വാഷിംഗ്ടൺ ഡിസിയിൽ ജൂലൈ 18 ന് ആരംഭിക്കുന്ന ഫൊക്കാന അന്തർദ്ദേശീയ കൺവൻഷനിൽ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ : എ എ റഷീദ് പങ്കെടുക്കും.
വാഷിംഗ്ടൺ ഡിസി: വാഷിംഗ്ടൺ ഡിസിയിൽ ജൂലൈ 18 ന് ആരംഭിക്കുന്ന ഫൊക്കാന അന്തർദ്ദേശീയ കൺവൻഷനിൽ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ : എ എ റഷീദ് പങ്കെടുക്കും. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ സജീവമായ അഡ്വ: എ എ റഷീദ് 1980 - 1981 കാലയളവിൽ കേരള യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ ചെയർമാനായി വിദ്യാർത്ഥി സംഘടനാ പ്രവർത്തന രംഗത്ത് സജീവമായി. 1985 - 1986 , 1999 - 2003 കാലയളവിൽ കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗമായിരുന്നു. 2006- 2010 ൽ വീണ്ടും സെനറ്റ് അംഗമായി . 97-ാമത് ശാസ്ത്ര കോൺഗ്രസ് കോ ചെയർമാൻ, കൈരളി ടി.വി ഡയറക്ടർ ബോർഡ് അംഗം ,സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റി ജനറൽ കൺവീനർ , കേരളാ സ്റ്റേറ്റ് ജിംനാസ്റ്റിക്സ് അസോസിയേഷൻ പ്രസിഡൻ്റ് , ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ് ചെയർമാൻ , കേരളാ സംസ്ഥാന പൊലൂഷൻ കൺട്രോൾ ബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തന പരിചയവും സ്വീകാര്യതയുമുള്ള അഡ്വ: എ എ റഷീദിൻ്റെ സാന്നിദ്ധ്യം ഫൊക്കാന കൺവൻഷൻ്റെ മാറ്റ് കൂട്ടും . തിരുവനന്തപുരം സ്വദേശിയായ അഡ്വ : എ എ റഷീദ് ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ എന്ന നിലയിൽ മികച്ച സേവനമാണ് കാഴ്ചവെയ്ക്കുന്നത്.
അഡ്വ : എ എ റഷീദ്
കരുത്തും കരുതലുമായി ന്യൂനപക്ഷങ്ങള്‍ക്കൊപ്പം വിദ്യാഭ്യാസ അവകാശങ്ങളും സംവരണവും ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് വിവിധ ഘട്ടങ്ങളില്‍ നിഷേധിക്കപ്പെട്ടപ്പോള്‍ ക്രിയാത്മക ഇടപെടല്‍ നടത്താന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ എന്ന നിലയിൽ അഡ്വ : എ എ റഷീദിന് സാധിച്ചിട്ടുണ്ട്. കോടതികളില്‍ പോയി കേസ് നടത്താന്‍ പ്രാപ്തിയില്ലാത്ത ന്യൂനപക്ഷ വിഭാഗത്തിലെ സാധാരണക്കാര്‍ക്ക് നീതിയുടെ പൊന്‍കിരണമായി കമ്മീഷനെ മാറ്റിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് .
കേരളത്തിലെ മത ന്യൂനപക്ഷങ്ങളുടെ സമഗ്രമായ വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക, തൊഴില്‍ പുരോഗതിക്കും ക്ഷേമത്തിനും സംരക്ഷണത്തിനും ശാക്തീകരണത്തിനുമാണ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ രൂപവത്കരിച്ച് 2013 മെയ് 15ാം തീയതി ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്. സംസ്ഥാന ജനസംഖ്യയുടെ പകുതിയോളം വരുന്ന ന്യൂനപക്ഷ സമൂഹം അധിവസിക്കുന്ന കേരളത്തില്‍ ന്യൂനപക്ഷ കമ്മീഷന് പ്രഥമ സ്ഥാനമാണുള്ളത്. സംസ്ഥാനത്തെ നാല്‍പ്പത്താറ് ശതമാനം വരുന്ന ന്യൂനപക്ഷങ്ങളില്‍ 26 ശതമാനം മുസ്‌ലിംകളും 18 ശതമാനം ക്രിസ്ത്യന്‍ സമുദായാംഗങ്ങളും രണ്ട് ശതമാനം ബുദ്ധ, ജൈന, സിഖ്, പാഴ്‌സി വിഭാഗങ്ങളുമാണുള്ളത്. ജീവിതത്തിന്റെ നിരവധിയായ സങ്കീര്‍ണതകളാണ് ഈ സമൂഹങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ അവകാശങ്ങളും സംവരണവും ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് വിവിധ ഘട്ടങ്ങളില്‍ നിഷേധിക്കപ്പെട്ടപ്പോള്‍ ക്രിയാത്മക ഇടപെടല്‍ നടത്താന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് സാധിച്ചിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു .പുതിയ കാലഘട്ടത്തില്‍ ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹം നിരന്തരമായ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങളായി ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പല അവകാശങ്ങളും ചോദ്യചിഹ്നമായി മാറുകയാണ്. ന്യൂനപക്ഷ കമ്മീഷന് മുമ്പിലുള്ളത് വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടമാണ്. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന കേരള സര്‍ക്കാറിന്റെയും കേരള ജനതയുടെയും പിന്തുണയോടെ ഈ വെല്ലുവിളികള്‍ അതിജീവിക്കാന്‍ കഴിയുമെന്നാണ് കമ്മീഷന്‍ പ്രതീക്ഷിക്കുന്നത്. ന്യൂനപക്ഷ വിഭാഗത്തിലെ ആയിരക്കണക്കിന് ആളുകള്‍ക്ക് നീതി നടപ്പാക്കുന്നതിന് കൂടെ നില്‍ക്കാന്‍ കഴിഞ്ഞു എന്നത് ന്യൂനപക്ഷ കമ്മീഷനെ സംബന്ധിച്ച് അഭിമാനകരമാണ്. ജുഡീഷ്യല്‍ അധികാരങ്ങള്‍ കമ്മീഷനില്‍ നിക്ഷിപ്തമായതിനാല്‍, ചുവപ്പുനാടയുടെ പേര് പറഞ്ഞ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ അവകാശം നിഷേധിക്കുന്നത് ഒഴിവാക്കി, ആവലാതിക്കാരന്റെ ആകുലതകള്‍ക്ക് പരിഹാരം കാണാന്‍ കമ്മീഷന് സാധിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും നടത്തുന്ന പ്രതിമാസ സിറ്റിംഗിലൂടെ ജനങ്ങളിലേക്ക് കൂടുതല്‍ എത്തിച്ചേരാന്‍ കമ്മീഷന് സാധിക്കുന്നെണ്ടെന്നും അദ്ദേഹം പറഞ്ഞു.