മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രം അണിയറയിൽ. നടനും സംവിധായകനുമായ അനൂപ് മേനോൻ ആണ് ചിത്രം ഒരുക്കുന്നത്. അനൂപ് മേനോൻ ആദ്യമായി തിരക്കഥ എഴുതിയ പകൽ നക്ഷത്രങ്ങളിലും മോഹൻലാൽ ആയിരുന്നു നായകൻ. തുടർന്ന് 20ഓളം ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥ എഴുതി.
ഈ റൊമാന്റിക് എന്റർടെയ്നറിന്റെ തിരക്കഥയും സംവിധാനവും അനൂപ് മേനോൻ തന്നെയാണ് നിർവഹിക്കുന്നത്. പ്രണയവും വിരഹവും സംഗീതവും ഇഴചേർന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. തിരുവനന്തപുരം, കൊൽക്കത്ത, ഷില്ലോങ് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.
ടൈംലെസ് മൂവീസിന്റെ ബാനറിൽ അരുൺ ചന്ദ്രകുമാറും സുജിത്ത് കെ.എസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. 2022ൽ പുറത്തിറങ്ങിയ കിംഗ് ഫിഷ് ആണ് അനൂപ് മേനോൻ സംവിധാനം ചെയ്ത അവസാന ചിത്രം.