PRAVASI

മഴ മാറിയപ്പോള്‍

Blog Image

പുറത്തു മഴ പെയ്തുകൊണ്ടിരുന്നതിനാലാണ് അറുബോറന്‍ പ്രസംഗങ്ങള്‍ക്കു ചെവി കടം കൊടുത്ത് ഞാന്‍  ആ ഹാളിനുളളില്‍ അത്രയും നേരം ഇരുന്നത്. ഇനിയും വൈകിയാല്‍ ബസ് കിട്ടാന്‍ ബുദ്ധിമുട്ടാകും എന്നു തോന്നിത്തുടങ്ങിയപ്പോള്‍ കുട നിവര്‍ത്തി ഞാന്‍ മഴയത്തേയ്ക്കിറങ്ങി. എന്‍റെ ബസ്സ്റ്റോപ്പിലേക്ക് അധികം ദൂരമില്ലല്ലോ എന്നു സ്വയം ആശ്വസിപ്പിച്ച്, "പൂച്ചയും പട്ടിയും പെയ്തിറങ്ങുന്ന മഴ"യില്‍, തലസ്ഥാന നഗരിയുടെ ഹൃദയ വീഥിയിലൂടെ നടന്നു തുടങ്ങിയപ്പോള്‍ വഴി വിളക്കുകള്‍ കണ്ണടച്ചു. എവിടെയെങ്കിലുമൊക്കെ വൈദ്യുതി കമ്പികളില്‍ മരങ്ങള്‍ ഒടിഞ്ഞു വീണിട്ടുണ്ടാവും. 
ആള്‍ത്തിരക്കൊഴിഞ്ഞ നനഞ്ഞ വഴിത്താരയിലൂടെ വെളളത്തില്‍ കളിച്ചു തെന്നിനീങ്ങി സെക്രട്ടറിയേറ്റിനു സമീപമുളള ബസ് ഷെല്‍ട്ടറിനു മുന്നിലെത്തിയപ്പോള്‍ അതിലേക്കു കയറി. അവിടെ ബസ് കാത്തിരിക്കുന്ന ഒരു വൃദ്ധന്‍ മാത്രം. ഫ്രീ വൈ ഫൈ, റ്റി.വി, ടോയ്ലെറ്റ്,വൃദ്ധ സൗഹൃദ സീറ്റുകള്‍, ലഗ്ഗേജ് റാക്ക്, മുലയൂട്ടല്‍ മുറി തുടങ്ങിയ സൗകര്യങ്ങളുള്ളതിനാല്‍ څലോകോത്തര നിലവാരമുളളچകാത്തിരിപ്പു കേന്ദ്രമെന്ന ഖ്യാതി ഈ ഷെല്‍ട്ടറിനു സ്വന്തം. ഞാന്‍ കുട മടക്കി അകത്തേക്കു കയറുമ്പോള്‍  നല്ല വേഷം ധരിച്ച്, നരച്ച  സ്വെറ്ററിട്ടിരിക്കുന്ന ആ വൃദ്ധന്‍ څദിവസം തീരാറായപ്പോള്‍ ഇതെന്തൊരു മഴ!چ എന്ന് ആശ്ചര്യപ്പെടുന്ന മുഖവുമായി എന്നെ തുറിച്ചു നോക്കി. ശാന്തമായ പഹല്‍ഗാമിലേക്ക് അതിക്രമിച്ചു കടന്ന തീവ്രവാദിയെ കണ്ടിട്ടെന്ന പോലെ അയാള്‍ അസ്വസ്ഥനായി. 
ആകാശ വിതാനത്ത് ഇടയ്ക്കിടെ കാണുന്ന മിന്നല്‍പ്പിണര്‍ പോലെ ഒരു യുവതി പെട്ടെന്ന് ഷെല്‍ട്ടറിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു. കുട പിടിച്ചിട്ടും ഒട്ടൊക്കെ നനഞ്ഞ ചെമന്ന ചുരിയും കറുത്ത ടോപ്പും ധരിച്ചു കടന്നു വന്ന അവളുടെ മുഖത്ത് മടുപ്പും ദ്വേഷ്യവും നിരാശയും അങ്കലാപ്പുമൊക്കെ കൂടി കലര്‍ന്ന ഒരു ഭാവം. ഏറെ അലഞ്ഞു നടന്നു ക്ഷീണിച്ചിരിക്കുന്നു എന്നു വ്യക്തം. ഇത്തിരി നേരം എന്നെയും വൃദ്ധനെയും മാറി മാറി നോക്കിയശേഷം ഒരു ദീര്‍ഘ നിശ്വാസത്തോടെ, അവ്യക്തമായി എന്തൊക്കെയോ പുലമ്പിക്കൊണ്ട് അവള്‍ ഒരു څസ്ത്രീ സൗഹൃദچ കസേരയിലേയ്ക്ക് തളര്‍ന്നു വീണു. څതേടിയ വളളി കാലില്‍ ചുറ്റിچ എന്നു വിളിച്ചു പറയുന്ന മുഖഭാവത്തോടെ അവള്‍ കണ്ണടച്ചു കുറേനേരമിരുന്നു, പ്രാര്‍ത്ഥനയിലെന്നപോലെ. 
വെളുത്തു മെലിഞ്ഞ  ആ സുന്ദരിയുടെ കണ്ണുകളില്‍ ഒരു കുരിശിന്‍റെ ഭാരം ഞാന്‍ വായിച്ചെടുത്തു. ഒഴുകി വരണ്ട കണ്ണീര്‍ച്ചാലുകള്‍ ആ കവിളിണകളില്‍ കഥ പറയുന്നു. ഇടയ്ക്കിടക്ക് നേരിയ നൊമ്പരം കൊണ്ടെന്ന പോലെ അവള്‍ അല്പം വീര്‍ത്ത വയറില്‍ തലോടുന്നുണ്ട്. പാവം ഗര്‍ഭിണി! 
ആ വൃദ്ധന്‍റെ നോട്ടവും അവളുടെ വയറിലേക്കാണെന്നു ഞാന്‍ കണ്ടു. അയാളുടെ കണ്ണുകളില്‍ കാരുണ്യം അലതല്ലുന്നു. ചെറുപ്പക്കാരോടു നല്ല കരുതലുളള ഏതൊരു കിഴവനെയുംപോലെ അയാള്‍ മെല്ലെ മൃദുലമായി ചോദിച്ചു: 
"എത്ര മാസമായി?"
അടഞ്ഞിരുന്ന കണ്ണുകള്‍ തുറന്ന്  ആ വൃദ്ധനയനങ്ങളിലെ വാത്സല്യം ആവോളം ആസ്വദിച്ച് , അവള്‍ പറഞ്ഞു: ڇആറാം മാസമാണ്ڈ.
അവളുടെ അവസ്ഥയില്‍ ആത്മാര്‍ത്ഥമായി വിഷമിക്കുന്ന മനസ്സോടെ അയാള്‍  തിരക്കി: 
" ഈ രാത്രി, മുട്ടു മഴയത്ത്, ഒറ്റയ്ക്കാണോ ?"
"അതേڈ എന്നു മൊഴിഞ്ഞു കൊണ്ട് അവള്‍ റോഡരികിലേക്കു നീങ്ങി, ഓടിയെത്തുന്ന ബസിന്‍റെ ബോര്‍ഡ് വായിച്ചു. 
"പേരൂര്‍ക്കട ! ശ്ശോ!ڈ എന്ന് ആരോടെന്നില്ലാതെ വിളിച്ചു പറഞ്ഞു കൊണ്ട് അവള്‍ മടങ്ങിയെത്തി. 
താന്‍ നേരത്തെ ചോദിച്ച ചോദ്യത്തിന്‍റെ ഉപചോദ്യം എന്ന മട്ടില്‍ വൃദ്ധന്‍ ദയാവായ്പോടെ അവളോട് ചോദിച്ചു: 
"ഭര്‍ത്താവില്ലേ?"
ഏതൊരു യുവതിയെയും പ്രകോപിപ്പിക്കാവുന്ന ആ ചോദ്യത്തിന് അവള്‍ ശാന്തമായി സങ്കടം മുറ്റിയ മറുപടി നല്കി: "പോയി".
പിന്നാലെ വന്ന ബസിന്‍റെ ഹെഡ്ലൈറ്റില്‍ ആശയര്‍പ്പിച്ച് അവള്‍ മുന്നോട്ടു നീങ്ങി. വണ്ടി നിന്നു കഴിഞ്ഞപ്പോള്‍ "ശ്ശെ, നാലാഞ്ചിറ!" എന്നു നിരാശയോടെ പിറുപിറുത്തുകൊണ്ട് വേഗം മടങ്ങിയെത്തി. ശ്രദ്ധിച്ചു നോക്കിയപ്പോള്‍ ക്ഷീണിച്ചു തളര്‍ന്നിരുന്ന അവള്‍ പ്രാര്‍ത്ഥനാപൂര്‍വം കര്‍ത്താവിനെ വിളിക്കുന്നതായി എനിക്കു തോന്നി. "എന്‍റെ അലച്ചിലുകള്‍ നീ എണ്ണിയിട്ടുണ്ടല്ലോ, അല്ലേ?" എന്ന് കര്‍ത്താവിനോട് പരിഭവിക്കുന്ന ആ യുവതിയോടുള്ള അടുത്ത ഉപചോദ്യവുമായി വൃദ്ധന്‍ അടുത്തുകൂടി. 
"വീട്ടില്‍ കൂട്ടിന് ആരുമില്ലേ?" എന്ന ചോദ്യം അവളെ ശുണ്ഠിപിടിപ്പിക്കും എന്നു ഞാന്‍ കരുതി. എന്നാല്‍, അവള്‍, ക്ഷമയോടെ തന്‍റെ ദുരവസ്ഥയില്‍ ദു:ഖിക്കുന്ന ആ മനുഷ്യനോടു നന്ദിയുള്ള മനസ്സോടെ പറഞ്ഞു: 
"പപ്പായുണ്ട്ڈ.
മഴയുടെ തുള്ളിച്ചാട്ടത്തിന്  യവനിക വീഴുന്ന ആശ്വാസദായകമായ ആ നിമിഷം വൃദ്ധന്‍റെ മുഖത്ത് ഒരു മഴവില്ല് വിടുരുന്നത് ഞാന്‍ കണ്ടു. 
"എങ്കില്‍ പിന്നെ, പപ്പായെ കൂട്ടിവന്നു  കൂടായിരുന്നോ?ڈ, അയാള്‍ ആശ്ചര്യം തുടിക്കുന്ന ശബ്ദത്തില്‍ ചോദിച്ചു. 
ബസ് വേഗം വരാന്‍ വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്ന അവള്‍ ڇഎന്‍റെ കണ്ണീര്‍കണങ്ങള്‍ നിന്‍റെ തോല്‍സഞ്ചിയില്‍ സൂക്ഷിച്ചിട്ടുണ്ടല്ലോ, അല്ലെ?" എന്നു കര്‍ത്താവിനോടു ചോദിച്ചു കൊണ്ട്,  വൃദ്ധന്‍റെ മുഖത്തേക്കു കരുണാര്‍ദ്രമായി നോക്കി. എന്നിട്ട്,  ഈറനണിഞ്ഞ കണ്ണുകളോടെ മറുപടി പറഞ്ഞു:
"പപ്പായ്ക്ക് മറവി രോഗമുണ്ട്. എന്നെ തിരിച്ചറിയാന്‍ പോലും കഴിയില്ല!"
    മഴ കഴിയാറായല്ലോ എന്ന ആശ്വാസം രണ്ടു പേരുടെയും മുഖങ്ങളില്‍ തെളിഞ്ഞു വരുമ്പോള്‍ അടുത്ത ബസിന്‍റെ ഹെഡ്ലൈറ്റ്  ദൃശ്യമായി. ബസിന്‍റെ ബോര്‍ഡ് വായിച്ചിട്ട് യുവതി പിന്നോട്ടു പാഞ്ഞു വന്ന് വൃദ്ധന്‍റെ കൈ പിടിച്ചു പറഞ്ഞു:
"കമോണ്‍, പപ്പ! ശ്രീകാര്യം ബസ് വന്നു. നമുക്ക് പോകാംڈ.
    അവര്‍ പോയി.
    എന്‍റെ മകള്‍ ഇതുപോലെ  എന്നെ കൈപിടിച്ചു കൊണ്ടു പോകുന്ന ദിവസത്തിലേക്ക് ഇനി എത്ര ദൂരമുണ്ടാകും എന്ന ചിന്ത എന്നെ വേട്ടയാടിത്തുടങ്ങി. അത്ര ദൂരെയല്ലാത്ത എന്‍റെ ഷെല്‍ട്ടറിലേക്ക് കനമേറിയ ഹൃദയവുമായി ഞാന്‍ നടന്നു നീങ്ങുമ്പോള്‍  മഴ വീണ്ടും ചാറിത്തുടങ്ങി. 

ജയിംസ് ജോസഫ് കാരക്കാട്ട്,

(ചെക്കോവിനോട് കടപ്പാട്)
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.