കുമരകത്തൊരാഭ്യാസിയുണ്ടായിരുന്നു. ചെറുപ്പത്തിൽ എവിടെയോ പോയി അഭ്യാസം പഠിച്ചതാണ് . അൽപ്പം മുടി പിന്നിലേക്കുനീട്ടി അത് കൂച്ചിക്കെട്ടി താടിയുംനീട്ടി അതും കൂച്ചിക്കെട്ടി ഒരഭ്യാസി ഇങ്ങനെ ഒക്കെവേണംനടക്കാൻ എന്ന് നാട്ടുകാരും കരുതി.
ഒരഭ്യാസി എന്ന നിലയിൽ കരക്കാർക്കെല്ലാം അയാളോട് വലിയ ബഹുമാനമായിരുന്നു. എപ്പോഴോ ഒരിക്കൽ ആറിന് അക്കരെ കടക്കാൻ വള്ളം കിട്ടാതെവന്നപ്പോൾ തൂശനില വെട്ടി വെള്ളത്തിലിട്ട് അതിന്റെ മുകളിൽ കയറി ചമ്രം പടഞ്ഞിരുന്ന് അക്കരകടന്നു എന്നാണ്പറഞ്ഞു കേട്ടിരിക്കുന്നത് . സംഭവം നടന്നത് പാതിരായ്ക്ക് സെക്കന്റ്ഷോ കഴിഞ്ഞുവരുമ്പോളായിരുന്നു അതിനാൽ ആരും കണ്ടവരില്ല. ചിലഅഭ്യാസികൾക്കൊക്കെ അതൊക്കെ സാധിക്കും ഇദ്ദേഹവും ഒരഭ്യാസിയാണല്ലോ. എത്രആൾക്കാർ വന്നാലും ഒറ്റയ്ക്ക് നേരിടും എന്നൊക്കെയായിരുന്നു നാട്ടുകാരുടെ ഇടയിലെ സംസാരം . അതിനാൽ അഭ്യാസി എതിരെ നടന്നുവരുമ്പോൾ വളരെ ആദരവോടെയായിരുന്നു ഞങ്ങൾ അയ്യാളെ കണ്ടിരുന്നത് .
സ്കൂളിലൊക്കെ അയ്യാൾ പലപ്പോഴും ഒരു സംസാരവിഴമായിരുന്നു. ചില മിടുക്കന്മ്മാർ ചിലനമ്പറുകളൊക്കെ കാണിച്ചിട്ട് ഞാൻ അഭ്യാസിയുടെ ശിഷ്യനാണെന്നൊക്കെ പറയും. അതൊക്കെ നുണയായിരുന്നു എന്ന് ഞങ്ങൾ പിന്നീടാണ് മനസ്സിലാക്കിയത്. അഭ്യാസിയുടെ ഏകമകൻ മിഡിൽസ്കൂളിൽനിന്ന് സ്ഥാനക്കയറ്റം കിട്ടി ഹൈസ്‌കൂളിലെത്തി. അവനുനന്നായിട്ടറിയാം അഭ്യാസിയുടെ കളരിയിൽ വരുന്ന ശിഷ്യമ്മാരെഒക്കെ .
സ്കൂളിൽ മറ്റുകുട്ടികൾ അഭ്യാസിയുടെ മകനോട് ഒരിക്കലും ഏറ്റുമുട്ടാൻ പോയിരുന്നില്ല കാരണം അഭ്യാസിയുടെ മകൻ സ്വാഭാവികമായും അഭ്യാസം അറിയാവുന്നവനായിരിക്കണമല്ലോ അവന്റെ കൂട്ടുകാരെപോലും ബഹുമാനത്തോടെയായിരുന്നു ഞങ്ങൾ കണ്ടിരുന്നത്. ക്‌ളാസിൽ പാഠങ്ങൾ പഠിക്കാത്തതിനും കുരുത്തക്കേട് കാണിക്കുന്നതിനും ടീച്ചർ തല്ലുമ്പോൾ ഒരു പ്രത്യകരീതിയിൽ കയ്യ് നീട്ടിപിടിച്ചാൽ അടികൊള്ളുമ്പോൾ വേദനയെടുക്കുകയില്ല എന്ന് അവൻ മറ്റുകുട്ടികളെ പറഞ്ഞു ധരിപ്പിച്ചിരുന്നു. പലരും അത് പരീക്ഷിച്ചിട്ടുണ്ടെങ്കിലും വലിയ പ്രയോജനം ഒന്നും കണ്ടതായി പറഞ്ഞില്ല. പക്ഷെ അവനൊട്ടുംവേദനഎടുക്കുന്നില്ല എന്നാണ് പറയുന്നത് .ഇനി ആളാകാൻ വേദനഎടുത്തിട്ടും ഇല്ലെന്നു അഭിനയിക്കുന്നതാണോ ആർക്കറിയാം . അപ്പൻ പറഞ്ഞുകൊടുക്കുന്ന വിദ്യകൾ അവൻ ആർക്കെങ്കിലും മനസ്സോടെ പറഞ്ഞുകൊടുക്കുംഎന്ന് തോന്നുണ്ടോ. തന്നെ വെളുപ്പാന്കാലത്തു മൂന്നുമണിക്ക് ഉറക്കത്തിൽ നിന്ന് വിളിച്ചെഴുന്നേല്പിച്ചാണ് വിദ്യകൾ പറഞ്ഞുകൊടുത്തിരുന്നത് എന്നാണ് മകൻ വീമ്പിളക്കിയിരുന്നത് .
പ്രസ്തുതഅഭ്യാസി വളരെവലിയ വള്ളംകളിപ്രേമിയായിരുന്നു. എല്ലാവര്ഷത്തെയും പോലെ ആവർഷവും അതിവാശിയേറിയ ആലപ്പുഴ വള്ളംകളികാണാൻ അഭ്യാസിയുടെനേതൃത്വത്തിൽ കുറെആൾക്കാർ ആലപ്പുഴക്കുപോയി .
കുമരകംകാർ അതിന്റെ തലേവർഷവും വിജയികളായിരുന്നു. കുമരകംകാരെ തോൽപിക്കാൻ പയറ്റിയിരുന്ന മറ്റുകരക്കാർക്കു കുമരകംകാർ എന്ന്കേട്ടാൽ വലിയ ശത്രുതയായിരുന്നു. കല്ലൂപ്പറമ്പൻ ചുണ്ടനിൽ രണ്ടുവർഷമായി അവരാണ് കപ്പടിച്ചിരുന്നത് മൂന്നാമതും ജയിച്ചാൽ ആ കപ്പ്പ് അവർക്കുസ്വന്തമാകും എന്നാണ് നാട്ടിലെ പറച്ചിൽ. പിന്നെങ്ങനെയാ പകയുണ്ടാകാതിരിക്കുന്നത്. വള്ളം കളികാണാൻ പോകുന്ന കുമരകംകാർ തലയിൽമുണ്ടിട്ടു ഞാൻ കുമരകംകാരൻ പോയിട്ട് അങ്ങനെയൊരു കരയെപറ്റിക്കേട്ടിട്ടുപോലുമില്ല എന്നഭാവത്തിൽ ഇരുന്നു കളികാണേണ്ടഗതികേടായിരുന്നു. കാരണം തലേവർഷത്തെ കളികാണാൻപോയപലർക്കും അടിയും താടിക്കുത്തട്ടും കിട്ടിയതായി കേഴ്വിയുണ്ട്.
ഒരഭ്യാസി കൂടെയുള്ളപ്പോൾ എന്തിനുപേടിക്കണം എന്ന്പറഞ്ഞോണ്ട് ഒരുബോട്ടുനിറയെ വള്ളംകളിപ്രേമികളാണ് ഇത്തവണ ആലപ്പുഴയ്ക്ക് പോയത്. അഭ്യാസി കള്ളുകുടിക്കത്തില്ല എങ്കിലും മറ്റുള്ളവരുടെ ഒരുസന്തോഷത്തിനായി അന്ന് ചെത്തിയിറക്കിയ മൂത്തതും ഇളയതുമായ കള്ളു ജാറിലാക്കിഅതും ആവശ്യത്തിന് പോത്ത് ഉലെത്തിയതും പിന്നെ പൊടിമീൻ വറുത്തതും കക്കയിറച്ചിയും കപ്പവേവിച്ചതും അതാതു പത്രങ്ങളിലാക്കി തൂശനിലയിട്ടു മൂടി ബോട്ടിന്റെ ഏറ്റവും പിന്നിലെ ചെറിയ മുറിയിൽ വച്ചിട്ടുണ്ട്. ആർക്കും കയറിയിറങ്ങി കുടിക്കുകയോ കഴിക്കുകയോ ചെയ്യാം .
നേരത്തെ എത്തിയതിനാൽ ഫിനിഷിങ് പോയിന്റിന് അടുത്തായി തന്നെ ബോട്ടുകെട്ടാൻ ഇടംകിട്ടി. കള്ളുമൂത്തപ്പോൾ ആർപ്പുവിളിയായി കൂക്കുവിളിയായി പൂരപ്പാട്ടായി. അടുത്തുള്ള ബോട്ടിലെ മറ്റു കരക്കാരുമായി വെല്ലുവിളിയായി.എല്ലാകരക്കാരും നന്നായി പരിശീലനം നടത്തിയാണ് വന്നിരിക്കുന്നത്. ജയിക്കുന്നതിനേക്കാളുപരി കുമരകംകാരെ തോൽപ്പിക്കുക എന്നുള്ളതായിരുന്നു അവരുടെ ലക്‌ഷ്യം. കുമരകംകാരുടെ വള്ളത്തിൽ ആർപ്പുവിളിച്ചപ്പോൾ മറ്റുവള്ളക്കാർ ഒരുമിച്ചസഭ്യം വിളിച്ചുകൂവി, ഇനി അഥവാ കുമരകംകാർ വിജയിച്ചാൽ കളികാണാൻ പുന്നമടക്കായലിൽ വന്നിട്ടുള്ള എല്ലാകുമരകംകാരെയും അടികൊടുത്തുവിടുക എന്ന രഹസ്യ അജണ്ട അവർക്കുണ്ടായിരുന്നത് ആരറിയുന്നു.
അങ്ങനെ വള്ളംകളി തുടങ്ങി ആദ്യത്തെ നാലു പ്രാഥമിക മൽസരങ്ങളിൽ ഒന്നിൽ കുമരകത്തിന്റെ കല്ലൂപ്പറമ്പനും ജേതാവായി . ഇനി ഫൈനൽ മൽസരമാണ് സ്വാഭാവികമായും വാശി കൂടി. തോറ്റാലും വിജയിച്ചാലും അടി ഉറപ്പാണ് . അവസാനം വാശിയേറിയ ഫൈനൽ സ്റ്റാർട്ടിങ്‌പോയിന്റിൽ വെടിമുഴക്കത്തോടെ ആരംഭിച്ചു. വിവരണത്തിനായി നാഗവള്ളിലും, കുറുപ്പും മൽസ്സരിച്ചു. ഉള്ളതും ഇല്ലാത്തതുമായ വീമ്പുകൾ മൽസരത്തെപ്പറ്റി മൈക്കിലൂടെ വീറോടെ അവർ വിളിച്ചുപറഞ്ഞു, അങ്ങനെ കാഴ്ചക്കാരുടെയും റേഡിയോ ശ്രോദ്ധാക്കളുടെയും വീറും വാശിയും കൂട്ടി. വീടുകളിൽ ഇരുന്നു ദൃക്‌സാക്ഷിവിവരണംകേട്ടിരുന്നവർപോലും അങ്ങോട്ടുമിങ്ങോട്ടും തർക്കമായി, വാഗ്‌വാദമായി. തീപാറുന്ന മത്സരം കൂടുതൽഅടുത്തുകാണാൻ രണ്ടുകരയിലെയുംആൾക്കാർ കായലിന്റെ മധ്യത്തിലേക്കു വള്ളങ്ങൾ നീക്കിയിട്ടു .
ഒന്നാം ട്രാക്കിൽ നടുഭാഗം രണ്ടാം ട്രാക്കിൽ ചമ്പക്കുളം മൂന്നാം ട്രാക്കിൽ കല്ലൂപ്പറമ്പൻ നാലാം ട്രാക്കിൽ ജവഹർ തായങ്കരി. ഒപ്പത്തിനൊപ്പം ഒരിഞ്ചുപോലും വിട്ടുകൊടുക്കാതെ വാശിയേറിയ മത്സരം മറ്റു മൂന്ന് വള്ളങ്ങൾക്കും തങ്ങളിൽ ആര് ജയിച്ചാലും കുഴപ്പമില്ല കുമരകംകാരുടെ കല്ലൂപ്പറമ്പൻ ജയിക്കരുത് .
ആലപ്പുഴ പുന്നമടക്കായലിൽ ഇന്നൊരു യുദ്ധം നടക്കുകയാണ് പാണ്ഡവരും കൗവ്രവരും തമ്മിലുള്ള യുദ്ധം ഇതിലും ചെറുതാണ് എന്ന് തോന്നിപ്പോയി. റെയിസ്സ്കോർസിന്റെ ഇരുവശത്തും കിടക്കുന്ന വള്ളങ്ങളിലെ ആൾക്കാർ വെള്ളത്തിലേക്കെടുത്തു ചാടുകയാണ്. കരക്കാണെങ്കിൽ തർക്കങ്ങളും ബഹളങ്ങളും. ഷാപ്പുകളിൽ റേഡിയോകളുടെമുന്നിൽ ശ്രോതാക്കൾ ആകാംഷാഭരിതരായി എരിവുള്ള കറിയുംകൂട്ടി മൂത്ത തെങ്ങിൻകള്ളുമോന്തി ശ്വാസംപിടിച്ചിരുന്നു. നാട് മുഴുവൻ കാതോർക്കുകയാണ്. നാളത്തെപേപ്പറിൽ പ്രധാനവാർത്തയായി വരേണ്ടതാണ് അതിനാൽ പത്രക്കാരുടെ ബോട്ടുകളും ക്യാമറകളും തലങ്ങും വിലങ്ങും ഓടി. ഇതിനെയെല്ലാം നിയന്ദ്രിക്കാൻ പോലീസിന്റെ ബോട്ടുകളും ആകെ ഒരു യുദ്ധത്തിന്റെ പ്രതീതിതന്നെ. ഇഞ്ചോടിഞ്ചുമൽസരം ആരുജയിക്കും ആര് തോൽക്കുംഎന്നതല്ല ഇവിടുത്തെപ്രശ്നം. ഹാട്രിക്കിനായി വന്നിരിക്കുന്ന വെള്ളത്തെ തോൽപ്പിക്കുക എന്നുള്ളതാണ്ലക്‌ഷ്യം . അതേസമയം തങ്ങളുടജീവൻ പോയാലും കപ്പുമായിട്ടേ തിരിച്ചുള്ളൂ എന്നവാശിയിൽ കുമരകംകാരും.
നാലുവള്ളങ്ങളും അതാ ഫിനിഷിങ്പോയിന്റിനോടടുക്കുകയാണ്. ഇഞ്ചോടിഞ്ചുപോരാട്ടം എല്ലാവള്ളത്തിന്റെയും മൂന്നമരക്കാരും ആഞ്ഞാഞ്ഞു കൊത്തുകയാണ് ശ്വാസംപോലും വിടാൻ തുഴക്കാർക്കു സാവകാശമില്ല . ഒന്ന് ശ്വാസം വിട്ടാൽ ഒരുതുഴകുറഞ്ഞാലോ. കമെൻഡേറ്റർമാർ മാറിമാറി വള്ളങ്ങളെ, തുഴച്ചിൽക്കാരെ, അമരക്കാരെ, ഒക്കെ ഉച്ചത്തിൽ വർണ്ണിച്ചു ഓരോരുത്തരുടെയും അന്നുവരെയുള്ള വിജയപരാചയങ്ങൾനിരത്തി താരതമ്മ്യംചെയ്തു .
അങ്ങനെ അവസാനം മിന്നൽവേഗത്തിൽ നാലുവള്ളങ്ങളും ഫിനിഷിങ്പോയിന്റ്കടന്നുപോയി . തൊട്ടടുത്ത് നിന്നവർക്കുപോലും പറയാൻപറ്റാത്ത അത്ര ഒരു ഫിനിഷിങ്. എല്ലാവരും അന്തിച്ചു നിന്നുപോയി. ആരാണ് ആദ്യം ഫിനിഷ് ചെയ്തതത് ..... പരസ്പരം ചോദിച്ചു .
ആകാംഷയുടെ നിമിഷങ്ങൾ വിജയിയെ ഔദ്യോഗികമായി പ്രഖ്യാപിക്കണം. എല്ലാവരും വിധിപ്രഖ്യാപനത്തിനായി കാതുകൂർപ്പിച്ചു . തോറ്റാലും ജയിച്ചാലും കുമരകംകാരെ അടിക്കാതെവിടില്ല എന്ന് വാശിപിടിച്ചുനിൽക്കുന്ന ഒരുകൂട്ടർ. അടിവന്നാൽ തങ്ങളുടെകൂടെ അഭ്യാസിയൊക്കെയില്ലേ പിന്നെ എന്തിനുപേടിക്കണം.
അവസാനം മൈക്കിലൂടെ വിജയം പ്രഖ്യാപിച്ചു. കല്ലുപറമ്പൻ കുമാരകംകാർതുഴഞ്ഞ കല്ലൂപ്പറമ്പൻതന്നെ ഇത്തവണത്തെ കപ്പിനർഹൻ എന്നുള്ളപ്രഖ്യാപനംകേട്ടതും അടിയെടാ അവന്മാരെ എന്ന് ആക്രോശിച്ചുകൊണ്ട് അഭ്യാസിയുടെയും അയ്യാളുടെകൂടെയുള്ള മല്ലന്മാരുടെയും ബോട്ടിനുനേരെ ഒറ്റച്ചാട്ടമായിരുന്നു. പിന്നെ അവിടെ നടന്നതൊന്നും ആർക്കും ഓർമ്മയില്ല. അതോർക്കാൻ പറ്റുന്നതുമല്ല. അടി എന്നുപറഞ്ഞാൽ എന്താഒരടി..... അടികൊണ്ട അഭ്യാസിയും കൂട്ടരും ബോട്ടുപേക്ഷിച്ചുവെള്ളത്തിൽചാടി നീന്തിമറുകരകയറി. കടുംമേടും ചാടിയും തോടുകൾ നീന്തക്കയറിയും രക്ഷപെട്ടു . അന്തരീഷം ശാന്തമായി പുന്നമടക്കയാൽ പഴയതുപോലെയായി. ബഹളംകാരണം ഓടിമാറിയ മീനുകളും താറാവുകളും തിരിച്ചുവന്ന് മിച്ചംവന്നതും അവിടെ വെള്ളത്തിലുപേക്ഷിച്ചുപോയതുമായ ആഹാരത്തിന്റെ അവശിഷ്ട്ടങ്ങൾ കൊത്തിപ്പെറുക്കാൻ തുടങ്ങി .
എങ്ങനൊക്കെയോ മുഹമ്മവഴി അവസ്സാനബോട്ടിനു കുമരകത്തിറങ്ങിയ അഭ്യാസി ഒരുതരത്തിൽ ആളറിയാതിരിക്കാൻ തലേലൊരു തോർത്തുംകെട്ടി. ഞെളിഞ്ഞുംവലിഞ്ഞും വീട്ടിലെത്തി .
രാവിലെ സംഭവമറിഞ്ഞോടിവന്ന അഭ്യാസിയുടെഅമ്മ കാണുന്നത് .ചൂടുവെള്ളത്തിൽ തുണിമുക്കിപ്പിഴിഞ്ഞു ശരീരമാസഹലാം തന്റെ ഭാര്യയാൽ ചൂടുവയ്ക്കപ്പെടുന്ന അഭ്യാസിയെയാണ്. വേദനകൊണ്ടു ഞെളിയുകയും തിരിയുകയും ചെയ്യുന്ന അഭ്യസ്സിയോട് അമ്മയുടെ ഒരുചോദ്യം . എന്റെമോനെ നീ ഇത്ര അഭ്യാസിയായിട്ടും നിനക്കെങ്ങനെ ഈ അടിയെല്ലാംകിട്ടി . ഞരങ്ങിയും മൂളിയും അഭ്യാസി പറഞ്ഞു. എന്റെയമ്മേ അവരൊന്ന് നിലത്തു നിർത്തിയിട്ടുവേണ്ടേ എനിക്ക് അഭ്യാസമിറക്കാൻ.
അതിൽ പിന്നെ അഭ്യാസി ആലപ്പുഴ വള്ളംകളിയല്ല ചെറിയ കുമരകം വള്ളംകളിപോലും കാണാൻ പോയിട്ടില്ല.
അന്നുമുതൽ എന്റെ സ്കൂളിലുള്ള വീരശൂര പരാക്രമിയായ അഭ്യാസിയുടെ അനന്തരാവകാശിയെ നിലത്തു നിർത്താറില്ല നിലത്തുനിർത്തിയാൽ അവൻ അഭ്യാസം ഇറക്കിയാലോ.
നാളുപലത് കഴിഞ്ഞു പഴയതുപോലെ അഭ്യാസംപഠിപ്പിക്കാൻ ചെന്ന അപ്പനോട് മകൻ പറഞ്ഞു. ഞാൻ അഭ്യാസംപഠിത്തംനിർത്തി. നിലത്തു കാലുകുത്താതെ ഇറക്കാവുന്ന അഭ്യാസം വല്ലതും ഉണ്ടെങ്കിൽ അപ്പൻ പറഞ്ഞുതന്നാൽമതി. അപ്പനൊന്നും മിണ്ടിയില്ല പിറ്റേദിവസം പട്ടണത്തിൽ പോയി ഓട്ടക്കാരിടുന്ന നല്ലയൊരു "ഷൂ" മേടിച്ചു കൊണ്ടുകൊടുത്തു. ഇതെന്തിനാണെന്നു ചോദ്യരൂപേണ നിന്ന മകനോട് നിനക്കോട്ടം പഠിക്കാനാണെന്നുമാത്രം പറഞ്ഞു.
മാത്യു ചെറുശ്ശേരി