PRAVASI

പ്രചരണം അവസാന ലാപ്പില്‍ ;നിലമ്പൂരില്‍ എന്തും സംഭവിക്കാം

Blog Image

ഈ മാസം 19ന് നടക്കുന്ന നിലമ്പൂര്‍ നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ 2,32,381 പേര്‍ക്ക് വോട്ടവകാശമുണ്ട്. സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍ 1,18,760. തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. മലപ്പുറം ജില്ലയുടെ ചരിത്രത്തിലെ എട്ടാമത്തെ ഉപതിരഞ്ഞെടുപ്പാണ് നിലമ്പൂരില്‍ നടക്കാന്‍ പോകുന്നത്. 1980ല്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ മുഹമ്മദ് ജയിച്ചത് ഒഴിച്ചാല്‍ ബാക്കി ആറ് തവണയും വിജയിച്ചത് യുഡിഎഫാണ്. 1995ല്‍ മുഖ്യമന്ത്രിയായിരുന്ന എകെ ആന്റണി തിരുരങ്ങാടി ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചതും മലപ്പുറം ജില്ലയുടെ ചരിത്രത്തിലെ പുതിയ അധ്യായം ആയിരുന്നു. യുഡിഎഫ് സ്ഥാപിച്ച തുടര്‍ വിജയങ്ങളുടെ റെക്കോര്‍ഡ് ആര്യാടന്‍ ഷൗക്കത്തിലൂടെ നിലനിര്‍ത്താം എന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. എം സ്വരാജ് ചരിത്രം സൃഷ്ടിക്കും എന്ന ആത്മവിശ്വാസത്തിലാണ് സിപിഎം.

മണ്ഡലത്തിലെ രണ്ട് ലക്ഷത്തിലധികം വരുന്ന വോട്ടര്‍മാര്‍ക്കായി 263 പോളിംഗ് സ്റ്റേഷനുകള്‍ സജ്ജമാക്കിയിട്ടുണ്ട്. 59 എണ്ണം പുതിയതായി ഏര്‍പ്പെടുത്തിയത്. ഇത്തവണ 7787 പേര്‍ പുതിയ വോട്ടര്‍മാരാണ്. ഉള്‍വനത്തില്‍ താമസിക്കുന്ന ആദിവാസികള്‍ക്കായി നാല് ബൂത്തുകളുണ്ട്. വനത്തിലെ മൂന്ന് ബൂത്തുകള്‍ ഉള്‍പ്പടെ 14 പ്രശ്‌നബാധിത ബൂത്തുകളുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിട്ടുള്ളത്. ചുങ്കത്തറ മാര്‍ത്തോമ്മ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് കൗണ്ടിംഗ് സ്റ്റേഷന്‍ ഒരുക്കുന്നത്. ഈ മാസം 23നാണ് കൗണ്ടിംഗ്,

സംസ്ഥാനത്തെ മൂന്ന് മുന്നണികളുടേയും സംസ്ഥാന ജില്ലാ നേതാക്കളും മന്ത്രിമാരും എംപിമാരും എംഎല്‍എമാരും മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും പ്രിയങ്ക ഗാന്ധിയും നാളെ പ്രചരണത്തിനിറങ്ങും. പിണറായി 15 വരെ മണ്ഡലത്തിലുണ്ടാവും. പിവി അന്‍വറിനായി തൃണമൂല്‍ എംപിയും ക്രിക്കറ്റ് താരവുമായ യൂസഫ് പഠാന്‍ 15 ന് റോഡ് ഷോ നടത്തുന്നുണ്ട്.

ഉപതിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയം വെല്‍ഫെയര്‍ പാര്‍ട്ടിയുടേയും പിഡിപിയുടേയും പിന്തുണയെച്ചൊല്ലിയുള്ള സംവാദങ്ങളാണ്. പണ്ടുകാലങ്ങളില്‍ ജമാ അത്തെ ഇസ്ലാമിയും അവരുടെ രാഷ്ടീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയും സിപിഎമ്മിനെ പിന്തുണച്ചതും ധാരണയുണ്ടാക്കിയതിന്റേയും കഥകള്‍ കോണ്‍ഗ്രസും യുഡിഎഫും വാരി നിരത്തുന്നുണ്ട്. ഇത്തവണ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനെയാണ് പിന്തുണയ്ക്കുന്നത്. പിഡിപി ഇടതു മുന്നണിയേയും.

ജമാഅത്തെ ഇസ്ലാമിയുമായി സിപിഎം ഒരു കാലത്തും ധാരണ ഉണ്ടാക്കിയിട്ടില്ലെന്ന് എംവി ഗോവിന്ദന് മറുപടിയുമായി പഴയ ദേശാഭിമാനി വാര്‍ത്തകളും പിണറായി വിജയന്റ പത്രസമ്മേളനങ്ങളുടേയും പ്രസംഗങ്ങളുടേയും വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി വോട്ടര്‍മാര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നുണ്ട്. പ്രചരണം അവസാന ലാപ്പിലേക്ക് എത്തുമ്പോള്‍ സകല ആയുധങ്ങളും എടുത്ത് പ്രയോഗിക്കുന്ന തിരക്കിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.