പിറവം: അറുന്നൂറിലധികം വിധവകളായ അമ്മമാർക്ക് മരുന്ന് കിറ്റും , ധാന്യ കിറ്റും, ഒരു കൈനീട്ടവും ഒരുക്കി ഫോമായും , പിറവം രാജീവ് ഗാന്ധി കൾച്ചറൽ ഫോറവും മാതൃകയാകുന്നു . പതിമൂന്ന് വർഷമായി എല്ലാ വർഷവും ജനുവരി അഞ്ചിന് സംഘടിപ്പിക്കുന്ന ധന്യതയാർന്ന പരിപാടി ഇന്ന് പിറവം കമ്പാനിയൻസ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടക്കുമ്പോൾ ഫോമായുടെ പ്രവർത്തനങ്ങൾക്ക് അമ്മമാരുടെ അനുഗ്രഹ വർഷമായിരുന്നു . ചാണ്ടി ഉമ്മൻ എം. എൽ. എ ഉദ്ഘാടകനായ ചടങ്ങിൽ തൻ്റെ പിതാവ് ഉമ്മൻ ചാണ്ടി തിരികൊളുത്തി ആരംഭിച്ച നന്മയുള്ള ഈ പദ്ധതിക്ക് ഇത്തവണ ഉദ്ഘാടകനാകുമ്പോൾ അഭിമാനമുണ്ടെന്ന് അറിയിച്ചു. അമ്മമാരെ സംരക്ഷിച്ചാൽ എല്ലാമായി. ഫോമായും രാജീവ് ഗാന്ധി കൾച്ചറൽ ഫോറവും സംഘടിപ്പിപ്പിക്കുന്ന ഈ പ്രോഗ്രാം സംഘടനകൾക്ക് മാതൃകയാവട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജീവ് ഗാന്ധി കൾച്ചറൽ ഫോറം രക്ഷാധികാരി കൂടിയായ ഫോമാ പ്രസിഡൻ്റ് ബേബി മണക്കുന്നേലിനെ ചടങ്ങിൽ ചാണ്ടി ഉമ്മൻ എം. എൽ. എ ആദരിച്ചു.അമ്മമാരെ സംരക്ഷിക്കേണ്ടത് ഓരോ കുടുംബത്തിൻ്റെയും കടമയാണ്. നിർദ്ധനരായ വിധവകളെ അവരുടെ ജീവിത ദുഃഖങ്ങളുടെ സമയത്ത് കൈത്താങ്ങായി നിലകൊള്ളേണ്ടത് സമൂഹത്തിൻ്റെ കടമ കൂടിയാണ്. പതിമൂന്ന് വർഷമായി മുടക്കമില്ലാതെ ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചതിൽ സന്തോഷമുണ്ട് . ഇനിയും ഫോമായുടെ നന്മയുടെ കരങ്ങൾ അമ്മമാർക്കൊപ്പം ഉണ്ടാകുമെന്നും ബേബി മണക്കുന്നേൽ അറിയിച്ചു.ഫോമാ തുടങ്ങിയ കാലം മുതൽ കേരളത്തിൽ അങ്ങോളമിങ്ങോളം നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ ലോക മാതൃകയായി വളരുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
രാജീവ് ഗാന്ധി കൾച്ചറൽ ഫോറം ചെയർമാൻ സാബു . കെ. ജേക്കബ് അദ്ധ്യക്ഷനായ ചടങ്ങിൽ മുൻ എം.എൽ. എ എം. ജെ ജേക്കബ് , മുൻ കൊച്ചി മേയർ സൗമിനി ജെയിൻ,കെ .വി മാത്യു കാരിത്തടത്തിൽ , ഫോമാ ട്രഷറർ സിജിൽ ജോർജ് പാലക്കലോടി , ഫോമാ വൈസ് പ്രസിഡൻ്റ് ഷാലു മാത്യു പുന്നൂസ് , ഫോമ ജോ . സെക്രട്ടറി പോൾ ജോസ് , ഫോമാ സതേൺ റീയിയൺ വൈസ് പ്രസിഡൻ്റ് ബിജു ലോസൺ , ,ഫോമ വിമൻസ് ഫോറം മുൻ ചെയർ പേഴ്സൺ ലാലി കളപ്പുരയ്ക്കൽ എന്നിവർ ആശംസകളും ഈ പദ്ധതിക്ക് തുടർന്നും പിന്തുണയും അറിയിച്ചു.ഡോ.എ.സി പീറ്റർ,തോമസ് പുളിക്കൻ ,നാഗാർജ്ജുന കെ.വി സന്തോഷ് കുമാർ ,തങ്കി സണ്ണി ,ടോണി ചെട്ടിയാം കുന്നേൽ എന്നിവരും ആശംസകൾ അറിയിച്ചു .രാജീവ് ഗാന്ധി കൾച്ചറൽ ഫോറം കൺവീനർ ജോമോൻ വർഗീസ് സ്വാഗതവും , വൈസ് ചെയർമാൻ അഡ്വ. കെ. എൻ ചന്ദ്രശേഖരൻ നന്ദിയും അറിയിച്ചു.