PRAVASI

സാധ്യതകളുടെ വലിയ വാതിലുകള്‍ ;കഴിഞ്ഞ വർഷത്തെ സിനിമാ ഹിറ്റുകൾ

Blog Image

മലയാള സിനിമാ വ്യവസായത്തിന് ആത്മവിശ്വാസം നല്‍കുന്ന, ഭാവിയിലെ സാധ്യതകളുടെ വലിയ വാതിലുകള്‍ തുറന്നിട്ട വര്‍ഷമായിരുന്നു 2024. ഹിറ്റുകളെല്ലാം എണ്ണിപ്പെറുക്കി തിട്ടപ്പെടുത്തിയാല്‍ 2024 മലയാള സിനിമയുടെ നല്ല കാലമായിരുന്നു.

മലയാള സിനിമയുടെ ഏറ്റവും വലിയ 10 ബോക്സ് ഓഫീസ് ഹിറ്റുകളില്‍ ആറ് സിനിമകളും റിലീസ് ചെയ്യപ്പെട്ട വര്‍ഷമാണ് 2024. ലിസ്റ്റിലെ നാല് ചിത്രങ്ങളുടെ കളക്ഷന്‍ എടുത്തുനോക്കിയാല്‍ മറുനാടന്‍ പ്രേക്ഷകരുടെ സംഭാവനയും നിര്‍ണ്ണായകം. പരീക്ഷണ സിനിമകള്‍ക്കും ന്യൂജനസിനിമകള്‍ക്കുമൊക്കെ പ്രാധാന്യം നല്‍കി പ്രേക്ഷകര്‍ കലയെ ഇരുകൈയും നീട്ടി സ്വീകരിച്ച വര്‍ഷം. 2024 ന് പുകഴ്ത്താന്‍ ഇനിയും ഏറെയുണ്ട്. 


ഇന്ത്യന്‍ സിനിമാലോകത്ത് മലയാള സിനിമകള്‍ പുതിയൊരു ഐഡന്‍റിറ്റി പ്രമേയം കാഴ്ചവച്ചതും വ്യത്യസ്തകളിലൂടെ മറുനാടന്‍ പ്രേക്ഷകരെ കയ്യിലെടുത്ത വര്‍ഷവും 2024 തന്നെയാണ്. അതില്‍ പ്രധാനം ലോകപ്രേക്ഷകരുടെ ശ്രദ്ധ വരെ മലയാള സിനിമകള്‍ക്ക് പിടിച്ചുപറ്റാന്‍ സാധിച്ചു എന്നുള്ളതാണ്. മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്ക്കാരം മലയാള സിനിമയെ തേടിയെത്തിയ വര്‍ഷം കൂടിയായിരുന്നു ഇത്. പ്രേമലു, മഞ്ഞുമ്മല്‍ ബോയ്സ്, ആടുജീവിതം, ആവേശം, എആര്‍എം എന്നിവയാണ് ഇക്കൊല്ലത്തെ 100 കോടി ക്ലബ്ബില്‍ ഇടം നേടിയ മലയാളസിനിമകള്‍. ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമകളെപ്പറ്റി ഒരു ചെറിയ അവലോകനം നടത്താം.

മഞ്ഞുമ്മല്‍ ബോയ്സ്

മലയാളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ഹിറ്റായി മാറിയ മഞ്ഞുമ്മല്‍ ബോയ്സിനെ പരിശോധിച്ചുകൊണ്ട് അവലോകനം ആരംഭിക്കാം. യഥാര്‍ത്ഥസംഭവത്തെ ആസ്പദമാക്കി തിരക്കഥകള്‍ നിര്‍മ്മിക്കുന്ന പതിവ് മലയാളസിനിമയ്ക്കുള്ളതാണ്. 2006 ലെ കൊച്ചി മഞ്ഞുമ്മല്‍ എന്ന പ്രദേശത്തെ ഒരുകൂട്ടം സുഹൃത്തുക്കളുടെ യാത്രയും ഗുണാകേവില്‍ നിന്ന് അവര്‍ അതിസാഹസികമായി രക്ഷപ്പെട്ട സംഭവത്തെയും കോര്‍ത്തിണക്കിയാണ് മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രം പുറത്തിറക്കിയത്. ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ഗണപതി, ബാലുവര്‍ഗ്ഗീസ്, ജയന്‍പോള്‍, അരുണ്‍, ചന്തു, സലിംകുമാര്‍, ദീപക് പറമ്പോള്‍ തുടങ്ങി മലയാള സിനിമയിലെ മികച്ച താരങ്ങളായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. 2024 ഫെബ്രുവരി 22 നായിരുന്നു ചിത്രം തീയേറ്ററുകളില്‍ റിലീസ് ചെയ്തത്.

പ്രേമലു

പേരിലുള്ള കൗതുകം തന്നെയായിരുന്നു പ്രേക്ഷകനെയും സിനിമയിലേക്ക് അടുപ്പിച്ചത്. കോമഡി ന്യൂജന്‍ വേര്‍ഷനിലാണ് പ്രേമലു പ്രേക്ഷകര്‍ക്കായി പുറത്തിറങ്ങിയത്. കോളേജ്പഠനം കഴിഞ്ഞ് ജോലി ചെയ്യുന്നവരും കരിയറിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ആകുലപ്പെടുന്നവര്‍ക്കുമായി സാധാരണക്കാരായ ന്യൂജന്‍ പിള്ളേരുടെ കഥയായിരുന്നു പ്രേമലു പറഞ്ഞത്. കഥാപാത്രങ്ങളും പ്രേക്ഷകരെ ഏറെ തൃപ്തിപ്പെടുത്തുന്ന ഒന്നായിരുന്നു. നമുക്ക് പരിചിതമായ അന്തരീക്ഷത്തില്‍ നിന്നുകൊണ്ട് കഥ പറഞ്ഞ ചിത്രം തീയേറ്ററുകളില്‍ കയ്യടി വാരിക്കൂട്ടിയ ഹിറ്റായിരുന്നു. ചിത്രം സംവിധാനം ചെയ്തത് ഗിരീഷ് എ.ഡി. മമിത ബൈജു, നസ്ലിന്‍, സംഗീത് പ്രതാപ്, ശ്യാം മോഹന്‍, മീനാക്ഷി രവീന്ദ്രന്‍, അഖില ഭാര്‍ഗ്ഗവന്‍ തുടങ്ങി നിരവധി പേരാണ് ചിത്രത്തില്‍ അഭിനയിച്ചത്. 2024 ഫെബ്രുവരി 9 ന് ആയിരുന്നു സിനിമ തിയേറ്ററില്‍ എത്തിയത്.

ആവേശം

ഒരു സിനിമ മാത്രമേ ചെയ്തിട്ടുള്ളൂ എങ്കിലും ആദ്യസിനിമയുടെ പേരില്‍ തന്നെ ഹൈപ്പ് ലഭിക്കുന്ന സംവിധായകര്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. രോമാഞ്ചം എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം നടത്തിയ ജിത്തുമാധവന്‍ ആ കൂട്ടത്തിലെ ഒരു കലാകാരനാണ്. ഫഹദ് ഫാസിലിനെ പ്രധാന കഥാപാത്രമാക്കി ജിത്തു ആവേശം എന്ന പേരില്‍ ഒരു ചിത്രം ഒരുക്കുന്നു എന്ന വാര്‍ത്ത സമൂഹമാധ്യമത്തിലൂടെ പുറത്തുവന്നപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ വലിയ പ്രതീക്ഷയായിരുന്നു നല്‍കിയത്. പേരിലെ ആവേശം ഒട്ടും ചോരാതെ തന്നെയായിരുന്നു ചിത്രം തീയേറ്ററുകളില്‍ എത്തിയത്. വലിയ താരസാന്നിധ്യവുമായാണ് ആവേശം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ഫഹദ്ഫാസില്‍ അവതരിപ്പിച്ച രംഗന്‍ എന്ന റൗഡിയുടെ കഥയാണ് ആവേശത്തിലൂടെ പറഞ്ഞത്. ബംഗളുരുവിലെ ഒരു കോളേജില്‍ പഠിക്കാന്‍ എത്തുന്ന 3 വിദ്യാര്‍ത്ഥികളും അവരുടെ പ്രശ്നങ്ങളില്‍ രംഗന്‍ ഇടപെടുന്നതും തുടര്‍ന്ന് നടക്കുന്ന സംഘര്‍ഷഭരിതമായ നിമിഷങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. തുടക്കം മുതല്‍ അവസാനം വരെ പക്ക എന്‍റര്‍ടൈന്‍മെന്‍റ് എന്നതാണ് ആവേശം മുന്നോട്ടുവച്ച മന്ത്രം.

ആടുജീവിതം

തന്‍റെ സ്വപ്നസിനിമ പൂര്‍ത്തീകരിക്കാനായി 16 വര്‍ഷങ്ങളെടുത്ത ഒരു സംവിധായകനും ഇന്ത്യന്‍ സിനിമയില്‍ ഉണ്ടായിരുന്നവരില്ല. ഒരു സിനിമ റിലീസ് ആവാന്‍ പ്രേക്ഷകരും കാത്തിരുന്നത് പത്തില്‍ അധികം വര്‍ഷം. ഈ രണ്ട് കൂട്ടരുടേയും ആ ആഗ്രഹത്തിന് വിരാമമിട്ടുകൊണ്ടായിരുന്നു ആടുജീവിതം തീയേറ്ററിലെത്തിയത്. നജീബ് എന്ന യഥാര്‍ത്ഥ വ്യക്തിയുടെ അനുഭവങ്ങള്‍ കോര്‍ത്തിണക്കിയ ബെന്യാമിന്‍റെ ആടുജീവിതം എന്ന കൃതിയായിരുന്നു സിനിമയായി പുറത്തിറങ്ങിയത്. ആടുജീവിതം സിനിമയാക്കുന്നു എന്ന് കേട്ടപ്പോള്‍ മുതല്‍ പലരുടെയും ഉള്ളില്‍ ഈ കൃതി എങ്ങനെസിനിമയായി ചിത്രീകരിച്ചു എടുക്കുമെന്ന് സംശയമുണ്ടായിരുന്നു. എന്നാല്‍ സിനിമ കണ്ട ഒരാള്‍ക്കും ഒരു ചോദ്യങ്ങള്‍ക്കും ഇട നല്‍കാതെയായിരുന്നു ബ്ലെസിയും സംഘവും അതിമനോഹരമായി ചിത്രം തിരശ്ശീലയില്‍ എത്തിച്ചത്.

നജീബ് എന്ന കഥാപാത്രമായത് നടന്‍ പൃഥ്വിരാജ് ആയിരുന്നു. അദ്ദേഹത്തിന്‍റെ അഭിനയവും നിരൂപകപ്രശംസ നേടിയ ഒന്നായിരുന്നു. നജീബും അയാളുടെ ജീവിതപശ്ചാത്തലവും ഗള്‍ഫില്‍ എത്തിപ്പെടുന്ന സാഹചര്യവും അവിടെ അയാള്‍ അഭിമുഖീകരിക്കേണ്ടി വന്ന ഗുരുതര പ്രശ്നങ്ങളുമായിരുന്നു ചിത്രത്തിലെ ഇതിവൃത്തം.

ഭ്രമയുഗം

മമ്മൂട്ടി എന്ന നടന്‍റെ പകര്‍ന്നാട്ടമാണ് ഭ്രമയുഗം. അധികാരത്തിന്‍റെ ഹുങ്കില്‍ നടക്കുന്ന കൊടുമണ്‍ പോറ്റിയുടെ കഥ പറഞ്ഞ ഭ്രമയുഗം 2024 ലെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ്. ഭയത്തിന്‍റെ ചുരുളില്‍ നിന്നും ഒരിക്കലും പുറത്തുകടക്കാതെ പ്രേക്ഷകന്‍ കറങ്ങിപോകുന്ന അനുഭവം ആയിരുന്നു ഭ്രമയുഗം സമ്മാനിച്ചത്. പതിനേഴാം നൂറ്റാണ്ടിന്‍റെ ഏറ്റവും ഒടുവിലായി ദക്ഷിണ മലബാറില്‍ എവിടെയോ നടക്കുന്ന ഒരു കഥയാണെന്ന് സിനിമയുടെ തുടക്കഭാഗത്ത് പറഞ്ഞുപോകുന്നുണ്ട്. തമ്പുരാന്‍റെ വീരകഥകള്‍ പാടി നടക്കുന്ന പാണന്‍ യുദ്ധത്തിനിടയ്ക്ക് രക്ഷപ്പെടുന്നതും തുടര്‍ന്ന് നാടുവിടുന്നതും ഒരു കൊടുങ്കാറ്റിനുള്ളില്‍ അകപ്പെടുന്നതും പഴയ ഒരു മനയിലൂടെ നിഴലുകള്‍ നിറഞ്ഞ നാളുകള്‍ കഴിച്ചുകൂട്ടുന്നതുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. കഥാപാത്രങ്ങള്‍ ഒരുപാടൊന്നും ഇല്ലെങ്കിലും അവ ഓരോന്നും പ്രേക്ഷകനെഇരുത്തി ചിന്തിപ്പിക്കുന്നതായിരുന്നു. കാലത്തെക്കുറിച്ചും സമയത്തെക്കുറിച്ചും വിധിയെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും മരണത്തെക്കുറിച്ചുമുള്ള ഗാനങ്ങളും വരികളുമൊക്കെ സിനിമയുടെ ഗതിക്കൊപ്പം സഞ്ചരിച്ചവരായിരുന്നു. എടുത്തുപറയേണ്ടത് സാങ്കേതിക മികവ് കൂടിയായിരുന്നു. ഗാനങ്ങളും സാങ്കേതിക മികവും തിരക്കഥയും ഒക്കെ ചിത്രത്തിന് ഭംഗി കൂട്ടിയിരുന്നു.

ഉള്ളൊഴുക്ക്

വൈകാരിക ബന്ധങ്ങളെ കൂട്ടിയിണക്കിയ കഥയായിരുന്നു ഉള്ളൊഴുക്ക്. ഉര്‍വശിയും പാര്‍വതിയും പ്രധാന കഥാപാത്രങ്ങള്‍ ആയ ചിത്രം 2024 ലെ മികച്ച സിനിമകളില്‍ ഒന്നാണെന്ന് നിസ്സംശയം പറയാം. ക്രിസ്റ്റോ ടോമി ആണ് ചിത്രം സംവിധാനം ചെയ്തത്. പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം നേടിയെടുത്ത ചിത്രം 2024 ജൂണ്‍ 21 നായിരുന്നു റിലീസ് ചെയ്തത്.

എആര്‍എം

ബോക്സ് ഓഫീസില്‍ പുതിയ ചരിത്രമെഴുതി നടന്‍ ടോവിനോ തോമസിനെ പ്രധാന കഥാപാത്രമാക്കി ജിതിന്‍ലാല്‍ സംവിധാനം ചെയ്ത ചിത്രമാണ് എആര്‍എം. ആഗോളതലത്തില്‍ തന്നെ ചിത്രം നേടിയെടുത്തത് 100 കോടി കളക്ഷന്‍ ആയിരുന്നു. 2024 ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ അഞ്ചാമത്തെ നൂറുകോടി കളക്ഷന്‍ ചിത്രമാണ് എആര്‍എം വെറും 17 ദിനം കൊണ്ട് സ്വന്തമാക്കിയത്. മണിയന്‍, കുഞ്ഞിക്കേളു, അജയന്‍ എന്നിങ്ങനെ മൂന്ന് വേഷപ്പകര്‍ച്ചകളിലൂടെയാണ് ചിത്രത്തില്‍ ടൊവിനോ തോമസ് എത്തിയത്. ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, കൃതിഷെട്ടി, ബേസില്‍ജോസഫ് തുടങ്ങിവരായിരുന്നു ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കുടുംബപ്രേക്ഷകരും കുട്ടികളും ഒരുപോലെ സ്വീകരിച്ച സിനിമ 40 കോടിയിലധികം മുതല്‍മുടക്കിലായിരുന്നു നിര്‍മ്മിച്ചത്.

സൂക്ഷ്മദര്‍ശിനി

നസ്രിയയും ബേസില്‍ ജോസഫും ആദ്യമായി നായികാനായകന്മാരായ ചിത്രം എന്ന പ്രത്യേകതകള്‍ കൊണ്ട് സിനിമാപ്രേമികള്‍ ഏറെ കാത്തിരുന്ന സിനിമയായിരുന്നു സൂക്ഷ്മദര്‍ശിനി. സംശയത്തിന്‍റെ നിഴലിലൂടെ നീങ്ങുന്ന കഥ ഒരു കുറ്റാന്വേഷണത്തിലേക്ക് വഴിമാറുന്നതും സാധാരണ ഒരു വീട്ടമ്മ വ്യത്യസ്ത ആകുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളും ആണ് ചിത്രത്തിന്‍റെ ഇതിവൃത്തം. പ്രിയദര്‍ശിനി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നസ്രിയ അവതരിപ്പിച്ചത്. നാല് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം നസ്രിയ വളരെ ശക്തമായ കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ചിത്രത്തില്‍ മാനുവല്‍ എന്ന കഥാപാത്രത്തെയാണ് ബേസില്‍ അവതരിപ്പിച്ചത്.

പണി

നടന്‍ ജോജുജോര്‍ജ്ജ് ആദ്യമായി സംവിധായകനായ ചിത്രമാണ് പണി. തൃശൂര്‍ നഗരത്തെ കേന്ദ്രീകരിച്ച് കൊട്ടേഷന്‍ പശ്ചാത്തലമാക്കിയാണ് ചിത്രത്തിലെ കഥ പറഞ്ഞത്. ഗിരി എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചുകൊണ്ടാണ് പണി എന്ന സിനിമ വികസിപ്പിച്ചത്. തൃശൂരില്‍ അത്യാവശ്യം റൗഡി ആയ ഗിരിയും ഒരു കൊലപാതകവും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍ ഇതിവൃത്തം. രചന നിര്‍വ്വഹിച്ചത് ജോജുജോര്‍ജ്ജ് തന്നെയാണ്. നട്ടെല്ലുള്ള തിരക്കഥ എന്നുതന്നെയാണ് നിരൂപകരും സിനിമയെക്കുറിച്ച് അഭിപ്രായപ്പെട്ടത്. മാസ് ത്രില്ലര്‍ ജോണര്‍ ഗണത്തിലാണ് ചിത്രം തീയേറ്ററില്‍ എത്തിയത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.