മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ സ്വത്തുവിവരം പുറത്ത്. പി വി അൻവറിന് 52.21 കോടി രൂപയുടെ ആസ്തിയും 20.60 കോടി രൂപയുടെ കടബാധ്യതയുമുണ്ടെന്ന് നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. അന്‍വറിന്‍റെ കൈവശമുള്ളത് 25,000 രൂപയാണ്. രണ്ട് ഭാര്യമാരുടെ കൈവശവും 10,000 രൂപ വീതമുണ്ട്. 1.06 കോടി രൂപ വില വരുന്ന 150 പവന്‍ ആഭരണം ഓരോ ഭാര്യമാരുടെ പക്കലുമുണ്ട്. 18.14 കോടി രൂപയുടെ ജംഗമ ആസ്തിയാണ് അന്‍വറിനുള്ളത്. 34.07 കോടിയുടെ സ്ഥാവര ആസ്തിയുമുണ്ട്. ബാങ്ക് വായ്പയും മറ്റുമായി 20 കോടിയുടെ ബാധ്യതയും. 2021ല്‍ മത്സരിച്ചപ്പോള്‍ 18.57 കോടി രൂപയായിരുന്നു അന്‍വറിന്‍റെ ജംഗമ ആസ്തി. 16.94 കോടി രൂപയുടെ ബാധ്യതയും.
എല്‍ഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന്‍റെ ആകെ ആസ്തി 63.89 ലക്ഷം രൂപയാണ്. ഭാര്യയുടെ ആസ്തി 94.91 ലക്ഷം. സ്വരാജിന്‍റെ കൈവശമുള്ളത് 1200 രൂപ. ഭാര്യയുടെ കൈവശം 550 രൂപ. സ്വരാജിന് വാഹനമില്ല. ഭാര്യയുടെ പേരില്‍ രണ്ട് വാഹനങ്ങളുണ്ട്. വില കൂടിയ ആഭരണങ്ങളില്ല. ഭാര്യയുടെ കൈവശം 200 ഗ്രാമിന്‍റെ 18 ലക്ഷം രൂപയുടെ ആഭരണങ്ങളുണ്ട്. സ്വരാജിന്‍റെ ബാങ്കിലെ നിക്ഷേപം 1.38 ലക്ഷം രൂപയാണ്. ആകെ ബാധ്യത ഒമ്പത് ലക്ഷവും. ഭാര്യയുടെ പേരിലുള്ള ബാധ്യത 25.46 ലക്ഷമാണ്.യു ഡി എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് 8 കോടിയോളം രൂപയുടെ ആസ്തിയും 72 ലക്ഷം രൂപയുടെ ബാധ്യതയുമാണുള്ളത്. 83ലക്ഷം രുപയുടെ ജംഗമവസ്തുക്കളും 800 ഗ്രാം സ്വര്‍ണവും നാലുകോടിയലധികം രൂപയുടെ സ്ഥാപരവസ്തുക്കളുമുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

