മൊണാലിസ.
ഇവൾ
ഇവളുടെ വാക്കുകളിൽ
മൊണാലിസ.
ഇന്നോളം പിറവികൊള്ളാത്ത
വാക്കുകളെയത്രയും
ഹൃദയത്തിൽ പേറി
നീന്തിത്തുടിക്കുന്നൊരു നീലക്കടൽ.
ഇരുചാരക്കണ്ണിലും
സ്വപ്നങ്ങളുടെ നുര ചിതറി
തിരയടിച്ചുയരുന്നൊരു
മഹാശാന്തസമുദ്രം.
മുന്നിൽ തുറക്കാതെ പോയ
'മഹാ' ഭാരതത്തിലെ
വിദ്യാലയ വാതിലിനു ചുറ്റും
പാറിപ്പറക്കുന്ന
സ്വപ്നച്ചിറകുകളുള്ളൊരു
ചിത്രശലഭം.
ചേലുള്ള
ചേലകളാൽ പൊതിയപ്പെട്ട
ചമയങ്ങളിൽ
തിളങ്ങുന്ന
ലോക സുന്ദരിയല്ലിവൾ.
കുംഭമേള കമ്പങ്ങളിൽ
കണ്ണുകഴച്ചവർക്കിപ്പോൾ
കൺ നിറയെ കാണാൻ
ഒരു ദിനം കൊണ്ട്
വിശ്വത്തേക്കാളുയർന്നൊരു
വിശ്വസുന്ദരി,
മുത്തുമാലകളാൽ
മൂടപ്പെട്ടൊരു മുത്ത്,
ഒരച്ഛന്റെ മാനസപുത്രി,
മകളെ സ്വപ്നം കാണുന്നവരുടെയും.
സലീം മുഹമ്മദ്