മുപ്പതുകളിൽ തളിർക്കാൻ പോവുന്ന
പൂവിലാണ് എൻ്റെ കണ്ണ്.
തളിർത്തുമ്പിൽ പോലും സ്നേഹം നിറച്ച്
പതിയേയൊരു ആത്മാവിനെ വഹിക്കാൻ
കനം കുറഞ്ഞൊരു വേരും
നീട്ടി വച്ചൊരു തടിയും
ഓടുന്നത് അപ്പോഴാണ്.
വഴി തുഴഞ്ഞ് വേരിതൾ
പടിഞ്ഞാറും കിഴക്കും പോയി വരും.
നീരുറച്ച് തടിതട്ടിലൊരു
കാറ്റ് മുളയ്ക്കും.
സ്നേഹം ചുരന്ന്, ചുരന്ന്
ഒരു മൊട്ട് വീർക്കും.
മഴയിൽ തുടിച്ച്,
വെയിലിൽ തുടുത്ത്,
ഉടൽ മുഴുക്കെ ഉരുക്കുറച്ച്,
ഉള്ള് നിറയെ പ്രണയം കവിഞ്ഞ്
ഉയിർ തിളച്ച് ഞാനുലഞ്ഞ്
ആടുന്നതും അപ്പോഴാണ്.
അങ്ങനെ മുപ്പതുകളിൽ
ഞാനൊരു പൂവാകുന്നു.
തളിരിൽ നിന്ന്
ഇലചീന്തിൻ നീരിലേക്കിറങ്ങിയ
ശാന്തമായ പൂവ്.
ചുവപ്പെറിഞ്ഞ്
കണ്ണിലേക്ക് പുളിപ്പ് കുത്തി കയറ്റും
തരുണീ പുഷ്പം.
.jpg)
ശ്രീഷ

