PRAVASI

മേഘസന്ദേശം (കവിത)

Blog Image

കാലങ്ങൾ കുറെയായി 
അലമാരിയുടെ ഉള്ളറകളിൽ 
മയങ്ങുകയായിരുന്നു
ഇളം മഞ്ഞ നിറത്തിൽ
ഇലത്തണ്ടുകളും പൂക്കളും 
പഴങ്കഥകളും  നിറഞ്ഞ
പതുപതുത്ത ആ കോട്ടാ സാരി.
 വീണ്ടുമതിൽ  
കൺ തൊട്ട നേരം 
 മൃദുവായി അവൾ ചോദിച്ചു 
 ഇന്നലെകളിലെ 
ഇളംവെയിലുകളുടെ
വർണ്ണ ചിത്രങ്ങൾ വാരിചുറ്റി
 ഇന്നിലേക്ക്  ചാഞ്ഞിറങ്ങാമോ 
അനിശ്ചിതത്വങ്ങളുടെ 
വേനലുകളിൽ, വരൾച്ചകളിൽ
തണവേകാമോ.
ഉടയാടയുടെ  മിഴിവാർന്ന 
മന്ദസ്മിതം ഉടലിൽ  ചേർന്നു.

കാലങ്ങൾക്കിപ്പുറം 
കാലടികൾക്ക് വേഗം കുറഞ്ഞെങ്കിലും 
കൂട്ട് വന്ന 
മഞ്ഞ ഞൊറിവുകളിലേക്ക്
മുന്താണി തുമ്പത്തേക്ക്
എങ്ങുനിന്നെന്നറിയാതെ
വീണ്ടും ഇളംകാറ്റ് വീശി.
മരച്ചാർത്തിൽ നിന്ന് കുരുവികളുടെ 
ഈണം കേട്ടു.
നടവഴികളിൽ  
വീണ്ടും അക്ഷരങ്ങൾ തളിർത്തു

അന്നേരം ആകാശത്തു
മേഘങ്ങൾ ഒക്കെയും ഒത്തുകൂടി
പിന്നെയും അവൾക്കായി
അലമാരകൾ തുറന്നു.

സൂസൻ ജോഷി

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.