കേരളത്തില്‍ കൊച്ചു പാര്‍ട്ടിയായ എന്‍സിപിയില്‍ നടക്കുന്നതെല്ലാം വലിയ അട്ടിമറികള്‍. ഈയടുത്ത നാള്‍ വരെ ഒരാളെ മന്ത്രിക്കസേരയില്‍ നിന്നിറക്കി, അവിടെ മറ്റൊരാളെ ഇരുത്താനുളള നെട്ടോട്ടമായിരുന്നു. എന്നാലത് നടന്നില്ല എന്ന് മാത്രമല്ല മന്ത്രിമാറ്റത്തിന് അരയും തലയും മുറക്കി ഇറങ്ങിയ സംസ്ഥാന പ്രസിഡന്റിന് കസേരയും നഷ്ടമായി നാണംകെട്ടു. ഇവിടേയും തീര്‍ന്നില്ല ട്വിസറ്റ്, മന്ത്രിക്കസേരക്കായി പിടിവലി കൂടിയവര്‍ ഒന്നായി. ഒരാള്‍ മന്ത്രിയായി തുടരുമ്പോള്‍ മറ്റേയാള്‍ക്ക് പാര്‍ട്ടി അധ്യക്ഷന്‍ പദവിയും ഉറപ്പിച്ചു. അതും ഗതികെട്ട് ചാക്കോ പടിയിറങ്ങിയപ്പോൾ ഒഴിവുവന്ന കസേര.
കേരളത്തിലെ എന്‍സിപിയിലെ രാഷ്ട്രീയ നാടകങ്ങളാണ് ഇതെല്ലാം. വനംമന്ത്രി എകെ ശശീന്ദ്രനെ മന്ത്രി കസേരയില്‍ നിന്നും ഇറക്കി അവിടെ ഇരിക്കാന്‍ നടന്നത് കുട്ടനാട് എംഎല്‍എ തോമസ് കെ തോമസായിരുന്നു. അതിന് എല്ലാ സഹായവും ചെയ്തത് സംസ്ഥാന പ്രസിഡന്റായിരുന്നു പിസി ചാക്കോ ആയിരുന്നു, ശശീന്ദ്രനേയും കൂട്ടി മുംബൈയില്‍ എത്തി ശരത് പവാറിനെ കണ്ട് മന്ത്രിമാറ്റത്തിന് അനുകൂല തീരുമാനം എടുപ്പിച്ചു. അതുംകൊണ്ട് മുഖ്യമന്ത്രിയുടെ അടുത്ത് എത്തിയപ്പോള്‍ പക്ഷെ, ഓടിച്ചു വിടുകയാണ് ചെയ്തത്. മന്ത്രിയെ മാറ്റണമെന്ന ആവശ്യം പലവട്ടം ചാക്കോ മുഖ്യമന്ത്രിക്ക് വച്ചെങ്കിലും ഒന്നും അംഗീകരിച്ചില്ല.
ഇതിനിടെയാണ് കേരളത്തിലെ മൂന്നു എല്‍എഡിഎഫ് എംഎല്‍എമാരുടെ കുതിരക്കച്ചവടത്തിന് തോമസ് കെ.തോമസ് വഴി കോടികള്‍ കോഴയായി ഇറക്കാൻ എൻസിപിയിലെ അജിത് പവാർ വിഭാഗം ശ്രമിച്ചുവെന്ന ആരോപണം വന്നത്. തോമസ് കെ തോമസ് തനിക്ക് 100 കോടി ഓഫർ നൽകിയെന്ന മുൻ മന്ത്രി ആൻറണി രാജുവിൻ്റെ വെളിപ്പെടുത്തൽ മുഖ്യമന്ത്രി വിശ്വസിച്ചപ്പോൾ തോമസിന് മന്ത്രിപദത്തിലേക്ക് ഉടനെങ്ങും എത്താനാവില്ലെന്ന് ഉറപ്പായി. ഇതോടെ മോഹം മാറ്റിവച്ച തോമസ് പ്രായോഗിക നിലപാടിലേക്ക് നീങ്ങി. അങ്ങനെയാണ് എതിർപാളയത്തിൽ നിന്ന ശശീന്ദ്രനുമായി ചേർന്ന് സംസ്ഥാന അധ്യക്ഷപദവി പിടിക്കാൻ തീരുമാനിച്ചത്.
അത് പ്രതീക്ഷിച്ചതിലും എളുപ്പമായി. ഇരുവരും ഒന്നായെന്ന് ബോധ്യപ്പെട്ടതോടെ സ്വയം ഒഴിയാൻ തയ്യാറായി ചാക്കോ. പാർട്ടിക്ക് അനുവദിച്ചുകിട്ടിയ ഒഴിവിലേക്ക് പിഎസ്‌സി അംഗത്തെ നിയമിക്കാൻ കോഴ വാങ്ങിയെന്ന ആരോപണം ചാക്കോക്കെതിരേ പാർട്ടി യോഗത്തിൽ തന്നെ ഉന്നയിക്കപ്പെട്ടു. തനിക്ക് വേണ്ടപ്പെട്ട മറ്റൊരാളാണ് പണം വാങ്ങിയതെന്ന് തിരുവനന്തപുരം ജില്ലാ കമ്മറ്റിയിൽ സമ്മതിക്കേണ്ടി വന്ന ചാക്കോ ഒറ്റപ്പെട്ട അവസ്ഥയിലുമായി. ഇതോടെ തോമസ് കെ തോമസിനെ പ്രസിഡന്റ് സ്ഥാനത്ത് ഇരുത്തി ശേഷിച്ച കാലയളവിൽ തൻ്റെ മന്ത്രിക്കസേര ഉറപ്പിക്കാന്‍ ശശീന്ദ്രനും കരുക്കള്‍ നീക്കി.
ആ നീക്കത്തിന്റെ ഫലമാണ് ഇന്ന് പിസി ചാക്കോയെ കൂട്ടി ഇരുവരും ശരത് പവാറിനെ നേരില്‍ കണ്ട് സംസ്ഥാന പ്രസിന്റിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാക്കിയത്. ഈ ചര്‍ച്ചയിലും തന്നെ നാണംകെടുത്തി ഇറക്കിവിട്ടതില്‍ ചാക്കോ പരിദേവേനങ്ങള്‍ പറയുന്നുണ്ടായിരുന്നു. എന്നാല്‍ കേള്‍ക്കാന്‍ ആരുമില്ല എന്നുമാത്രം. നിലവില്‍ ചാക്കോയുടെ പക്കലുള്ളത് എന്‍സിപിയുടെ ദേശീയ ഉപാധ്യക്ഷന്‍ എന്ന പദവി മാത്രമാണ്. ഭരണമുളള സംസ്ഥാനത്ത് പോലും ലഭിക്കാത്ത എന്ത് വിലയാണ് ദേശീയ രാഷ്ട്രീയത്തില്‍ ഇനി ചാക്കോക്ക് ലഭിക്കുക എന്നതാണ് വലിയ ചോദ്യം.