നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ നടനും സിപിഎം എംഎല്‍എയുമായ എം മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകളും സാഹചര്യത്തെളിവുകളും നിരത്തി കുറ്റങ്ങള്‍ വ്യക്തമായി തെളിഞ്ഞതായി പോലീസ് കുറ്റപത്രം നല്‍കി കഴിഞ്ഞു. ഭരണകക്ഷി എംഎല്‍എക്കെതിരെ പീഡനക്കേസില്‍ കുറ്റപത്രം നല്‍കിയിട്ടും രാജി ആവശ്യപ്പെടാതെ മൗനത്തിലാണ് പ്രതിപക്ഷം. സ്ത്രീ സുരക്ഷയാണ് ഇടത് നയമെന്ന് കൊട്ടിഘോഷിക്കുമ്പോഴാണ് ഭരണകക്ഷി എംഎല്‍എ പീഡനക്കേസില്‍ പ്രതിയായത്. ഇത് സര്‍ക്കാരിനേയും മുന്നണിയേയും പ്രതിസന്ധിയിലാക്കി. എന്നാല്‍ ഇത് ആയുധമാക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്.
2010ലെ സംഭവത്തില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് മുകേഷിനെതിരെ നടി പരാതി നല്‍കിയത്. ഓഗസ്റ്റ് 29ന് മരട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കാലതാമസം കേസന്വേഷണത്തില്‍ വെല്ലുവിളിയാകുമെന്ന വിലയിരുത്തലുണ്ടായെങ്കിലും ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിക്കാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിരുന്നു. ഈ ഘട്ടത്തില്‍ രാജിവെക്കേണ്ടതില്ലെന്നാണ് സിപിഎം നിലപാട്. പീഡനക്കേസില്‍ പ്രതിയായ കോണ്‍ഗ്രസ് നേതാവും കോവളം എംഎല്‍എയുമായ എം വിന്‍സന്റ് സ്ഥാനം രാജിവെച്ചില്ല. അതുകൊണ്ട് മുകേഷും രാജിവെക്കണ്ട എന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്.
എം വിന്‍സന്റ് പീഡനക്കേസില്‍ പ്രതിയായപ്പോള്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ചൂലുമായി സംസ്ഥാനമൊട്ടാകെ പ്രകടനം നടത്തിയ ജനാധിപത്യ മഹിള അസോസിയേഷനും മറ്റ് സ്ത്രീ സംഘടനകളും മുകേഷിന്റെ കാര്യത്തില്‍ മിണ്ടാട്ടം മുട്ടിയ അവസ്ഥയിലാണ്. സംസ്ഥാനത്തെ രണ്ട് മന്ത്രിമാര്‍ ഉള്‍പ്പടെ നാല് എംഎല്‍എമാര്‍ ഗാര്‍ഹിക പീഡനക്കേസിലെ പ്രതികളായിരുന്നു. നാല് പേരില്‍ ഒരാള്‍ പ്രതിപക്ഷ മുന്നണിയില്‍പ്പെട്ടതാണ്.
ഗാര്‍ഹിക പീഡനക്കേസിലെ പ്രതികള്‍ മന്ത്രിമാരായതില്‍ വനിത സംഘടനകളാരും ആക്ഷേപങ്ങള്‍ പോലും ഉന്നയിച്ചില്ല. പ്രതിപക്ഷവും ഇക്കാര്യത്തില്‍ മൗനം പാലിച്ചു. വിവാഹ മോചനക്കേസുകളുമായി ബന്ധപ്പെട്ടാണ് ഗാര്‍ഹികപീഡന പരാതികള്‍ ഈ നാല് പേര്‍ക്കെതിരെയും ഉന്നയിക്കപ്പെട്ടത്. മധ്യസ്ഥ ചര്‍ച്ചകളിലൂടെ ഈ പരാതികള്‍ പിന്നീട് ഒത്തുതീര്‍പ്പാവുകയും ചെയ്തിരുന്നു.
ലൈംഗികാതിക്രമ കേസില്‍ ആരോപണവിധേയനായ മുകേഷ് രാജിവെക്കേണ്ടതില്ല എന്ന സംസ്ഥാന നേതാക്കളുടെ വാദത്തിനെതിരെ ശക്തമായ നിലപാട് പറഞ്ഞത് സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ ബൃന്ദ കാരാട്ടാണ്. മുകേഷ് എംഎല്‍എ സ്ഥാനം ഒഴിയണമെന്ന നിലപാടാണ് ബൃന്ദ കാരാട്ട് സ്വീകരിച്ചത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ തങ്ങള്‍ക്കെതിരെ സമാനമായ ആരോപണമുയര്‍ന്നപ്പോള്‍ രാജിവെച്ചില്ല എന്നത് ന്യായമാവരുതെന്നും കേസ് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുന്ന പശ്ചാത്തലത്തില്‍ മുകേഷ് രാജിവെച്ച് അന്വേഷണം നേരിടണമെന്നുമാണ് ബൃന്ദ കാരാട്ട് വെട്ടിത്തുറന്ന് പറഞ്ഞത്. എന്നിട്ടും സി പിഎം സംസ്ഥാന ഘടകം മുകേഷിന് അനുകൂലമായ നിലപാടാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടും സ്വീകരിക്കുന്നത്.
ബലാത്സംഗ കേസില്‍ പ്രതിയായ എംഎല്‍എ മുകേഷ് രാജിവെക്കണമെന്നാണ് സിപിഐ ദേശീയ നേതാവ് ആനി രാജ കേസ് വന്ന ഘട്ടത്തില്‍ പറഞ്ഞത്. കുറ്റപത്രം സമര്‍പ്പിച്ച ശേഷം അവരുടെ പ്രതികരണമുണ്ടായിട്ടില്ല. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ സമാനമായ കേസുണ്ടായപ്പോള്‍ രാജിവെച്ചിട്ടില്ലെന്നും അതിനാല്‍ തങ്ങളും രാജിവെക്കില്ലെന്നുമുളള നിലപാട് ശരിയല്ല. കുറ്റകൃത്യത്തെ മറ്റൊന്ന് കൊണ്ട് മറയ്ക്കാനാവില്ല. ബലാത്സംഗ കേസിലെ പ്രതിയെ കുറിച്ചുളള ചോദ്യത്തിനുളള മറുപടിയും പരിഹാരവും അതല്ലെന്നുമാണ് ആനി രാജയുടെ നിലപാട്.
പ്രതിപക്ഷം മുകേഷിന്റെ രാജി ആവശ്യം ഉന്നയിച്ച് പ്രത്യക്ഷ സമര പരിപാടികള്‍ നടത്താനിടയില്ല. വഴിപാട് പ്രതിഷേധങ്ങൾക്കാണ് സാധ്യത. ഈ മാസം ഏഴിന് വീണ്ടും ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പോലും പ്രതിഷേധം ഉണ്ടാകാനിടയില്ല. ഈ വിഷയം ഉന്നയിച്ചാല്‍ സ്വന്തം നിരയിലുള്ളവരും വിമര്‍ശിക്കപ്പെടും എന്ന് കോണ്‍ഗ്രസിന് ഉറപ്പുണ്ട്. അതിനാല്‍ ഇത്തരം വിഷയങ്ങളില്‍ ഭരണ- പ്രതിപക്ഷങ്ങള്‍ തമ്മില്‍ സഭയ്ക്ക് അകത്തും പുറത്തും വല്ലാത്തൊരു യോജിപ്പുണ്ടെന്നാണ് വിമര്‍ശനം.