കാട്ടുപന്നിക്കെതിരെ സ്ഥാപിച്ച വൈദ്യുതിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം ഉപതിരഞ്ഞെടുപ്പിലെ പ്രചാരണ വിഷയങ്ങളെ ആകെ മാറ്റിമറിച്ചേക്കാം. സ്വാഭാവികമായും സർക്കാരിനെതിരെ വലിയ പ്രതിഷേധമായി മാറാവുന്ന വിഷയത്തെ യുഡിഎഫിന് എതിരായി തിരിച്ചുവിടാൻ വനംമന്ത്രിയും സിപിഎം സെക്രട്ടറിയും ചേർന്ന് തുടങ്ങി വച്ചിരിക്കുന്ന ശ്രമം ഏത് നിലയിലാകും എന്നതും യുഡിഎഫ് കരുതലോടെ വീക്ഷിക്കുന്നുണ്ട്. സർക്കാരിനെതിരായ വികാരമായി അത് മാറിയാലും, മുതലെടുക്കാൻ പി വി അൻവർ രംഗത്തിറങ്ങുമോ എന്ന ആശങ്ക യുഡിഎഫ് ക്യാമ്പിനുണ്ട്. കാട്ടാന ആദിവാസിയുടെ ജീവനെടുത്ത വിഷയത്തിൽ വനംവകുപ്പിനെതിരെ പ്രതിഷേധിച്ച് ജയിലിൽ പോകേണ്ടിവന്ന പശ്ചാത്തലമുള്ള അൻവർ അതിന് തുനിഞ്ഞിറങ്ങിയാൽ തലവേദനയാകും എന്ന തിരിച്ചറിവ് എല്ലാവർക്കുമുണ്ട്.
ന്യൂനപക്ഷ വോട്ടുകള്‍ വിധി നിര്‍ണ്ണയിക്കുന്ന നിലമ്പൂരില്‍ പ്രതിപക്ഷത്തിന്റെ പ്രത്യേകിച്ച് വി ഡി സതീശന്റെ ടീമിന്റെ പ്രചരണ തന്ത്രങ്ങളില്‍ മുമ്പില്‍ നിന്നിരുന്നത് സിപിഎമ്മിനെ പ്രത്യേകിച്ച് മുഖ്യമന്ത്രിയെ സംഘപരിവാറുമായി കൂട്ടികെട്ടുക എന്നതായിരുന്നു. അത്തരത്തിലുള്ള പ്രചാരണങ്ങള്‍ അവര്‍ അവിടെ ആരംഭിക്കുകയും ചെയ്തു. മലപ്പുറത്തിനോട് പിണറായി വിജയനുള്ള സമീപനം തുടങ്ങിയ കാര്യങ്ങളൊക്കെ ഇതിന്റെ ഭാഗമായാണ് ഉയര്‍ത്തി കൊണ്ടുവന്നതും. മാസങ്ങൾക്ക് മുമ്പ് ‘ദ ഹിന്ദു’ പത്രത്തിന് നൽകിയ മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിൽ മലപ്പുറം ജില്ലയിലെ സ്വർണക്കടത്ത്, ഹവാല ഇടപാടുകളെ പരാമർശിച്ചത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സംശയത്തിൻ്റെ വിത്ത് വിതയ്ക്കുകയും ചെയ്തതാണ്. അതിന് പുറമെ അന്‍വര്‍ ഉയര്‍ത്തിവിട്ട ഇതുമായി ബന്ധപ്പെട്ട ചില വിഷയങ്ങളും യുഡിഎഫ് ആയുധമാക്കിയിരുന്നു.
എന്നാല്‍ പരിസ്ഥിതി ദിനാഘോഷത്തിന്റെ പേരിൽ ഗവര്‍ണര്‍ ഉയർത്തിവിട്ട വിവാദം ഇതിനെയെല്ലാം തകിടംമറിക്കും എന്ന ആശങ്ക ഇപ്പോള്‍ യുഡിഎഫിനുണ്ട്. പിണറായി വിജയന് സംഘപരിവാര്‍ ബന്ധമെന്ന പ്രചരണം ബൂമറാങ് ആയി മാറിയേക്കാം എന്നാണ് കണക്കുകൂട്ടല്‍. പരിസ്ഥിതി ദിനത്തിൽ രാജ്ഭവനില്‍ സംഘടിപ്പിക്കാൻ തയ്യാറെടുത്ത പരിപാടിയില്‍ ആര്‍എസ്എസ് ശാഖയില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ഭാരതാംബയുടെ ചിത്രം വച്ചത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് കൃഷിവകുപ്പ് പരിപാടി റദ്ദാക്കിയത്. മുഖ്യമന്ത്രിയോട് ആലോചിച്ച് അദ്ദേഹത്തിൻ്റെ പിന്തുണയോടെ ആയിരുന്നു മന്ത്രി പി പ്രസാദിൻ്റെ ഈ നീക്കം. ശനിയാഴ്ച ഇക്കാര്യത്തിൽ പിന്തുണയുമായി സിപിഎമ്മും രംഗത്തെത്തി. ഇതാണ് പിണറായിയുടെ സംഘബന്ധമെന്ന പ്രചാരണത്തിൻ്റെ മുനയൊടിക്കാൻ സിപിഎം മൂർച്ചൂകൂട്ടി തയ്യാറാക്കുന്നത്.
മാത്രമല്ല, ഈ വിഷയത്തെ സതീശനെതിരെ തിരിച്ചുവിടാനുള്ള ശ്രമവും ഇടതുകേന്ദ്രങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. മുന്‍പ് ഭാരതീയവിചാരകേന്ദ്രത്തിന്റെ ഒരു പരിപാടി സതീശന്‍ ഉദ്ഘാടനം ചെയ്തതാണ് ഇപ്പോള്‍ ഇടതു ഹാന്‍ഡിലുകള്‍ ഉപയോഗിക്കുന്നത്. ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാളിന്റെ ചിത്രത്തിന് മുന്നില്‍ സതീശന്‍ വിളക്കുകൊളുത്തുന്ന ചിത്രമാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്.അതോടൊപ്പം തന്നെ യുഡിഎഫില്‍ എടുക്കാത്തതിന് പിന്നില്‍ സതീശന്‍ ആണെന്ന പി വി അന്‍വറിന്റെ പ്രചാരണവും കൂടിയാകുമ്പോള്‍ സതീശന് മേല്‍ വീണ്ടും ആ ചാപ്പ കുത്തപ്പെടുമോ എന്ന ആശങ്കയും പലരിലുമുണ്ട്. എന്തായാലും കുനിന്‍മേല്‍ കുരുവെന്നപോലെ ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് അവരെ വലച്ചുകൊണ്ടിരിക്കുന്നത്. എല്ലാത്തിന്റെയും മറുപടി നിലമ്പൂരിലാകും.

