ്മിക്കു നിഷേധിച്ചിട്ടില്ല. വേഷം മാറി, രൂപം മാറി, ഇന്നു സ്വര്‍ഗ്ഗത്തിലിരിക്കുമ്പോഴും മമ്മിക്ക് അക്കാര്യത്തില്‍ സന്തോഷിക്കാം.
    ഞാന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വീട്ടില്‍ ഒരു വലിയ സംഭവം ഉണ്ടായി.  ഒരു ദിവസം ഗ്രേസികുഞ്ഞമ്മയും, എന്‍റെ പെങ്ങള്‍ ലൈലയും കൂടി മമ്മിയെ ഒരു മുറിയിലേക്കു തള്ളികയറ്റി കതകടച്ചു. അങ്ങോട്ടു മുണ്ടും ചട്ടയും ധരിച്ചു  കയറിപ്പോയ ആള്‍ തിരിച്ചിറങ്ങി വന്നത് സാരിയുടുത്താണ്. അതുവരെ ഞങ്ങള്‍ "ചേച്ചി" എന്നു വിളിച്ചിരുന്ന ഞങ്ങളുടെ അമ്മ അന്നു മുതല്‍ "മമ്മി"യായി. പിന്നീടൊരിക്കലും മുണ്ടിലേക്ക് മമ്മി മടങ്ങിയില്ല. എന്നാല്‍, ഇന്നും എന്‍റെ മനസില്‍, ലോകത്തിലെ ഏറ്റവും നല്ല സുന്ദരി മുണ്ടും ചട്ടയും ധരിച്ച എന്‍റെ അമ്മ തന്നെ. ഇതു ഞാന്‍ പറയുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍  ഏതോ വിശിഷ്ട വേഷം ധരിച്ച് "ബെര്‍ത്ത്ഡേ ബേബി"യായി വിലസുന്ന മമ്മി "ഒന്നു നിര്‍ത്തി പോടാ, ചെറുക്കാ" എന്ന് ഒരു കുസൃതിച്ചിരിയോടെ പറയുന്നത് എന്‍റെ ചെവിയില്‍ മുഴങ്ങുന്നു. അതുകൊണ്ട് ഞാന്‍ നിര്‍ത്തുന്നു. നിങ്ങള്‍ക്കു നന്ദി.

     

ജെയിംസ് ജോസഫ് കാരക്കാട്ട് 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.