PRAVASI

നിലമ്പൂരില്‍ ഇനി വിഐപികളുടെ ഒഴുക്ക് സ്വരാജിനായി മുഖ്യമന്ത്രി, ഷൗക്കത്തിനായി പ്രിയങ്ക, അന്‍വറിനായി യൂസുഫ് പഠാനും

Blog Image

നിലമ്പൂരില്‍ ഇനി താരപ്രചാരകരുടെ പ്രചരണകാലം. എല്ലാ പാര്‍ട്ടികളും അവരുടെ പ്രധാന നേതാക്കളെ കളത്തില്‍ ഇറക്കാനുളള ശ്രമത്തിലാണ്. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അല്ലെങ്കിലും അന്‍വറും പ്രധാന നേതാക്കളെ ഇറക്കാനുളള ഓട്ടത്തിലാണ്. പ്രമുഖരെല്ലാം ഒഴുകി എത്തുന്നതോടെ അവസാനഘട്ടത്തിലെ പ്രചരണം കൊഴിക്കും. ആരോപണ പ്രത്യാരോപണങ്ങളുമായി പാര്‍ട്ടികള്‍ കളം നിറയും എന്ന് ഉറപ്പാണ്.

വയനാട് എംപിയായ പ്രിയങ്ക ഗാന്ധിയാണ് കോണ്‍ഗ്രസിന്റെ തുറുപ്പ് ചീട്ട്. നിലമ്പൂര്‍ കൂടി ഉള്‍പ്പെടുന്നതാണ് വയനാട് പാര്‍ലമെന്റ് മണ്ഡലം. 14ന് പ്രിയങ്ക നിലമ്പൂരില്‍ എത്തും. റോഡ് ഷോയും പൊതുയോഗവുമായി രണ്ട് ദിവസമാകും സ്ഥലം എംപി പ്രചരണത്തില്‍ സജീവമാവുക. ദേശീയ പ്രധാന്യം ലഭിക്കുന്ന വിഷയങ്ങള്‍ നിലമ്പൂരില്‍ പ്രിയങ്കയെ കൊണ്ട് ഉന്നയിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. പ്രത്യേകിച്ചും കേന്ദ്രത്തില്‍ ബിജെപിയുടേയും കേരളത്തില്‍ സിപിഎമ്മിന്റേയും ഘടകക്ഷിയായി തുടരുന്ന ജെഡിഎസിന്റെ ഇരട്ടത്താപ്പ് പ്രിയങ്ക ഉന്നയിക്കും. സിപിഎമ്മിനെ തുറന്ന് കാട്ടാനാണ് കോണ്‍ഗ്രസിന്റെ ഈ ശ്രമം.

മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് സിപിഎമ്മിന്റെ താരം. പ്രയിങ്ക എത്തുന്നതിനും ഒരു ദിവസം മുമ്പ് തന്നെ മുഖ്യമന്ത്രി നിലമ്പൂരെത്തും. മൂന്ന് ദിവസം മുഖ്യമന്ത്രി മണ്ഡലത്തില്‍ ക്യാംപ് ചെയ്ത് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കും. ഏഴ് പഞ്ചായത്തിലും മുഖ്യമന്ത്രി പ്രസംഗിക്കുന്നുണ്ട്. നേരത്തെ ഇടതു മുന്നണിയുടെ മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി എത്തിയിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ എം സ്വരാജിനെ തന്നെ കളത്തില്‍ ഇറക്കി ഒരു ജീവന്‍ മരണ പോരാട്ടമാണ് സിപിഎം നടത്തുന്നത്.

സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആണെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളെ എത്തിക്കാനുള്ള ശ്രമത്തിലാണ് പിവി അന്‍വര്‍. തൃണമൂല്‍ എംപി യൂസുഫ് പഠാന്‍ എത്തുമെന്ന് അന്‍വര്‍ അറിയിച്ചിട്ടുണ്ട്. 15-ാം തീയതി മൂന്ന് മണിക്ക് നിലമ്പൂരിലെത്തുന്ന യൂസുഫ് പഠാന്‍ റോഡ് ഷോ നടത്തുമെന്നാണ് പ്രഖ്യാപനം. പേരിന് മാത്രം മത്സരിക്കുന്ന ബിജെപിക്കായി കേന്ദ്രമന്ത്രിമാരോ പ്രധാന നേതാക്കളോ എത്തുമെന്ന് ഇതുവരെ പ്രഖ്യാപനം ഉണ്ടായിട്ടില്ല.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.