PRAVASI

സുപ്രീംകോടതിയിൽ രാഹുൽ ഗാന്ധിയുടെ 10 ആവശ്യങ്ങൾ

Blog Image

വോട്ടർപട്ടികയിൽനിന്ന് പേരുകൾ നീക്കംചെയ്യുന്നതുമായി ബന്ധപ്പെട്ട വിവാദം സുപ്രീംകോടതിയിൽ ശക്തമാകുന്നു. പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണമായ എസ്ഐആർ നടപടികളെ ചോദ്യംചെയ്ത് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജിയിൽ പത്ത് പ്രധാന ആവശ്യങ്ങളാണ് മുന്നോട്ടുവച്ചിരിക്കുന്നത്. ഹർജിയിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ രാജ്യവ്യാപകമായി നടക്കുന്ന എസ്ഐആർ നടപടികൾ ഇടക്കാല ഉത്തരവിലൂടെ നിർത്തിവയ്ക്കണമെന്നതാണ് പ്രധാന ആവശ്യം.

വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക ഫയലുകളും യോഗവിവരങ്ങളും ഡിജിറ്റൽ രേഖകളും തിരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയിൽ സമർപ്പിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. പരിഷ്കരണ നടപടികൾ നിയമപരമാണോയെന്ന് പരിശോധിക്കണമെന്നും വോട്ടർപട്ടിക തയ്യാറാക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട പരാതികളിൽ നിയമപരമായ തീരുമാനമുണ്ടാകണമെന്നും വോട്ടർമാർക്കുള്ള ഓൺലൈൻ അപേക്ഷാ ഫോമുകൾ നിയമപ്രകാരമുള്ള ചട്ടങ്ങൾ പാലിക്കുന്നതാണെന്ന് ഉറപ്പാക്കണമെന്നും ഹർജിയിൽ പറയുന്നു.

വോട്ടർമാരെ പട്ടികയിൽനിന്ന് ഒഴിവാക്കിയതും ഇവിഎം സാങ്കേതികവിദ്യയും പരിശോധിക്കാൻ വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ പേരുകളും അതിനുള്ള കാരണങ്ങളും ബൂത്ത് അടിസ്ഥാനത്തിൽ പരസ്യപ്പെടുത്തണം. അർഹരായവരെ വീണ്ടും പട്ടികയിൽ ഉൾപ്പെടുത്താൻ സംവിധാനം ഒരുക്കണമെന്നും കൃത്യമായ അറിയിപ്പും വിശദീകരണം നൽകാനുള്ള അവസരവും ഇല്ലാതെ ആരെയും ഒഴിവാക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളിൽ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ നിശ്ചിത അവസാന തീയതി വരെ അവസരം നൽകണമെന്നും ഹർജിയിൽ പറയുന്നു.

കേസിൽ അന്തിമ തീരുമാനം വരുന്നതുവരെ രാജ്യത്തുടനീളമുള്ള എസ്ഐആർ നടപടികൾ നിർത്തിവയ്ക്കണമെന്ന ആവശ്യത്തിനൊപ്പം, കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും പരിഗണിച്ച് ആവശ്യമായ അടിയന്തര ഉത്തരവുകളും അധിക നിർദേശങ്ങളും പുറപ്പെടുവിക്കാൻ സുപ്രീംകോടതിയോട് രാഹുൽ ഗാന്ധി അഭ്യർഥിച്ചിട്ടുണ്ട്. വോട്ടർപട്ടികയുടെ കൃത്യത, പേരുകൾ ഒഴിവാക്കുന്നതിലെ സുതാര്യത, വോട്ടർമാരുടെ അവകാശസംരക്ഷണം എന്നിവയാണ് ഹർജിയിലെ പ്രധാന വിഷയങ്ങൾ. ഈ ആവശ്യങ്ങളിൽ സുപ്രീംകോടതി സ്വീകരിക്കുന്ന നിലപാട് എസ്ഐആർ നടപടികളുടെ തുടർനടപടികളെ സംബന്ധിച്ച് നിർണായകമാകും.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.